കവിത
(മഞ്ജുൾ ഭരദ്വാജ് / ഹിന്ദി)
മൊഴിമാറ്റം : ഇന്ദിരാ കുമുദ്
സ്വേച്ഛാധിപതി
ജനപ്രീതിയുടെ കുതിരപ്പുറത്തേറിയാണ്
അധികാരത്തിലേറിയത്
എന്താണ് ജനപ്രീതി?
ജനക്കൂട്ടത്തിന്റെ ഭ്രാന്താകാം !
ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടുന്നിടം
ഇരുട്ടുനിറഞ്ഞ ഗുഹപോലെയാണ്
അവിടെ സംസ്കാരം ഒളിച്ചുവെയ്ക്കപ്പെടുകയും
അരാജകത്വം കൊടികുത്തി വാഴുകയും ചെയ്യുന്നു
സ്വേഛാധിപതിയാകട്ടെ
ജനവികാരം മാനിക്കാതെ
ഒരുതരം ഉൻമാദാവസ്ഥയുടെ കൊടുമുടിയിലായിരിക്കും
അധികാരത്തിന്റെ ഉൻമാദം കാരണം
അയാളുടെ ചിന്തകള്‍ ചിതലരിച്ചിരിക്കും
അഹങ്കാരവും അധികാരത്വരയും മൂത്ത സ്വേഛാധിപതി
പതിയേ അക്രമത്തിന്റെ പാത തിരഞ്ഞെടുക്കും
മറ്റുള്ളവരെ ഭയപ്പെടുത്തി ഭയപ്പെടുത്തി
അയാൾ സ്വയം ഭയപ്പെടാൻ തുടങ്ങും
തന്റെ ജനപ്രീതി കുറയുന്നതുകണ്ട്
അയാൾ ഭ്രാന്തിന്റെ വക്കിലായിരിക്കും
ഭയാക്രാന്തനായ സ്വേഛാധിപതി
സത്യത്തെ കൊന്നുകൊലവിളിക്കും
പക്ഷെ എല്ലാ സ്വേഛാധിപതികളേയും തേടിയെത്തുന്ന അന്ത്യവിധി
അയാളേയും തേടിയെത്തും
ഏതെങ്കിലും ഒരു ധീരൻ
കോപ്പർ നിക്കസിനെപോലെ
സ്വന്തം ജീവനും കൈയ്യിലേന്തി
സ്വേഛാധിപതിയെ തേടിയെത്തും
അത്രയും കാലം അധികാരത്തിന്റെ വിരൽ നൊട്ടിനുണഞ്ഞവൻ
സ്വന്തം വിരൽ നൊട്ടിനുണയാൻ തുടങ്ങും
അധികാരം കൈയ്യിലുണ്ടായിട്ടും സ്വജീവൻ രക്ഷിക്കാനാകാതെ
അയാൾ ഉഴലും
ഒടുവിൽ…
രാജ്യവും ജനങ്ങളും സ്വന്തം ജീവനും ഒക്കെ ഉപേക്ഷിച്ച്
ആത്മഹത്യയിൽ അഭയം തേടും.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല