പവലിയൻ
ജാസിർ കോട്ടക്കുത്ത്
” Gerd Muller’s winner against Holland in 1974 is basically just a goal, as is Andreas Brehme’s penalty against Argentina in 1990. But Rahn’s left footed shot on that rainy summer day in Switzerland is something else entirely. ” – Uli Hesse
രണ്ടാം ലോക മഹായുദ്ധത്തിന്റെ ആരംഭത്തിൽ യൂറോപ്പിലെ ഏറ്റവും ശക്തമായ ഫുട്ബോൾ ടീമുകളിൽ ഒന്നായിരുന്നു ജർമനി. 1934 ലോകകപ്പിൽ മൂന്നാം സ്ഥാനം ജർമനിക്കായിരുന്നു. പക്ഷെ യുദ്ധത്തോടെ എല്ലാം മാറി മറിഞ്ഞു. മികച്ച താരങ്ങളടക്കം പലരും യുദ്ധത്തിന് ഇറങ്ങേണ്ടി വന്നു. യുദ്ധവിരാമത്തോടെ പല ക്ലബ്ബുകളും പൂട്ടേണ്ടി വന്നെങ്കിലും 1950 ഓടെ പശ്ചിമ ജർമനി ഫിഫ യിൽ അംഗത്വം നേടി, യുദ്ധത്തിന് ശേഷമുള്ള തങ്ങളുടെ ആദ്യ സൗഹൃദ മത്സരം കളിച്ചു. യുദ്ധത്തിന് മുമ്പ് ടീമിന്റെ പരിശീലകൻ ആയിരുന്ന ഹെർബെർഗറിന്റെ കീഴിലായിരുന്നു ടീമിന്റെ പുനരുദ്ധാരണം. പ്രധാനമായും കൈസർസ്ലേറ്റൻ ക്ലബ്ബിലെ കളിക്കാരെ അണിനിരത്തിയാണ് ദേശീയ ടീം രൂപീകരിച്ചത്. 1954 ലോകകപ്പിന് തയ്യാറെടുക്കുക എന്നതായിരുന്നു ടീമിന്റെ ലക്ഷ്യം.
ഫെറെങ്ക് പുസ്കാസ്, ഹിദേഗ്കുട്ടി, കോസിസ്, സിബോർ തുടങ്ങിയ താരങ്ങളെ അണി നിരത്തി കൊണ്ടായിരുന്നു രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ഹംഗറി ലോക ഫുട്ബോളിലേക്ക് തിരിച്ചെത്തിയത്. ചെക്കോസ്ലോവാക്യക്കെതിരെ 1949 ൽ പരാജയം നേരിട്ടതോടെ പുതിയ ഒരു ശൈലി കണ്ടെത്താൻ ഹംഗറി നിർബന്ധിതരായി. അങ്ങനെയാണ് ലോക ഫുട്ബോൾ അടക്കി ഭരിച്ച ‘മാജിക് മാഗ്യർസ് ‘ എന്നറിയപ്പെട്ട ഫുട്ബോൾ ടീമിന്റെ ഉദയം. പരമ്പരാഗതമായ നമ്പർ 9 ഇല്ലാതെ കളത്തിൽ ഇറങ്ങിയ ഹംഗറി പട മികച്ച മുന്നേറ്റമാണ് 1952 മുതൽ നടത്തിയത്. 1954 ലോകകപ്പിന് മുന്നോടിയായി 30 മത്സരങ്ങളിൽ പരാജയമറിയാതെ കളിച്ച ഹംഗറി ഒരു ഒളിമ്പിക്സ് സ്വർണവും ആ കാലയളവിൽ നേടി. ലോകകപ്പിന് തൊട്ട് മുമ്പുള്ള വാം അപ്പ് മത്സരത്തിൽ ഇഗ്ലണ്ടിനെ 7-1 ന് തകർത്തു കൊണ്ട് ഹംഗറി തങ്ങളുടെ ലോകകപ്പ് യാത്രക്കുള്ള തുടക്കം കുറിച്ചു. ഗ്രൂപ്പ് ഘട്ടത്തിൽ ദക്ഷിണ കൊറിയയെ എതിരില്ലാത്ത 9 ഗോളുകൾക്കും വെസ്റ്റ് ജർമനിയെ മൂന്നിനെതിരെ എട്ട് ഗോളുകൾക്കും തകർത്ത ഹംഗറി ക്വാർട്ടർ ഫൈനലിൽ ബ്രസീലിനെയും സെമിയിൽ ഉറുഗ്വായെയും രണ്ടിനെതിരെ നാല് ഗോളുകൾക്ക് പരാജയപ്പെടുത്തിക്കൊണ്ട് ഫൈനലിൽ പ്രവേശിച്ചു.
മറുവശത്ത് ഹംഗറിയോട് ദയനീയമായി പരാജയപ്പെട്ടെങ്കിലും തുർക്കിയെ തോൽപിച്ചു ഗ്രൂപ്പ് ഘട്ടം പിന്നിട്ട വെസ്റ്റ് ജർമനി യൂഗോസ്ലാവിയ, ഓസ്ട്രിയ എന്നിവരെ യഥാക്രമം ക്വാർട്ടർ, സെമിഫൈനൽ പോരാട്ടങ്ങളിൽ കീഴടക്കി ഫൈനലിൽ കടന്നു. ബേണിലെ വാങ്ക്‌ഡോർഫ് സ്റ്റേഡിയത്തിൽ തിങ്ങി നിറഞ്ഞ 60,000 ഓളം കാണികളുടെ മുന്നിലായിരുന്നു ഫൈനൽ മത്സരം. ഹംഗറിയുടെ സുവർണ താരം ഫെറെങ്ക് പുസ്കാസ് വെസ്റ്റ് ജർമനിക്കെതിരെയുള്ള ഗ്രൂപ്പ് മത്സരത്തിൽ പരിക്ക് പറ്റി രണ്ട് മത്സരങ്ങളിൽ പുറത്തിരുന്നെങ്കിലും ഫൈനലിൽ കളത്തിൽ ഇറങ്ങി. ചെറിയ ചാറ്റൽ മഴയുടെ അകമ്പടിയോടെ തുടങ്ങിയ മത്സരത്തിന്റെ ആറാം മിനുട്ടിൽ തന്നെ ഹംഗറിയെ പുസ്കാസ് മുന്നിലെത്തിച്ചു. തൊട്ട് പിന്നാലെ രണ്ട് മിനിറ്റുകൾക്കുള്ളിൽ സോൾട്ടൻ സിബോർ രണ്ടാമത്തെ ഗോളും നേടി. ഗ്രൂപ്പ് ഘട്ടത്തിൽ ഹംഗറിയോട് 8-3 ന് പരാജയപ്പെട്ട വെസ്റ്റ് ജർമനി ഫൈനലിലും ചെറുത്ത് നിൽക്കാനാകാതെ കീഴടങ്ങുമെന്ന് ഏവരും പ്രതീക്ഷിച്ചു. പക്ഷെ, ഫ്രിട്സ് വാൾട്ടറിനും സംഘത്തിനും വേറെ പദ്ധതികളുണ്ടായിരുന്നു. 1945 ൽ ജർമൻ എയർ ഫോഴ്സിൽ ജോലി ചെയ്തിരുന്ന ഫ്രിട്സ് വാൾട്ടറിനും സംഘത്തിനും ജർമനിയുടെ പതനത്തിന് പിന്നാലെ അമേരിക്കൻ സൈന്യത്തിന് മുന്നിൽ കീഴടങ്ങേണ്ടി വന്നിരുന്നു. പിന്നാലെ റഷ്യൻ സൈന്യത്തിന് കൈമാറ്റം ചെയ്യപ്പെട്ട സംഘത്തെ സൈബീരിയയിലേക്ക് എത്തിക്കാൻ ആയിരുന്നു പദ്ധതി. അങ്ങനെ ഉക്രൈനിലെ ഡിറ്റൻഷൻ ക്യാമ്പിലേക്ക് ഇവരെ മാറ്റി. ഉക്രൈനിലെ ക്യാമ്പിൽ റഷ്യൻ സൈന്യം ഫുട്ബോൾ കളിക്കുകയായിരുന്നു. സൈഡ് ലൈനിൽ മത്സരം വീക്ഷിച്ചു കൊണ്ടിരുന്ന തടവുകാരൻ ആയ വാൾട്ടറിനെ അദേഹത്തിന്റെ മത്സരം 1942ൽ ബുഡാപെസ്റ്റിൽ വെച്ച് നേരിട്ട് കണ്ട ഒരു സൈനികൻ തിരിച്ചറിഞ്ഞു. ഇതോടെ സൈബീരിയയിലേക്ക് കൊണ്ട് പോകുന്ന ജർമൻ പട്ടാളക്കാരിൽ നിന്ന് വാൾട്ടറിനെ ഒഴിവാക്കി അദ്ദേഹത്തെ വീട്ടിലേക്ക് തിരിച്ചയക്കുകയാണ് റഷ്യൻ സൈന്യം ചെയ്തത്. ഇതേ ഫ്രിട്സ് വാൾട്ടറിന്റെ കീഴിൽ വെസ്റ്റ് ജർമനി ഒരു തിരിച്ചു വരവിന് തയ്യാറെടുക്കുകയായിരുന്നു.
മത്സരം തുടങ്ങിയത് മുതൽ കനത്ത മഴയായിരുന്നു പെയ്ത് കൊണ്ടിരുന്നത്. ജർമൻ ക്യാപ്റ്റൻ ഫ്രിട്സ് വാൾട്ടർ നനഞ്ഞ മൈതാനത്ത് പന്ത് തട്ടുന്നതിൽ വിദഗ്ധനായിരുന്നു. ഇതിനാൽ തന്നെ കനത്ത മഴയുള്ള ദിവസങ്ങൾ ‘ഫ്രിട്സ് വാൾട്ടർ വെതർ’ എന്ന് വരെ അറിയപ്പെട്ടിരുന്നു. ഇത് കൂടാതെ അഡിഡാസ് ഏത് കാലാവസ്ഥയിലും മികച്ച കളി പുറത്തെടുക്കാൻ സഹായിക്കുന്ന സ്പെഷ്യൽ ബൂട്ടുകൾ ജർമനിക്ക് നൽകിയിരുന്നു. ഹംഗറിയുടെ രണ്ട് ഗോളുകൾക്ക് പിന്നാലെ തന്നെ ജർമനി തിരിച്ചടി തുടങ്ങി. പത്താം മിനുട്ടിൽ മാക്സ് മർലോക് ജർമനിക്കായി ആദ്യ ഗോൾ മടക്കി. എട്ട് മിനിറ്റിന് ശേഷം വാൾട്ടറിന്റെ കോർണറിൽ നിന്ന് ലഭിച്ച അവസരം ഗോളാക്കി മാറ്റി ഹെൽമുട്ട് റാൻ സ്കോർ നില തുല്യമാക്കി. മത്സരം അവസാനിക്കാൻ ആറ് മിനുട്ട് മാത്രം ബാക്കി നിൽക്കെ റാൻ പായിച്ച ഷോട്ട് വലയിൽ പതിക്കുമ്പോൾ ജർമൻ ക്യാമ്പ് ആഘോഷം തുടങ്ങിയിരുന്നു. തൊട്ട് പിന്നാലെ പുസ്കാസ് ഹംഗറിക്കായി ഗോൾ മടക്കിയെങ്കിലും വിവാദപരമായ ഓഫ്‌സൈഡ് തീരുമാനത്തിൽ ഗോൾ അനുവദിക്കപ്പെട്ടില്ല. ലോകത്തിലെ ഏറ്റവും മികച്ച ടീമിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി കൊണ്ട് വെസ്റ്റ് ജർമനി അങ്ങനെ ലോക ചാമ്പ്യന്മാരായി.
നാസി അധിനിവേശത്തിന്റെയും രണ്ടാം ലോക മഹായുദ്ധം ഏല്പിച്ച നാശനഷ്ടങ്ങളുടെയും പാപഭാരങ്ങൾ പേറി നടന്ന ജർമനിക്ക് ലോകകപ്പ് വിജയം നൽകിയ ആത്മവിശ്വാസം വളരെ വലുതായിരുന്നു. പ്രമുഖ ജർമൻ ചരിത്രകാരൻ ജോക്വിo ഫെസ്റ്റ് ഈ വിജയത്തെ പറ്റി പറഞ്ഞത് “True birth of the country ” എന്നായിരുന്നു. ജർമനിക്കെതിരെ ഉത്തേജക മരുന്ന് ഉപയോഗിച്ചതിന്റെയും റഫറിയുടെ ഹംഗറിക്കെതിരെയുള്ള വിവാദ പരമായ തീരുമാനങ്ങളെയും പറ്റിയുള്ള ആരോപണങ്ങൾ ഉണ്ടായിരുന്നെങ്കിലും “The Miracle of Berne” എന്ന് വിശേഷിപ്പിക്കപ്പെട്ട ഈ ലോകകപ്പ് ഫൈനൽ എന്നും ലോകത്തിലെ ഏറ്റവും മികച്ച പോരാട്ടങ്ങളിൽ ഒന്നായി വിശേഷിപ്പിക്കപ്പെടും.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല