HomeTHE ARTERIASEQUEL 96യുദ്ധഭൂമിയിലെ നായ്ക്കൾ

യുദ്ധഭൂമിയിലെ നായ്ക്കൾ

Published on

spot_imgspot_img

കഥ

രജീഷ് ഒളവിലം

“ഫ നായീന്റെ മോനെ”
കൊന്ന മരത്തിന്റെ ചോട്ടിൽ ഒരുകാൽ ഉയർത്തിപിടിച്ചോണ്ട് ശടേന്ന് മൂത്രം ചീറ്റിക്കുന്നതിനിടയിലാണ് അവനാ സംബോധന കേൾക്കുന്നത്. ശബ്ദം കേട്ട ഭാഗത്തേക്ക് മെല്ലെ തലയൊന്ന് ചരിച്ചുനോക്കി, തന്നെയല്ല എന്ന് ഉറപ്പ് വരുത്തിയതിന് ശേഷം അവൻ തന്റെ കർമ്മം തുടർന്നു. ഇനിയിപ്പൊ ഭൂമി കുലുങ്ങിയാലും പേമാരി വന്നാലും ഒന്നും രണ്ടും സാധിക്കണമെങ്കിൽ അവന് പറമ്പിന്റെ വടക്കേ മൂലയിലുള്ള കൊന്നച്ചുവടുതന്നെ വേണം. രണ്ടു മാസം മാത്രം പ്രായമുള്ളപ്പോൾ തലശ്ശേരിയിൽ നിന്നും കൊണ്ടുവന്ന നാളുകളിൽ തന്നെ ജാനറ്റ് ഉറപ്പിച്ചുകൊടുത്ത ശീലമാണത്.

വിനായകന്റെ നായിന്റെ മോനെ എന്ന സംബോധനയെ ഏറ്റുപിടിച്ചുകൊണ്ടു അതിലും വാ വട്ടത്തിൽ തെക്കൻ ശീലുള്ള ഒരു തെറി ജാനറ്റിന്റെ അപ്പൻ യോഹന്നാനും തിരിച്ചു വിട്ടു. കേട്ടു പഴകിയ തെറിയുടെ ചൂരുപിടിച്ച് അവൻ യോഹന്നാന്റെ കാൽക്കൽ വന്ന് വാലുരുമ്മി ഐക്യദാർഢ്യം പ്രഖ്യാപിച്ചു. തുടർന്നുള്ള വാക്പോരിലെ കഠിന മുഹൂർത്തങ്ങളിൽ ഇടക്കെപ്പോഴോ തളർന്നു പോയ യോഹന്നാനെ പിന്താങ്ങുവാനെന്നോണം അവൻ മതിലിമ്മേൽ കേറി വിനായകനെ നോക്കി കലാഷ്‌നിക്കോ വെടിയുതിർക്കും കണക്കെ തുരുതുരാ കുരച്ചു.

പേര്- ജിമ്മി
C/O യോഹന്നാൻ
വയസ്സ്- 3
സ്വദേശം- കാനഡ
ഇനം- ഡോബർമാൻ

യോഹന്നാന്റെ പക്ഷം പിടിച്ചു കൊണ്ട് വിനായകനെതിരെ കുരച്ചതിനെ ചൊല്ലി ഓൾ കേരളാ നായ അസോസിയേഷനിൽ വച്ച് ‘മീനു’ എന്നെ ‘വർഗ്ഗവഞ്ചകൻ’ എന്ന് വിളിച്ചാക്ഷേപിച്ചതിൽ പ്രതിഷേധിച്ച് അസോസിയേഷൻ മെമ്പർഷിപ്പ് രാജിവച്ച് സ്വാതന്ത്രനാവാൻ ഈ നിമിഷത്തിൽ ഉറച്ച തീരുമാനമെടുക്കുന്നു.

പേര്- മീനു
C/O വിനായകൻ
വയസ്സ്- 2
സ്വദേശം- ജർമ്മനി
ഇനം- ജർമ്മൻ ഷെപ്പേർഡ്

ജിമ്മിയെ വർഗ്ഗവഞ്ചകൻ എന്ന് ആക്ഷേപിച്ചു എന്ന ആരോപണത്തിന്റെ പേരിൽ പരസ്യമായി മാപ്പ് പറയണം എന്ന് മുറവിളി കൂട്ടുന്നവരുടെ അറിവിലേക്കായി, അങ്ങനൊരു അഭിസംബോധനയ്ക്ക് പിറകിൽ വ്യക്തമായ കാര്യകാരണങ്ങൾ ഉള്ളത് കൊണ്ട് തന്നെ പറഞ്ഞത് തിരുത്തുവാനോ ജിമ്മിയോട് മാപ്പ് പറയുവാനോ ഞാൻ തയ്യാറല്ല എന്ന് ഈ അവസരത്തിൽ തന്നെ അറിയിച്ചുകൊള്ളുന്നു.

വിനായകന്റെ മകൻ വിനീത് അരുമയായി വളർത്തുന്ന മീനുവിന്റെ ശൗചാലയവും കുറച്ചു ദിവസങ്ങൾക്ക് മുമ്പ് വരെ നേരത്തെ നമ്മൾ കണ്ട അതേ കൊന്നമരം തന്നെ ആയിരുന്നു. ദൗർഭാഗ്യവശാൽ, ഇടയിൽ മുളച്ചു പൊങ്ങിയ മതിൽ കാരണം അവൾക്കിപ്പോൾ ഒന്ന്, രണ്ട് ആവശ്യങ്ങൾക്ക് വിനായകന്റെ പറമ്പിലെ തെക്കേ മൂലയിലുള്ള മറ്റൊരു മരത്തെ ആശ്രയിക്കേണ്ടതായി വരുന്നു.

ആറ് മാസങ്ങൾക്ക് മുമ്പ് ഒരു ഞായറാഴ്ച്ച.

പിന്നാമ്പുറത്തു നിന്നും പട് ക്കോ എന്ന ശബ്ദം കേട്ട് ത്രേസ്യാമ്മയും സാവിത്രിയും മുറ്റത്തേക്കിറങ്ങി ഓടി. നൂറുമീറ്റർ റേസ് ഒരേ വേഗത്തിൽ ഓടി സമനില പ്രാപിച്ച അവർ, ലക്ഷ്യസ്ഥാനത്തെത്തി നിന്ന് കിതച്ചു.
പക്ഷെ ട്രോഫിക്ക് അർഹത നേടിയിരിക്കുന്നത് സാവിത്രിയാണ്. കാരണം വീണിരിക്കുന്ന തേങ്ങ അവരുടെ തെങ്ങിൽ നിന്നും അവരുടെ പറമ്പിൽ തന്നെയാണ്. “അത് നിന്റെ തന്നെയാ നീയങ്ങോട്ട് എടുത്തോ സാവിത്രി” സമനില ആയിരുന്നിട്ടു കൂടി ത്രേസ്യാമ്മ കായിക മര്യാദ പാലിച്ച് സാവിത്രിയെ മുന്നിലേക്ക് കേറ്റി നിർത്തി. “എടി ത്രേസ്യാമ്മേ നീയിത് കണ്ടോ..” കിതപ്പാറ്റി സാരിത്തുമ്പുകൊണ്ടു നെറ്റിയിലെ വിയർപ്പ് തുടച്ച് കഷ്ടപ്പെട്ട് കുനിഞ്ഞ് തേങ്ങ കയ്യിലേക്കെടുത്ത സാവിത്രി കണ്ണും മിഴിച്ച് വിളിച്ചു കൂവി. സംഗതി കണ്ടപ്പോ ത്രേസ്യാമ്മയും ഞെട്ടി. പറമ്പിന്റെ മൂലയിൽ കൊന്നമരച്ചോട്ടിൽ പ്രണയം കൈമാറിക്കൊണ്ടിരുന്ന ജിമ്മിയും മീനുവും കലാപരിപാടികൾ നിർത്തിവെച്ച് സാവിത്രിയുടെ ശബ്ദം ലക്ഷ്യമാക്കി ഓടി.
കവലയിലെ മമ്മുമാപ്ലയുടെ ഇറച്ചിക്കടയിൽനിന്നും ബീഫും, ചിക്കനും വാങ്ങി വീട്ടിലേക്ക് മടങ്ങിയെത്തിയ യോഹന്നാനും വിനായകനും കാണുന്നത് സാവിത്രീനിലയത്തിന്റെ മുറ്റത്ത് തിങ്ങിക്കൂടി നിൽക്കുന്ന ആൾക്കൂട്ടത്തെയാണ്. സംഭവം കണ്ട് ബേജാറായ വിനായകൻ കയ്യിലെ ചിക്കൻ പൊതി റോഡിലേക്ക് വലിച്ചെറിഞ്ഞ് വീട്ടിലേക്ക് പാഞ്ഞു. യോഹന്നാൻ തന്റെ കയ്യിലെ ബീഫുപൊതി ജാനറ്റ് വില്ലയുടെ ഗേറ്റിൽ തൂക്കിയിട്ട് വിനായകന് പിന്നാലെ വച്ചുപിടിച്ചു. തൊട്ട് പിറകെ കുടവച്ച വണ്ടിയുമായി ചാനൽ പടയും എത്തി. എന്താണ് നടക്കുന്നതെന്നറിയാതെ ജിമ്മിയും മീനുവും കുരച്ചൊച്ചവച്ചോണ്ടിരുന്നു.

സാമിയാർ മഠാധിപതി ഉൾപ്പെടെ ജടക്കുരുക്കിൽ പെട്ടുകിടക്കുന്ന തലയുമായി കാഷായവസ്ത്രധാരികളായ കുറെയേറെ കോലങ്ങൾ അവിടെ ഒത്തുകൂടിയിട്ടുണ്ട്. സമ്പ്രാണി തിരി പുകഞ്ഞു പൊങ്ങുന്ന അന്തരീക്ഷത്തിൽ പെട്ട് ഈച്ചകളും കൊതുകുകളും ശ്വാസം കിട്ടാതെ പിടഞ്ഞു വലഞ്ഞു. പടിഞ്ഞാറ്റയുടെ ജനൽപ്പാളി തുറന്ന് ത്രേസ്യ അയൽമുറ്റത്തേക്ക് എത്തിനോക്കുന്നുണ്ട്. ത്രേസ്യേടെ തലക്ക് മുകളിലായി ജാനറ്റും തന്റെ തല സ്ഥാപിച്ചു വച്ചിട്ടുണ്ട്. “ഒരു മഹാ യാഗം തന്നെ വേണ്ടി വരും.” മഠാധിപതിയുടെ ആഹ്വാനം കേട്ട് വിനായകനും വിനീതും വായും പൊളിച്ചിരുന്നു. “സാക്ഷാൽ വിഘ്നേശ്വരനാണ് നാളികേരത്തിന്റെ രൂപത്തിൽ അവതരിച്ചിരിക്കുന്നത്. വിനായകന്റെ ഭവനത്തിൽ വിനായകമൂർത്തിക്കൊരു ആരൂഢം വേണം. ” കണ്ണടച്ചു തുറക്കുന്ന സമയം കൊണ്ടാണ് സാവിത്രീ നിലയത്തിന്റെ കിഴക്കേ മുറ്റത്ത് ഒരു കോവിൽ മുളച്ചു പൊങ്ങിയത്. അയൽപക്കത്തെ വരത്തന്മാർ അമ്പലം തീണ്ടരുത്, പറഞ്ഞു തീരുംമുമ്പേ ഒരു മതിലിനും മുളപൊട്ടിക്കഴിഞ്ഞിരുന്നു. സാക്ഷാൽ ഭഗവാൻ നേരിട്ട് വന്ന് അനുഗ്രഹം ചൊരിഞ്ഞ കുടുംബമാണ്. അതോണ്ട് സാവിത്രീ നിലയത്തിലിനി സസ്യാഹാരം മാത്രമേ പാകം ചെയ്യാൻ പാടുള്ളൂ. ഒടുവിൽ നാളികേര വിനായകൻ അവിടെ പ്രതിഷ്ഠിക്കപ്പെട്ടു.

അങ്ങനെ പൂജയും പ്രാർത്ഥനയും ഭക്തജന പ്രവാഹവുമായി സാവിത്രീ നിലയം മറ്റൊരു രൂപം പ്രാപിച്ചു. ജാനറ്റ് വില്ലയിൽ പതിവ് കുരിശുവരയും ബീഫും പോർക്കുമായി ദിനചര്യകൾ തുടർന്നുകൊണ്ടേയിരുന്നു. ദിവസങ്ങൾക്കിപ്പുറം. ഞായറാഴ്ച്ച ചന്തയിൽ നിന്നും പതിവുപോലെ ബീഫും വാങ്ങി മടങ്ങിവരികയാണ് യോഹന്നാൻ. വിനായകന് പകരം ജിമ്മിയാണ് ഇപ്പൊ മൂപ്പിലാന് കൂട്ട് പോകുന്നത്. ഇരുവരും നടന്ന് നടന്ന് സാവിത്രി വില്ലയുടെ ഗേറ്റിന് മുന്നിൽ എത്തിയപ്പോഴാണ് പാതിതുറന്ന ഗേറ്റിന്റെ വിടവിലൂടെ ക്ഷീണിച്ചവശയായ മീനു ജിമ്മിയുടെ കണ്ണിൽ പെടുന്നത്. പച്ചക്കറികളും ഇലകളും മാത്രം തിന്ന് ചാവാലിക്കോലമായ മീനു ജിമ്മിയുടെ ഉള്ളിലൊരു സഹതാപത്തിരയുയർത്തി. തന്റെ കാമുകിയുടെ അവസ്ഥ കണ്ട് അവൻ നിന്നിടത്തു നിന്ന് ഓരിയിട്ടു. മീനുവിന്റെ ആ അവസ്ഥ ജിമ്മിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. ഇരുമ്പ് കൂടിന്റെ വിടവിലൂടെ അരിച്ചിറങ്ങുന്ന നിലാവ് നുണഞ്ഞുകൊണ്ടു ആ രാത്രി മുഴുവൻ അവൻ മീനുവിനെക്കുറിച്ചു ചിന്തിച്ചു.

“വിനീതേ.. എങ്ങോട്ടേക്കാണെടോ..?” ബസ്റ്റാന്റിലെ ദേശാഭിമാനി സ്റ്റാളിന്റെ തുരുമ്പിച്ച തൂണിൽ ചാരിനിന്ന് വന്നുപൊയ്‌ക്കൊണ്ടിരുന്ന ബസ്സുകൾ എണ്ണിക്കൊണ്ട് സമയം കൊന്ന് നിന്നിരുന്ന വിനീത് പിന്നിലേക്ക് തലവെട്ടിച്ചു ചോദ്യത്തിന് കാത് കൊടുത്തു. ജാനറ്റാണ്, ട്രെൻഡ്സിൽ നിന്നും പർച്ചേസ് കഴിഞ്ഞുള്ള വരവാണ്.
“ഏയ്യ്‌ ഞാൻ ചുമ്മാ ഒന്ന് കറങ്ങാൻ ഇറങ്ങിയതാടോ ”
” ആഹ് പാരിസ് ഹോട്ടലിൽ മൂലയിലുള്ള ടേബിളിൽ ഇരുന്ന് താൻ ബിരിയാണി തട്ടുന്നത് ഞാൻ കണ്ടു, എന്താത് ചിക്കനോ ബിഫോ”
ജാനറ്റ് ഒരു കള്ളച്ചിരിയോടെ ചോദിച്ചു. കൊന്നമരച്ചോട്ടിൽ വച്ചു ആദ്യമായി സിഗരറ്റ് വലിക്കുന്നത് കയ്യോടെ പിടിച്ച യോഹന്നാൻ ചേട്ടന് മുന്നിൽ നിന്ന് പരുങ്ങിയ അതേ ഭാവത്തിൽ അവൻ നിന്ന് വിയർത്തു. ഒടുവിൽ, കണ്ട കാര്യങ്ങൾ ആരോടും പറയാതിരിക്കാൻ ചിത്രവാണിയിൽ ഒരു സിനിമ കാണിക്കാം എന്ന കൈക്കൂലിക്കരാറിൽ അവർ വീടുകളിലേക്ക് മടങ്ങി. ആഴ്ചകൾ തോറും ചിത്രവാണിയിലും, ലിബർട്ടിയിലും സിനിമകൾ മാറി മാറി വന്നു. തലശ്ശേരി കോട്ടയിലെ പുൽത്തകിടികൾക്കും കടപ്പുറത്തെ മണൽത്തരികൾക്കും ബിരിയാണി മണത്തോടൊപ്പം സിനിമാ കഥകളും ഹൃദ്യമായി. നാളികേര വിനായകന്റെ മതിലിന് ഇരുവശത്തും ചുവന്ന പനനീർ പൂക്കൾ വസന്തം വിരിയിച്ചു. ജാനറ്റ് വില്ലയിലും സാവിത്രീ നിലയത്തിലും ഇടക്കിടെ പ്രണയഗാനങ്ങൾ മാറി മാറി കേൾക്കാൻ തുടങ്ങി. അങ്ങനൊരു ദിവസം നിലാവിൽ കുളിച്ചു നിൽക്കുന്ന രാത്രിയുടെ സൗന്ദര്യത്തിൽ ജാനറ്റിനെ കാണണമെന്ന അതിയായ ആഗ്രഹത്തിൻ പുറത്ത് വിനീത് മതിലുചാടിയ അതേ നിലാവുള്ള രാത്രിയിൽ തന്നെയായിരുന്നു അത്താഴത്തിന് കിട്ടിയ ലെഗ് പീസുമായി മീനുവിനെയും തേടി ജിമ്മിയും മറുവശത്തേക്ക് മതില് ചാടിയത്. ഒരേ സമയത്തു നടന്ന രണ്ടു ചാട്ടങ്ങളുടെയും പ്രതിധ്വനിയിൽ നിദ്രാഭംഗം വന്ന മീനു ഉറക്കെയുറക്കെ ഓരിയിട്ടു. രണ്ടുവീടുകളിലും ലൈറ്റുകൾ തെളിഞ്ഞു. പരിഭ്രാന്തനായ വിനീത് ജാനറ്റ് വില്ലയുടെ വിറകുപുരയിലും ജിമ്മി സാവിത്രീനിലയത്തിലെ നാളികേര കോവിലിലും ഓടിക്കയറി ഒളിച്ചിരുന്നു.
വിചാരണ വേളയിൽ തന്നെക്കാണാനാണ് വിനീത് വന്നതെന്ന് അറിയാമായിരുന്നിട്ടും ജാനറ്റ് നിഷ്ക്കരുണം അവനെ തള്ളിപ്പറഞ്ഞു. തന്നെക്കാണാനാണ് ജിമ്മി വന്നതെന്ന സത്യം മനസ്സിലാക്കാതെ കോവിൽ ആശുദ്ധിയാക്കിയ ജിമ്മിയെ മീനുവും ഒറ്റുകൊടുത്തു. ഒരേ സമയം രണ്ട് പ്രണയങ്ങൾ വാടിക്കരിഞ്ഞു. പനിനീർ ചെടികൾ പൂക്കാതെയായി. പ്രണയഗാനങ്ങൾ മൗനം പാലിച്ചു. മഠാധിപതി വിദേശ പര്യടനം കഴിഞ്ഞു തിരിച്ചെത്തുന്നത്‌ വരെ അശുദ്ധിയായ കോവിൽ അടച്ചിടപ്പെട്ടു. അന്ന് തൊട്ടാണ് യോഹന്നാനും വിനായകനും ശത്രുക്കളായത്. തെറിയഭിഷേകങ്ങൾ ചിരപരിചിതമായത്. ഇന്നും രാവിലെ തന്നെ യോഹന്നാനും വിനായകനും വാക്പോര് തുടങ്ങിയിട്ടുണ്ട്. ജിമ്മിയും മീനുവും യജമാനന്മാരെ പിന്തുണച്ചുകൊണ്ടു കൂടെ തന്നെയുണ്ട്. തെറിവിളികളുടെ താളമുറുക്കം ആസ്വദിച്ചുകൊണ്ട് ഒരു മൂഷിക വിദ്വാൻ നാളികേര മൂർത്തിയുടെ അവസാന അംശവും കരണ്ട് തിന്ന് തീർത്തു കഴിഞ്ഞിരിക്കുന്നു.
ശൂന്യമായ ദേവാലയത്തിന് ഇരുപുറവും നിന്ന് രണ്ട് നായ്ക്കളും കുരച്ചോണ്ടിരുന്നു..ഒപ്പം കുറച്ചു മനുഷ്യരും
സന്ധിയില്ലാ യുദ്ധങ്ങൾ തുടരണമല്ലോ…അതങ്ങനെ തുടർന്നുകൊണ്ടേയിരിക്കും.

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...