കവിത
എ.കെ. അനിൽകുമാർ
ഒരിക്കലും കണ്ടിട്ടില്ലാത്ത രണ്ടുപേർ
മുതുകു കൂനിയ ബസ് സ്റ്റോപ്പിൽ.
വെയിൽപ്പക്ഷി ചാഞ്ഞും ചരിഞ്ഞും
തണൽച്ചില്ല പരതി വേവുന്നു.
അപരിചിതരവർ പരിചിതക്കുപ്പായം
വെച്ചുമാറുവാൻ തൊണ്ട നനയ്ക്കുന്നു.
വാർദ്ധ്യക്കപ്പനിപിടിച്ച ചുവരുകളിൽ
കരിക്കട്ടയശ്ലീല രേഖാവിന്യാസങ്ങൾ.
ദൂരെനിന്നും പതഞ്ഞെത്തിയ മുരൾച്ച
കാറ്റൊഴുക്കിലാടിയുലഞ്ഞു മറഞ്ഞു.
സ്റ്റോപ്പില്ലാത്തൊരിടമിതെന്നശരീരി
വെയിൽ കുപ്പായം മാറ്റിയിരുളായ്.
നിർത്താതെ പോയൊരു വേഗബാക്കി
പുകമേഘ നിഴൽച്ചിറകുവിരിക്കുന്നു.
ഒരിക്കലും കണ്ടിട്ടില്ലാത്ത രണ്ടുപേർ
ബസ് സ്റ്റോപ്പു വിട്ടിറങ്ങുന്നു നിരത്തിൽ.
ഇനി കാത്തുനിൽക്കുന്നതെന്തിനെന്ന്
ആത്മഗതം നാലു കണ്ണിൽ മുരടിച്ചു.
തുടക്കവുമവസാനവുമൊന്നെന്ന പോൽ
പാതയൊരു സർപ്പമായ് പുളയുന്നു.
ഒരിക്കലും കണ്ടിട്ടില്ലാത്ത രണ്ടുപേർ
ഒരേ ദിശയിൽ വിയർപ്പാറ്റി തുഴയുന്നു.
പിന്നിലൊരു വയസ്സൻ കുടയുമൂന്നി
ബസ് സ്റ്റോപ്പുമവർക്കൊരു കൂട്ടാവുന്നു.