(കവിത)
അബ്ദുള്ള പൊന്നാനി
കടൽ വക്കത്തെയെൻ്റെ വീടിനെ
കടലമ്മ കണ്ണ് വെച്ചിട്ട്
കാലമേറെയായി.
വീട് ചോദിക്കാനായിവന്ന തിരമാലകൾ
എത്ര തവണ
മുറ്റത്ത് വന്നു തിരിച്ചുപോയി.
മീൻ മണമുള്ള വീട്ടിൽ
മുറുക്കാൻവാസന വിരിയുന്ന ചുണ്ടിൽ
കെസ്സിൻ്റെ വരികൾ മൂളുന്ന നേരം
കാറ്റൊന്ന് വീശിയാൽ
മഴക്കാറ് മാനത്ത് കണ്ടാൽ
കണ്ണ് നട്ടിരിക്കുന്ന
ഉമ്മയുടെയുള്ളമൊരു കടലാവും.
ഉപ്പിൻ്റെ രുചിയുള്ള ഉപ്പ
മഴ പെയ്താൽ നിറയുന്ന ചായ്പ്പിനുള്ളിൽ
എരിയുന്ന ബീഡിയിലൊരു
പുകച്ചുരുളായി മാറും.
ഇടവപ്പാതി മഴയിൽ
ആഞ്ഞുവീശിയ ഒരു തിരയാണ്
വീട് കൊണ്ട് പോയത്.
കടലിൻ്റെ വക്കത്തിരുന്ന്
കടലിലേക്ക് നോക്കിയിരിക്കുമ്പോൾ
മീൻ മണമുള്ള കാറ്റിന്
ഉപ്പിൻ്റെ രുചി
സന്ധ്യാസമയത്ത്
മുറുക്കിതുപ്പിയയാകാശത്ത്
നോക്കിയിരിക്കെ
എൻ്റെയുള്ളിലൊരു കടലിരമ്പുന്നു.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല