ഉടലിന്റെയും മനസ്സിന്റെയും ഉപഗ്രഹങ്ങൾ

0
400
pm-ifad

കവിത

പി.എം ഇഫാദ്

ഒറ്റുകാരുടെ
മേശക്ക് മുകളിൽ
വിടർത്തിയിട്ട് കൊടുക്കുന്ന ഉടൽ.
തോണ്ടിയെടുത്ത് പുറത്തിടുന്നു
നിലച്ച സമയങ്ങൾ,
വറ്റിയ പുഴയാഴങ്ങൾ,
ഒറ്റതുരുത്തിലെ ഒറ്റയാൻ ഇരിപ്പുകൾ.
ചതിയന്മാരുടെ ദസ്തയോവ്സ്കി
വിശുദ്ധ വിഷാദങ്ങളെ
ചോരയിൽ നിന്നും ഇഴപിരിച്ചെടുക്കുകയാണ്.

ഒന്നിൽ നിന്ന് ഒന്നു പോയാൽ
പൂജ്യമാകുന്നത് പോലെ
ഞാൻ ആരുമല്ലാതെ ആകുകയാണ്.
മനുഷ്യരുടെ ഉടലിൽ മാത്രമല്ല
കൈത കാടിന്റെ വിരലുകളിൽ
തോട്ടു വക്കിലെ മൺപാദങ്ങളിൽ
രാത്രിയൊച്ചയുടെ ചുണ്ടുകളിലുമെല്ലാം
കാലം കുതിർന്ന് കിടക്കുന്നു.

ഇനിയൊരു ഉയിർത്തെഴുന്നേൽപ്പില്ലാത്ത
കർത്താവാണ് കാലം.
മഞ്ഞൊഴുകി വെള്ളിയുടുപ്പുകളാകുന്ന
നേരത്തിൽ,
ധ്യാനനിരതനായി,
ഓർമ്മകളെ ഓർമ്മിച്ചു കൊണ്ട് ഉടൽ.

മനസ്സ്,ജലത്തിന് മുകളിൽ വീഴുന്നയില
പോലെ തെന്നി തെന്നി.
അതിന്റെയടി തട്ടിലേക്ക്
ഞെട്ട് പൊട്ടി വീഴുന്ന
പ്രാർത്ഥനയുടെ ഇലയിളക്കം.

അരക്ഷിതാവസ്ഥയുടെ ഉടലിൽ എന്റെ അശാന്തിയുടെ ഭൂമി കറങ്ങി കൊണ്ടേയിരിക്കുന്നു.
ഉള്ളാകെ ഓളം,
ഒറ്റുകാർ പിരിഞ്ഞു പോകുന്നു.
കവിളിന്റെ കടലിലേക്ക്
കണ്ണീരിന്റെ പുഴയൊലിപ്പ്.
ബന്ധനങ്ങൾ പൊട്ടി പോകുകയാണ്,
സ്വാതന്ത്ര്യം അതിന്റെയെല്ലാ നഗ്നതയും
പുറത്തെടുക്കുന്നു.
മനസ്സിലൂടെ ഉടലിലേക്കുള്ള
ഭൂപടം വരച്ചു ചേർത്തതാരായിരിക്കും..?

ശരീരത്തിന്റെ റെഡ് സ്ട്രീറ്റിൽ
എന്റെ മനസ്സിന് വീണ്ടും വഴി പിഴക്കുന്നു,
വഴി തെറ്റിക്കയറിയ അപരിചിതൻ കണക്കെ
ജാള്യതയോടെ ഇറങ്ങി പോകുകയാണ്
വരച്ചു ചേർത്ത ഭൂപടങ്ങളും.

ഉടലിന്റെയും മനസ്സിന്റെയും
ഉപഗ്രഹങ്ങൾ
വിടാതെ ചുറ്റിതിരിയുന്നത് പോലെ,
മരിച്ചു പോയ എന്നിലേക്ക്
വീണ്ടും വീണ്ടും ഞാൻ എങ്ങനെയാണ്
തിരിച്ചു പോകുന്നത്..?

പി.എം ഇഫാദ്.

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here