കവിത
കല്പറ്റ നാരായണൻ
‘ ഹാ അയാളുടെ ഇടതുകരം
എന്റ തലയ്ക്കു കീഴിലായിരുന്നെങ്കിൽ ‘
– ഉത്തമഗീതം
മധുവിധു അവസാനിച്ച ദിവസം
ഞാൻ വ്യക്തമായോർക്കുന്നു
തലേന്ന് അവൾ തലവെച്ചുറങ്ങിയ കൈ
രാവിലെ എനിക്കുയർത്താനായില്ല
അവൾ അവളുടെ ശരിയായ ഭാരം
വീണ്ടും വഹിച്ചു തുടങ്ങി.
അന്ന്
വീട്ടിന് പിന്നിലെ തൊഴുത്തിലെ നാറ്റം
അവൾക്ക് കിട്ടിത്തുടങ്ങി
ജീവിതത്തിന്റെ ഇത്രയടുത്ത്
ആരെങ്കിലും തൊഴുത്ത് കെട്ടുമോ?
ഉറക്കം പിടിക്കുമ്പോൾ
നീയെന്തിനാണ് വായ തുറക്കുന്നത്
ബാലൻസ് ചെയ്യാനോ?
നീ വളരുമ്പോൾ
അമ്മ പുറത്ത് നോക്കി നിൽക്കുകയായിരുന്നേ?
കുറ്റപ്പെടുത്തുമ്പോൾ
ഊർജസ്വലനാകുന്ന ചെകുത്താൻ
ജോലി തുടങ്ങിക്കഴിഞ്ഞു
പറയണ്ടാ പറയണ്ടാ എന്ന് വെച്ചതായിരുന്നു
നിങ്ങളുടെ ചില മട്ടുകൾ എനിക്ക് പറ്റുന്നില്ല
കുലുക്കുഴിഞ്ഞ വെള്ളം
ഇറക്കുന്നത് കാണുമ്പോൾ
ഭൂമി പിളർന്നിറങ്ങിപ്പോകാൻ തോന്നുന്നു.
തുറന്നു പറയാനുള്ള തന്റേടം
അവൾ നേടിക്കഴിഞ്ഞു.
തിരയുന്നത് വേഗത്തിൽ കിട്ടാൻ തുടങ്ങി.
നിനക്ക് തോർത്തിക്കിടന്നാലെന്താണ്
ഈറൻ മുടിയുടെ നാറ്റം എനിക്ക് പറ്റിയതല്ല,
ഞാനും വിട്ടില്ല.
മണം നാറ്റമായി
അനശ്വരത വീണ്ടെടുത്തു കഴിഞ്ഞു.
മധുവിധു തീർന്നു.
എത്തിച്ചേർന്ന
വിദൂരവും മനോഹരവുമായ ദിക്കുകളിൽ നിന്ന്
ഞങ്ങൾ മടങ്ങിത്തുടങ്ങി
ഇത്ര പെട്ടെന്ന് എല്ലാം കഴിഞ്ഞുവോ?
വെറും ഇരുപത് ആഴ്ച്ചകൾ.
ദൈവം നിരാശയോടെ
വിരൽ മടക്കുന്ന ഒച്ച.
ഇനിയുമുണ്ട്
രണ്ടായിരം ആഴ്ചകൾ
ഈ സാധുക്കൾ എന്തു ചെയ്യും?
…
കവി, നോവലിസ്റ്റ്, ഉപന്യാസകാരൻ, സാഹിത്യവിമർശകൻ, സാംസ്കാരിക നിരീക്ഷകൻ.
1952 ൽ പാലൂകാട്ടിൽ ശങ്കരൻ നായരുടേയും നാരായണി അമ്മയുടേയും മകനായി ജനനം. കവിതകൾക്കു പുറമെ ഒരു സാംസ്കാരിക നിരീക്ഷകനെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ ലേഖനങ്ങളും സഹൃദയശ്രദ്ധ നേടിയവയാണ്. കോഴിക്കോട് ആർട്ട്സ് ആന്റ് സയൻസ് കോളേജിൽ മലയാളം അദ്ധ്യാപകനായിരുന്നു.
അവാർഡുകൾ
ബഷീർ അവാർഡ് (കവിതയുടെ ജീവചരിത്രം ),
ദോഹ പ്രവാസി മലയാളി അവാർഡ് (സമഗ്ര സംഭാവൻ ),
ഡോ. ടി.ഭാസ്കരൻ അവാർഡ് (കവിതയുടെ ജീവചരിത്രം ),
വി.ടി.കുമാരൻ അവാർഡ് (കവിതകൾ),
ശാന്തകുമാരൻ തമ്പി അവാർഡ് (ഒരു മുടന്തന്റ സുവിശേഷം),
എ.അയ്യപ്പൻ അവാർഡ് (ഒരു മുടന്തന്റെ സുവിശേഷം),
സി.പി.ശിവദാസൻ അവാർഡ്(എന്റെ ബഷീർ),
ഡോ.പി.രാജൻ അവാർഡ് (കവിത ).
പത്മപ്രഭാ പുരസ്കാരം ( 2018)