ഫോട്ടോസ്റ്റോറി
മനു കൃഷ്ണൻ
ഗ്രാമങ്ങൾ എനിക്കേറെ പ്രിയപ്പെട്ടതാണ്. പുതിയ കാഴ്ച്ചകൾ തിരഞ്ഞ് ഗ്രാമങ്ങളിലൂടെയുള്ള യാത്രകൾ പലപ്പോഴും വ്യത്യസ്ഥമായ അനുഭവങ്ങൾ സമ്മാനിക്കാറുണ്ട്. നീലഗിരിയിലെ തോടരുടെ ഗ്രാമങ്ങളിലേക്കുള്ള ഈ യാത്രയുടെ തുടക്കം പണ്ട് സായിപ്പുമാർ എടുത്ത കുറച്ച് ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടിട്ടായിരുന്നു. നീലഗിരിയിലെ കോടമഞ്ഞ് പുതച്ച താഴ് വരകളിൽ വസിക്കുന്ന ഒരു ജനസമൂഹമാണ് തോടർ. ചെറിയ ഗ്രാമങ്ങളിൽ കയ്യിലെണ്ണാവുന്ന വീടുകളിൽ വസിക്കുന്ന ഈ കൂട്ടർ എണ്ണത്തിൽ രണ്ടായിരത്തിലും താഴെയാണ്. തോടരുടെ ഗ്രാമങ്ങളെല്ലാം വളരെ മനോഹരമാണ്. പണ്ട് കാലത്ത് മണ്ട് എന്ന് അറിയപ്പെടുന്ന കരിങ്കല്ലുകൾ കൊണ്ടുള്ള ഭിത്തിയും പുല്ല കൊണ്ടുള്ള മേൽക്കൂരയുമുള്ള “റ” ആകൃതിയിലുള്ള വീടുകളിലാണ് ഇവർ വസിച്ചിരുന്നത്. ഇന്നത് കോൺക്രീറ്റ് ഭവനങ്ങൾക്ക് വഴിമാറിയെങ്കിലും തോടരുടെ ക്ഷേത്രങ്ങളിന്നും പഴയ ശൈലിയിൽ തന്നെയാണ് നിലകൊള്ളുന്നത്. തമിഴ്നാട് സർക്കാർ നിർമ്മിച്ച് നൽകിയ കോൺക്രീറ്റ് മണ്ടുകളും ഗ്രാമങ്ങൾക്കിടയിൽ കാണാൻ സാധിക്കും.
തോടരുടെ ക്ഷേത്രങ്ങൾ വ്യത്യസ്ഥമായ ഒരു കാഴ്ച്ചയാണ് . അവ കാണുമ്പോൾ നൂറ്റാണ്ടുകൾക്ക് പിറകിൽ നിൽക്കുന്ന ഒരു അനുഭൂതി എനിക്കനുഭവപ്പെട്ടു, വ്യത്യസ്ഥമായ ചിത്രപണികളും രൂപങ്ങളും കൊണ്ട് ക്ഷേത്രം അവർ മനോഹരമാക്കിയിരിക്കുന്നു. ക്ഷേത്രങ്ങൾക്ക് അടുത്ത് തന്നെയാണ് കാലികളെ നിർത്താനുള്ള തൊഴുത്തും. കാലി വളർത്തൽ കുലതൊഴിലായി സ്വീകരിച്ച തോടർ, എരുമകളെ വളർത്തി ജീവിക്കാനാണ് ദൈവം അവരെ സൃഷ്ടിച്ചതെന്ന് വിശ്വസിക്കുന്നു. നോക്കെത്താ ദൂരത്തോളം പടർന്ന് കിടക്കുന്ന പുൽമേടുകളിൽ മേയുന്ന എരുമകൾ ഈ വിശ്വാസത്തെ പ്രതിനിധാനം ചെയ്യുന്നു.
ക്ഷേത്രങ്ങളുടെ ഫോട്ടോ എടുക്കുന്നതിനിടെ ദൂരെ നിന്ന് വിളി വന്നു. വിളിച്ചത് ഒരു തോട സ്ത്രീയാണ്. ക്ഷേത്രത്തിൻ്റെ സംരക്ഷണ മതിലിനുള്ളിലേക്ക് കയറരുതെന്ന് അവർ സ്നേഹത്തോടെ പറഞ്ഞു. അവരുടെ വിശ്വാസ പ്രകാരം ക്ഷേത്രത്തിനുള്ളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട തോട പൂജാരി മാത്രമേ പ്രവേശിക്കുകയുള്ളൂ.. എന്തിനേറെ പറയണം ക്ഷേത്രത്തിൻ്റെ നിശ്ചിത അകലത്തേക്ക് മാത്രമേ സ്ത്രീകൾക്കു പോലും പ്രവേശിക്കാൻ സാധിക്കുകയുള്ളൂ… ഇവിടെ സ്ത്രീ പുരുഷ സമത്വം കൊണ്ട് വരേണ്ടിരിക്കുന്നുവെന്ന് ഞാൻ സുഹൃത്തിനോട് പറഞ്ഞു. അവനും ചിരിച്ച് കൊണ്ട് തലയാട്ടി.
ഗ്രാമത്തിന് മുന്നിലെ മരത്തിനു താഴെ ഇരിക്കുന്ന സ്ത്രീകളാണ് തോടരുടെ കല്യാണത്തിനെ പറ്റിയൊരു സൂചന തന്നത്. കല്ല്യാണം എന്നത് ഞങ്ങളുടെ ലിസ്റ്റിൽ ഇല്ലാത്ത കാര്യമായിരുന്നു. തൊട്ടടുത്ത ദിവസം തന്നെ ആയിരുന്നു കല്ല്യാണമെന്നതിനാൽ ഒരേ സമയം സന്തോഷവും ആകാംഷയും എനിക്കനുഭവപ്പെട്ടു. മരത്തിന് താഴെ ഇരുന്നിരുന്ന തോട സ്ത്രീകൾ കല്ല്യാണത്തിനുള്ള ഒരുക്കത്തിനായി അവരുടെ പാരമ്പര്യ വസ്ത്രങ്ങളുടെ അവസാന മിനുക്ക് പണി നടത്തുന്നത് അപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത്. കല്ല്യാണത്തിനെ പറ്റി കൂടുതൽ അന്വേഷിച്ചപ്പോൾ രണ്ട് ദിവസം കഴിഞ്ഞാണ് അത് നടക്കുന്നതെന്ന് അറിയാൻ കഴിഞ്ഞു.
തോടരെ പറ്റി കൂടുതൽ അറിയണമെങ്കിൽ കല്ല്യാണവും ഒന്ന് കൂടണമെന്ന് എനിക്ക് തോന്നി. അത് കൊണ്ട് ഇല്ലാത്ത ലീവ് ഉണ്ടാക്കിയെടുത്ത് ഒരിക്കൽ കൂടി നാടുകാണി ചുരം കയറി. ഊട്ടിക്കടുത്തുള്ള ഗ്ലെൻ മോർഗനിലായിരുന്നു കല്ല്യാണം. വിശാലമായി പരന്ന് കിടക്കുന്ന മൊട്ടക്കുന്നുകൾക്ക് ഓരത്തായി സ്ഥിതിചെയ്യുന്ന ഒരു ചെറിയ ഗ്രാമമുണ്ടവിടെ. കല്യാണത്തിന് വേണ്ടി അലങ്കരിച്ച ഒരു വീടിന് മുമ്പിൽ കറുപ്പും ചുവപ്പും വെള്ളയും കലർന്ന വസ്ത്രം ധരിച്ച തോടർ കൂട്ടംകൂടി നിൽക്കുന്നു.
സാധാരണ ധരിക്കുന്ന വസ്ത്രത്തിന് മുകളിലൂടെ പ്രത്യേകം ധരിക്കുന്ന പുതപ്പാണ് തോടരുടെ വസ്ത്രധാരണത്തെ വ്യത്യസ്ഥമാക്കുന്നത്. നല്ല കട്ടിയുള്ള ഈ വസ്ത്രം പണ്ട് മുതലേ നീലഗിരിയിലെ തണുപ്പിൽ നിന്ന് രക്ഷനേടാൻ ഉപയോഗിച്ചിരിക്കാം എന്ന് എനിക്ക് തോന്നി.
കല്യാണ വീട്ടിലുള്ളവർ ചായയും ബിസ്ക്കറ്റും തന്ന് ഞങ്ങളെ സൽക്കരിച്ചു. കുറച്ച് കഴിഞ്ഞപ്പോൾ അൽപ്പം മധുരം കുറഞ്ഞ, എരുമപ്പാലിൽ ഉണ്ടാക്കിയ പായസവും കൊണ്ട് വന്ന് തന്നു. ഒരു പ്രത്യേക രുചിയായിരുന്നു ആ പായസത്തിനെന്നത് പറയാതെ വയ്യാ. സൽക്കാരത്തിൽ സന്തോഷപ്പെട്ടിരിക്കുമ്പോളാണ് തൊട്ടടുത്ത തോട ക്ഷേത്രം ശ്രദ്ധിച്ചത്. ഞങ്ങൾ മുമ്പ് കണ്ടതിനെ അപേക്ഷിച്ച് നല്ല വലിപ്പമുണ്ടായിരുന്നു അതിന്. വളരെയേറെ കൗതുകത്തോടെ ഞാനതിൻ്റെ കുറേ ചിത്രങ്ങൾ പകർത്തി. ക്ഷേത്രത്തിൻ്റെ ചരിത്രം ചെറിയ രീതിക്ക് അവിടെയുള്ള സുഹൃത്ത് പറഞ്ഞ് തന്നു. നൂറ്റാണ്ടുകളുടെ വിശ്വാസങ്ങളാണ് എൻ്റെ മുന്നിൽ നിൽക്കുന്നതെന്ന് എനിക്ക് തോന്നി. തോടരെല്ലാം ചെറിയ സംഘങ്ങളായി മൊട്ടക്കുന്നിൻ്റെ മുകളിലേക്ക് നടക്കുന്നത് ഞങ്ങൾ ശ്രദ്ധിച്ചു. അത് വിവാഹ ചടങ്ങുകളുടെ സൂചനയായി തോന്നിയതിനാൽ ഞങ്ങളും അതിന് മുകളിലേക്ക് കയറി. നല്ല വെയിലുണ്ടെങ്കിലും വീശിയടിക്കുന്ന ചെറിയ തണുത്ത കാറ്റ് ചൂടിനെ ശരീരത്തെ അറിയിക്കുന്നില്ല.
അങ്ങനെ കുറച്ച് സമയത്തെ കാത്തിരിപ്പിന് ശേഷം കല്ല്യാണം തുടങ്ങുകയായി. തോട കല്യാണത്തിൻ്റെ ഏറ്റവും വലിയ പ്രത്യേകത എന്തെന്ന് വെച്ചാൽ അത് വധു ഏഴ് മാസം ഗർഭിണി ആയിരിക്കും എന്നതാണ്. നിശ്ചയം കഴിഞ്ഞ് ഏഴ് മാസം ഗർഭിണി ആയ ശേഷമാണ് വിവാഹ ചടങ്ങുകൾ നടക്കുക എന്നത് ഒരു കൗതുകകരമായ കാര്യമാണ്. ഗ്രാമത്തിൻ്റെ അവരുടെ വിശ്വാസ പ്രകാരം നിലകൊള്ളുന്ന വിശുദ്ധ മരത്തിന് താഴെയാണ് വിവാഹ ചടങ്ങുകൾ നടക്കുക. ആചാരങ്ങളുടെ ശക്തമായ നിലപാടുകളിൽ ചടങ്ങുകൾ ഭംഗിയായി നടക്കുന്നു.
കല്ല്യാണത്തിന് ശേഷം നൃത്തവും പാട്ടുകളും അരങ്ങേറും. പുരുഷന്മാരും സ്ത്രീകളും രണ്ട് ഗ്രൂപ്പുകളായി തിരിഞ്ഞ് നൃത്തങ്ങൾ നടത്തുന്നു. നല്ല രസമാണ് നൃത്തങ്ങൾ കാണുവാൻ. പ്രത്യേക താളത്തിലും ഭാവത്തിലും ചുവടുകൾ വെച്ച് കല്ല്യാണത്തിൻ്റെ സന്തോഷം അവരെല്ലാം പങ്കുവെക്കുന്നു. ഞാൻ എനിക്ക് മതിയാവുന്ന വരെ ഫോട്ടോകൾ എടുത്തു. ഒടുവിൽ മെമ്മറി കാർഡ് ഫുള്ളായി എന്ന് ക്യാമറ പറഞ്ഞപ്പോൾ കുറച്ച് പഴയ ഫോട്ടോസ് ഡിലീറ്റ് ചെയ്ത് കുറച്ച് സ്ഥലമുണ്ടാക്കിയാണ് ഫോട്ടോ എടുത്തത്. അവസാനം ക്യാമറ ബാറ്ററി തീരാറായി എന്ന് പറഞ്ഞപ്പോളേക്കും കല്ല്യാണ ആഘോഷങ്ങൾ ഏകദേശം അവസാനിച്ചിരുന്നു.
നീലഗിരിയുടെ യഥാർത്ഥ അവകാശികൾ ആരെന്ന് അടുത്തറിഞ്ഞ യാത്രയാണിത്. നീലഗിരിയിൽ തോടരെ പൊലെ ഇനിയും ചെറിയ ചെറിയ ജനസമൂഹങ്ങളുണ്ട്. ,അവർക്കിടയിലൂടെ ഒരിക്കൽ യാത്ര ചെയ്യണമെന്ന് മനസ്സിൽ ഉറപ്പിച്ച് രാത്രിയോട് കൂടി ഞങ്ങൾ മലയിറങ്ങി.
റോഡ് – നല്ല റോഡാണ് ഊട്ടി മുതൽ ഗ്ലെൻ മോർഗൻ വരെ
താമസം: ഊട്ടിയിൽ നിരവധി താമസ സൗകര്യം ഉണ്ട് , ഗ്ലെൻ മോർഗനിൽ ഹോം സ്റ്റേകൾ ഉണ്ട് ( ഞങ്ങൾ താമസിച്ചിട്ടില്ല )
കാലാവസ്ഥ : മൺസൂണിനോട് ചേർന്ന് പോയാൽ നല്ല പച്ചപ്പ് ആസ്വദിക്കാം , ഏപ്രിൽ മെയ് മാസങ്ങളിൽ പകൽ ചൂടും രാത്രി തണുത്ത കാലാവസ്ഥയുമാണ്.
റൂട്ട് – അലനല്ലൂർ – നിലമ്പൂർ – ഗൂഡല്ലൂർ – ഗ്ലെൻമോർഗൻ ( കാർ, ബൈക്ക് യാത്ര സുഗമമാണ്)
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല
????????????????
Good one ????????