ഹിമാചലിലെ കൊച്ചു ഗ്രാമങ്ങളിലൂടെ…

0
389
photostories-sulthan-rifai-athmaonline-grahan-himachal-pradesh-1

ഗ്രാഹൺ

സുൽത്താൻ റിഫായി

കുളിരണിയിപ്പിക്കുന്ന ജനുവരിയിലെ ഒരു പ്രഭാതം. മഞ്ഞു മഴ കൊണ്ടായിരുന്നു ഇന്ത്യയുടെ മിനി ഇസ്രായേലായ കസോള്‍ ഞങ്ങളെ വരവേറ്റത്…

സമുദ്ര നിരപ്പില്‍ നിന്ന് 1640 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന കസോള്‍ ഹിമാചല്‍ പ്രദേശിലെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ്.  ഇസ്രായേല്‍ ജനതയുടെ താവളം കൂടിയാണ് ഇവിടം.

athmaonline-photostories-himachalpradesh-grahan-sulthanrifai-008

പാര്‍വതിനദിയും മണികരനില്ലെ ചൂടുനീരുറവയെല്ലാം ആസ്വദിച്ച്‌ ആദ്യദിനം കസോളിലെ ഒരു ഹോട്ടലില്‍ കഴിഞ്ഞ് കൂടി പിറ്റെ ദിവസമായിരുന്നു ഗ്രഹാണിലേക്കുള്ള യാത്ര ആരംഭിച്ചത്

കസോളില്‍ നിന്ന്  ഏഴ് കിലോമീറ്റര്‍ അകലെയാണ് ഗ്രഹാണ്‍ എന്ന സുന്ദരഗ്രാമം സ്ഥിതി ചെയ്യുന്നത്. ഗ്രഹാണിനെ അനുഭവിച്ചറിയണമെങ്കില്‍ ശൈത്യകാലമാവണം. ഡിസംബര്‍, ജനുവരി മാസങ്ങളില്‍ ഗ്രഹാണ്‍ മഞ്ഞില്‍ കുളിച്ച് നില്‍ക്കുന്നുണ്ടാവും, മലകയറിയെത്തുന്ന സഞ്ചാരികളെയും കാത്ത്. കസോളിലെ ഒട്ടുമിക്ക ചെറു ഗ്രാമങ്ങളിലും വാഹനങ്ങള്‍ എത്തിപ്പെടില്ല ഗ്രഹാണും ഈ കൂട്ടത്തില്‍ പെടും. കേട്ടറിഞ്ഞ അറിവുകളുമായി ഗ്രഹാണിലേക്ക്‌ നടത്തം ആരംഭിച്ചു. മഞ്ഞു നിറഞ്ഞ പൈന്‍മരങ്ങള്‍ക്കിടയിലൂടെ പാര്‍വതി നദിയുടെ കുളിരേറ്റ് പ്രക്യതിയെ അടുത്തറിഞ്ഞ് ഏഴ് കിലോമീറ്റര്‍ ട്രെക്കിങ്ങ്‌.

athmaonline-photostories-himachalpradesh-grahan-sulthanrifai-001

ഗ്രാമങ്ങളിലേക്ക് വിറകും ഭക്ഷ്യസാധനങ്ങളുമായി പോകുന്ന ഗ്രാമീണര്‍, ചെമ്മരിയാടിന്‍ കൂട്ടങ്ങള്‍, അവയെ മേയ്ച്ച് നടക്കുന്ന ഇടയൻമാര്‍, തടി കൊണ്ടുണ്ടാക്കിയ ചെറുപാലങ്ങൾ എന്നിവയുടെയെല്ലാം കാഴ്ച്ചകള്‍ ട്രെക്കിങ്ങിന്റെ ഭംഗി കൂട്ടും. വേനല്‍ കാലത്ത് അനായാസം ട്രെക്കിംഗ്‌ ചെയ്യാമെങ്കിലും  ശൈത്യക്കാലത്തെ ട്രെക്കിംഗ് അല്‍പ്പം സാഹസികത നിറഞ്ഞതാണ്. ഗ്രാഹണിലേക്കുള്ള‌ നടപ്പാതകള്‍ മഞ്ഞുമൂടിയതിനാല്‍ വഴിതെറ്റുമെന്ന കാര്യം തീര്‍ച്ച.

athmaonline-photostories-himachalpradesh-grahan-sulthanrifai-006

മാനം മുട്ടി നില്‍ക്കുന്ന മഞ്ഞുമലകളെ കീഴടക്കി ഗ്രഹാണിലെത്തിയാലുള്ള കാഴ്ച്ചകള്‍ മതി ഏഴ് കിലോമീറ്റര്‍ ട്രെക്ക് ചെയ്തത്തിന്റെ ക്ഷീണം മാറ്റാന്‍.  തടികള്‍ കൊണ്ടു നിര്‍മ്മിച്ച കൊച്ചു കൊച്ചു വീടുകള്‍, മിഠായിക്ക് വേണ്ടി കൈ നീട്ടുന്ന കൊച്ചു മുഖങ്ങള്‍. ഇടയ്ക്കിടെ പുഞ്ചിരിച്ച്‌ മിന്നിമറയുന്ന ഗ്രാമീണര്‍. ഗ്രഹാണിന്‌ മനസ്സില്‍ ഇടം നല്‍കാന്‍ ഈ കാഴ്ച്ചകള്‍ തന്നെ മതിയാകും.

athmaonline-photostories-himachalpradesh-grahan-sulthanrifai-010

ശൈത്യക്കാലത്ത്‌ ഗ്രഹാണിലേക്കുള്ള സഞ്ചാരികളുടെ വരവ് തീര്‍ത്തും  കുറവായിരിക്കും. ഈ കാരണംകൊണ്ട് തന്നെ ഗ്രഹാണില്‍ താമസസൗകര്യം തിരയുന്നതിനായി  അധിക സമയം ചിലവഴിക്കേണ്ടി വന്നില്ല. ട്രെക്കിങ്ങിന്റെ ക്ഷീണമെല്ലാം തോളിലേന്തി ഗ്രാമീണരില്‍ ഒരാളുടെ ഹോംസ്റ്റേയില്‍ ഞങ്ങള്‍ കൂടണഞ്ഞു.

തണ്ണുത്ത് വിറയ്ക്കുന്ന രാത്രിയില്‍ തന്തൂരിന്റെ ചൂടും പിടിച്ച്‌  കഥകള്‍ പറഞ്ഞ് സമയം ചിലവഴിക്കുന്നതിനിടയില്‍  തന്തൂരില്‍ നിറയ്ക്കാനുള്ള വിറകുമായി  ഒരാള്‍ വന്നു. ശേഷം തന്തൂരിന്റെ ചൂടു പിടിച്ച്  ഞങ്ങള്‍ക്കിടയിലിരുന്ന്‌ അദ്ദേഹം ഗ്രാഹാണിനെ കൂടുതല്‍ പരിചയപ്പെടുത്തി.

athmaonline-photostories-himachalpradesh-grahan-sulthanrifai-007

പരമ്പരാഗതമായ നെയ്ത്തും ക്യഷിയുമാണ് ഗ്രാമീണരുടെ പ്രധാന വരുമാന മാര്‍ഗ്ഗങ്ങൾ. വൈദ്യുതിയും ടെലിഫോണ്‍ സംവിധാനവും ചുരുക്കം ചില വീടുകളില്‍ മാത്രമെയുള്ളു. അത്യാവശ്യസാധനങ്ങള്‍ വാങ്ങാനായി ഗ്രാമത്തില്‍ ഒന്ന്‌ രണ്ട്‌ കടകളുണ്ട്‌. ആകെയുള്ളത്  ഒരു സ്കൂള്‍. ശൈത്യക്കാലത്ത് സ്കൂള്‍ അവധിയായിരിക്കും.

athmaonline-photostories-himachalpradesh-grahan-sulthanrifai-005
സഞ്ചാരികള്‍ക്ക് സുപരിചിതമായ സര്‍പ്പാസ് ട്രെക്കിന്റെ ബേസ് ക്യാമ്പും ഇവിടെയാണ്. ലഹരിക്കും ആല്‍ക്കഹോളിനും നിയന്ത്രണമുണ്ട്. ശൈത്യക്കാലത്ത്‌  ഗ്രാമീണര്‍ അത്യാവശ്യകാര്യങ്ങള്‍ക്ക്‌ മാത്രമെ വീടുകളില്‍ നിന്ന്‌ പുറത്തിറങ്ങാറുള്ളു. ഗ്രഹാണ്‍ എത്രത്തോളം ശാന്തമാണെന്ന് മനസ്സിലാക്കാന്‍ ഈ അറിവുകള്‍ തന്നെ ഞങ്ങള്‍ക്ക്‌ മതിയായിരുന്നു. വീടുകളും വഴികളും വിജനമായതിനാല്‍ ക്യാമറയ്ക്കും അധികം ജോലി എടുക്കേണ്ടതായി വന്നില്ല.

athmaonline-photostories-himachalpradesh-grahan-sulthanrifai-004

വിജനമായ മഞ്ഞുപാതയിലൂടെ തണ്ണുത്ത്‌ വിറച്ചുള്ള നടത്തവും തന്തൂരിന്‍റെ ചൂടുപിടിച്ച്‌ ബ്ളാങ്കറ്റും മൂടി ഓര്‍മ്മകള്‍ മെനഞ്ഞുളള സുഖനിദ്രയും വടി കുത്തി മഞ്ഞില്‍ സ്കേറ്റ്  ചെയ്തുകളിക്കുന്ന കുട്ടികളുടെ കാഴ്ച്ചകളുമെല്ലാം  ജീവിതത്തില്‍ മറക്കാന്‍ പറ്റാത്ത അനുഭവങ്ങളാണ് .

athmaonline-photostories-himachalpradesh-grahan-sulthanrifai-011

ഓര്‍ത്തെടുക്കാന്‍ കുറെ നല്ല ഓര്‍മ്മകള്‍ സമ്മാനിച്ച ഗ്രഹാണില്‍ നിന്നും മലയിറങ്ങുമ്പോള്‍  മനസ്സ് നിറഞ്ഞെങ്കിലും ക്യാമറ നിറയാത്തതിന്റെ വിഷമം മാത്രമെ മനസ്സിലുണ്ടായിരുന്നുള്ളു .

athmaonline-photostories-himachalpradesh-grahan-sulthanrifai-013

സുല്‍ത്താന്‍ റിഫായ്  കോഴിക്കോട് ഒളവണ്ണ സ്വദേശം. മാധ്യമ വിദ്യാര്‍ത്ഥിയാണ്. യാത്ര ഫോട്ടോഗ്രാഫിയില്‍ കൂടുതല്‍ താല്‍പര്യം. 7736888114


പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്ന ഫോട്ടോ സ്റ്റോറികൾ editor@athmaonline.in എന്ന ഇ മെയിൽ വിലാസത്തിലേക്ക് അയക്കുക.

കൂടുതൽ വിവരങ്ങൾക്ക് : 9048906827

LEAVE A REPLY

Please enter your comment!
Please enter your name here