അജയ് ജിഷ്ണു സുധേയൻ
ചില മനുഷ്യന്മാരുണ്ടല്ലോ അങ്ങനെ, സ്വയം കഷ്ടതകളിലും ഇല്ലായ്മകളിലും നീറുമ്പോഴും കാണുന്നവരുടെ ചുണ്ടിൽ മുഴുവൻ ചിരി കൊളുത്താൻ ഒരു തിരി കൊണ്ട് നടക്കുന്നവർ.
പറഞ്ഞു വരുന്നത് മലയാളികൾ ആവേശത്തോടെ ഏറ്റെടുത്തു കൊണ്ടിരിക്കുന്ന കൊറോണ കാലത്തേ പ്രതിരോധ പാട്ടു എഴുതി ഈണമിട്ടു പാടിയ മോഹനേട്ടനെ കുറിച്ചാണ്, നാട്ടുകാരുടെ സ്വന്തം ചൂട്ട് മോഹനനെ കുറിച്ച്…
ഒരു പ്രാവശ്യമെങ്കിലും ഇയാളെ പരിചയപ്പെട്ടവർ പിന്നെ മറക്കാൻ സാധ്യത കുറവാണ്, അതി മനോഹരമായ ചൂട്ട് മോഹനരാഗമായും അത്രയും നർമമുള്ള നാടിന്റെ തനിമയുള്ള വിറ്റുകളായും രുചി നിറയുന്ന ഭക്ഷണമായും എല്ലാം അയാൾ പരിചയപ്പെടുന്നവരുടെ ഉള്ളിൽ നിറയും.
പെയിന്റിങ് ആണ് ചൂട്ട് മോഹനന്റെ തൊഴിൽ, ഭാര്യ ശോഭയോടൊത്തും ഒറ്റമകൾ കൃഷ്‌ണേന്ദുവോടൊത്തും പേരാമ്പ്രക്കടുത്ത് ചെറുവണ്ണൂരിൽ ഇനിയും പണി തീരാത്ത വീട്ടിൽ താമസിക്കുന്നു,
തനിക്കു പറയാനുള്ള സന്ദേശമാണ് പാട്ടു രൂപത്തിൽ പാടിയതെന്നു പറയുന്ന മോഹനന്റെ പാട്ടു വൈറൽ ആയതോടു കൂടി മോഹനനെ തേടി അഭിനന്ദന പ്രവാഹമാണ് വന്നു കൊണ്ടിരിക്കുന്നത് മന്ത്രിയും സിനിമാക്കാരും ഉൾപ്പെടെ ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നും മോഹനന്റെ പാട്ടിനോടുള്ള സ്നേഹം അറിയിക്കുകയാണ് മലയാളികൾ, എല്ലാവരോടും പതിവ് ചിരിയാലും, ചിരി ഉണർത്തുന്ന മറുപടികളാലും ചൂട്ട് മോഹനനും വാചാലനാവുന്നു…