അന്വേഷ

0
317
anwesha-aneesha-p

വായന

സഹർ അഹമ്മദ്

പുസ്തകം : അന്വേഷ
രചന: അനീഷ.പി
പ്രസാധകർ: റെഡ്ചെറി ബുക്സ്
വില: 100 രൂപ
പേജ്: 98

കഴിഞ്ഞ വർഷത്തെ പാം അക്ഷര തൂലിക കവിതാപുരസ്കാരം നേടിയ അനീഷ. പി യുടെ ആദ്യ കവിതാസമാഹാരമാണ് 2018 ൽ പുറത്തിറങ്ങിയ “അന്വേഷ”. വ്യത്യസ്ത വിഷയങ്ങളിലായി എഴുതപ്പെട്ട 66 കവിതകളാണ് ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഈ പുസ്തകത്തിന്റെ ആമുഖം തന്നെ മനോഹരമായ കവിതയാണ്, അതിൽ പുസ്തകത്തിന്റെ പേര് കൂടിയായ “അന്വേഷ”യെ കവയിത്രി കൃത്യമായി അടയാളപ്പെടുത്തുന്നു.

” അന്വേഷിക്കുന്നവളായത്
അറിഞ്ഞുനോക്കാനാരും
പറഞ്ഞു തന്നല്ല.
അറിഞ്ഞതൊക്കെ
അഴിച്ചുവെച്ച്
ആഴക്കയങ്ങളണിഞ്ഞത്
അരികിലാരും അറിയാതിരുന്നില്ല.
അതിരു-
താണ്ടിയിട്ടതിഥിയായ്
ചെന്നത്
അമിതമർമ്മാദ-
പ്പുലരി കണ്ടല്ല.
അറിവു
ഞാനിന്നറിഞ്ഞതിനപ്പുറം
അറിയാനിരിക്കുന്നോരധിക
സത്യങ്ങളെന്നലിവാർന്നകം
നിറഞ്ഞടിവെച്ച വേവിലും
അകിലുപോൽ
പുകഞ്ഞറിയുന്നൊരന്വേഷ..”

അനീഷയുടെ പല കവിതകളും ആത്മഭാഷണങ്ങളാണ്, അതിനിടയിൽ ചിലതെങ്കിലും മറ്റു വിഷയങ്ങളിലേക്ക് എത്തിനോക്കുന്നുണ്ട്. പ്രണയം മിക്ക കവിതകളുടെ വിഷയമായി കടന്നു വരുന്നുണ്ട്. ഈ കവയിത്രിയുടെ പ്രത്യേകതയായി തോന്നിയത് ഈ പുസ്തകത്തിലുടനീളം അവർ പുലർത്തുന്ന ഭാഷയാണ്. പല കവിതയ്ക്കും ചൊൽ കവിതയുടെ താളമുണ്ട്.

“ന്യായവിധി കേൾക്കാൻ
ഭൂമിയിലേയ്ക്ക്
ഹൃദയം കൂർപ്പിച്ചൊരുവൾ
പറഞ്ഞു..
കാണുന്നതില്ല ഞാൻ
നീചന്റെ കണ്ണുകൾ
കാണാ കറുപ്പിൽ
പുതച്ചു പിടിച്ചവർ..”

സ്ത്രീകൾക്ക് വേണ്ടിയുള്ള ശബ്ദമാവുന്നു “ഇരകൾ പറയുന്നു” എന്ന കവിത. കറുപ്പ് തുണിയാൽ കാഴ്ചയെ മറക്കുന്ന നീതിന്യായ വ്യവസ്ഥയെ ഈ വരികളിൽ കവയിത്രി തുറന്നു കാണിക്കുന്നു.

“നിനക്കും
എനിക്കുമിടയിൽ
ഇത്രയെങ്കിൽ ഭ്രമം,
നമുക്കും
അവനുമിടയിൽ
എത്രയാകാമെന്നോരോ
മാത്രയിലും
പ്രേമമായി,”

ഈ വരികളിൽ കവയിത്രി ഈശ്വരനോടുള്ള പ്രണയത്തെയും ഈശ്വരന്റെ പ്രണയത്തിലെ കരുണയെയും സൂചിപ്പിക്കുന്നു.

“വഴിയോരങ്ങളിലേയ്ക്ക്
വികലമായിട്ടിറക്കി-
വിടുന്നതിനു മുൻപ്
അറിയണം
ഈ കലഹങ്ങളുടെ
അപഥ സഞ്ചാരങ്ങളിൽ
അള്ളി പിടിച്ച്
അർത്ഥം കെട്ട
കാടുകളിലേക്ക്
അടിഞ്ഞു കൂടിയേക്കാവുന്ന
ആസ്വാദകരുണ്ടായി പോകുമെന്ന്..”

കവിതയെ വ്യത്യസ്ത അർത്ഥ തലങ്ങളിലേക്ക് കൈപിടിച്ച് നടത്തുന്ന ആസ്വാദകരുണ്ടാവുമെന്ന് പ്രകാശിപ്പിക്കുന്നതിന് മുൻപ് ഓരോ എഴുത്തുകാരനും തിരിച്ചറിയണമെന്ന് ഈ വരികളിലൂടെ കവയിത്രി അടിവരയിടുന്നു.

“പർദ്ദയ്ക്കുള്ളിൽ
കവിതകളുണ്ട്..
പെണ്ണെഴുത്തുകൾ
പറഞ്ഞു പതം വന്ന
അടിച്ചമർത്തലിന്റെ
പൊള്ളപ്പൊളികളല്ല,
മഷിക്കറുപ്പ്
പുരണ്ട പീലികളിൽ
വിടരുന്ന
ആത്മധൈര്യത്തിന്റെ
കൂവളം കവിതകൾ..”

പർദ്ദയ്ക്കുള്ളിൽ വിരിയുന്ന കവിതയെ കുറിച്ച് ഈ വരികളിൽ കവയിത്രി വാചലമാവുന്നു, സുറുമയിട്ട അവളുടെ കണ്ണുകളിൽ വിടരുന്ന ആത്മധൈര്യത്തിന്റെ കൂവളം കവിതകൾ..

“കാഴ്ചക്കുമപ്പുറം കാണാനും
കേൾവിക്ക് പുറത്തു
കേൾക്കാനും പാകത്തിൽ
ഹൃദയം സുതാര്യമായ
സ്വർഗ്ഗ നിമിഷത്തിലാണ്
ഞാൻ നിന്നെ രുചിച്ചത്..
ഇപ്പോൾ ജീവിതം കൊണ്ട്
വണങ്ങാൻ ശ്രമിക്കുന്നു.”

ഈ വരികൾ സ്രഷ്ടാവിലേക്ക് എല്ലാം അർപ്പിച്ചു ആത്മജ്ഞാനം തേടുന്ന സൂഫി കവിതകളെ ഓർമ്മിപ്പിക്കുന്നു.

“അവന്റെ ചിരിക്കും
ചോരക്കും താഴെ
കാണാമോ?
പടച്ചവനെ പറിയിപ്പിച്ചവർക്ക്
വായിക്കാനാണ്..
കത്തികൊണ്ട്
കുത്തി മലർത്താനൊക്കാത്ത
മഷിയിലൊതുങ്ങാത്തൊരു
വരി;
‘നാൻ പെറ്റ കിളിയെ..'”

മഹാരാജാസ് കോളേജിൽ കൊല്ലപ്പെട്ട അഭിമന്യൂവിന്‍റെ ഓർമകളിലേക്ക് കൊണ്ടു പോവുന്നു ‘നാൻ പെറ്റ കിളിയെ’ എന്ന കവിത. അഭിമന്യൂവിന്‍റെ അമ്മയുടെ തേങ്ങൽ ഈ വരികളിൽ മുഴങ്ങി നിൽപ്പുണ്ട്.

“ഉപ്പൂപ്പയാണെന്റെ
ബാല്യം
അന്നെനിയ്ക്കുമ്മൂമ്മയാണ്
പൂക്കാലം
മിഠായി മണമൊഴുകുമോർമ്മ
തൻ മുന്നിൽ
ഒരു കൊച്ചുസ്വർഗ്ഗമാകാലം..”

നഷ്ടബാല്യം എന്ന കവിത നിറയെ ഉപ്പൂപ്പയേയും ഉമ്മൂമ്മയേയും കുറിച്ചുള്ള ഓർമ്മകളാണ്. അതിലൊരിടത്ത് ഇങ്ങനെ പറയുന്നു..

“ഇറയത്തു തിരുകിയ
ചൂരലെടുത്തുമ്മ
തിറപൂണ്ടു
പിറകിലേ പായും,
ഉമ്മറത്തുപ്പൂപ്പ
ചിരിയോടെ വന്നെന്നെ
കയ്യിലൊളിപ്പിച്ചു തടയും”

പലപ്പോഴും ഉമ്മയുടെയും ഉപ്പയുടെയും അടികളിൽ നിന്ന് അവരുടെ ശാസനകളിൽ നിന്ന് നമ്മെ രക്ഷിക്കാൻ ഓടിയെത്തുന്ന ഉപ്പൂപ്പയുടെയും ഉമ്മൂമ്മയുടെയും രൂപം, അങ്ങനെ നമ്മുടെയൊക്കെ ബാല്യത്തെ തൊട്ടുണർത്തുന്നതാണ് നഷ്ടബാല്യമെന്ന കവിത.

“കണക്കു കൂട്ടലുകളിലേക്ക്
കവിത സമരസപ്പെട്ടേയില്ല.
എഴുതി അയച്ചിടത്തു നിന്നൊക്കെ
തിരിച്ചുവന്ന കവിതകളുടെ
പിന്നാമ്പുറങ്ങൾ
കണക്കെഴുതാൻ എടുത്തേക്കാമെന്ന്
കണക്കു കൂട്ടിപ്പോയ
അബദ്ധ വൃത്തത്തിൽ നിന്ന്
വ്യാസം വെട്ടിമുറിച്ച്
സ്വന്തം മുഖമുള്ളൊരു പുസ്തകം
കണക്ക് നോക്കാതെ കടഞ്ഞെടുത്ത്,
കവിതയിപ്പോഴതാ
ആ കണക്കങ്ങു തീർത്തിരിക്കുന്നു.”

കണക്കുകൾ എന്ന കവിതയിൽ ഈ കവിതാസമാഹാരത്തിലേക്കുള്ള തന്റെ ശ്രമത്തെ കവിതയിലൂടെ കവയിത്രി കുറിച്ചിടുന്നു.

എഴുത്തിന്റെ വഴികളിൽ ഇനിയും ഏറെ മുൻപോട്ടു പോവാൻ അനീഷയ്ക്ക് കഴിയും. അതിനുള്ള ആത്മാർഥമായ ശ്രമങ്ങൾ എഴുത്തുകാരിയിൽ നിന്നുണ്ടാവട്ടെയെന്ന് ആശംസിക്കുന്നു. നന്മകൾ നേരുന്നു, ഒപ്പം പ്രാർത്ഥനയും.

LEAVE A REPLY

Please enter your comment!
Please enter your name here