പെൺ വിചാരം

0
389
penvicharam-athmaonline-wp

കവിത

ചന്ദ്രു വെള്ളരിക്കുണ്ട്

ഞാൻ നിന്റെ മധുരമുള്ള ചുണ്ടുകളെപ്പറ്റി
ഹൃദ്യമായി പറയുമ്പോൾ
നീ,
വരണ്ടുണങ്ങിപ്പോയ അതിലെ
കറുത്ത പാടുകളും
അതിന് താഴെ ചിരി വറ്റിയ
ശേഷിപ്പുകളും കാട്ടിത്തന്നു.

ഞാൻ നിന്റെ വിടർന്ന കണ്ണുകളെപ്പറ്റി
പതിയെ പറഞ്ഞപ്പോൾ
നീ,
കൺതടത്തിലെ കരുവാളിച്ച കാഴ്ചകളേയും
പെരുമഴ പെയ്തു നീലിച്ചുപോയ രണ്ട് നീർച്ചാലുകളും കാട്ടിത്തന്നു.

ഞാൻ നിന്റെ ഇടതൂർന്ന 
കേശഭാരത്തിൽ അഭിരമിച്ചപ്പോൾ
നീ,
അതിന്റെ ഉള്ളിലെ
നരച്ച സ്വപ്നങ്ങളെയും
പൊട്ടിപ്പോയ മുടിയിഴകളെക്കുറിച്ചും
പറഞ്ഞു തന്നു.

ഞാൻ നിന്റെ അന്നനടയുടെ
താളാത്മകതയിൽ രമിച്ചപ്പോൾ
നീ,
വെന്തുപൊങ്ങിയ കാൽപ്പാടുകളും
പൊട്ടിക്കീറി ചോരകല്ലിച്ച നിന്റെ
കാലടികളും കാട്ടിത്തന്നു.

ഞാൻ നിന്റെ മധുരമായ
ശബ്ദത്തെപ്പറ്റി പറയുമ്പോൾ,
നീ,
തൊണ്ടകീറി നിലവിളിച്ചതിന്റെ
ചോരപ്പാടുകളും
അതിനപ്പുറം
വിശപ്പിൽ വെന്തമർന്ന നിന്റെ
അന്നനാളവും തുറന്ന്കാട്ടി.

ഇന്നോളം കൂടെയുണ്ടായിരുന്നിട്ടും
ഒരിക്കൽ പോലും നിന്നിലേക്ക് നോക്കാൻ കഴിഞ്ഞിട്ടില്ലെന്ന് 
തിരിച്ചറിയുമ്പോഴേക്കും
നീ,
മുറിഞ്ഞ മാറിടവും പേറി
പുറത്ത് ആർത്തലച്ചു പെയ്യുന്ന പെരുമഴയ്ക്ക് 
മുലയൂട്ടാൻ തുടങ്ങിയിരുന്നു.

Penvicharam-illustration-sujeesh-surendran
വര – സുജീഷ് സുരേന്ദ്രൻ

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in, WhatsApp : 80 788 16827

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here