ചുറ്റും മരണം ചുവടുവെയ്ക്കുമ്പോൾ സാഹിത്യത്തിലെ ചില മരണ ചിന്തകൾ

0
797

രമേഷ് പെരുമ്പിലാവ്

അമേരിക്കൻ കവയിത്രിയും നോവലിസ്റ്റും ചെറുകഥാകൃത്തുമായിരുന്നു സിൽവിയ പ്ലാത്ത്. മാസചുസെറ്റ്സിൽ ജനിച്ച അവർ കാംബ്രിഡ്ജിലെ ന്യുൻഹാം കോളേജിലും സ്മിത് കോളേജിലും പഠനം പൂർത്തിയാക്കി. പഠനത്തിനു ശേഷം പ്രൊഫഷണൽ എഴുത്തുകാരിയും കവയിത്രിയുമായി. ദീർഘകാലത്തെ നൈരാശ്യവും മാതൃവേർപാടും ഒടുവിലവരെ മരണത്തിലെക്ക് നയിച്ചു. 1963 ൽ അവർ ആത്മഹത്യ ചെയ്യുകയായിരുന്നു.

സിൽവിയ പ്ലാത്ത്

നോബൽ സമ്മാനജേതാവായ അമേരിക്കൻ കഥാകൃത്താണ് ഏണസ്റ്റ് ഹെമിങ്‌വേ. ദീർഘകാലം ‘ടോറന്റോ സ്റ്റാർ‘ എന്ന പത്രത്തിന്റെ ലേഖകനായിരുന്നു

Ernest Hemingway
ഏണസ്റ്റ് ഹെമിങ്ങ് വേ

രണ്ടു മാസം കൊണ്ട് എഴുതിയ ‘കിഴവനും കടലും’ (ഓൾഡ് മാൻ ആന്റ് ദ് സീ) എന്ന നീണ്ട കഥ അദ്ദേഹത്തെ പ്രശസ്തിയുടെ കൊടുമുടിയിലേക്ക് ഉയർത്തി. മരണം അടുത്തെത്തിയതു പോലെയായിരുന്നു അവസാന കാലത്തെ പെരുമാറ്റം. ഭാര്യയുമായി നായാട്ടിനുപോയ ഹെമിങ്‌വേയ്ക്കു പരുക്കേറ്റെങ്കിലും അതിനെ വകവെച്ചില്ല. വാർദ്ധക്യത്തിൽ പാ‍പ-പുണ്യ ചിന്തകൾ അലട്ടുകയും വല്ലാതെ ഉൾവലിഞ്ഞ് വിഷാദരോഗിയാവുകയും ചെയ്തു. 61 വയസ്സുള്ളപ്പോൾ 1961 – ജൂലൈ രണ്ടാം തീയതി അമേരിക്കയിലെ ഐഡഹോയിലെ കെച്ചം എന്ന സ്ഥലത്തുവച്ച്‌ സ്വയം വെടിവെച്ചു മരിച്ചു.

ലോകസാഹിത്യത്തിലെ ഏറ്റവും പ്രിയമുള്ള രണ്ടു പേരെ കുറിച്ച് പറഞ്ഞ് നമ്മുടെ പ്രിയ മലയാളത്തിലെ ചില കൃതികളുടെ, എഴുത്തുകാരുടെ മരണ വിചാരങ്ങളിലൂടെ സഞ്ചരിക്കുകയാണ് ഈ കുറിപ്പിലൂടെ. ഇത് പരിമിതികളുള്ള ഒരാളുടെ അപൂർണ്ണമായ അന്വേഷണമാണ്.

മലയാള കഥാസാഹിത്യത്തിലെ മരണചിന്തകളെ കുറിച്ച് എഴുതുമ്പോള്‍ ആദ്യം പ്രതിപാദിക്കേണ്ടത് കോളിന്‍സ് മദാമ എഴുതിയ മലയാളത്തിലെ ആദ്യ നോവലെന്ന് അവകാശപ്പെടുന്ന ഘാതകവധം എന്ന കൃതിയെയാണ്.

khathakavadham

മലയാളത്തിലെ ആദ്യകാല നോവലുകളിലൊന്നാണ് 1877-ൽ പുറത്തിറങ്ങിയ ഘാതകവധം, സി.എം.എസ്. മിഷണറിപ്രവർത്തകയായിരുന്ന കോളിൻസ് മദാമ്മ ഇംഗ്ലീഷിൽ രചിച്ച നോവൽ അവരുടെ ഭർത്താവും കോട്ടയം സി.എം.എസ്. കോളേജിന്റെപ്രിൻസിപ്പലുമായിരുന്ന റിച്ചാർഡ് കോളിൻസാണ് ഘാതകവധം എന്ന പേരിൽ മലയാളത്തിലേക്ക് മാറ്റിയത്.

പത്തൊമ്പതാം നൂറ്റാണ്ടിലെ ക്രിസ്ത്യാനി കുടുംബങ്ങളിലെ ജീവിതരീതികൾ പ്രതിപാദിക്കുന്ന സാമൂഹ്യപ്രസക്തിയുള്ള ഈ കൃതിയിലെ മുഖ്യവിഷയം സ്ത്രീധനമാണ്.
ലെയർ സ്ലൈൻ എന്ന പേരിൽ ഇംഗ്ലീഷ് ഭാഷയിലാണ് 1859-ൽ കോളിൻസ് മദാമ്മ ഇത് എഴുതിത്തുടങ്ങിയത്. അവരുടെ മരണശേഷം ഭർത്താവായ റിച്ചാർഡ് കോളിൻസ് ഇത് എഴുതിപ്പൂർത്തിയാക്കുകയും 1864-ൽ കോട്ടയം സെമിനാരിയിൽ നിന്ന് പ്രസിദ്ധപ്പെടുത്തിയിരുന്ന വിദ്യാസംഗ്രഹം എന്ന മാസികയിൽ ഇംഗ്ലീഷ് ഭാഷയിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു.

1877-ൽ ഘാതകവധം എന്ന പേരിൽ മലയാള പരിഭാഷയും റിച്ചാർഡ് കോളിൻസ് പുറത്തിറക്കി. മലയാളത്തിലെ ആദ്യനോവലായും ഘാതകവധം പരിഗണിക്കപ്പെടാറുണ്ട്.

കണ്ണൂർ സെൻട്രൽ ജയിലിലെ തൂക്കുമരത്തിനു താഴെ, തനിക്കുള്ള കയറിനെ നോക്കി നിന്നപ്പോൾ മുഹമ്മദ് സ്രാങ്ക് നിർവികാരനായിരുന്നു എന്നു കേട്ടിട്ടുണ്ട്. സ്രാങ്ക് തൂക്കുമരത്തിലേറിയത് സുഹൃത്ത് മുല്ലവീട്ടിൽ അബ്ദുറഹ്മാനെ കുത്തികൊന്നതിനായിരുന്നു. അബ്ദുറഹ്മാന്റെ സന്തത സഹചാരിയായിരുന്നു സ്രാങ്ക്.

കൊല്ലപ്പെട്ടയാളുടെ വലുപ്പം കൊന്ന സ്രാങ്കിനെയും വലുതാക്കി!. അബ്ദുറഹ്മാൻ ധനാഢ്യനും കമ്യൂണിസ്റ്റും സഹൃദയനുമായിരുന്നു. കോഴിക്കോട്ടെ പല സാംസ്കാരിക സംരംഭങ്ങൾക്കും മുന്നിലുണ്ടായിരുന്നു അദ്ദേഹം. വൈക്കം മുഹമ്മദ് ബഷീറും എംടിയും എൻപിയും വി. അബ്ദുല്ലയുമൊക്കെ അടങ്ങുന്ന പഴയ കോഴിക്കോടൻ കൂട്ടായ്മകളിൽ തലയെടുപ്പുള്ള സാന്നിധ്യം. അക്കിത്തം, തിക്കോടിയൻ, കെ.എ. കൊടുങ്ങല്ലൂർ, എൻ. എൻ കക്കാട്, പട്ടത്തുവിള തുടങ്ങിയവർക്കെല്ലാം ആത്മസുഹൃത്ത്. ബഷീറിനു ഫാബിയിലേക്കുള്ള വഴി കാണിച്ചുകൊടുത്തയാൾ. എംടിയും എൻപിയും ചേർന്ന് അറബിപ്പൊന്ന് നോവൽ എഴുതാനൊരുങ്ങിയപ്പോള്‍ അവർ‌ക്കുള്ള എഴുത്തന്തരീക്ഷം ഒരുക്കിക്കൊടുത്തയാൾ.

ആ കൊലപാതകത്തെപ്പറ്റി പല വർണനകളും കേട്ടിട്ടുണ്ട്. അതിലൊന്ന് എഴുതിയത് പ്രശസ്ത കഥാകാരനായ എസ്.കെ. പൊറ്റെക്കാട്ടാണ്, “എന്റെ വഴിയമ്പലങ്ങൾ ” എന്ന ഓര്‍മപുസ്തകത്തിൽ.

‘വീറ്റ്ഹൗസ് ഹോട്ടലിന്റെ ഉപശാലയിലെ ക്ലബ്ബിൽ റഹ്മാനും നാലഞ്ചു സഖാക്കളും – അക്കൂട്ടത്തിൽ മുഹമ്മദ് സ്രാങ്കും- ഒരു മേശയ്ക്കു ചുറ്റുമിരുന്നു റമ്മി കളിക്കുകയാണ്. സ്രാങ്ക് കളിയിൽ തുടരെത്തുടരെ തോറ്റു. കയ്യിലെ കാശെല്ലാം തീർന്നു. സ്രാങ്ക് കൂട്ടുകാരോട് ഉറുപ്പിക കടം ചോദിച്ചു . ആരും കൊടുത്തില്ല.

‘‘ കളിക്കാൻ കൈയിൽ പൈസയില്ലെങ്കില് എണീറ്റു പോടാ! ’’ റഹ്മാന്റെ വക പരിഹാസം.

സ്രാങ്ക് എണീറ്റു. റഹ്മാനെ വിചാരണ ചെയ്യും പോലെ ആകപ്പാടെയൊന്നു നോക്കി. തനിയെ ഒരു പുഞ്ചിരിതൂകി മെല്ലെയൊന്നു മൂളി. ഒരു ബീഡി കത്തിച്ചു പുകവിട്ടുകൊണ്ടു സാവധാനം സ്ഥലം വിട്ടു.

റഹ്മാനും സഖാക്കളും ശീട്ടുകളി മതിയാക്കി പിരിയാനുള്ള പുറപ്പാടാണ്. ഉഷ്ണം കാരണം റഹ്മാൻ ഷർട്ട് ഊരിയിട്ട് അർധനഗ്നനായി, കുഞ്ഞിക്കുമ്പയും തലോടിക്കൊണ്ടു കസേരയിൽ ഇരിക്കുകയാണ്.

അപ്പോൾ മുന്നിൽ നിൽക്കുന്ന സുഹൃത്തുക്കൾ കാണുന്നു , ചോരയൂറ്റുന്നൊരു കഠാരി വായുവിൽ ചെരിഞ്ഞുതാണു വരുന്നത്! ‘‘ കൊല്ലൊല്ലേ സ്രാങ്കേ….. ’’ റഹ്മാന്റെ ദയനീയ വാക്കുകൾ വായുവിൽ ലയിക്കുന്നു….

സ്രാങ്ക് എന്തിനു മുല്ലവീട്ടിൽ അബ്ദു റഹ്മാനെ കുത്തിക്കൊലപ്പെടുത്തി?
കോടതി സ്രാങ്കിനെ തൂക്കിക്കൊല്ലാൻ വിധിച്ചു.’’

ജയിലിലടച്ച തന്നെ കാണാൻ വന്ന ശിഷ്യന്മാരോടും ചങ്ങാതിമാരോടും സ്രാങ്ക് ആദ്യമായി ചോദിച്ചത് ‘ കുത്തെങ്ങനെ?’ എന്നായിരുന്നു- തന്റെ കഠാരിക്കുത്തിന്റെ കലാപരമായ മേന്മയെക്കുറിച്ച് എന്തു പറയുന്നുവെന്ന്!
ശിഷ്യന്മാർ ഒരേ സ്വരത്തിൽ അഭിനന്ദനം അറിയിച്ചുവത്രേ, ബഹുജോർ എന്ന്!

സ്രാങ്കിന്റെ അന്ത്യാഭിലാഷങ്ങൾ രണ്ടായിരുന്നു:
കെ.പി കേശവമേനോനെ കാണണം! കോഴി ബിരിയാണി കഴിക്കണം

മലയാള സാഹിത്യത്തിലെ കൊലപാതകങ്ങളും മരണവും ആത്മഹത്യയും നിരവധിയാണ് ഉണ്ടായിട്ടുള്ളത് അവയില്‍ ചിലതിലൂടെ സഞ്ചരിക്കാം.

നന്ദിത

നന്ദിത. ആത്മഹത്യ ചെയ്ത പ്രതിഭശാലിനിയായിരുന്ന കവിയത്രി.
ജീവിതം ചിലര്‍ക്ക് പലതും നിഷേധിക്കും. എന്നാല്‍ നന്ദിത ജീവിതത്തിന് പലതും നിഷേധിച്ചാണ് കടന്നു പോയത്. എഴുതാന്‍ ബാക്കി വെച്ച വരികളായും, കൊടുക്കാതെ ഹൃദയത്തിന്റെ ഒരു കോണില്‍ സൂക്ഷിച്ച സ്‌നേഹമായും, പിടിതരാത്ത മരണത്തിന്റെ ദുരൂഹതയായും..പലതും ബാക്കി വെച്ച്…ഇരുട്ടിലേക്ക് എന്നും പ്രകാശിച്ചിരുന്ന ആ കവയിത്രി തന്റെ തൂലികയുമായി കടന്നുപോയിട്ട് 21 വര്‍ഷമായി .

ജീവിതത്തോട് ഇത്രയേറെ മമതയുണ്ടായിരുന്ന നന്ദിത ജീവിതത്തിന്റെ ഏതു ഘട്ടത്തില്‍ വെച്ചാണ് മരണവുമായി പ്രണയത്തിലായതെന്ന് സഹപ്രവര്‍ത്തകര്‍ക്കോ സുഹൃത്തുകള്‍ക്കോ അറിയില്ല. അതോ മരണത്തിന് നന്ദിതയോട് അസൂയയായിരുന്നോ? ഏറെ പരാജയപ്പെടുത്താന്‍ ശ്രമിച്ചിട്ടും പുഞ്ചിരിയോടെ മാത്രം ജീവിതത്തെ സ്വീകരിച്ച നന്ദിതയോട് മരണം അതിന്റെ കറുത്ത ചിറകുകള്‍ വിരിച്ച് പ്രണയിക്കുകയായിരുന്നോ?

വിങ്ങുന്ന പ്രണയവും മരണത്തിന്റെ ഗന്ധവുമാണ് നന്ദിതയുടെ കവിതകള്‍ക്ക്. കോളേജ് വരാന്തകളിലെ ചുവരുകളില്‍ കോറിയിട്ട വരികളില്‍ പലതും നന്ദിതയുടേതാണ്. ഇന്ന് സോഷ്യല്‍മീഡിയയിലും നന്ദിതയുടെ കവിതകള്‍ക്ക് ആരാധകര്‍ ഏറെയാണ്. കടലാസുകളില്‍ നിന്ന് മാഞ്ഞുതുടങ്ങിയപ്പോഴേക്കും നന്ദിതയുടെ വരികള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച് ആരാധകര്‍ ഇപ്പോഴും നന്ദിതയെ ഓര്‍ക്കുന്നു. ‘നന്ദിതയുടെ കവിതകള്‍’ എന്ന പേരില്‍ നിരവധി ഫേസ്ബുക്ക് പേജുകളും പ്രത്യക്ഷപ്പെട്ടു. നന്ദിത എന്ന എഴുത്തുകാരിയുടെ വരികള്‍ 21 വര്‍ഷം കഴിഞ്ഞും അതേ തീക്ഷ്ണതയില്‍ നിലകൊളളുന്നു.

പ്രണയത്തിനും മരണത്തിനും മനോഹരമായ കാവ്യഭാഷ നല്‍കിയ കവയിത്രിയായിരുന്നു നന്ദിത. ഒഴിവു ദിവസങ്ങളില്‍ പോലും കോളേജിലെത്തി പാഠഭാഗങ്ങള്‍ സമയബന്ധിതമായി പഠിപ്പിച്ച് തീര്‍ക്കുന്ന അദ്ധ്യാപിക. ലൈബ്രറിയില്‍ പുസ്തകങ്ങള്‍ തിരഞ്ഞെടുത്ത് കുറിപ്പുകള്‍ തയ്യാറാക്കുന്ന നല്ലൊരു വായനക്കാരി, വിദ്യാര്‍ത്ഥികളുമായി നല്ല സൗഹൃദം പുലര്‍ത്തിയതിനാല്‍ ഇടയ്ക്ക് പിണങ്ങി ക്ലാസ്സില്‍ നിന്നിറങ്ങി പോകുന്ന ടീച്ചര്‍ , ഇങ്ങനെയാണ് ഡബ്ലു.എം.ഒ. കോളേജ് നന്ദിതയെ ഓര്‍ക്കുന്നത്

ആത്മഹത്യ ചെയ്യുന്നത് അത്രത്തോളം എളുപ്പമായിരിക്കുമോ? ഭാവ തീവ്രമായി ചിന്തിയ്ക്കുന്ന ഒരു എഴുത്തുകാരിയെ സംബന്ധിച്ചിടത്തോളം അത് അത്രയെളുപ്പം ആയിരിക്കാം. നോവുകൾ കൊണ്ടൊരു കൊട്ടാരമുണ്ടാക്കി, അതിലെ ഏകാന്ത താമസക്കാരിയായി സ്വയം മാറിയ വിർജീനിയ വൂൾഫിനെ പോലെയുള്ള എഴുത്തുകാരികൾ ജനിച്ചു മരിച്ചു പോയ ലോകത്തേയ്ക്ക് അത്തരം ആത്മാക്കളെ പേറി പിന്നെയും എത്ര പേർ ജനിച്ചു ജീവിക്കുന്നു, ഒരു കയ്യൊപ്പ് പതിപ്പിച്ചു വച്ചിട്ട് മരണത്തിൻറെ പൂക്കൾ തേടി യാത്ര പോകുന്നു. രാജലക്ഷ്മിയും അത്തരത്തിൽ പെട്ട എഴുത്തുകാരികളിൽ ഒരാൾ തന്നെയായിരുന്നു.

rajalakshmi
രാജലക്ഷ്മി

‘ആത്മഹത്യ ഭീരുത്വത്തിന്റെ ലക്ഷണമാണ്. കൊള്ളരുതായ്മയുടേയും ഭീരുത്വത്തിന്റെയും. എന്നാല്‍ ‘ഭീരുത്വം എന്നു പറഞ്ഞാല്‍ ഞാന്‍ സമ്മതിക്കില്ല. ഓടുന്ന തീവണ്ടിയുടെ മുമ്പില്‍ തല വെയ്ക്കുന്നത് ഭീരുത്വമാണത്രെ; ഭീരുത്വം. അല്ല ധീരതയാണ്.” അവരവര്‍ വിചാരിച്ച പോലെയെല്ലാം നടക്കാതെ വരുമ്പോള്‍ ഉടനെ പോയങ്ങു മരിക്കുക. പ്രതിബന്ധങ്ങൾ തരണം ചെയ്യാനുള്ള ധൈര്യമില്ലാതെ ഒളിച്ചോടിപ്പോകുക എന്നുവെച്ചാല്‍ ഭീരുത്വം എന്നു തന്നെ പറയും ഞാന്‍’ :

ആത്മഹത്യയെ കുറിച്ച് ഇത്രയും ധീരമായി എഴുതിയ ആൾ കഥ എഴുതി അതിന്റെ ഓർമ്മകൾ അവസാനിക്കും മുന്പ് ആത്മഹത്യയിൽ തന്നെ അഭയം പ്രാപിക്കുക, എന്തൊരു വിരോധാഭാസമാണിത്? ഇത്തരം ദ്വന്ദങ്ങളുടെ സ്വഭാവമായിരുന്നു രാജലക്ഷ്മിയ്ക്ക് നിരന്തരം ഉണ്ടായിരുന്നത് എന്ന് തന്നെ കരുതേണ്ടി വരും.

മലയാളത്തിൽ സ്ത്രീ നോവലിസ്റ്റുകളുടെ എണ്ണം എന്നതിൽ വളരെ കുറവായിരിക്കുമ്പോഴും രാജലക്ഷ്മി അവരുടെ ഒക്കെ ആദ്യ ശ്രേണിയിൽ ആദ്യ എന്നതിൽ തുടങ്ങുന്നു. ആണെഴുത്തുകാരുടെ അത്ര സ്വാതന്ത്ര്യം ഒരിക്കലും പെണ്ണെഴുത്തുകാർ എഴുത്തിൽ അനുഭവിച്ചിട്ടില്ലാ എന്ന് തന്നെയാണ് രാജലക്ഷ്മിയുടെ ആത്മഹത്യ പറയുന്നത്. സഞ്ചാരത്തിനും പ്രണയിക്കാനുമൊക്കെയുള്ള അധിസ്വാതന്ത്ര്യമില്ലായ്മയല്ല രാജലക്ഷ്മിയെ പോലെ ഒരു എഴുത്തുകാരിയ്ക്ക് മുറിവായത്, സ്വന്തം ജീവിതത്തെ കുറിച്ച് എഴുതുന്നതിനു പോലുമുള്ള സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നതിന്റെ നീറ്റലായിരുന്നു അത്, അതുകൊണ്ടാവാം ആത്മഹത്യ കുറിപ്പിൽ അവർ ഇങ്ങനെ എഴുതിയത്, “.‘ ഞാന്‍ ഇരുന്നാല്‍ ഇനിയും കഥ എഴുതും. അതുകൊണ്ടിനി ആര്‍ക്കൊക്കെ ഉപദ്രവമാകുമോ? ഞാന്‍ പോട്ടെ..’. ജീവിച്ചിരുന്നാൽ എഴുതിയേ മതിയാകൂ എന്ന അവസ്ഥ, എഴുതിയാൽ അത് മറ്റുള്ളവരെ നോവിക്കുമോ എന്ന ഭയം, ഇതിനു രണ്ടിനും ഇടയിൽ കിടന്നു എത്രമാത്രം രാജലക്ഷ്മി ഉലഞ്ഞിട്ടുണ്ടാകും.

ഹിരണ്യന്‍ നാട്ടിലെ പോനാക്കാ ഇന്തകാലത്തിലെ ഹിരണ്യായ നമഃ ചൊല്ലണം. നീയും ചൊല്ലണം. ഞാനും ചൊല്ലണം. എങ്ക അണ്ണാവും ചൊല്ലണം.”

tp-kishore
ടി പി കിഷോർ

ആസുരമായ വര്‍ത്തമാനകാലത്തില്‍, കലിയുഗത്തില്‍ അതിജീവനത്തിനുള്ള മാര്‍ഗത്തിന്റെ സൂത്രവാക്യം ശിഷ്യനിലേക്ക് പകര്‍ന്നുകൊണ്ട് ചിത്തിര വാദ്ധ്യാര്‍ എന്ന വന്ദ്യവയോധികനായ ബ്രാഹ്മണപുരോഹിതന്‍ ഉരുവിടുന്ന വാക്കുകളാണിവ. 40 വര്‍ഷംമുമ്പ്, 1977-ല്‍ കോളേജ് വിദ്യാര്‍ഥികള്‍ക്കുവേണ്ടിയുള്ള മാതൃഭൂമി കഥാമത്സരത്തില്‍ സമ്മാനാര്‍ഹമായ ‘അഗ്‌നിമീളേ പുരോഹിതം’ എന്ന കഥയിലെ വരികള്‍. ഈ വരികളെഴുതിയ ടി.പി. കിഷോര്‍ പക്ഷേ, സ്വന്തം ജീവിതത്തില്‍ ഹിരണ്യായനമഃ ചൊല്ലാന്‍ വിസമ്മതിച്ച്, സ്വയം മരണത്തിന്റെ അങ്ങേത്തലം തേടിപ്പോവുകയായിരുന്നു.

വാങ്മയചിത്രങ്ങള്‍കൊണ്ട് താന്‍ ജീവിച്ചിരുന്ന കാലഘട്ടത്തിന്റെ കപട സദാചാരസംഹിതകളെ, മുഖപടമണിഞ്ഞ മാന്യതകളെ അനാവൃതമാക്കിയ കിഷോറിന്റെ കഥകള്‍ക്ക് ഇന്നും മലയാള കഥാസാഹിത്യത്തില്‍ തനതായ സ്ഥാനമുണ്ട്. മാതൃഭൂമി കഥാമത്സരത്തില്‍ ടി.പി. കിഷോര്‍ എന്ന പ്രതിഭയെ കണ്ടെത്തിക്കൊണ്ട് മലയാളത്തിന്റെ സ്വന്തം എം.ടി. വാസുദേവന്‍ നായര്‍ പറഞ്ഞത് ‘ആവണിവട്ടം ദക്ഷിണ കാത്തിരിക്കുന്ന ചിത്തിരവാദ്ധ്യാരുടെ ചിത്രം കിഷോര്‍ ഇണങ്ങിയ വാക്കുകള്‍കൊണ്ട് വരച്ചു’ എന്നാണ്.

എം.ടി.യുടെ വാക്കുകളാല്‍ പ്രചോദിതനായ കിഷോര്‍ പിന്നീട് കൂടുതല്‍ മികവുറ്റ രചനകള്‍കൊണ്ട് സ്ഥാനമുറപ്പിച്ചു. നല്ലൊരു ചിത്രകാരന്‍കൂടിയായിരുന്ന കിഷോര്‍ കഥകളില്‍ ജീവിതങ്ങള്‍ വരയ്ക്കുകയാണ് ചെയ്തിരുന്നത്. (അദ്ദേഹത്തിന്റെ പിതാവ് ടി.കെ. പത്മനാഭ അയ്യര്‍ പ്രശസ്തനായ ഒരു ചിത്രകാരനായിരുന്നു) കിഷോര്‍ കഥയെഴുതുകയല്ല, കരുത്തുറ്റ ബിംബങ്ങളാല്‍ ദൃശ്യവത്കരിക്കുകയാണെന്നും മലയാളകഥയിലെ ഏറ്റവും ശക്തമായ ഫ്രെയിമുകള്‍ കിഷോര്‍ക്കഥകളില്‍ കണ്ടുവെന്നും ടി. പത്മനാഭന്‍ നിരീക്ഷിച്ചിട്ടുണ്ട്. കിഷോറിന്റെ ഇന്നും ജീവിക്കുന്ന ചില കഥകള്‍ തമിഴ് ബ്രാഹ്മണരുടെ ഗൃഹാന്തര്‍ഭാഗങ്ങളും അവരുടെ ജീവിതവും കാവ്യാത്മകമായി ചിത്രീകരിച്ചവയാണ്. തമിഴ് കലര്‍ന്ന മലയാളംപറയുന്ന അഗ്രഹാര സംസ്‌കാരത്തിലെ നിര്‍ദോഷികളായ മനുഷ്യരുടെ ജീവിതായോധനത്തിന്റെ കഥ ചിത്രീകരിക്കുമ്പോള്‍, ഭാവനയുടെ പുതിയ തലങ്ങളില്‍ കഥ എത്തിച്ചേര്‍ന്നു. ‘അഗ്‌നിമീളേ പുരോഹിത’ത്തിലും (1977) ‘ദേവതാള’ത്തിലും (1978) ഒടുവിലെഴുതിയ ‘ഇഹ ജന്മനി, പൂര്‍വ ജന്മനി ജന്മജന്മാന്തരേഷു’ എന്ന കഥയിലും പ്രത്യക്ഷപ്പെടുന്ന ചിത്തിരവാദ്ധ്യാര്‍ എന്ന ബ്രാഹ്മണപുരോഹിതന്റെ ഛായാചിത്രം അവിസ്മരണീയമായിരുന്നു.

പുതിയ കാലവുമായി സന്ധിയിലേര്‍പ്പെടാന്‍ ശ്രമിക്കുന്ന വന്ദ്യവയോധികനായ ബ്രാഹ്മണപുരോഹിതനെ വാക്കുകളിലൂടെ ചിത്രീകരിച്ച് അബോധമനസ്സിലെ യാഥാസ്ഥിതികചിന്തകളെ മോചിപ്പിക്കാനാണ് കിഷോര്‍ ശ്രമിച്ചത്. ‘കിഷോറിന്റെ കഥയുടെ അനുഭവരേഖകള്‍’ എന്ന കിഷോര്‍ക്കഥയുടെ അവതാരികയില്‍, കിഷോര്‍ തന്റെ കഥകളെ സ്വന്തം വംശത്തെ കണ്ടെത്തുന്ന രീതിയിലേക്ക് ഉയര്‍ത്തിയെന്നാണ് അനശ്വരനായ നിരൂപകന്‍ കെ.പി. അപ്പന്‍ നിരീക്ഷിച്ചത് കഥാലോകത്തേയ്ക്ക് വഴികൾ തുറന്നിട്ട ചിലരെയൊക്കെ ഓർക്കുന്ന കൂട്ടത്തിൽ സർഗ്ഗാത്മകതയുടെ താളങ്ങളില്ലാത്ത അലസമായ വൈകുന്നേരങ്ങളിൽ എഴുത്തിന്റെ മുട്ടൻ ഭ്രാന്തുകൾക്കിടയിൽ സ്വയമലയുകയും പറ്റുന്നിടത്തോളം എഴുത്തിൽ തുടരുകയും ഒടുവിൽ പെട്ടെന്നൊരുനാൾ ശരീരത്തിന്റെ അസുഖങ്ങൾക്ക് വഴങ്ങി ലോകം തന്നെ വിട്ടൊഴിഞ്ഞ ഗീതാ ഹിരണ്യനെയും ഓർക്കണം.

geetha-hiranyan
ഗീതാ ഹിരണ്യൻ

അദ്ധ്യാപകർ എഴുത്തുകാരായി തന്നെയാണ് ജനിക്കുന്നത്. ഒരു കുന്നോളം കുഞ്ഞുങ്ങൾക്കായി വായിക്കുമ്പോൾ അതിലിത്തിരി ആത്മാവിനെയും തൊട്ട് സ്വയം സാഹിത്യ രൂപത്തിൽ എഴുതാനാകുന്നവരാണ് മിക്ക അദ്ധ്യാപകരും, പ്രത്യേകിച്ച് സാഹിത്യം കൈകാര്യം ചെയ്യുന്ന അദ്ധ്യാപകർ. ഗീതാ ഹിരണ്യനും അത്തരം ഒരു അദ്ധ്യാപികയായിരുന്നു. കേരളത്തിൽ നിരവധി കലാലയങ്ങളിൽ അവർ ജോലി നോക്കിയിട്ടുമുണ്ട്, പക്ഷെ അദ്ധ്യാപനവും എഴുത്തും പാതിവഴിയിൽ നിർത്തി എഴുത്തുകാരി അർബുദ രോഗം ബാധിച്ച് യാത്രയായപ്പോൾ അവർക്ക് 45 വയസ്സ് മാത്രമായിരുന്നു പ്രായം.

മരിക്കാൻ തയ്യാറാകേണ്ടിയിരുന്ന പ്രായമേ ആയിരുന്നില്ല. ഏതെങ്കിലും ആത്മസംഘർഷങ്ങളുടെ എഴുത്തുപുരകളിൽ അവർ തനിച്ചിരുന്നപ്പോൾ എപ്പോഴോ ആകാം അർബുദമെന്ന മഹാവ്യാധി എഴുത്തുകാരിയെ കടന്നു പിടിച്ചിട്ടുണ്ടാവുക. ജീവിത സാഹചര്യം കൊണ്ട് ഒരുപക്ഷെ സന്തോഷത്തിലാണെങ്കിൽ പോലും കഥാപാത്രങ്ങളുടെ, എഴുത്തിന്റെ ഒക്കെ ആത്മരോഷത്തിൽ സ്വയം എഴുത്തുകാരി അവരായി മാറപ്പെടുമ്പോൾ ഒരുപക്ഷെ കഥാപാത്രം അനുഭവിക്കുന്ന സംഘർഷത്തിന്റെ എല്ലാ ശതമാനവും എഴുത്തുകാരിയും അനുഭവിക്കേണ്ടി വരുന്നു. അർബുദത്തിന് കൃത്യമായ കാരണങ്ങളില്ലെങ്കിലും മാനസിക സംഘർഷങ്ങൾ ഫിയർ ഫാക്റ്ററുകളാണെന്നു വൈദ്യശാസ്ത്രം പറയുന്നുണ്ട്. വെറുമൊരു കാരണം നിരത്താം എന്ന് മാത്രം.

ഗീതാ ഹിരണ്യൻ എന്ന എഴുത്തുകാരിയ്ക്ക് ലഭിച്ച ഏറ്റവും വലിയ ബഹുമതി കേരളം സാഹിത്യ അക്കാദമി വരുടെ പേരിൽ മരണാനന്തരം ഏർപ്പെടുത്തിയ എൻഡൊവ്മെന്റ് തന്നെയാണ്. ഒരു എഴുത്തുകാരിയ്ക്ക് മരണാനന്തരം സർക്കാരിൽ നിന്ന് ലഭിക്കാവുന്ന മനോഹരമായ സമ്മാനം.

“ഭൂമി
കറങ്ങിത്തിരിഞ്ഞുതിരിഞ്ഞു പിന്നീടെനിയ്ക്ക്
കറുത്ത വാവുകളെ കൊണ്ടു വന്നു
കുന്നുമണി കിണ്ണത്തില്‍
ഇപ്പോള്‍ പകുതിപങ്ക് ആഴെലിന്റെ ചവര്‍പ്പ്
കണ്ണീരിന്റെ ഉപ്പ്.”….

കഥാകൃത്ത് മാത്രമായിരുന്നില്ല ഗീതാ ഹിരണ്യൻ ജീവിതത്തെ കവിതയോളം കൊണ്ടെത്തിച്ച കവിയുമായിരുന്നു. കാൻസർ ബാധിതയായി കീമോ തെറാപ്പിയുടെ ഫലമായി മുടി മുഴുവൻ നഷ്ടപ്പെട്ടു മരണത്തെ സ്നേഹിച്ചു തുടങ്ങിയ ഗീത ടീച്ചർ ജീവിതത്തിന്റെ നിത്യ സത്യത്തെ കവിതകളിൽ കണ്ടെത്തിയെന്ന് മനസ്സിലാക്കാക്കി തരുന്നു. ഒരുപാതിയിൽ ആനന്ദവും പ്രിയമുള്ളതും നൽകുന്ന അതെ ജീവിതം മറുപാതിയിൽ നൽകുന്ന ആധിയും കണ്ണുനീരും… അതും സ്വീകരിയ്ക്കാതെ തരമില്ല എന്ന് എഴുത്തുകാരി എന്നെ തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നു.

tv-kochbava
ടി വി കൊച്ചുബാവ

ഭ്രാന്തമായ ആവേശത്തോടെ എഴുത്തിനെ പുണരുമ്പോഴും സ്നേഹദ്വേഷങ്ങളുടെ കൊടുങ്കാറ്റിൽപ്പെട്ടുഴറിയ വ്യക്തിത്വമായിരുന്നു പ്രസിദ്ധ കഥാകൃത്ത് ടി.വി. കൊച്ചുബാവയുടെത്. കഥപറയാനുള്ള കഴിവ് ജൻമസിദ്ധമായിരുന്നു ബാവക്കയ്ക്ക്. കവിത കാണാതെചൊല്ലുന്ന അനേകം കവികളുണ്ട്. എന്നാൽ കഥ ആദ്യന്തം വള്ളിപുള്ളി വ്യത്യാസമില്ലാതെ കാണാതെ പറയാനുള്ള അപൂർവവൈഭവം ഇതുപോലെ മറ്റാരിലും കാണാൻ കഴിഞ്ഞിട്ടില്ല. മനസ്സിൽ എഴുതി കടലാസിലേക്കു പകർത്തുകയാണ് ചെയ്തിരുന്നത്.

ഓരോ കഥയും ഹൃദയത്തോടു ചേർത്തുവെച്ചു. മറ്റുള്ളവർ പറയുന്ന ചെറിയ വിമർശനംപോലും മുറിപ്പെടുത്തി. നല്ല വാക്കുകളിൽ നിലയറ്റ് സന്തോഷിച്ചു. വൈകാരികമായ ഈ വിക്ഷുബ്ധതകൾ കൊച്ചുബാവ എന്ന വ്യക്തിയെ കണക്കറ്റ് പീഡിപ്പിച്ചു. ഒടുങ്ങാത്ത ഉത്‌കണ്ഠകളുടെ താപം അയാളെ അകാലത്തിൽ മരണത്തിലേക്കു നയിക്കുകയായിരുന്നു. നാൽപ്പത്തഞ്ചു വയസ്സ്‌ തികയുംമുമ്പേ ഒരു വെളുപ്പാൻകാലത്ത് തികച്ചും ആകസ്മികമായാണ് മരണം കടന്നുവന്നത്.

ബാവക്കയുടെ കാര്യത്തിൽ യാഥാർഥ്യം പലപ്പോഴും അതിശയോക്തിയെ മറികടക്കുമായിരുന്നു. അസാമാന്യമായ പ്രതിഭയും ആത്മവിശ്വാസവും ഉണ്ടായിരുന്നിട്ടും അകാരണമായ ആകുലതകൾ ഈ എഴുത്തുകാരനെ ഗ്രസിച്ചിരുന്നു. പ്രസിദ്ധിയിലും ഒരുതരം അരക്ഷിതത്വം അനുഭവിച്ചു. ദസ്തയേവ്‌സ്കി ഭൂതാവിഷ്ടരിൽ അവതരിപ്പിച്ച ചില കഥാപാത്രങ്ങളോട് മനോവ്യാപാരങ്ങളിൽ ഏറെ സാമ്യമുണ്ടായിരുന്നു കാലത്തിനുമുമ്പേ സഞ്ചരിച്ച ഈ കഥാകൃത്തിന്. വ്യക്തിപരമായി വിദ്വേഷം പുലർത്തിയവർക്കുപോലും എഴുത്തുകാരനായ കൊച്ചുബാവയെ തള്ളിക്കളായാൻ കഴിഞ്ഞില്ല. ഏറെ അദ്ധ്വാനിച്ചാണ് കൊച്ചുബാവ ജീവിതപാതകൾ താണ്ടിയത്.

നന്തനാർ (ഫോട്ടോ – കടപ്പാട് മാതൃഭൂമി)

ആത്മഹത്യയിലൂടെ തന്റെ ജീവിതത്തിന് നിത്യവിരാമമിട്ട നന്തനാര്‍ മലയാളിക്ക് നല്‍കിയത് നിരവധി സാഹിത്യകൃതികകളാണ്.
അങ്ങാടിപ്പുറത്ത്‌ പരമേശ്വര തരകന്റേയും, നാണിക്കുട്ടിയമ്മയുടെയും മകനായി ജനിച്ചു. തിരുമാന്ധാംകുന്ന് ക്ഷേത്രത്തിന്റെ കിഴക്കേ നടയിലായിരുന്നു അദ്ദേഹത്തിന്റെ കുടുംബവീട്. വീടിനടുത്തുള്ള തരകൻ ഹയർ എലിമെന്ററി സ്കൂളിലായിരുന്നു വിദ്യാഭ്യാസം. 1942 മുതൽ 1964 വരെ പട്ടാളത്തിൽ സിഗ്നൽ വിഭാഗത്തിൽ ജോലി നോക്കി. 1965 മുതൽ മൈസൂരിൽ എൻ.സി.സി ഇൻസ്ട്രക്ടറായിരുന്നു. 1967 മുതൽ ഫാക്റ്റിൽ പബ്ലിസിറ്റി വിഭാഗത്തിലായിരുന്നു. ജോലിയിലിരിക്കവെ 1974-ൽ പാലക്കാട്ടെ ഒരു ലോഡ്ജ് മുറിയിൽ വച്ച് നന്തനാർ ആത്മഹത്യ ചെയ്തു. ഈ കടുംകൈ ചെയ്യുമ്പോൾ അദ്ദേഹത്തിന് 48 വയസ്സേ ആയിരുന്നുള്ളൂ.

ഏഴു നോവലുകളും ഒരു നാടകവും പതിനൊന്ന് കഥാസമാഹാരങ്ങളും ഇദ്ദേഹം രചിച്ചിട്ടുണ്ട്. ബാല്യം മുതൽ താൻ അനുഭവിച്ചറിഞ്ഞ കഷ്ടപ്പാടുകൾ കഥയിൽ അവതരിപ്പിച്ചിട്ടുള്ള നന്തനാരുടെ കഥാപാത്രങ്ങൾ പാവപ്പെട്ടവരും സാധാരണക്കാരും മണ്ണിന്റെ മണവും പ്രകൃതിയുടെ കനിവും അറിഞ്ഞ ഹൃദയ നൈർമല്യവുമുള്ളവരുമാണ്. മലബാർ കലാപവും ഇന്ത്യാ-പാക് വിഭജനവും ഹിന്ദുമുസ്ലീം ലഹളയും നന്തനാർ കഥകളുടെ ജീവത് സ്പന്ദനങ്ങളായി മാറുന്നുണ്ട്. യുദ്ധക്കെടുതികളും പട്ടാളക്യാമ്പുകളിലെ മനം മടുപ്പിക്കുന്ന ജീവിതവും കഥകളുടെ ശക്തികേന്ദ്രങ്ങളാണ്. ആത്മാവിന്റെ നോവുകൾ ഇംഗ്ലീഷിലും ഹിന്ദിയിലും വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ഇദ്ദേഹത്തിന്റെ ചെറുകഥകളും അനേകം ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.

1974ല്‍ തന്റെ നാല്‍പത്തെട്ടാമത്തെ വയസ്സില്‍. ജീവിതത്തില്‍ നിന്നുതന്നെ സ്വയം വിരമിക്കാന്‍ തയാറായ ഒരാളുടെ ആത്മഭാഷണമായും ‘അനുഭവങ്ങള്‍’ എന്ന ഈ നോവലിനെ കണക്കാക്കാം. വെറും മൂന്ന് പേജ് മാത്രമുള്ള അവസാനത്തെ അദ്ധ്യായത്തിന് ‘മോചന’മെന്നാണ് അദ്ദേഹം പേര് കൊടുത്തിരിക്കുന്നത്.
ഒരു നോവലായി വായിക്കുമ്പോള്‍ അത് നിഷ്‌കാസിതമായ കൗമാര -ദയനീയ ജീവിതത്തില്‍നിന്നുള്ള മോചനമാണ്. ആത്മകഥയായി വായിക്കുമ്പോള്‍ അത് തന്നില്‍നിന്നുള്ള മോചനമാണ്. ”എന്റെ തിരുമാന്ധാം കുന്നിലമ്മേ, രക്ഷിക്കണേ” എന്നാണല്ലോ നോവലവസാനിക്കുന്നത്. ആ അദ്ധ്യായത്തില്‍തന്നെ താന്‍ പട്ടാളത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു എന്നറിയുന്ന ഗോപി ”സന്തോഷംകൊണ്ട് ഞെട്ടിപ്പോയി” എന്നാണ് പറയുന്നത്. ഇതൊരസാധാരണ ഭാഷയാണ്. അതില്‍ ജീവിതവും മരണവും അടങ്ങിയിട്ടുണ്ട്. ഇഷ്ടമില്ലാത്ത ജീവിതം നയിക്കേണ്ടിവന്നതു കൊണ്ട് നന്തനാര്‍ ജീവിതത്തെ വെറുത്തിരിക്കണം. അതുകൊണ്ടുതന്നെ മരണത്തോട് സ്‌നേഹമുണ്ട്. ജീവിതത്തോടുള്ള അമിതാസക്തിയും മരണത്തോടുള്ള ആസക്തിയായി മാറും എന്ന വായിച്ചറിവ് നമുക്കുണ്ട്. അനുഭവങ്ങള്‍ തുടരുന്നത് ‘ജീവിക്കണം’ എന്നാണല്ലോ. ”ജീവിക്കണമെന്ന് തീര്‍ച്ചപ്പെട്ടു കഴിഞ്ഞ മാതിരിയാണ്. എത്രതന്നെ ആഗ്രഹിച്ചിട്ടും മരണത്തിന്റെ മണംപോലും തന്റെ അടുത്തെത്തുന്നില്ല… മരണത്തെ സ്‌നേഹിച്ചുകൊണ്ട് ജീവിക്കുക, ജീവിതത്തെ വെറുത്തുകൊണ്ട് ജീവിക്കുക!”

changambuzha
ചങ്ങമ്പുഴ

ഒരു മഹാകവിയുടെ ജീവിതവും മരണവും കൂടി അടയാളപ്പെടുത്താം. ചങ്ങമ്പുഴ എന്നറിയപ്പെടുന്ന ചങ്ങമ്പുഴ കൃഷ്ണപിള്ള. ഉത്തരതിരുവിതാംകൂറിൽപ്പെട്ട ഇടപ്പള്ളിയാണ്‌ ജന്മദേശം. ചങ്ങമ്പുഴത്തറവാട്ടിലെ ശ്രീമതി പാറുക്കുട്ടിയമ്മയാണ്‌ മാതാവ്‌. തെക്കേടത്തു വീട്ടിൽ രാമൻ മേനോൻ പിതാവും മനുഷ്യനെന്ന നിലയിലും കവിയെന്ന നിലയിലും മറ്റുള്ള മലയാളകവികളിൽനിന്നു തികച്ചും ഒറ്റപ്പെട്ടു നിൽക്കുന്നു ഈ മഹാകവി.

ഒരു നിർദ്ധനകുടുംബത്തിലെ അംഗമായി ജനിച്ച ചങ്ങമ്പുഴ ബാല്യകാലവിദ്യാഭ്യാസം വളരെ ക്ലേശകരമായാണ്‌ നിർവ്വഹിച്ചത്‌. ഹൈസ്കൂൾ വിദ്യാഭ്യാസം അവസാനിച്ച കാലത്താണ്‌ അദ്ദേഹത്തിന്റെ സുഹൃത്തും ഇടപ്പള്ളിപ്രസ്ഥാനത്തിന്റെ ജനയിതാക്കളിൽ ഒരാളും കവിയുമായിരുന്ന ഇടപ്പള്ളി രാഘവൻപിള്ള ആത്മഹത്യ ചെയ്തത് . ഈ സംഭവം ചങ്ങമ്പുഴയുടെ ജീവിതത്തെ അഗാധമായി സ്പർശിച്ചു. ‘രമണൻ’ എന്ന വിലാപകാവ്യം എഴുതുന്നതിന് ഈ സംഭവം പ്രേരണയായി. ആ കൃതി മലയാളത്തിൽ അതിപ്രശസ്തമായി.

സ്വന്തം വിദ്യാഭ്യാസകാലഘട്ടം അവസാനിക്കും മുമ്പുതന്നെ അദ്ദേഹം ശ്രീദേവി അമ്മയെ വിവാഹം ചെയ്‌തു. പഠനത്തിനുശേഷം ദുർവ്വഹമായ സാമ്പത്തിക ക്ലേശം നിമിത്തം യുദ്ധസേവനത്തിനുപോയി. അധികനാൾ അവിടെ തുടർന്നില്ല. രണ്ടുവർഷത്തിനു ശേഷം രാജിവെച്ചു മദിരാശിയിലെ ലോ കോളേജിൽ ചേർന്നു. എങ്കിലും പഠനം മുഴുമിക്കാതെ തന്നെ നാട്ടിലേക്കുമടങ്ങി.

പിൽക്കാലത്ത്‌ ചങ്ങമ്പുഴയെ പ്രശസ്തിയുടെ കൊടുമുടിയിലേയ്ക്കു നയിച്ച പല കൃതികളും ഇക്കാലത്താണ്‌ രചിക്കപ്പെട്ടത്‌. ഇതിനിടെ മംഗളോദയം മാസികയുടെ പത്രാധിപസമിതിയംഗമായും അദ്ദേഹം ജോലി ചെയ്തു. അനന്തരം അദ്ദേഹം എഴുത്തിൽ മുഴുകി ഇടപ്പള്ളിയിൽ സകുടുംബം താമസിച്ചു.

ഉൽക്കണ്ഠാകുലമായ പല പരിവർത്തനങ്ങൾക്കും വിധേയമാവുകയായിരുന്നു പിന്നീടദ്ദേഹത്തിന്റെ ജീവിതം. ആദ്യം വാതരോഗവും തുടർന്നു ക്ഷയരോഗവും പിടിപെട്ടു. എന്തും സഹിച്ചും ജീവിതം ആസ്വദിക്കുവാൻ അതീവതാൽപര്യം കാണിച്ച ആ മഹാകവി മരണവുമായി അനുക്ഷണം അടുക്കുകയായിരുന്നു അപ്പോൾ.

കവിതാസമാഹാരങ്ങളും ഖണ്ഡകാവ്യങ്ങളും പരിഭാഷകളും നോവലും ഉൾപ്പെടെ അമ്പത്തിയേഴു കൃതികൾ ചങ്ങമ്പുഴ കൈരളിക്കു കാഴ്ചവച്ചിട്ടുണ്ട്‌, മുപ്പത്തിയേഴ് വയസ്സിനുള്ളിൽ. അതിമനോഹരങ്ങളായ കാവ്യങ്ങൾ കൊണ്ടുതന്നെയാവാം ജോസഫ് മുണ്ടശ്ശേരി അദ്ദേഹത്തെ ‘നക്ഷത്രങ്ങളുടെ പ്രേമഭാജനം’ എന്നു വിശേഷിപ്പിച്ചത്.

തന്റെ മറ്റു കൃതികളിൽ നിന്നു വ്യത്യസ്തമായി ‘വാഴക്കുല’യിൽ സാമൂഹ്യ അസമത്വങ്ങളോട് പ്രതികരിക്കാനുള്ള ആഹ്വാനം കാണാനാകും

ചൂണ്ടികാണിക്കാമെങ്കില്‍ സാഹിത്യ പ്രതിഭകളുടെ മാനസികമായ ദുര്‍ബലതക്ക് ഒരു പാട് ഉദാഹരണങ്ങള്‍ ഉണ്ട്. എന്തായിരിക്കും സാഹിത്യക്കാരന്മാരുടെ മാനസികമായ ദുര്‍ബലതക്കു കാരണം?. ഒരു കാര്യം ഉറപ്പാണ്. മികച്ച നിരീക്ഷണ പാടവമുള്ളവരാണ് സാഹിത്യകാരൻമാർ. വളരെ അകലെ ചത്തു കിടക്കുന്ന പൂച്ചയെ അവര്‍ കാണുകയും., അതേ സമയം അവര്‍ക്കത് വേദന സമ്മാനിക്കുകയും ചെയ്യുന്നു. ചിലപ്പോള്‍ ജീവിതത്തിന്‍റെ നിരര്‍ത്ഥകതയെക്കുറിച്ചുള്ള ഒരു മികച്ച രചന അവര്‍ നടത്തിയെന്ന് വരും.

എന്നാല്‍, ജീവിതത്തിന്‍റെ നിരര്‍ത്ഥകതയെക്കുറിച്ചുള്ള ചിന്ത അവരെ വിടാതെ പിന്‍‌തുടരുന്നു. അത് ജീവിതത്തിന്‍റെ താളം തെറ്റിക്കുന്നു. ഒരേ സമയം ജീവിതത്തിന്‍റെ നിരര്‍ത്ഥകതയെക്കുറിച്ച് ചിന്തിക്കുന്നതൊപ്പം സാഹിത്യകാരന്മാര്‍ ജീവിതത്തെ ഒരു പാട് സ്‌നേഹിക്കുകയും ചെയ്യുന്നു. ജീവിത നിരര്‍ത്ഥകതയും ജീവിത സ്‌നേഹവും ഒരേ സമയം മനസ്സില്‍ ഏറ്റുമുട്ടുന്നു. ഈ ഏറ്റുമുട്ടല്‍ പലപ്പോഴും ദുരന്തത്തില്‍ കലാശിക്കുന്നു. മഹത്തരമായ രചനകള്‍ പലപ്പോഴും ഈ ഏറ്റുമുട്ടലില്‍ നിന്ന് ലോകത്തിന് ലഭിച്ചിട്ടുണ്ട്. പക്ഷെ ഈ സംഘര്‍ഷത്തെ അതി ജീവിച്ചവര്‍ ചുരുക്കമാണ്.

ജീവിതം നിരര്‍ത്ഥകമാണെന്നും എന്നാല്‍ മരണം വരെ പോരാടണമെന്നും കാമുവിനെ പോലെയുള്ള എഴുത്തുകാര്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍, എല്ലാവരും അങ്ങനെ ആയിരിക്കണമെന്നില്ല. വേറെ ചില സാഹിത്യകാരന്മാര്‍ ജീവിതത്തെക്കുറിച്ച് ഒരു പാട് പ്രതീക്ഷകള്‍ ഉള്ളവരായിരിക്കും.

ഏറ്റവും അടുത്ത കാലത്ത് നമ്മെ വിട്ടു പോയ മൂന്ന് പേർ കൂടി ഈ കുറിപ്പിൽ സ്ഥാനം പിടിക്കേണ്ടതുണ്ട്

ആര് മരിച്ചാലും ഞാൻ ഞെട്ടൂല..
നാളെ ഞാൻ മരിച്ചാൽ പോലും.
എന്ന് എഴുതി വെച്ച്, നന്ദി പറഞ്ഞ്
മൗനത്തിലേക്ക് തിരിച്ചു
നടക്കുമ്പോൾ മരണം തട്ടിത്തെറിപ്പിച്ച ഷിറാസ് വാടാനപ്പള്ളി എന്ന കവിയാണ് അവരിലൊരാൾ.

shiras-vadanappalli
ഷിറാസ് വാടാനപ്പള്ളി

തൃശൂ൪ വാടാനപ്പള്ളി സ്വദേശിയായ ഷിറാസിനെ മൂന്ന് ദിവസമായി കാണാനില്ലായിരുന്നു. ഷിറാസിൻ്റെ ബന്ധുക്കളും  ഏറ്റവും അടുത്ത കൂട്ടുകാരനായ കവി സൈഫുദ്ദീനുമൊക്കെ നിരന്തരമായ അന്വേഷണത്തിലൊടുവിലാണ്. വാഹനാപകടത്തിൽ മരണപ്പെട്ട ഷിറാസിനെ കണ്ടെത്തുന്നത്. ടെലിഫോണി കമ്പ്യൂട്ട൪ നെറ്റ് വ൪ക്കിൽ കേബ്ൾ അസിസ്റ്റൻറായി ജോലി ചെയ്തു വരികയായിരുന്നു.  കടൽപ്പെരുക്കങ്ങൾക്കിടയിലെ പുഴയനക്കം എന്ന പേരിൽ കവിതാ സമാഹാരം പുറത്തിറക്കിയിട്ടുണ്ട്.

കുടലിലും കരളിലും ശ്വാസകോശത്തിലും ബാധിച്ച അർബുദം നാലാംഘട്ടത്തിലെത്തിയിട്ടും കൂടെ ഹൃദ്രോഗവും പിടിപെട്ടിട്ടും ജീവിതം തിരിച്ചുപിടിക്കാൻ കവിതകളെ നെഞ്ചോടുചേർത്ത് തളരാതെ പോരാടി മരണത്തിന് കീഴടങ്ങിയ ടി. ഗോപിയെ പോലുള്ള എഴുത്തുകാരും നമുക്കുണ്ടായിരുന്നു.

ടി ഗോപി

സ്വന്തം കവിതാസമാഹാരം അച്ചടിച്ച് നേരിട്ട് വിൽപ്പന നടത്തിയാണ് അദ്ദേഹം ചികിത്സയ്ക്കുള്ള പണം കണ്ടെത്തിയിരുന്നത്. ഹിഗ്വിറ്റയുടെ രണ്ടാം വരവ്, പ്രകൃതീ മനോഹരി എന്നിവ പ്രധാന കൃതികകളായിരുന്നു.

എന്റെ മരണശേഷം
നിന്റെ വീട്ടുമുറ്റത്തെ
കിണറിനരികിൽ
ഒരു പേരമരം നടുക
എന്നെ നനച്ചതു പോലെ
അതിനു വെള്ളമൊഴിക്കുക.
ഒരിക്കൽ അവയിൽ
പൂക്കൾ വിരിയും അത്
എന്റെ കവിതകളായിരിക്കും.

jinesh-madappally
ജിനേഷ് മടപ്പള്ളി

എന്ന് തന്റെ അവസാനത്ത കവിതയിൽ എഴുതി വെച്ച ജിനേഷ് മടപ്പള്ളി ആത്മഹത്യ ചെയ്തിട്ട് ഇരുപത്തിമൂന്ന് മാസം കഴിഞ്ഞിട്ടേയുള്ളു. എല്ലാം കൈപ്പിടിയിലൊതുക്കിയ മനുഷ്യസമൂഹം മരണത്തിന്റെ മരണത്തിന് മുമ്പിൽ നിസ്സഹായനായി നിൽക്കുന്ന കാഴ്ചയാണ് വർത്തമാനകാലം കാണുന്നത്.

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in, WhatsApp : 80 788 16827

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here