കവിത
രാജന്‍ സി എച്ച്
ചിത്രീകരണം മജ്നി തിരുവങ്ങൂർ
പെണ്ണുങ്ങള്‍ അവരെ
എളുപ്പം കവിതയാക്കും,
അടുക്കളയിൽ.
പാത്രം കഴുകുകയും
നിലം തുടക്കുകയും
ചെയ്യുമ്പോലെ
അഴുക്കും മുഷിവും
തുടച്ചെറിയും കവിതയില്‍.
പച്ചക്കറി നുറുക്കുകയും
ഉള്ളിയരിയുകയും
ചെയ്യുമ്പോലെ
വികാരങ്ങളെ വിസ്മയകരമാം വിധം
നുറുക്കി വെക്കും കവിതയില്‍.
മുളകും മഞ്ഞളും
പുളിയും കായവും
ഉപ്പും ഉപായവും
ചേരും പടി ചേര്‍ക്കും കവിതയില്‍.
ചില കവിതകളെ
സാമ്പാറെന്ന് രസമെന്ന്
പച്ചടിയെന്ന് കിച്ചടിയെന്ന്
ഉപ്പേരിയെന്ന് അച്ചാറെന്ന്
എത്രയെത്ര തരങ്ങളാക്കും
വ്യത്യസ്താഭിരുചികളുടെ
രസച്ചേര്‍പ്പില്‍ കവിതയില്‍!
ഉദാരമായ ബിംബങ്ങളെ
കടുകു പൊട്ടിച്ച്
കിടുക്കി യോജിപ്പിക്കും
വറവിലെന്നായി വിരവില്‍
കവിതയില്‍.
നാക്കു കൊണ്ടും
മൂക്കു കൊണ്ടും
നോക്കു കൊണ്ടും
തിരിച്ചറിവിന്റെ കരസ്പര്‍ശം കൊണ്ടും
അതാതിന്റെ വേവ് വേര് ഊര്
നിര്‍ണയിച്ചിരിക്കും കവിതയില്‍.
പെണ്ണുങ്ങളെ കവിതയില്‍
ഞാന്‍ ഭയക്കും.
എഴുതിത്തുടങ്ങിയാല്‍
അവരുടെയുടലോളം
വേറിടില്ലവര്‍ കവിതയില്‍.
വരികള്‍ക്കിടയില്‍
ആത്മാവിന്റെ മധുരത്തോളം
രസാസ്വാദമാവില്ലൊരു മൗനവും
കവിതയില്‍.
രജസ്വലയാവില്ലൊരു തിളയും
കാമാര്‍ത്തമാവില്ലൊരു പ്രിയവും
നിഷ്പന്ദമാവില്ലൊരു സ്മൃതിയും
കവിതയില്‍.
പെണ്ണുങ്ങളോളം കവികളായി
ഞാനറിയുകില്ലാരേയും.
ഭോഗാക്രാന്തരായ പുരുഷന്മാര്‍
അവരെ നിഷ്ക്കരുണം
നൈമിഷികാസ്വാദനവ്യഗ്രതയില്‍
എത്ര വേഗം നിഷ്പ്രഭരാക്കുന്നു.
തിന്നു തീര്‍ക്കുന്നു.
എന്നാല്‍ പെണ്ണുങ്ങളതു കൊണ്ടും
സംതൃപ്തരെന്നു നടിക്കും
കവിതയില്‍.
യഥാര്‍ത്ഥകവിത
തങ്ങളുടേതാണെന്ന തിരിച്ചറിവില്‍
മോഹിക്കാതെ.
…
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.