Disgrace of Gijon

0
170

പവലിയൻ

ജാസിര്‍ കോട്ടക്കുത്ത്‌

‘What’s happening here is disgraceful and has nothing to do with football,’
ലോകമെങ്ങുമുള്ള ഫുട്‌ബോള്‍ പ്രേമികളെ ആവേശം കൊള്ളിച്ച ഒട്ടനവധി പോരാട്ടങ്ങള്‍ ലോക ഫുട്‌ബോളില്‍ ഉണ്ടായിട്ടുണ്ട്. ‘The miracle of Bern, The miracle of Istanbul, Maracanazo, Remontada തുടങ്ങി ഒരുപിടി മത്സരങ്ങള്‍. അതുപോലെ ഫുട്‌ബോള്‍ ലോകത്തെ ഒന്നടങ്കം നാണം കെടുത്തിയ മത്സരങ്ങളും ഉണ്ടായിട്ടുണ്ട്. അതിലൊന്നാണ് ‘Disgrace of Gijon’എന്നറിയപ്പെടുന്ന 1982 ലോകകപ്പിലെ പശ്ചിമ ജര്‍മനിയും ഓസ്ട്രിയയും തമ്മിലുള്ള മത്സരം.

സ്‌പെയിനില്‍ വെച്ച് നടന്ന ലോകകപ്പിന്റെ പ്രാഥമിക ഘട്ടത്തില്‍ ഗ്രൂപ്പ് 2 ല്‍ പശ്ചിമ ജര്‍മനി, ഓസ്ട്രിയ, അള്‍ജീരിയ, ചിലി എന്നിവരാണ് ഉണ്ടായിരുന്നത്. ശക്തരായ ജര്‍മനിയുടെ ആദ്യ മത്സരം അള്‍ജീരിയയുമായിട്ടായിരുന്നു. താരതമ്യേന ദുര്‍ബലരായ അള്‍ജീരിയയോട് അനായാസമായി വിജയിച്ചു കയറാമെന്നായിരുന്നു ജര്‍മനിയുടെ കണക്ക് കൂട്ടല്‍. തങ്ങള്‍ നേടുന്ന ഏഴാം ഗോള്‍ തങ്ങളുടെ ഭാര്യമാര്‍ക്കും എട്ടാം ഗോള്‍ തങ്ങളുടെ വളര്‍ത്തു നായക്കും സമര്‍പ്പിക്കും എന്നതായിരുന്നു കളിക്ക് മുമ്പ് ജര്‍മന്‍ താരം പോള്‍ ബ്രെറ്റ്‌നര്‍ പരിഹാസ രൂപേണ പറഞ്ഞത്. സുനിശ്ചിത വിജയം പ്രതീക്ഷിച്ചിറങ്ങിയ ജര്‍മനിയെ ഞെട്ടിച്ചു കൊണ്ട് അള്‍ജീരിയ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് വിജയിച്ചു. ഒരു യൂറോപ്യന്‍ ടീമിനെതിരെ ഒരു ആഫ്രിക്കന്‍ / അറബ് രാജ്യം നേടുന്ന ആദ്യ വിജയം ആയിരുന്നു അത്.

രണ്ടാം മത്സരത്തില്‍ ഓസ്ട്രിയയോട് പരാജയപ്പെട്ട അള്‍ജീരിയ ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ചിലിയെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി 4 പോയിന്റുമായി ഗ്രൂപ്പില്‍ രണ്ടാമതെത്തി. തങ്ങളുടെ ആദ്യ രണ്ട് മത്സരങ്ങളിലും വിജയിച്ച ഓസ്ട്രിയ ആയിരുന്നു ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്ത്. ഗ്രൂപ്പിലെ അവസാന മത്സരം ഒരു ജയവും തോല്‍വിയുമായി നില്‍ക്കുന്ന ജര്‍മനിയും ഓസ്ട്രിയയും തമ്മിലായിരുന്നു.

ജര്‍മനിക്ക് അടുത്ത ഘട്ടത്തിലേക്ക് കടക്കാന്‍ വിജയം അനിവാര്യമായിരുന്നു. രണ്ടോ അതില്‍ കുറവോ ഗോളുകള്‍ക്ക് ജര്‍മനി ജയിച്ചാല്‍ ഒന്നാം സ്ഥാനക്കാരായി ജര്‍മനിയും രണ്ടാം സ്ഥാനക്കാരായി ഓസ്ട്രിയയും അടുത്ത ഘട്ടത്തില്‍ നടക്കുമെന്ന നിലയില്‍ ആയിരുന്നു ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ഇരു ടീമുകളും ഏറ്റ് മുട്ടാന്‍ ഇറങ്ങിയത്.

സ്‌പെയിനിലെ ഗിജോണിലെ എസ്റ്റാഡിയോ മൊളിനോനില്‍ നടന്ന മത്സരത്തിന്റെ ആദ്യ മിനുട്ടുകളില്‍ തന്നെ ജര്‍മനി ഓസ്ട്രിയന്‍ ഗോള്‍മുഖം ലക്ഷ്യമാക്കി നിരന്തരം പന്തുമായി മുന്നേറാന്‍ തുടങ്ങി. പത്താം മിനുട്ടില്‍ തന്നെ ജര്‍മനി ഒരു ഗോള്‍ കണ്ടെത്തുകയും ചെയ്തു. എന്നാല്‍ പിന്നെ നടന്നത് ഏവരെയും ഞെട്ടിക്കുന്ന കാര്യങ്ങള്‍ ആയിരുന്നു . ഇരു ടീമുകളും പന്ത് ലഭിക്കുമ്പോഴെല്ലാം സ്വന്തം ഹാഫില്‍ പരസ്പരം തട്ടിക്കളിക്കാന്‍ തുടങ്ങി. പന്ത് വീണ്ടെടുക്കാനോ ഗോള്‍ നേടാനോ ഉള്ള ശ്രമങ്ങളും വിരളമായിരുന്നു. അള്‍ജീരിയയെ ടൂര്‍ണമെന്റില്‍ നിന്ന് പുറത്താക്കാനും ജര്‍മനിക്കും ഓസ്ട്രിയക്കും അടുത്ത ഘട്ടത്തിലേക്കുള്ള പ്രവേശനം ഉറപ്പാക്കാനും വേണ്ടിയുള്ള ഒത്ത് കളി ആയിരുന്നു മൈതാനത്ത് നടന്നു കൊണ്ടിരുന്നത്.

ഇരു ടീമുകളും ഒരു ലക്ഷ്യ ബോധവുമില്ലാതെ പന്ത് തട്ടുമ്പോള്‍ സ്റ്റേഡിയത്തില്‍ തടിച്ചു കൂടിയ ആരാധകര്‍ അസ്വസ്ഥത പ്രകടിപ്പിച്ചു തുടങ്ങി. പലരും അള്‍ജീരിയക്കായി മുദ്രാവാക്യങ്ങള്‍ വിളിക്കാന്‍ തുടങ്ങി. ഈ മത്സരം കാണാന്‍ എത്തിയ അള്‍ജീരിയന്‍ ആരാധകര്‍ താരങ്ങള്‍ക്ക് നേരെ കറന്‍സി നോട്ടുകള്‍ നീട്ടി. കമന്ററി ബോക്‌സില്‍ ഇരുന്ന ജര്‍മന്‍ കമന്റെറ്റര്‍ സ്റ്റാന്‍ജെക് മത്സരത്തിന്റെ കമന്ററി പറയുന്നത് നിര്‍ത്തി വെച്ചു. ഓസ്ട്രിയന്‍ കമന്റെറ്റര്‍ റോബര്‍ട്ട് സീഗര്‍ മത്സരം ലൈവ് ആയി വീക്ഷിക്കുന്നവരോട് ടിവി സെറ്റുകള്‍ ഓഫ് ചെയ്യാന്‍ ആഹ്വാനം ചെയ്തു. മത്സരത്തില്‍ ജര്‍മനി എതിരില്ലാത്ത ഒരു ഗോളിന് വിജയിച്ചതോടെ ഒന്നാം സ്ഥാനക്കാരായി ജര്‍മനിയും രണ്ടാം സ്ഥാനക്കാരായി ഓസ്ട്രിയയും രണ്ടാം റൗണ്ടിലേക്ക് പ്രവേശിക്കുകയും അള്‍ജീരിയ പുറത്താകുകയും ചെയ്തു.

മത്സര ശേഷവും ആരാധകരുടെ രോഷത്തിന് കുറവുണ്ടായിരുന്നില്ല. മുട്ടയും മറ്റും എറിഞ്ഞാണ് ആരാധകര്‍ ജര്‍മന്‍ താരങ്ങളെ വരവേറ്റത്. ജര്‍മന്‍ പത്രം ‘ബില്‍ഡ് ‘ ‘shame on you ‘ എന്ന തലക്കെട്ട് കൊണ്ട് ഈ മത്സരത്തെ അടയാളപ്പെടുത്തിയപ്പോള്‍ സ്പാനിഷ് പത്രം ‘എല്‍ കൊമേഴ്സിയോ ‘ ഈ മത്സരത്തിന്റെ വാര്‍ത്ത കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പേജില്‍ ഉള്‍പ്പെടുത്തിയാണ് തങ്ങളുടെ പ്രതിഷേധം അറിയിച്ചത്.

അള്‍ജീരിയ ഈ മത്സരത്തില്‍ ഇരു ടീമുകളും ഒത്തു കളിച്ചെന്ന് കാണിച്ചു ഫിഫക്ക് പരാതി നല്‍കിയെങ്കിലും പരാതി നിരസിക്കപെടുകയാണുണ്ടായത്. 25 വര്‍ഷങ്ങള്‍ക്ക് ശേഷം 1982ല്‍ ജര്‍മന്‍ ടീമില്‍ അംഗമായിരുന്ന ഹാന്‍സ് പീറ്റര്‍ ബ്രിഗല്‍ മത്സര ഫലം ആദ്യമേ തീരുമാനിക്കപ്പെട്ടിരുന്നുവെന്ന് കുറ്റ സമ്മതം നടത്തി.

1982 ല്‍ ഫുട്‌ബോള്‍ ലോകത്തിന് തന്നെ തീരാ കളങ്കമായി മാറിയ ഈ സംഭവത്തിന് ശേഷം ഇനിയൊരു ഗിജോണ്‍ ആവര്‍ത്തിക്കാതിരിക്കാന്‍ അടുത്ത ലോകകപ്പ് ടൂര്‍ണമെന്റ് മുതല്‍ ഓരോ ഗ്രൂപ്പിലെയും അവസാന മത്സരങ്ങള്‍ ഒരേ സമയം നടത്താനായി തുടങ്ങി.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

 

LEAVE A REPLY

Please enter your comment!
Please enter your name here