കവിത
ടി.പി.വിനോദ്
ആബിദാ പർവീൺ പാടുന്ന പാട്ടിൽ
ആഴങ്ങളലകളായ് മേലോട്ട് പുളയുന്നു.
നിമിഷങ്ങൾ വിണ്ടതാം വിടവുകൾ തോറും
നാദങ്ങളിൽ നിന്ന് നാഡികളെത്തുന്നു.
വാക്കുകൾ വാക്കുകൾ ചിറകടിയൊച്ചകൾ,
വരികൾ തീരുന്നിടം പൊരുളുകൾ ചേക്കുകൾ
ആരിൽ നിന്നാരാവാം പാറിപ്പടരുന്നു?
ആരിൽ നിന്നാരോ കൂട്ടിലേക്കണയുന്നു?
പാട്ടിനുള്ളിൽ പാട്ട് പോകുന്നിടങ്ങളിൽ
ശ്വാസവും ശബ്ദവും എത്തിത്തൊടുന്നിടം
ചുടുമണ്ണിൽ വെള്ളം പടരുന്ന മാതിരി
തീരാത്തരിപ്പിൻ തിടുക്കത്തുടിപ്പുകൾ
പാട്ടിൽ പലമട്ടിൽ പാളും വെളിച്ചങ്ങൾ
പാട്ടിൽ പലരുടെ വിരലുകൾ സ്പർശങ്ങൾ
പാട്ടിൽ മണക്കുന്നു ദിക്കുകൾ ദൂരങ്ങൾ
പാട്ടിലെ നേരം സ്മരണയോ സ്വപ്നമോ..
പാട്ട് – പ്രപഞ്ചത്തിൻ പഴുതതിലൂടല്ലേ
പ്രാണൻ നുഴയുന്നു നരകനേരങ്ങളെ?
ആബിദാ പർവീൺ പാടുന്ന പാട്ടിൽ
ആഴങ്ങളതിനാവാം മേലോട്ട് പുളയുന്നു
…
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.
♥️കവിത സുന്ദരം. അഭിനന്ദനങ്ങൾ.