ആദിഷ ടിടികെ
‘പൂമുത്തോളെ ‘ എന്ന ഒരൊറ്റ പാട്ടിലൂടെ മലയാളികൾ ഒന്നടങ്കം ഏറ്റെടുത്ത ഗാനരചയിതാവാണ് അജീഷ്ദാസൻ. പുതിയ പാട്ടുകൾ പുതിയ സംസ്കാരത്തോടിഴചേർന്നു നിൽക്കുന്നവയാണെന്നും അതിനാൽ കാലം ആഗ്രഹിക്കുന്ന ഒരു വിഷയത്തെയാണ് പാട്ടാക്കി മാറ്റേണ്ടത് എന്ന കാഴ്ച്ചപ്പാട് പുലർത്തുന്ന ഒരു എഴുത്തുകാരനാണദ്ദേഹം. അതേസമയം എഴുത്തിന്റെ രീതിയും ശൈലിയും കൊണ്ട് വീണ്ടും പഴയ തൊണ്ണൂറുകളുടെ ഗാനസമ്പന്നതയിലേക്ക് കേൾവിക്കാരെ തിരികെ കൊണ്ടു പോകുന്നു എന്ന സവിശേഷതയും അദ്ദേഹത്തിനുണ്ട് . 2018ൽ അബ്രിഡ് ഷൈൻ സംവിധാനം ചെയ്ത പൂമരം എന്ന സിനിമയിലെ ശ്രദ്ധേയമായ 3 ഗാനങ്ങളിലൂടെ പാട്ടെഴുത്തിൽ വളരെ സെലക്ടീവ് ആകാൻ സാധിച്ച ചുരുക്കം ചില പ്രതിഭകളിൽ ഒരാളാണ് അജീഷ് ദാസൻ.
പാട്ടിനെക്കുറിച്ച് വ്യക്തമായ ഒരു അവബോധം ഉള്ള വ്യക്തിയാണ് അജീഷ് ദാസൻ. ഒരു പാട്ട് പാട്ടാക്കുന്നത് അതിലെ വരികളും ഈണവും ഒപ്പം അതിലെ ഫീലും സമന്വയിക്കുമ്പോഴാണ് . ഒറ്റയ്ക്കൊറ്റയ്ക്കത് വേറിട്ടു നിൽക്കുന്നില്ല. കേൾക്കാൻ ഇമ്പവും സുഖവും തരുന്ന ഏതാനും വാക്കുകൾ കൂട്ടി വച്ചാലും ഒരു പാട്ടുണ്ടാക്കാം. പക്ഷേ ആ പാട്ടിനു സ്വന്തമായൊരു അസ്ഥിത്വമുണ്ടാകില്ല. ഗാനരചനയെക്കുറിച്ച് അദ്ദേഹം അഭിപ്രായപ്പെടുന്നത് പോലെ “ഒരു ഗാനത്തിന്റെ ശരീരമാണ് അതിലെ വരികൾ. സംഗീതം ആത്മാവാണെങ്കിൽ വരികൾ അതിൻറെ ശരീരമാണ്. ഒരു പാട് എഴുതുന്നതല്ല കാര്യം എഴുതുന്നത് വളരെ കുറച്ചാണെങ്കിലും അതിലെ വരികളിൽ ആഴം ഉണ്ടായിരിക്കണം. കല്ലിൽ പണിയെടുക്കും പോലെ ചെയ്യേണ്ട ഒന്നാണ് ഗാനരചന അത് കാലങ്ങളോളം നിലനിൽക്കേണ്ട ഒന്നാണ് ഒരു പാട്ടിനെ സംബന്ധിച്ചിടത്തോളം അതിൻറെ depth എന്ന് പറയുന്നത് ഒഴിച്ചു കൂടാനാകാത്ത ഒരു ഘടകമാണ്” എന്നദ്ദേഹം അഭിപ്രായപ്പെട്ടിട്ടുണ്ട്.
വരികളുടെ ആഴവും മുഴക്കവും വളരെ പ്രധാനമാണ്. കാൽപ്പനികമായ വരികളിലൂടെ മനോഹരമായ ഒരു അനുഭവം തന്നുകൊണ്ട് ഈയടുത്ത് യൂട്യൂബിൽ റിലീസ് ആയ ഒരു വീഡിയോ സോങ്ങ് ആണ് പണ്ടത്തെ ആമിന. ഈ ലളിത സുന്ദരമായ വാക്കുകളുടെ വിന്യാസം തന്നെയാണ് അജീഷ് ഗാനങ്ങളുടെ വലിയ പ്രത്യേകത. ഈ പാട്ടും ലളിതമായ വരികളും എന്നാൽ ഗഹനമായ വികാരങ്ങളും കൈകാര്യം ചെയ്യുന്ന ഒന്നാണ്. ഈണത്തിനു വേണ്ടി മാത്രം സൃഷ്ടിക്കപ്പെട്ട പാട്ട് എന്നതിലുപരി വാക്കുകൾ അതിന്റെ താളത്തെയും ആത്മാവിനെയും തൊട്ടുണർത്തുന്നു എന്ന സവിശേഷതയും ഈ ഗാനത്തിനുണ്ട്. സ്വന്തം ഗ്രാമജീവിതം അദ്ദേഹത്തിന്റെ എഴുത്തിനെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്. പ്രകൃതിയുടെയും പരിസ്ഥിതിയുടെയും താളവും ഭാവവും അത്രമേൽ ചില വരികളിൽ ഇഴചേർന്നു കിടപ്പുണ്ട്. വരികളിലെ ലാളിത്യവും മാധുര്യവും പഴയ ബഷീർ കാലത്തിലേക്ക് കൊണ്ടുപോകുന്നു.
പ്രണയം, കാത്തിരിപ്പ് മരണം നഷ്ടബോധം അസ്ഥിത്വദുഃഖം എന്നിങ്ങനെ സമ്മിശ്ര വികാരങ്ങൾ സമന്വയിച്ച ഈ ഗാനം മെലഡിസോങ്ങ് എന്ന കാറ്റഗറിയിൽ ഉൾപ്പെടുന്നുവെങ്കിലും വരികളിൽ സ്ഫുരിക്കുന്ന അനുഭവം പാട്ടിനെ വല്ലാതെ തീവ്രമാക്കുന്നുണ്ട്.
“പള്ളിപ്പറമ്പിലെ പഞ്ചാര മണ്ണില്
പൊള്ളി കിടന്നു ഞാൻ ഇന്നുമോർക്കും”..
പ്രണയത്തിൻറെ അനുഭൂതിയും വിരഹത്തിന്റെ പൊള്ളിക്കുന്ന വേദനയും എത്ര ലളിതമായി പറഞ്ഞുവെച്ച വരികളാണ്. എന്നാൽ ആ പാട്ടിൻറെ ആശയം മുഴുവൻ അതിൽ വ്യക്തമാക്കുന്നുണ്ട്.
“എല്ലാം മറക്കുവാൻ വേണ്ടി ഞാൻ ഇന്നുമെൻ
പണ്ടത്തെ ആമിനേ നിന്നെയോർക്കും..”
ഓർമ്മയും മറവിയും തരുന്ന രണ്ടു സവിശേഷ ജീവിതാവസ്ഥകൾ, വേദനിപ്പിക്കുന്ന അനുഭവങ്ങളെ മറന്നുകളയുകയും സന്തോഷിപ്പിക്കുന്ന ഓർമ്മകളെ കൊണ്ടു നടക്കുകയും ചെയ്താൽ മതിയെന്ന സാർവ്വലൗകികതത്വം ആണ് പാട്ട് നമ്മളോട് സംവദിക്കുന്നത്. വരികളിലൂടെ അസാധ്യമായ ഒരു ഫീൽ പാട്ടിൽ നിന്നും ലഭിക്കുന്നുണ്ട്.
അജീഷ് ദാസന്റെ വരികളിൽ പൊതുവേ കാണാവുന്ന ഒരു internationalism കാണാൻ സാധിക്കുന്നുണ്ട്. ആ പാട്ടുകളിൽ പറയുന്ന പുഴ, മഴ, കായൽ, തീരം മരം തുടങ്ങിയ പരിസ്ഥിതി ഘടകങ്ങൾ സന്തുലിതവും അസന്തുലിതവുമാകുന്ന ഇത്തരം പരിസ്ഥിതി ഘടകങ്ങൾ ലോകത്താകമാനം ഉള്ളതാണ്.
“കടവത്തൊരു തോണിയിരിപ്പൂ പാട്ടില്ലാതെ
കായലേ കായലേ നീ തനിച്ചല്ലേ ..”
തുടങ്ങിയ പാട്ടുകളിൽ പറയുന്ന പാരിസ്ഥിതിക മൂല്യശോഷണത്തിന്റെ നഷ്ടം പാട്ടുകളിലൂടെ ചിന്തിപ്പിക്കുകയാണ്. അതേപോലെ പണ്ടത്തെ ആമിന യിലും നമ്മുടെ ഗൃഹാതുരത്വം ചർച്ച ചെയ്യുന്നുണ്ട്. നഷ്ടപ്പെടുന്ന ജീവിതാനുഭവങ്ങളുടെയും വികാരങ്ങളുടെയും നൊമ്പരമായി ഈ പാട്ട് അവശേഷിക്കുന്നു. സമൂഹത്തെ Entertainment ചെയ്യിക്കുക എന്നതിലുപരി പാട്ടുകൾക്ക് ഒരു ധർമമുണ്ട് . ചില കാര്യങ്ങളെ ചൂണ്ടിക്കാണിക്കുക എന്ന ധർമ്മം. അത്തരം സോഷ്യൽ റിലേറ്റഡ് ആയിട്ടുള്ള ധർമ്മത്തെ കൂടി ഉയർത്തിക്കാണിക്കുന്ന വരികളാണ് അദ്ദേഹത്തിൻറെ പാട്ടുകൾ മിക്കതും .
എഴുത്തുകാരന്റെ കാഴ്ചപ്പാട് പോലെ ഒരു പാട്ടിൽ കൈകാര്യം ചെയ്യുന്ന മേഖല ഏതുമാകട്ടെ ശോകഗാനം, പ്രണയ ഗാനം, വിരഹ ഗാനം , ആൽബം സോങ്ങുകൾ , മെലഡി സോങ്ങുകൾ അങ്ങനെ ഏതു വിഭാഗം ആയാലും ആ സംഗീതത്തിൽ അർത്ഥത്തിലുള്ള , കഴമ്പുള്ള വരികൾ അതിൻറെ എല്ലാ പൂർണ്ണതയോടും കൂടി ഉൾക്കൊണ്ടാൽ മതി . എങ്കിൽ ആ ഗാനം കാലത്തിനൊത്ത് നിൽക്കുന്ന ഒന്നായി മാറും.
…
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം), ഓൺലൈൻ/ പ്രിന്റ് മാധ്യമങ്ങളിലോ സോഷ്യൽ മീഡിയയിലോ പ്രസിദ്ധീകരിക്കാത്ത രചനകൾ അയക്കാൻ ശ്രദ്ധിക്കുമല്ലോ…! editor@athmaonline.in , WhatsApp : 9048906827
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.