കവിത
മാത്യു പണിക്കർ
ഈ വീടും, നഗരവും, രാജ്യവും
ഞാനുപേക്ഷിക്കുകയാണ്;
രാഷ്ട്രീയവും
മതവും
ദേശീയതയും ഇല്ലാത്ത
രണ്ടു പിഞ്ചു കുഞ്ഞുങ്ങളുടെ ജീവൻ
എന്റെ തോളിലാണ്. .
വൃദ്ധയായ അമ്മയുടെ
നീട്ടിയ കൈകളിൽ
തൊടുവാൻ ഞാനശക്തയാണ്’
പിടിച്ചു പോയാൽ
മരണത്തിനല്ലാതെ
അത് വേർപെടുത്താനാവില്ലെന്നു
ഇരുവർക്കും പകൽ പോലെയറിയാം.
പകരം എന്റെ ആത്മാവും
വേദന സംഹാരികളായ
ഉറക്ക ഗുളികകളും
വീട്ടിലുപേക്ഷിക്കുന്നു.
ഒരുപക്ഷെ എന്നെങ്കിലും
അമ്മ അതാഗ്രഹിക്കുമെങ്കിൽ.
ജീവനൊഴിച്ചു ബാക്കിയുള്ളതെല്ലാം
എനിക്ക് പാഴ്വസ്തുക്കളാണ്
നിസ്സഹായതയുടെ ഉടുപ്പിനുള്ളിൽ
നിലവിളികളോട് സമരസപ്പെട്ട്
നിറവും രുചിയും മണവും നഷ്ടപ്പെട്ടവ.
വെടിയൊച്ചകളുടെയും
പുകച്ചുരുളുകളുടെയും ഇടയിൽ
ആമിനയുടെ* പ്രാവുകൾക്ക്
എന്ത് സംഭവിച്ചു എന്നറിയില്ല.
ശബ്‍ദഭീതിയില്ലാത്ത
ഏതെങ്കിലും വെള്ളിമേഘങ്ങളുടെ
തൂവൽമറയ്ക്കുള്ളിൽ
അവ സുരക്ഷിതമായിരുന്നുവെങ്കിൽ.
അവരെ ഞാനെന്റെ അമ്മയെ ഏൽപിക്കട്ടെ.
*ആമിന അബു കെരേച്ച് … സിറിയയ്ക്കുവേണ്ടി ഒരു വിലാപം എന്ന കവിത ലോകമനഃസാക്ഷിക്കു സമർപ്പിച്ച പതിമൂന്നുകാരി
…
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.
മനോഹരം