‘പൈനാണിപ്പെട്ടി’, ഇന്ന് കേട്ടുകേൾവിയില്ലാത്ത, ഇന്ന് ആവശ്യമില്ലാത്ത ഒരു ഇരുമ്പ് പെട്ടിയാണ്. പക്ഷെ കേട്ടു കഴിയുമ്പോൾ അറിഞ്ഞു കഴിയുമ്പോൾ ഈ പെട്ടിയിലെ വിഭവങ്ങളെ നിങ്ങൾക്കിഷ്ടപ്പെടാതിരിക്കാൻ കഴിയില്ല. ഋതുരാജൻ ചുമന്ന് കൊണ്ടുവരുന്ന ഈ പെട്ടകത്തിൽ ഒരു ദേശത്തെ അടക്കം ചെയ്തിട്ടുണ്ട്. മനുഷ്യൻ, പക്ഷികൾ, മീനുകൾ, കണ്ടം കടൽ, കായൽ, മല, കാട് നിറങ്ങൾ മണങ്ങൾ….
ഈ പെട്ടിയിൽ നിറപ്പെടുത്തി സൂക്ഷിക്കുന്ന വിഭവങ്ങളാണ്. ഇത് കേവലം ഇന്നലകളുടെ ശവമഞ്ചവും പേറിയുള്ള യാത്രയല്ല. പഴകി ദ്രവിച്ച ഗൃഹാതുരത്വത്തിന്റെ മൃതപേടകവുമല്ല. ഓരോ കാലവും ജീവിതത്തോട് പറയുന്നതാണ് ഇതിലെ വാഗ് വിഭവങ്ങൾ ഒന്നും പറയാത്ത വർത്തമാനത്തിൽ നാളെയെ കുറിച്ചുള്ള ഉത്ക്കണ് കൾ ഈ എഴുത്തിലുണ്ട്. കൈക്കുമ്പിളിൽ കോരിയ തോട്ടു വെള്ളത്തിലെ കുഞ്ഞുമീനിൽ ഒരു ദേശം തുടിക്കുന്നുണ്ട്. ആ മിടിപ്പാണ് ഈ പൈനാണിപ്പെട്ടിയുടെ ചോരയോട്ടം നിയന്ത്രിക്കുന്നത്.
ഒരു ദേശത്തിന്റെ ഹൃദയത്തിലേക്ക് പല വഴികളിലൂടെ സഞ്ചരിക്കുകയാണ്. എഴുത്തിന്റെ ചിത്രവും ഒന്നുചേർന്ന പല പല വഴിത്താരകൾ എഴുത്തുകാരൻ വാക്കുകളിലൂടെയും ചിത്രകാരൻ വർണ്ണങ്ങളിലൂടെയും വഴികളൊരുക്കുന്നു. ഇനി നമുക്ക് പൈനാണിപ്പെട്ടി തുറക്കാം….
വി.കെ അനിൽകുമാർ
ഇത് നഷ്ടങ്ങളുടെ സൂക്ഷിപ്പ് പെട്ടകമല്ല.
ഓർമ്മകളെ കാൽപ്പനിക ചാരുതയോടെ ചിത്രണം ചെയ്യലുമല്ല.
ഗുഹാതുരത്വത്തിന്റെ സ്ഥല ജല വിഭ്രാന്തിയുമല്ല.
ഓർമ്മകൾ നമ്മുടെ തന്നെ ഇന്നലകളെ അടക്കം ചെയ്ത നന്നങ്ങാടികളാണ്.
പൊട്ടിയ തലയോട്ടികൾ.
പൊടിഞ്ഞു പോയ എല്ലിൻ കഷണങ്ങൾ
മൺ പാത്രങ്ങൾ
ഓർമ്മകളുടെ ഫോസിൽ രൂപകങ്ങൾ…
പൈനാണിക്കാരൻ…
നാപ്പത്തിയഞ്ച് വയസ്സിന് മുകളിൽ പ്രായമുള്ള വടക്കൻ കേരളത്തിലെ ജനങ്ങൾക്ക് ഏറ്റവും പാങ്ങുള്ള വാക്ക്,
പ്രിയമാർന്ന മനുഷ്യൻ.
നേരം പതിറ്റടിയാകുമ്പോൾ ഒഴിഞ്ഞ പെട്ടിയും നിറഞ്ഞ മനസ്സുമായി പുഴ കടന്ന് അക്കരെ കാറോലിലേക്ക് യാത്രയാകുന്ന പൈനാണിക്കാരൻ മാപ്ല…
കുട്ടികൾക്ക് വേണ്ട കളിപ്പാട്ടങ്ങൾ, കൺമഷി, ചാന്ത്, കുപ്പിവളകൾ, കല്ലമാലകൾ, വർണ്ണനൂലുകൾ, സൂചികൾ, സെന്റ് കുപ്പികൾ, വാസന സോപ്പുകൾ, കണ്ണാടിത്തിളക്കങ്ങൾ…
നിറങ്ങൾക്കിത്രയും അർത്ഥമുണ്ടെന്ന് ബാല്യം ആദ്യം പഠിക്കുന്നത് പൈനാണിക്കാരന്റെ വലിയ ഇരുമ്പ് പെട്ടിയിൽ നിന്നാണ്…
കാലത്തിന്റെ അങ്ങേയറ്റം വരെയെത്തുന്ന നീണ്ട വരമ്പ്…
ജീവിതത്തിന്റെ പുഞ്ചക്കണ്ടം…
കണ്ണെത്താവുന്ന അത്രയും അപ്പുറത്തേക്ക് പച്ചയുടെ വിസ്താരങ്ങൾ…
അരയോളം വെള്ളം നിറഞ്ഞ തോട്…
പാടീലെപ്പുഴയിലേക്കാണ് ഒഴുകുന്നത്…
ചൊട്ടക്കുറിയൻ, ചൂരി, ചിള്ളി, ചൂട്ട, കാടൻ, പാലാത്തൻ, പുല്ലൻ, കണ്ണിച്ചാൻ, മാങ്ങാച്ചി, കൊയല, ഞണ്ട്…
വെള്ളം കുറഞ്ഞ ഭാഗത്തെ തോട്ടിലെ കണ്ണാടിമാളികയിൽ നിന്നും മീനുകൾ കുട്ടികളെ കൂട്ടു വിളിച്ചു.
പാഠപുസ്തകങ്ങൾ വരമ്പത്ത് വെച്ച് കുട്ടികൾ മീനുകളെ കുപ്പികളിൽ നിറച്ചു,
ഒരു കയ്യിൽ പാഠപുസ്തകവും മറു കയ്യിൽ മത്സ്യ ജീവിതവുമായി ഉസ്ക്കോളിലേക്ക്…
ചില്ലു കുപ്പിയിൽ ചൊട്ടക്കുറിയന്റെ നിടിലത്തിലെ സ്വർണ്ണച്ചാർത്ത്…
മീനുകളുടെ ജീവശാസ്ത്ര പുസ്തകങ്ങൾ പക്ഷേ സിലബസിൽ ഉൾപ്പെട്ടിരുന്നില്ല…
തോട്ടിലെ പാഠപുസ്തകത്തിൽ നിന്നും ചോദ്യങ്ങളൊന്നും ചോദിച്ചില്ല…
ചൊല്ലിപ്പഠിക്കേണ്ട പദ്യങ്ങൾക്ക് മുൻപെ ഞാറ്റടിപ്പാട്ടുകൾ അവർ മനപ്പാoമാക്കി
” ആറ്റും മണമ്മേലെ ഉണ്ണിയാർച്ച ഊണും കഴിഞ്ഞങ്ങുറക്കമായി”
ഇങ്ങേക്കണ്ടത്തിലെ പാട്ടിന്
അങ്ങേക്കണ്ടത്തിൽ മറു പാട്ടുപാടി.
നിറഞ്ഞ കണ്ടവും തോടും കുളവും പുഴയും
സംഘ ജീവിതത്തിന്റെ മഹോത്സവങ്ങൾ…
കുളിക്കാനൊരു കുളം.
മീൻ പിടിക്കാൻ നാഗത്താൻ കുളമെന്ന കണ്ണൻ കുളം…
ചേരൽപ്പടർപ്പുകളുടെ ശീതളഛായയിൽ മയങ്ങുന്ന കൈച്ചലായിരുന്നു കുട്ടിക്കാലത്തെ ഏറ്റും മനോഹരമായ കാഴ്ച്ച.
മുശു, ടമുശു, കടു, ചിള്ളിക്കോട്ടൽ, ആരൽ, വാള, കൊയല, കുരുടൻ, ചൂട്ട, ഇരിമീൻ ചൂട്ട, പുല്ലൻ,ഞണ്ട്, ചെമ്മീൻ, കാരാമ, വെള്ളാമ, കാടൻ , കൈച്ചൽ…..
പിടിച്ച് തീർക്കാൻ പറ്റാത്തത്രയും മീനുകൾ..
പതളാണ് കുളത്തിലെ രാജൻ..
മുട്ട വിരിയിച്ച് ആയിരക്കണക്കിന് ചോരക്കുഞ്ഞുങ്ങളുമായി പൂത്താലിക്കിടയിടയിൽ ഒളിച്ചിരിക്കുന്ന കൈച്ചൽ ഭീമനാണ് പതൾ…
ഗ്രാമ്യ മനുഷ്യന്റെ ഭക്ഷണത്തെ നിയന്ത്രിച്ചിരുന്നത് ബിഗ് ബസാറൊ ഹൈപ്പർ മാളുകളോ ആയിരുന്നില്ല.
ഋതു ഭേദങ്ങളായിരുന്നു.
കൃത്യമായി സമീകരിച്ച ഭക്ഷണക്രമം…
ചക്ക, മാങ്ങ, കൊള്ളി, കിഴങ്ങ് വർഗ്ഗങ്ങൾ കൊടും വേനലിന്റെ ഉഷ്ണത്തെ മധുരമാക്കാൻ മത്സരിച്ച പഴവർഗ്ഗ ഫലമൂലങ്ങൾ…
വെള്ളരി, കക്കിരി, ചെരം, മത്തൻ, കുമ്പളം, പടവലം, നരമ്പൻ, കോയ, വൈന, കയ്പ, പയർ, ചീര, പച്ചപ്പറങ്കി, വെണ്ട.
മണ്ണുത്തിയിലെ നഴ്സറി ഫാമല്ല വീട്ടുമുറ്റത്തെ കുളിയൻ കാക്കുന്ന നട്ടിക്കണ്ടമാണ്…
പീടികയിൽ പോയി വാങ്ങുന്നത് ഉപ്പ് മാത്രം…
വെള്ളരി മുറിക്കൽ ഒരുത്സവം തന്നെയായിരുന്നു…
തിരിയോല മുറിച്ചെടുത്ത് ഓരോ ഓലയും വളച്ചു കുത്തി വെള്ളരിക്കയെ അതിൽ കിടത്തി കഴുക്കോലിൽ കെട്ടിത്തൂക്കും…
തിരിയോലത്തൊട്ടിലിൽ മയങ്ങുന്ന വെള്ളരിക്ക എത്ര കാലവും കേട് കൂടാതെയിരിക്കും…
ആലയിൽ നിന്നും പയ്യീന പുറത്തഴിച്ച് കെട്ടി ചാണകം വാരി അടുപ്പിന്റെ പുക തട്ടുന്ന ചുമരിൽ തേച്ച് പിടിപ്പിച്ച് വിത്തുകൾ അതിൽ പതിച്ച് വെക്കുന്നു,
അടുത്ത വർഷത്തേക്ക് ഈടുറ്റ വിത്തുകൾ അടുപ്പിലെ പുകയിൽ പുകഞ്ഞ് പാകപ്പെടുന്നു…
അതെ ഈടുറ്റ വിത്തുകൾ മിഴിയടച്ച് എന്നെന്നേയ്ക്കുമായി നിശ്ചലമായി.
മീനച്ചൂടിൽ കണ്ടം വിണ്ടു കീറുമ്പോൾ കയിച്ചലുകൾ മണ്ണാഴങ്ങളിൽ ഒളിച്ച പ്രാന്തികളിച്ചു.
ജീവശാസ്ത്ര ക്ലാസ്സിൽ ഹൈബർനേഷൻ പഠിപ്പിക്കുമ്പാൾ കയിച്ചൽ ചില്ലു ഭരണിയിലെ രാസലായനിയുടെ ഓളപ്പരപ്പിലെത്തി തരിയിട്ടു…
സ്വയം സമ്പൂർണ്ണമായ ഒരു നാടും ജനതയും.
പടിഞ്ഞാറെ കടലും കായലും വിട്ടുമുറ്റത്തെ കണ്ടവും തോടും കുളങ്ങളും നീർച്ചാലുകളും ജീവിക്കാനുള്ള സർവ്വവിധമായ ആവാസ വ്യവസ്ഥയൊരുക്കി.
വീടിന് കുറ്റിയടിക്കുമ്പോൾ പൈനക്കെട്ടാനുള്ള ആലയ്ക്കും കുറ്റിയടിച്ചു,
പശുവും എരുതും എരുമയും മനുഷ്യരെ പോലെ തന്നെ സഹവസിച്ചു.
കൃഷിയായിരുന്നു ഏക ദൈവശാസ്ത്രം…
കുട്ടികളും മുതിർന്നവരും ഒരുപോലെ മഴ നനഞ്ഞു.
ഞാറ് ചുമന്നു.
കറ്റ മെതിച്ചു.
വിത്ത് വാളി…
റോഡമർത്തുന്ന ഭീമൻ വണ്ടിയാണാദ്യം വന്നത്…
നാട്ടിടവഴികളിലെ വെള്ളത്തിൽ ഉരുളങ്കല്ലിട്ട് നികത്തി.
റോഡിന്റെ ആദ്യരൂപം.
പതിയെപ്പതിയെ എല്ലാം മാറി…
നമ്മൾ വേറൊരു ഭൂമിയുണ്ടാക്കി.
ടാർകുടിച്ച് വീർത്ത ഉദരത്തിൽ എല്ലാ നാട്ടിടവഴികളും പൈനാണിപ്പെട്ടിയും റോഡ് വിഴുങ്ങി.
മലമ്പാമ്പിനെ പോലെ വെയിൽ കാഞ്ഞ് കാലത്തിന് കുറുകെ കിടന്നു.
വൻമതിലുകൾ
കുപ്പിച്ചില്ലുകൾ
കമ്പിവേലികൾ.
കൂട്ടു ജീവിതം മതിൽക്കെട്ടിന്റെ അതിര് തിരിച്ച് ഒറ്റപ്പെട്ടു കൊണ്ടിരുന്നു,
പഴയ ഓർമകൾ പേറുന്ന എല്ലാവർക്കും വഴി പിഴച്ചു.
പൈനാണിക്കാരൻ ഹൃദയത്തിൽ കുപ്പിച്ചില്ല് കേറി ചത്തു.
പൊട്ടക്കുറിയന്റെ ഒളിയത്രയും കവർന്ന് സ്വർണ്ണമത്സ്യങ്ങൾ ആസക്തിപൂണ്ട് അക്വേറിയങ്ങളിൽ നീന്തിത്തുടിച്ചു.
കർക്കിടകത്തിന്റെ കാട്ടുപൊന്തകളിൽ പത്തിലക്കറികൾ ശ്വാസം മുട്ടി…
നട്ടിക്കണ്ടതിലെ കുളിയൻ മുക്കു കുത്തി വീണു.
അമ്ലം കുടിച്ച് വളർന്ന കാട്ടു താളുകൾ കുളിയനെ മൂടി.
മുന്നിലെ മോണിറ്ററിൽ നിയോൺ വസന്തം.
കമ്പ്യൂട്ടർ വാതിലുകൾ തുറന്നു…
നിറ നിറ പൊലി… പൊലി…
പൊലു വള്ളി, സൂത്രവള്ളി, വെള്ളില, വട്ടപ്പലം. ആല് , അരയാല്, കാഞ്ഞിരം, മുള.
ഗൂഗിൾ മുത്തച്ഛന് എല്ലാം ഹൃദിസ്ഥം.
എല്ലാം ഭദ്രം.
പക്ഷേ…
മെരുക്കിയ മേഘരൂപന് മദം പൊട്ടി.
ബോധാബോധങ്ങൾ തമ്മിൽ കലർന്നു.
മസ്തകത്തിലെ മഴ നിറച്ച കലശ കുംഭങ്ങൾ
തുളുമ്പി.
നമ്മൾ കവർന്ന വഴിയെല്ലാം മേഘത്തിന്റെതായിരുന്നു.
ബോധം മറഞ്ഞ് സ്വതന്ത്രനായ മഴ അതിന്റെ പ്രാക്തന സ്മൃതിയിലൂടെ സഞ്ചരിച്ചു.
മഴയുടെ സ്വാതന്ത്ര്യത്തെ പ്രളയ ദുരന്തമെന്ന കുറ്റപത്രം വായിച്ച് കേൾപ്പിച്ച് നമ്മൾ വധ ശിക്ഷ വിധിച്ചു.
പ്രളയാനന്തരം
വെയിൽ നനഞ്ഞ് പൈനാണിക്കാരൻ വന്നു.
പെട്ടി തുറന്നു.
കൻമദമൊലിക്കുന്ന സഹ്യാദ്രി ഖണ്ഡം.
ചോരഞരമ്പ് പൊട്ടിയ ചെങ്കൽക്കുന്ന് കടഞ്ഞ് ഒരു കുപ്പി ചാന്ത്..
ഉദരരോഗത്തിൽ കുടൽ പൊട്ടിയ പുഴയെ നൂറ്റെടുത്ത നൂല്…
അമ്ലവും വിഷവും അടിഞ്ഞ കണ്ടത്തിലെ എക്കൽ തൊട്ട് കൺമഷി…
ഋതുദേവന്റെ പൈനാണിപ്പെട്ടി ജീവൽ സമൃദ്ധം.
പ്രകൃതിയെ അണിയിച്ചൊരുക്കാനുള്ള ചമയങ്ങളുടെ പൈനാണിപ്പെട്ടി തുറക്കുകയാണ്… ജീവിതത്തെ അണിയിച്ചൊരുക്കാനുള്ള ചമയങ്ങളുടെ പൈനാണി…
…
…
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
editor@athmaonline.in , WhatsApp : 9048906827
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.