പൈനാണിപ്പെട്ടി
വി.കെ അനിൽകുമാർ
വര ഒ.സി. മാർട്ടിൻ
പൂക്കളിൽ ഏറ്റവും ചന്തം തികഞ്ഞതേതെന്ന ചോദ്യത്തിന് എല്ലാ പൂക്കളും
എന്നു തന്നെയാണുത്തരം.
ഓരോ പൂവിന്നെയും സൂക്ഷിച്ചുനോക്കുമ്പോ ഓരോ പൂവും ഏറ്റവും പാങ്ങുള്ളതാണെന്ന് തോന്നും.
അതിൽ ഏറ്റവും ചന്തമേതെന്നത്
അപ്രസക്തമായ ഒരു വിചാരമാണ്.
എങ്കിലും അങ്ങനെയൊരാലോചന
ഇവിടെ വാക്കോടാവുകയാണ്…
കഴിഞ്ഞ ആഴ്ച നാട്ടിലായിയിരുന്നു.
തൃക്കരിപ്പൂരിൻ്റെ പല വഴികളിലൂടെയും യാത്ര ചെയ്തു. ചങ്ങാതിമാരുടെ വീടുകൾ, തെയ്യക്കാരുടെ വീടുകൾ , കുടുംബാംഗങ്ങളുടെ വീടുകൾ അങ്ങനെ പലേടത്തും പോയി.
ഇടക്കു നാട്ടിലെത്തുമ്പോൾ ഇങ്ങനെ പ്രിയപ്പെട്ടവരെയൊക്കെ കാണാൻ പോകും.
നാടുവിട്ടു നില്ക്കുന്നവരുടെ സങ്കടങ്ങൾ പലതാണ്
ബന്ധുക്കൾക്കും മിത്രങ്ങൾക്കും പുറമെ
പ്രിയതരമായ പലതുമുണ്ട് തൃക്കരിപ്പൂരിൻ്റെ ഊടുവഴികളിൽ….
പഴയ ഇടവഴികളൊ നടവഴികളൊ നടവരമ്പുകളോ കയ്യാലകളോ
ഒന്നും ഇന്ന് ശേഷിക്കുന്നില്ല.
കയ്യാലയെന്ന വാക്കുകൂടി
കയ്യാലകടന്നു ചാടി.
തൃക്കരിപ്പൂരിലെ ഒരേയൊരു കയ്യാലയുണ്ടായിരുന്നത് മുക്കിലെ ബസ് സ്റ്റോപ്പിൽ നിന്നും വീട്ടിലേക്കുള്ള നീണ്ട വഴിയിലായിരുന്നു.
കുഞ്ഞമ്പു മാഷുടെ കയ്യാല
പുരാതന ഗ്രീസിനെ ഓർമ്മപ്പെടുത്തി.
ഇപ്പോ അതുമില്ല.
എങ്കിലും അടർന്നുവീഴാത്ത ഓർമ്മയുടെ മണ്ണടര് പോലെ
പോയ കാലത്തിൻ്റെ
ഫോസിൽരൂപകമായി കയ്യാലയുടെ അസ്ഥികൾ ഇപ്പോഴും നിലനില്ക്കുന്നുണ്ട്.
പണ്ടത്തെ നീണ്ട ഇടവഴി ഇപ്പോ തിരക്കുള്ള റോഡാണ്. ഇരുവശങ്ങളിലും മതിൽക്കെട്ടുകളും വലിയ വലിയ വീടുകളുമാണ്.
പക്ഷേ ഇത്തവണ വീട്ടിലേക്ക് നടക്കുമ്പോഴാണ്
അത് ശ്രദ്ധയിൽ പെട്ടത്.
റോഡും മതിലും കവർന്ന മണ്ണിൻ്റെ ഇത്തിരി വട്ടങ്ങളിൽ നിറയെ കിളിയെണ്ണികൾ പൂത്തിരിക്കുന്നു…
തഴച്ചു പടരുന്ന പച്ചയുടെ പടുതകളിൽ പൂക്കെട്ടിമുടി ചൂടിയ കിളിയണ്ണിയെ കൊതിയോടെ നോക്കിനിന്നു.
ഒരേ ബെഞ്ചിലിരുന്ന് പഠിച്ച കൂച്ചിനെ
കുറേ കാലത്തിന് ശേഷം കണ്ട പോലെയായിരുന്നു.
നാടുവിട്ട് പത്തിരുപത്തിനാല് വർഷമായെങ്കിലും കിളിയെണ്ണി ഒറ്റ നോട്ടത്തിൽ പഴയ കളിക്കൂട്ടുകാരനെ തിരിച്ചറിഞ്ഞു.
എന്തുനല്ല ചങ്ങാതിമാരായിരുന്നു ഞങ്ങൾ.
കൂച്ചുകെട്ടി നടന്ന പോയ കാലം
കിരീടം ചൂടി മുന്നിൽ വിളങ്ങുന്നു….
തൃക്കരിപ്പൂരിന്റെ ഊടുവഴികളിൽ പലേടത്തും
ചുവപ്പിന്റെ ഗോപുരങ്ങളെഴുന്നു നില്ക്കുന്നത് കണ്ടു.
കിളിയെണ്ണി
എന്ന് തൃക്കരിപ്പൂരിലെ പഴമക്കാർ വിളിച്ച പേരാണ്.
കൃഷ്ണകിരീടം, ഹനുമാൻകിരീടം എന്നിങ്ങനെയുള്ള കിരിടധാരണങ്ങളും പുതിയ കാലത്തുണ്ടായി.
അമ്മ കിളിയെണ്ണി എന്ന് മാത്രം ഈ പൂക്കളെ വിളിച്ചു.
കൃഷ്ണകിരീടമൊ ഹനുമാൻകിരീടമോ അമ്മമാരുടെ തലയിലുറച്ചില്ല.
കടൽ കടന്നു വന്ന കൃഷ്ണനും ഹനുമാനും സകലതും കവർന്ന കൂട്ടത്തിൽ കിളിയണ്ണിയെന്ന പേരിനെയും അപഹരിച്ചു.
കിളിയെണ്ണിയെന്ന രുചിരാംഗി…
ഹൊ …എന്തൊരു നിർമ്മിതിയാണിത്.
കിളിയെണ്ണിക്ക് സമം കിളിയെണ്ണി മാത്രം.
രുധിരവർണ്ണം കൊണ്ടിങ്ങനെയൊരു
പടുത എങ്ങനെയാണ് സാധ്യമാകുന്നത്.
ഈ ശോണ ശൃംഗങ്ങളിലേക്ക് നോക്കിക്കൊണ്ടിരിക്കുമ്പോൾ വല്ലാത്ത അത്ഭുതമാണ്.
പൂക്കാവടികൾ തലയിലേന്തിയ ഒരു കുഞ്ഞു ചെടി നുറുകണക്കിന് പൂക്കളെയാണ് ഉടലിൽ പേറുന്നത്.
പൂക്കളിൽ ഏറ്റവും ഹൃദയഹാരിയായ പൂവ് കിളിയെണ്ണിയെന്ന് നിസ്സംശയം പറയും.
പച്ചയുടെ ഇരുണ്ട പടർച്ചകളിലെ
ഈ പിരമിഡുകൾ ഓർമ്മകളുടെ കുടീരങ്ങൾ കൂടിയാണ്.
ഓരോ പൂവും ഓരോ ഓർമ്മയാണ്
ഓരോ നൊമ്പരമാണ്.
ചോര വീഴ്ത്തിയ രണസ്മാരകങ്ങൾ പോലെ
കാട്ടുപൊന്തകളിൽ കിളിയെണ്ണിയുടെ
അരുണ സ്തൂപികകൾ…
ഇനി വരില്ലെന്ന് പറഞു പടിയിറങ്ങിയവർ തിരികെ വന്നതു പോലെയായിരുന്നു കിളിയെണ്ണിയുടെ പ്രത്യക്ഷപ്പെടൽ
സിന്ദൂരമഞ്ജരികളുടെ സ്തൂപരൂപങ്ങളാൽ
അത് പൂവായ പൂവുകളെയൊക്കെ നിഷ്പ്രഭമാക്കി…
” ആരുമെത്തി നോക്കാത്ത പറമ്പുകളുടെ മുക്കിലും മൂലയിലും കുങ്കുമരാഗങ്ങളിലാറാടി
നിങ്ങളുടെ തോട്ടത്തിലെ ഏതു പൂവിനെക്കാളും
ഭംഗിയുണ്ടായിരുന്നു എനിക്ക്
എന്നിട്ടും ഉദ്യാനങ്ങളിൽ എന്നെ പ്രവേശിപ്പിച്ചില്ല
നിങ്ങളുടെ കാവ്യ വൃന്ദാവനങ്ങൾക്ക് പുറത്ത് എൻ്റെ കുംഭഗോപുരങ്ങളുയർന്നു.”
കിളിയെണ്ണിയുടെ ആത്മഗതങ്ങൾ കാറ്റിലുലഞ്ഞു…
കിളിയണ്ണിയൂടെ പടർച്ചകളിൽ മനം നിറഞ്ഞു.
കുട്ടിക്കാലത്തെ കിളിയണ്ണി ക്കാടുകൾ
വീണ്ടും വീണ്ടും കണ്ടു.
എട്ത്ത്ങ്ങാൽ വിട്ടിൽ. പാലാളിലെ കണ്ടത്തിൽ
അങ്ങേവീട്ടിൻ്റെ പുറകുവശത്തെ മുള്ളുകൾ പടർന്ന കുടുക്കിൽ
പേലവമേനിയിൽ കനവുകൾ കനത്തു…
കിളിയെണ്ണിയുടെ തണുപ്പിൽ മണ്ഡലികൾ വയറൊഴിഞ്ഞു
കിളിയെണ്ണിയുടെ ചതുപ്പിൽ
വളയിപ്പാൻ ഇണചേർന്നു
പൂക്കൾ കുരുസി കലക്കിയ മണ്ണിലെ
ആഭിചാരങ്ങളെ കൂട്ടികൾ ഭയന്നു.
കിളിയെണ്ണിയുടെ കാവടിയാട്ടങ്ങളായിരുന്നു…
അതിൽ താളം പിടിച്ച ബാല്യകൗമാരങ്ങൾ….
കിളിയണ്ണിയുടെ മറ്റൊരു പ്രത്യേകത ഏകാന്തത അതിന് സഹിക്കാനാകുന്നതല്ല എന്നതാണ്.
കൂട്ടമായിപ്പടർന്ന് കൂട്ടാമായ് ചമഞ്ഞ് അതിൻ്റെ ഗോത്രവീര്യത്തെ സദാ ഉദ്ഘോഷിച്ചു.
താഴ് വര തടങ്ങളിലുല്ലസിക്കുന്ന കരിനികരങ്ങൾ പോലെ
പൊയ്കയിൽ മദിക്കുന്ന സൈരിഭസംഘങ്ങളെ പോലെ
പുൽമേടുകളിൽ മേഞ്ഞു നടക്കുന്ന
മാൻ കൂട്ടങ്ങളെ പോലെ
സംഘചാരുതയിൽ തങ്ങളുടെ ഗോത്രപ്പഴമകളെ കിളിയണ്ണികൾ കാത്തു…
നേരം തെറ്റിയ നേരത്തും പൂമുടി കമിച്ച്
തൊണ്ടച്ചൻ തെയ്യത്തിനെ പോലെ
കിളിയെണ്ണികൾ വാക്കോടായി
കൈകൂപ്പി കാലങ്ങളെ മറിക്കുന്ന ദൈവരൂപിയുടെ മുന്നിൽ മൗനിയായി
മൺമറഞ്ഞു പോയവർ തൊണ്ടച്ചൻ്റെ
പൂമേനിയിൽ ശേഷിപ്പെടുന്നു
ഒരൊറ്റ ശരീരം കൊണ്ട് പോയ്പ്പോയവരെയൊക്കെയും തിരികെ വിളിക്കുന്നു….
…
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.