പൈനാണിപ്പെട്ടി
വി.കെ അനിൽകുമാർ
വര: വിനോദ് അമ്പലത്തറ.
അയാൾ ആരോടും ഒന്നും സംസാരിച്ചില്ല.
എല്ലാ സംസാരവും സ്വന്തം ഉള്ളിലേക്കുനോക്കി മാത്രമായിരുന്നു.
വാക്കും വരയുമാണ് ഔലിയയുടെ ലോകം.
അയാൾ മറ്റൊന്നും കണ്ടില്ല.
മറ്റൊന്നും പറഞ്ഞില്ല.
കണ്ടുകണ്ട് തീരാത്തത്രയും വാക്കും വരയും നിനവും നോവും സ്വന്തം ഉള്ളിലുള്ളപ്പോൾ
പുറത്തെ ലോകത്തോട് അയാൾക്ക് എന്താണ് പറയാനുള്ളത്.
ഔലിയ തൃക്കരിപ്പൂരിന്റെ എല്ലാ നിഗൂഢതകളും പേറി നടന്ന മനുഷ്യനായിരുന്നു.
ഒരിക്കൽ പോലും ആർക്കും
മുഖം കൊടുത്തില്ല…
കുട്ടിക്കാലത്തെ ഏറ്റവും സംഭ്രമം നിറഞ്ഞ കാഴ്ചയായിരുന്നു ഈ മനുഷ്യൻ.
തങ്കയം സ്കൂളിന്റെ മുന്നിൽ എന്നും
എപ്പോഴും ഈ മനുഷ്യനെ കാണാം.
എല്ലാ ദിവസവും സ്കൂളിന് മുന്നിലെ ചരൽ നിരത്തിനപ്പുറം
വലിയ മാവിന്റെ ചുവട്ടിൽ
മുണ്ടമുള്ളുകൾ നിറഞ്ഞ കയ്യാലയ്ക്കടുത്ത് ഔലിയ അബ്ദുൾറഹിമാനെ കാണാം.
മുഷിഞ്ഞ ലുങ്കി.
മുഷിഞ്ഞ അരക്കയ്യൻ കുപ്പായം.
മുഷിഞ്ഞ തലീക്കെട്ട്
മുഷിഞ്ഞ തുണികൊണ്ട് പുതപ്പ്
കയ്യിലൊരു വടി
അല്പം മാത്രം വളർന്ന
മുഷിഞ്ഞ താടിയും മീശയും
വട്ടമുഖം മാത്രം മുഷിഞ്ഞില്ല.
അത്രയും ശാന്തമായിരുന്നു മുഖം.
ഈ മനുഷ്യനെ നോക്കി എത്രയോ സമയങ്ങളിൽ ഇരുന്നിട്ടുണ്ട്.
ഔലിയ ആരെയും ഉപദ്രവിച്ചിരുന്നില്ല.
എപ്പോഴും ശബ്ദം പുറത്ത് കേൾപ്പിക്കാതെ സംസാരിച്ചുകൊണ്ടിരിക്കും.
ചുണ്ടനങ്ങുന്നത് മാത്രം കേൾക്കാം.
സംസാരിക്കുന്നതിനനുസരിച്ച് കയ്യുകൾ വായുവിൽ ചലിച്ചു കൊണ്ടിരിക്കും.
തങ്കയം സ്കൂൾ പരിസരം കഴിഞ്ഞാൽ ഔലിയ നീലംബത്തേക്ക് നടക്കും.
തങ്കയം മുക്കിലും നീലംബത്തും ആൾത്തിരക്കില്ലാത്ത ഒഴിഞ്ഞ ഇടങ്ങളിൽ
അയാളുണ്ടാകും.
നീലംബത്തെ പഴക്കമേറിയ ചുമരുകളിൽ തനിക്ക് കിട്ടുന്ന അജ്ഞാത സന്ദേശങ്ങൾ അയാൾ കോറി വരച്ചു.
പഴയ കെട്ടിടങ്ങളുടെ ചുമരുകളിലും മതിലിന്റെ ഭിത്തികളിലും ഔലിയ തന്നെത്തന്നെ വിനിമയം ചെയ്തു.
അത് ഔലിയയുടെ ലോകത്തോടുള്ള ആയത്തുകളായിരുന്നു….
ഔലിയയുടെ വിശുദ്ധ സൂക്തങ്ങൾ
നമ്മുടെ ദേശത്തിന്റെ
മായ്ക്കപ്പെട്ടുപോയ
ശിലാലിഖിതങ്ങളാണ്.
അതിന്റെ തിരുശേഷിപ്പുകളായി ഇന്ന് ഓർമ്മകൾ മാത്രം …
പോയകാലത്തെ നീലംബത്തെ പഴകിയ ഭിത്തികളിൽ ഔലിയ സ്വന്തം തിരുവചനങ്ങൾ എഴുതിവെച്ചു.
കരിക്കട്ട കൊണ്ടുള്ള വൃത്തത്തിനകത്ത് അയാൾക്ക് മാത്രം ഡീകോഡ് ചെയ്യാൻ പറ്റുന്ന അക്ഷരങ്ങളെ വിന്യസിച്ചു.
നമുക്ക് വായിച്ചെടുക്കാവുന്ന വിധമല്ല അയാൾ വാക്കുകളെ ക്രമപ്പെടുത്തിയത്.
അക്ഷരങ്ങൾ വരിയും നിരയും തെറ്റുമ്പോഴും
അതിലെ അർത്ഥങ്ങൾ നിർവീര്യമാകുന്നില്ലെന്ന്
കറുത്ത വൃത്തങ്ങൾക്കുള്ളിലെ
നിലതെറ്റിയ
കലിമകൾ പറഞ്ഞു….
ഓരോ എഴുത്തിനും കാവലായി ഒരു മൃഗത്തെയും അയാൾ സൃഷ്ടിച്ചു.
വീർത്തവയറും നീണ്ട കഴുത്തുമുള്ള ഒരു മൃഗം.
കണ്ടാൽ കഴുതയെപ്പോലെ തോന്നുമെങ്കിലും
അത് കഴുതയായിരുന്നില്ല.
നീണ്ട കഴുത്തുയർത്തി ഔലിയയുടെ
കലാമുകൾക്ക് അത് കാവലിരുന്നു.
നീലംബത്തിന്റെ ആരവങ്ങളൊഴിഞ്ഞ ചുവരുകളിൽ കരിക്കട്ട കൊണ്ട് വരച്ചിടുന്ന അക്ഷരങ്ങളായി ഔലിയ ശേഷിപെട്ടു.
ഒരുരാത്രിയിൽ ലോകത്തിന്റെ ദു:ഖത്തിലേക്ക് വീടുവിട്ടിറങ്ങുന്ന ദർവീശുകളെ പോലെ നമ്മുടെ യുക്തി കൊണ്ട് തെളിച്ചപ്പെടുത്തിയെടുക്കാൻ പറ്റാത്ത ചില മനുഷ്യർ ഓരോ ദേശത്തുമുണ്ടാകും.
പലനിലയിലും ഒറ്റപ്പെട്ടുപോകുന്നവർ
അലഞ്ഞു തിരിയുന്നവർ..
സങ്കടത്തോടെയും അലിവോടെയും മാത്രം കാണേണ്ടുന്നവർ.
ഓരോ ദേശത്തിന്റെയും ഉള്ളംനീറ്റുന്ന കാഴ്ചയാണ്
അവർ.
അവർക്ക് മാത്രം ലഭിക്കുന്ന സന്ദേശങ്ങളെ
പല പ്രകാരത്തിലാകും സാക്ഷ്യപ്പെടുത്തുന്നത്.
എഴുത്തിന്റെയും വരയുടേയും വഴികളിലാണ്
ഔലിയ അബ്ദുൾറഹിമാൻ
സ്വയം അടയാളപ്പെട്ടത്…
തലീക്കെട്ടും അരക്കയ്യൻ കുപ്പായവും
പുറം മൂടിക്കെട്ടിയ പുതപ്പുമായി
കയ്യിൽ കരിക്കട്ടയുമായി ഔലിയ ചുമരുകൾ തേടി.
പോയകാലത്തെ നീലംബത്തുകാർക്ക് ഔലിയയുടെ വാക്കും വരയും കടന്നു പോകാതിരിക്കാനാകില്ല.
ആളൊഴിഞ്ഞ ഏതെങ്കിലും ചുവരിന്റെ എകാന്തതയിൽ നീലംബത്തിൻ്റെ ഫക്കീർ വാക്കും വരയുമായെത്തി.
കരിക്കട്ട കൊണ്ടുള്ള എഴുത്തുകൾക്ക് പുറമെ വഴിയിൽ നിന്നും കളഞ്ഞുകിട്ടുന്ന ബോൾപെൻ കുഴലുകൾ കൊണ്ട് നിലത്ത് നിന്നും പെറുക്കിയെടുക്കുന്ന കടലാസുകളിൽ
20 രൂപയുടെ ഒറ്റനോട്ടുകൾ വരച്ചു.
പല സ്ഥലങ്ങളിലും പതിച്ചുവെച്ചു.
ചുകപ്പും കറുപ്പും നീലയും മഷികളിൽ
അയാൾ കറൻസികൾ വരച്ചുകൊണ്ടേയിരുന്നു
ജീവിതത്തിൽ തനിക്കൊരിക്കലും ആവശ്യമില്ലാതിരുന്ന പണം…
വർഷങ്ങൾ കഴിഞ്ഞു.
പഴയ കാഴ്ചകൾ പുതിയ കാഴ്ചകൾക്ക് വഴിമാറി.
നീലംബം ബസാർ തൃക്കരിപ്പൂർ പട്ടണമായിക്കഴിഞ്ഞിരുന്നു.
അപ്പോഴും ഔലിയ തനിക്ക് മാത്രം കേൾക്കാനായി മലക്കുകൾ ഓതുന്ന കലാ മുകൾക്ക് കാതോർത്തു.
കരിക്കട്ടയും വാക്കുകളുമല്ലാതെ
പുതിയ കാലത്ത് ഒഴിഞ്ഞ ഭിത്തികൾ അയാൾക്ക് മാത്രമായി ഉണ്ടായിരുന്നില്ല.
വാക്കുകളെയും വയർ വീർത്ത മൃഗത്തെയും
കരിക്കട്ടയിൽ ആവാഹിച്ച് ഔലിയ ചുവരുകൾ തേടിയലഞ്ഞു….
പുതിയ കാലം ഔലിയയെ ഉൾക്കൊള്ളാനാകാതെ നിസ്സഹായമായി.
കാലങ്ങളുടെ കലങ്ങിമറിച്ചിലുകൾക്ക് സാക്ഷിയായി അയാളുടെ യാത്രകൾ തുടർന്നു…
അലച്ചിലുകളുടെ അവസാനം
അവസാനത്തെ കരിക്കട്ടയിലെ
നിറമില്ലായ്മയിൽ
ഔലിയയുടെ സങ്കടങ്ങളടങ്ങി
അഗതിമന്ദിരത്തിലെ ഇരുളിൽ
ഔലിയയുടെ വാക്കും വരയുമൊടുങ്ങി….
…