പൈനാണിപ്പെട്ടി
പെയിൻ്റിങ്ങ് ഇ. എൻ. ശാന്തി
ഇരുണ്ട മാനം.
മേടപ്പെയ്ത്തിൻ്റെ അതിവിളംബിതകാലം.
മണ്ണും മാനവും മഴയുടെ ലളിത രാഗങ്ങളെ ചിട്ടപ്പെടുത്തി
സംഗീത യന്ത്രങ്ങൾക്ക് ശ്രുതി ചേർക്കുന്നു.
ഭൂമിയിലും ആകാശത്തിലും ശബ്ദ പരിശോധന നടത്തുന്ന മേടഋതുവിൻ്റെ മന്ത്രിക വിരലുകൾ
മഴയുടെ തോർച്ചകൾക്കു മുന്നം
മനസ്സു തോരുന്നു.
അടച്ചിടപ്പെട്ട കാലം
അടച്ചിടപ്പെട്ട ദേശം
എവിടെയും പോകാനില്ല.
രോഗം മാത്രം
സർവ്വ സ്വാതന്ത്ര്യത്തോടെയും വെളുക്കെ ചിരിച്ച് പുറത്തിറങ്ങി നടക്കുന്നു.
കണ്ടെയ്ൻമെൻറ് സോൺ
വല്ലാത്ത പ്രയോഗം തന്നെ.
ഇതിന് മുൻപ് ഇങ്ങനെയൊന്നില്ലായിരുന്നുവല്ലോ…
എത്രയോ പ്രിയപ്പെട്ടവരെ മരണം കവർന്നു.
ഇനിയത്തെ ഊഴം ആരുടേതുമാകും.
ഭീതി
നിസ്സംഗത
മഴത്തുള്ളികൾ അങ്ങിങ്ങായി വീണുതുടങ്ങി…
വേനലിലെ മഴ മേഘങ്ങളുടെ
ഇരുൾച്ചയോളം ഉള്ളുരുക്കം
വേറൊന്നും തന്നിട്ടില്ല.
സമ്മതമില്ലാതെ കടന്നു വരുന്ന കാലവും ദേശവും…
ഓരോ മഴത്തുള്ളികളിൽ നിന്നും പോയകാലത്തെ പല പല കാഴ്ച്ചകൾ മുങ്ങി നിവർന്നു….
നാല്പത് വർഷങ്ങൾക്കപ്പുറത്തെ അതേ കണ്ടം.
പൊലിമകളിൽ മതിമറന്ന ബാല്യം
കളിമ്പങ്ങൾ കണ്ടത്തിലെ കളിക്കൂട്ടുകാർ
പക്ഷികൾ മൃഗങ്ങൾ …
വേനലിൻ്റെ നൊമ്പരങ്ങൾ…
മഴയുടെ രാഗങ്ങൾക്കായി കമ്പി മുറുക്കുന്ന മേടം
മുറുകുന്ന മേഘപെരുമ്പറത്തുകൾ..
വിയർത്ത കണ്ടത്തിൻ്റെ അടിവയറ്റിലെ ആസക്തി.
ചൂടും തണുപ്പും നുകർന്ന് അരക്കെട്ടുലർന്ന മൺവീറ്
കാനൽത്തുള്ളികളിലെ
വേനൽ സ്ഖലിതങ്ങൾ
പുതുമഴയിലെ പിറവി.
വീടിന് മുന്നിലെ കണ്ടങ്ങളിൽ
അത്തുദിക്കും വരെ പണിയെടുക്കുന്ന അമ്മമാർ
കട്ടക്കൊയ്യ കൊണ്ട് കണ്ടത്തിലെ മൺകട്ടകൾ ഒരേ താളത്തിൽ പൊട്ടിച്ച് നിരപ്പാക്കുന്നു.
മുട്ടോളമെത്തുന്ന മുണ്ടുടുത്ത് അച്ഛൻ
കണ്ടത്തിലുണ്ട്.
കയ്യിലെ കൂട്ടയിൽ നെൽവിത്ത് നിറച്ചിട്ടുണ്ട്.
വിത്തുകൾ പച്ചയുടുത്ത പാടങ്ങളുടെ മുക്തകങ്ങളാണ്.
നാളത്തെ അവസാനമില്ലാത്ത പാട്ടിലെ അക്ഷരങ്ങളുടെ ഭ്രൂണ രൂപങ്ങൾ
വാക്കിൻ്റെ വേര് പൊട്ടിത്തെഴുക്കൽ…
അല്ലിക്കണ്ണൻ
തവളക്കണ്ണൻ
ചിറ്റേനി
മുണ്ടോൻ
തൗവ്വൻ
വെളുത്തകയമ
ചോന്ന കയമ
ചെന്നെല്ല്
തൊണ്ണൂറാൻ
കൊട്ടമ്പാളയും തെരുവൻ മുണ്ടുമുടുത്ത
നെൽ വിത്തുകളുടെ വിയർപ്പിറ്റിയ നാടൻ ശരീരങ്ങൾ…
ഇനിയും മഴ പെയ്തില്ല.
മുറ്റത്തെ ആകുലതകളിൽ ഇരിക്കുകയാണ്.
പുതിയ കാലം പഴയ കാലത്തിൻ്റെ ശവപ്പുരകളാണോ…
ഓർമ്മകൾ കാലത്തിൻ്റെ പെട്ടകത്തിലടക്കിയ ഈജിപ്ഷ്യൻ മമ്മികളാണ്.
മരണത്തിൻ്റെ മാനം കറുത്തിരുളുമ്പോൾ
പെട്ടകങ്ങൾ സ്വയം തുറന്ന് ഓർമ്മകളുടെ അടക്കങ്ങൾ പുറത്തെടുക്കുന്നു.
ഒളിമങ്ങാത്ത തൈലത്തിൽ ഉണക്കി സൂക്ഷിച്ച
സ്ഥലകാലങ്ങളുടെ ദൃശ്യപ്പൊലിമകൾ.
ഉള്ളുരുക്കത്തോടെ മാത്രം ഇന്ന് നോക്കിക്കാണാനാകുന്ന കാഴ്ചകൾ.
കണ്ടവും കാലിയും മനുഷ്യനും കാറ്റും മഴയും വെയിലും സങ്കടങ്ങളും
പാരസ്പര്യത്തിൻ്റെ ഒരേ ജീവിതത്തുടർച്ചകൾ…
മേടവിഷു കിഴക്കിൻ്റെ മേടയിൽ ചുവപ്പിൻ്റെ പൂർണ്ണവ്യത്തം വരച്ചു
പുതുവർഷപ്പുലരിയിൽ തുടുത്തസൂര്യൻ വീട്ടുമുറ്റത്ത് വഴുതിവീണു
വീണു കിടക്കുന്ന പുലരിത്തുടുപ്പിനെ വാരിയെടുത്ത് വിത്തുകുട്ടയിൽ നിറച്ച് കൈക്കോട്ടുമായി അച്ചൻ കണ്ടത്തിലിറങ്ങി
മേടം ഒന്നിനാണ് പൊഴുത് കൊള്ളേണ്ടത്.
ഉദിമാനത്തെ ചുവപ്പ് തൊട്ട് ചെയ്യുന്ന സത്യമാണ് പൊഴുത് കൊള്ളൽ.
പ്രകൃതിക്ക് കൊടുക്കുന്ന വാക്കിൻ്റെ ഉറപ്പ്.
കൈക്കോട്ട് കൊണ്ടെഴുതി വിത്തു കൊണ്ട് ചാർത്തുന്ന ജീവൻ്റെ മുദ്ര
മേടം ഒന്നിന് കണ്ടത്തിൻ്റെ മൂലകൊത്തി വിത്തെറിഞ്ഞ് പൊഴുത് കൊണ്ട മനുഷ്യൻ്റെ നീതിയെപ്പറ്റി ഈ ഇരുളിൽ ആരോടാണ് പറയേണ്ടത്.
മനുഷ്യനൊപ്പം മേടപ്പുലരിയിൽ കണ്ടത്തിലിറങ്ങിയ എരുതുകളുടെ നീതി…
അച്ഛനും കണ്ടവും എരുതുകളുമില്ലാത്ത ലോകത്ത്
പൊഴുത് കൊള്ളൽ എന്ന വാക്കിൻ്റെ വിത്ത്
കുത്തിയുണ്ണുന്ന പുതുകാലം….
ഇനിയും മഴ പെയ്തില്ല..
അങ്ങിങ്ങായി മഴത്തുള്ളികളുടെ ദുർബ്ബലമായ സാമീപ്യം.
മാനം ഇരുണ്ടു കൊണ്ടേയിരുന്നു.
മരണത്തിൻ്റെ ലോകത്ത്
വിത്ത്
ജീവൽ സമൃദ്ധിയുടെ ഭ്രൂണമാണെന്ന്
ആരാണ് പറഞ്ഞത്.