പൈനാണിപ്പെട്ടി
വി.കെ.അനിൽകുമാർ
പെയിൻ്റിങ്ങ് : രാജേന്ദ്രൻ പുല്ലൂർ
നമ്മുടെ ജീവിതത്തിലെ എന്തൊക്കെ കാര്യങ്ങളാണ് നാം ഓർത്തുവെക്കുക.
ഓർത്തുവെക്കാനും ഓർത്തെടുക്കാനും മാത്രം ജീവിതം എന്തൊക്കെയാണ് നമുക്കായി കരുതിവെക്കുന്നത്.
അതിനും മാത്രമുള്ള ജീവിതമൊക്കെ
നമുക്കിന്നുണ്ടോ.
ഓരോ മനുഷ്യൻ്റെയും ഓർത്തുവെക്കലും ഓർഞ്ഞടുക്കലും ഓരോ പ്രകാരമല്ലേ….
അങ്ങനെ മെയ് മാസം കഴിഞ്ഞു.
ജൂൺ മഴയും വന്നു.
സ്കൂൾ ഇല്ലാത്തത് കൊണ്ട് കുട്ടികൾ മഴവന്നതറിഞ്ഞില്ല.
മോൻ ഒൻപതാം ക്ലാസ്സുകാരനായി.
പൂവനും പെടയും തിരിയുന്ന പ്രായം എന്ന് അമ്മ പറയും.
ശബ്ദത്തിനൊക്കെ മാറ്റം വരുന്നു.
ശരീരത്തിൽ രോമം മുളയ്ക്കുന്ന പ്രായം.
പക്ഷെ കളിയും പ്രകൃതവും കാഴ്ചയുമൊക്കെ
മുതിർച്ചയുടേതല്ല.
പൈസയെടുത്ത് നെരത്തുമ്മ പോയി നൂറ് പരിപ്പുവാങ്ങിച്ചുകൊണ്ടുവരാനറിയില്ല.
കുളിച്ചു കഴിഞ്ഞാൽ ഇടേണ്ടുന്ന
ത്രീഫോർത്തും ടീഷർട്ടും അച്ഛനോ അമ്മയോ എടുത്തുകൊടുക്കണം.
ഒരു മോനെയുള്ളു.
വളർത്തുദോഷമായിരിക്കും.
തൃക്കരിപ്പൂർ വീട്ടിൽ
ഞങ്ങൾ ഏട്ടന്മാരും ഏട്ടിമാരും അനിയത്തിയും കൂടി ഏഴു പേരായിരുന്നു…
അതൊക്കെ പഴയ കാലം.
പഴയ ജീവിതം.
ഒൻപതാം ക്ലാസ്സെന്നത് വല്ലാത്ത ഒരു സംഗതിയാണ്.
അപ്പുറമോ ഇപ്പുറമോ എന്ന് തീരുമാനിക്കുന്ന പ്രായമാണത്.
ബാല്യവും കൗമാരവും ചാടിക്കടക്കുന്ന പ്രായം.
പുവനും പെടയും തിരിയുന്ന പ്രായം എന്ന് പഴമക്കാർ പറയുന്നത് വെറുതെയല്ല.
അത്ര വരെ നമ്മൾ ആൺ പെൺ വ്യത്യാസമില്ലാത്ത കുട്ടിയാണ്.
ഇരുപക്ഷക്കാർക്കും ഒരു പോലെ സ്വീകാര്യൻ.
പക്ഷെ ഒൻപതിലെത്തുന്നതോടെ നമ്മൾ ഒരു വഴിയുടെ അവസാനത്തിലെത്തുന്നു.
അവിടെ നിന്നും വഴിതിരിഞ്ഞേ പറ്റൂ.
പുരുഷത്വത്തിൻ്റെ അംഗത്വം എടുത്തേ പറ്റൂ….
നമ്മളിലെ പുരുഷനെ സ്ഥാപിച്ചെടുക്കാൻ,
വയസ്സറീച്ച പൗരുഷം നാലാളെ കാണിക്കാൻ അന്ന് ഏറ്റവും ശക്തമായ മാധ്യമമായിരുന്നു മുണ്ട്.
അന്ന് വസ്ത്രത്തിൽ തെരഞ്ഞെടുപ്പൊന്നുമില്ല.
വസ്ത്രം മാറിയേ പറ്റൂ.
അതുവരെ ട്രൗസറാണ് വേഷം.
പാൻ്റിടുന്നതൊക്കെ അത്രയും പരിഷ്കാരികൾ മാത്രം.
സ്ക്കൂളിൽ യൂണിഫോമൊന്നുമില്ല.
എല്ലാവർക്കും അവരവരുടെ യുണിഫോം
മുണ്ടാണ് നായകൻ.
അതെ മുണ്ടിനെ കുറിച്ചാണ്
മുണ്ടുടുപ്പിൻ്റെ സൂക്ഷ്മ രാഷ്ട്രീയത്തെ കുറിച്ചാണ്.
നിവർത്തി വിരിച്ചിട്ട വെള്ളമുണ്ടിന് അത്രയും സ്വകാര്യതകൾ പങ്കുവെക്കാനുണ്ട്.
നിങ്ങളോർക്കുന്നില്ലേ ആദ്യമായി മുണ്ടുടുത്ത്
സ്ക്കൂളിൽ പോയ ദിനം.
നിങ്ങൾ അത് ഓർക്കാറില്ലെങ്കിലും നിങ്ങൾക്കത് മറക്കാനാകില്ല.
അന്ന് വലുതാകാനാഗ്രഹിച്ച
നമ്മൾ കുട്ടികൾ ചെയ്യുന്നത് അച്ഛൻ്റെയോ ഏട്ടൻ്റെയോ മുണ്ടുടുക്കുക എന്നതാണ്.
മുതിർന്നവരാരും കാണാതെ കളികൾക്കിടയിൽ ഞങ്ങൾ കുട്ടികൾ മുണ്ടുടുത്ത് സ്വയം മുതിർന്നു.
മുണ്ടുടുത്തു കഴിഞ്ഞാൽ നമ്മളറിയാതെ തന്നെ വലിയാളായതായി നമുക്ക് തോന്നും.
ഉടുപ്പും നടപ്പും മനസ്സും മാറും.
സ്ക്കൂളിൽ മുണ്ടുടുത്ത് പോകുന്നതായി മനക്കോട്ട കെട്ടും.
അതൊരു വലിയ കാര്യമായി മനസ്സിൽ കൊണ്ടുനടക്കും.
ഒൻതിലോ പത്തിലോ എത്തുമ്പോൾ ആൺകുട്ടികൾ മുണ്ട് ചിറ്റിയ ചേകോന്മാരായിട്ടുണ്ടാകും…..
മോൻ്റെ ഒൻപതാം ക്ലാസ്സാണ് ഇങ്ങനെയുള്ള ആലോചനകളിലേക്കെത്തിച്ചത്….
വർഷങ്ങൾക്കപ്പുറത്തെ അതേ ഒൻപതാം ക്ലാസ്സ് വീണ്ടും കാണുകയാണ്.
സ്കൂൾ തുറക്കുന്ന ദിവസം.
രാവിലെ തന്നെ ട്രൗസറും കുപ്പായവുമിട്ട് സ്കൂളിൽ പോകാൻ തയ്യാറായി.
അഞ്ചു മുതൽ പത്തുവരെ പഠിച്ചത് തൃക്കരിപ്പൂർ ഹൈസ്ക്കൂളിലാണ്.
സ്കൂളിൽ പോകാനായി കുളിച്ച് റഡിയായി.
അങ്ങേ വീട്ടിലെ സുമയെ കാത്തിരിക്കുകയാണ്.
ഒന്നു മുതൽ പത്തുവരെ ഞങ്ങൾ ഒരുമിച്ചാണ് സ്ക്കൂളിൽ പോയത്.
ഞങ്ങൾ രണ്ടു പേരും ഒരേ ശരീരപ്രകൃതം.
അവൻ കണ്ടത്തിലൂടെ പുസ്തകക്കെട്ടും തോളത്ത് വെച്ച് നടന്നുവരുന്നുണ്ട്.
മുണ്ടുടുത്തിട്ടാണ് വരുന്നത്.
നീളവും തടിയുമൊക്കെ കുറവായതിനാൽ അടുത്ത കൊല്ലം മുണ്ടുടുത്താൽ മതി എന്നാണ് തീരുമാനിച്ചത്.
അവൻ മുണ്ടുടുത്ത് കണ്ടപ്പോൾ അകത്ത് പോയി ഏട്ടൻ്റെ ഡബിൾ മുണ്ടെടുത്ത് ചുറ്റി സ്കൂളിലേക്ക് നടന്നു.
അത്രയും നാൾ കുട്ടിയായി നടന്ന ഇടവഴിയിലൂടെ മുണ്ടുടുത്ത പുരുഷനായി തലയുയർത്തി നടന്നു.
അഭിമാനത്തോടെ
ഗൗരവത്തോടെ.
മുണ്ടുടുത്ത യുവാവിനെ കണ്ട മുണ്ടക്കോഴി കുഞ്ഞുങ്ങളെയും വാരിപ്പിടിച്ച് നെല്ലിനുള്ളിലേക്ക് പതുങ്ങി.
വയൽ വരമ്പിലെ കൊച്ചകൾ മുണ്ടുടുത്തവരെക്കാൾ ഗൗരവത്തിൽ ഞങ്ങളെ നോക്കിയിരുന്നു.
മുണ്ടുടുത്ത് ഞങ്ങൾ സ്ക്കൂളിലേക്ക്….
മുണ്ടുടുത്ത് തുടങ്ങുമ്പോഴാണ് അതിൻ്റെ വിവിധങ്ങളായ സാങ്കേതികത്വങ്ങളുടെ വേവലാതികൾ തുടങ്ങുന്നത്.
ആദ്യം ഉടുക്കുന്നത് ചെറിയ ഒറ്റമുണ്ടാണ്.
മുക്കിലെ ബാലേട്ടൻ്റെ മാധവി വസ്ത്രാലയിൽ നിന്നും ഒറ്റമുണ്ട് വാങ്ങലാണ് ഉടുപ്പിൻ്റെ ആദ്യപടി.
എങ്ങനെ ഉടുക്കണം.
എത്രത്തോളം മുറുക്കം വേണം
എത്ര വരെ താഴ്ത്തിയുടുക്കണം
മുണ്ടിൻ്റെ കര എങനെ വേണം
നടക്കുമ്പോൾ മുണ്ട് എങ്ങനെയൊക്കെയാണ് പിടിക്കേണ്ടത്….
അങ്ങനെ മുണ്ടിനു മുകളിൽ ആശങ്കകൾ പെരുകിക്കൊണ്ടിരുന്നു.
സ്കൂളിൽ പോകുമ്പോ മുണ്ടിനടിയിൽ പഴയ ട്രൗസറാണിടുന്നത്.
തിരിച്ചു വരുമ്പോൾ തങ്കയം മുക്കിലെത്തിയാൽ മുണ്ടഴിച്ച് കയ്യിൽ പിടിച്ച് നടക്കും …
മുണ്ടുടുപ്പിൻ്റെയും അഴിപ്പിൻ്റെയും ആഘോഷങ്ങൾ.
ഇങ്ങനെയൊക്കെയാണെങ്കിലും
മാടിക്കെട്ട് ഉടുപ്പിലെയും നടപ്പിലെയും തികച്ചും വ്യത്യസ്തമായ അദ്ധ്യായമാണ്.
മാടിക്കെട്ടിലെ സ്വാതന്ത്ര്യം ഇല്ലെങ്കിൽ മുണ്ട് ഭാവനാശൂന്യമായ വെറും ഒരുടുത്ത് കെട്ട് മാത്രമായി ചുരുങ്ങിപ്പോകുമായിരുന്നു.
മുണ്ടുടുപ്പിലെ മാടിക്കെട്ട് ഒരാധുനിക കവിത പോലെയാണ്.
ഒറ്റ നോട്ടത്തിൽ ആർക്കും മനസ്സിലാകാതെ ബുദ്ധിജീവികൾ കൈവശപ്പെടുത്തിവച്ചതായിരുന്നുവല്ലോ എല്ലാ കാലത്തും ആധുനിക കവിത.
മാടിക്കെട്ടിൻ്റെ വ്യാഖ്യാന സാധ്യതകൾ അനന്തമാണ്.
മാടിക്കെട്ട് മുണ്ടുടുപ്പിലെ കലയാണ് .
എലൈനേഷനാണ്.
മാടിക്കെട്ടിലെ എക്സ്പ്രഷനിസത്തിൻ്റെ വിശദീകരണങ്ങൾ ഇപ്പോഴും അവസാനിച്ചിട്ടില്ല.
മാടിക്കെട്ടിലെ ശൈലീ വൽക്കരണത്തിൻ്റെ ചർച്ചയും കഴിഞ്ഞിട്ടില്ല.
മാടിക്കെട്ടൊരു സമരമാർഗ്ഗം കൂടിയാണ്.
വെറുപ്പിൻ്റെയും സ്നേഹത്തിൻ്റെയും മാന്ത്രികക്കെട്ട്.
മുണ്ടുടുത്ത് തുടങ്ങുന്ന യുവാവ് എറ്റവും കൂടുതൽ ചിന്തിച്ച് തല പുണ്ണാക്കുന്നത് മാടിക്കെട്ടിനെ കുറിച്ചാണ്
എങ്ങനെ മാടിക്കെട്ടും
ഈ ലോകത്ത് മുണ്ടുടുക്കുന്ന എത്ര മനുഷ്യരുണ്ടോ അത്രയും മാടിക്കെട്ട് ശൈലികളുമുണ്ട്.
മറ്റൊന്നിലും ഇത്രയും ശൈലി ഭേദങ്ങൾ കാണാനാകില്ല.
മാടിക്കെട്ട് അങ്ങനെ അതിസാങ്കേതികമാണ്.
ഈ കെട്ടിയുടുപ്പ് നിഗൂഢമാക്കിയവരുണ്ട്
അഴിക്കോട് മാഷും എം.എൻ, വിജയൻ മാഷും
സാനുമാഷും മുഖ്യമന്ത്രി പിണറായി വിജനും…
മുണ്ട് മാടിക്കെട്ടുന്നതങ്ങനെയായിരിക്കും….
മുണ്ട് പുരാണം നീണ്ടു പോവുകയാണ്.
ജീവിതത്തിൽ നിന്നും മുണ്ട് അന്യമായിക്കൊണ്ടിരിക്കുന്ന വർത്തമാനത്തിലാണീ ദീർഘ ഭാഷണം
ഇറക്കം കൂടിയ ലൂസുള്ള വലിയ ഖദർ ഷർട്ടും കാവി മുണ്ടും പാരഗൺ ചെരുപ്പും കക്ഷത്തിലൊരു പുസ്തവും
പോയ കാല റാഡിക്കൽ യുവത്വത്തിൻ്റെ ബ്രഹ്മകപാലവും
ചൂരക്കോലുമായിരുന്നു.
രൂപത്തിലെ ആ പ്രതിഷേധ ജ്വാലയെ ആരാധനയോടെ മാത്രം കണ്ട നാളുകൾ…
ജീവിതത്തിൽ ഒരിക്കൽ പോലും മുണ്ടുടുക്കാത്തവവർക്ക്
മാടിക്കെട്ടി നെഞ്ചു വിരിക്കാത്തവർക്ക് ഈ എഴുത്തിൽ എന്താണ് വായിക്കാനുണ്ടാവുക.
ഉഷ്ണകാലത്ത് പോലും ഇറുകിയ ജീൻസിട്ടുറങ്ങുന്നവരോട്
മാടിക്കെട്ടിൻ്റെ നിഷേധ രാഷ്ട്രീയം എങ്ങനെ പറഞ്ഞു മനസ്സിലാക്കും….
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.