മരം മണ്ണിലുറച്ച ഒറ്റജീവിതപ്പടർപ്പല്ല

0
384
Maram Manniluracha

പൈനാണിപ്പെട്ടി
വി. കെ അനിൽകുമാർ
പെയിൻ്റിങ്ങ്: വിപിൻ പാലോത്ത്

മരം.
ആൽമരം.
മരത്തിന് എന്തുമാത്രം പ്രാധാന്യമുണ്ടെന്ന് ഈ മീനച്ചൂളയിൽ പൊള്ളി നീറുമ്പോഴാണ് നമുക്ക് ബോധ്യം വരുന്നത്.
അത്യുഷ്ണത്തിൻ്റെ അമ്ലം കുടിച്ച് വറ്റിച്ചാണ് മരം കുളിരിൻ്റെ തളിർപ്പുകളൊരുക്കുന്നത്.
തണലും തണുപ്പും മരത്തിൻ്റെ രൂപാന്തരണങ്ങളാണ്.
നട്ടുച്ചയുടെ തീച്ചൂളയിൽ വിരൽ മുക്കിയാണ്
തണലിൻ്റെ പരവതാനി വിരിച്ച് മരം നിഴൽച്ചിത്രങ്ങളെഴുതുന്നത്.
മരം തീവെയിലിനെ തണൽത്താരള്യങ്ങളിലേക്ക് വിവർത്തനം ചെയ്യുന്നു.

മരം മണ്ണിലുറച്ച ഒറ്റ ജീവിതപ്പടർപ്പല്ല.
നിഴലായും നിനവായും അത് മണ്ണിൽപ്പടരുന്നു.
പലപല പാരസ്പര്യങ്ങൾ സമന്വയിപ്പിക്കുന്ന
ജീവാഭയവ്യവസ്ഥയെ ഒന്നാകെ മരമെന്ന് വിളിക്കാം.
മരത്തോളം
മറ്റൊന്നില്ല
മരത്തോളം
മരം മാത്രം.

അതെ ആലിനെക്കുറിച്ച് തന്നെയാണ് പറയുന്നത്.
ആലനുഭവങ്ങളിലെ അഴലിനെക്കുറിച്ച്.
വീട്ടിലിരുന്നാൽ ആകാശനീലിമയിൽ ചാമരം വീശി നിൽക്കുന്ന ആൽമരത്തെ കാണാം.
ആൽമരത്തെ കേൾക്കാം.
ഒരുത്തരമലബാറുകാരൻ്റെ ജീവിതത്തിൽ ആൽമരം അത്രയും ആഴത്തിൽ വേരുകളാഴ്ത്തിപ്പടരുന്നു.
വേറൊരു വൃക്ഷജീവിതവുമായും നമുക്ക് ഇത്രയും വൈകാരിക ബന്ധമില്ല.
ആല് നമ്മളെ സംബന്ധിച്ച് കേവലമൊരു മരമല്ല.
ആല് ഒരു സ്ഥലനാമ സൂചികയാണ്.

vibin palothu

തൃക്കരിപ്പൂരിലെ വീടിനടുത്തായി നിരവധി നിരവധിയായ ആൽമരസങ്കേതങ്ങളുണ്ട്.
മനുഷ്യനും മനുഷ്യേതര ജീവജാതികളും സംഗമിക്കുന്ന വിശുദ്ധഭൂമിയാണ് ആലും വളപ്പ്.
ആൽമരപ്പെരുമ ചൂടുന്ന ആലുംവളപ്പുകൾ ഉത്തരകേരളത്തിലെ പ്രാചീനങ്ങളായ സാംസ്കാരിക കേന്ദ്രങ്ങളാണ്.
ഓരോന്നും ആൽമരങ്ങളുടെ വ്യത്യസ്തമായ സാമൂഹിക ജീവിതത്തെ അടയാളപ്പെടുത്തുന്നു.
ദേശത്തെ വ്യത്യസ്ത പേരുകളിലെ ആൽമര സൂചികയായി അടയാളപ്പെടുത്തുന്നു.

വീടിന് തൊട്ടടുത്തായി തങ്കയം ആലും വളപ്പ്.
നമ്മുടെ സ്വന്തം കളിക്കളം
ജീവിതത്തിൻ്റെ ചുവടുറച്ച മണ്ണ്.
കുട്ടിക്കാലത്തിന് മുകളിൽ പടർന്ന ആൽമരച്ചില്ലകളിൽ നിന്നും ഒരിക്കലും ഇറങ്ങിവരാൻ തോന്നീട്ടില്ല.
ധനുമാസക്കുളിരിൽ ചോരച്ചുകപ്പിൻ്റെ എണ്ണമറ്റ കനികദംബങ്ങൾ.
ഹരിതമേലാപ്പിലെ ശോണ നക്ഷത്രക്കുഞ്ഞുങ്ങളെ കൊക്കിൽ കോരിയെടുക്കുന്ന കുയിലുകളുടെ ബഹളം.
കുയിലെന്നാൽ കുട്ടിക്കാലം എന്നു തന്നെയാണർത്ഥം.
പുള്ളിക്കുയിലുകളും കണ്ണുചോന്ന കരിങ്കുയിലുകളും.
പകലിനെ ചൊല്ലിയുണർത്തുന്ന ഘടികാരമണികൾ…
കടവാതിലുകൾ, പച്ച പ്രാവുകൾ, അരിപ്രാവുകൾ, നത്ത്, കൂമൻ, കാക്ക, കിടിയൻ അങ്ങനെ പല ജാതി പക്ഷികൾ.
പല തരം പാമ്പുകൾ.
ഓന്ത്, അരണ, പല്ലി, ചേരട്ട , കരിങ്ങണ്ണ്
തുമ്പികൾ, പ്രാണികൾ, വണ്ടുകൾ
തേനീച്ചക്കൂടുകൾ…
അനന്ത കോടി സൂക്ഷ്മ സ്ഥൂല ജീവരാശികളുടെ അഭയകേന്ദ്രമാണ് ഒരാൽമരം.

എടാട്ടുമ്മൽ ആലും വളപ്പ്, മാണിക്കനാൽ എന്ന നരിയാലിങ്കീൽ, കുഞ്ഞാലിങ്കീൽ, പൊട്ടനാലുങ്കീൽ…
വീടിന് ചുറ്റുമായി പടർന്ന ആൽമരപ്പടർപ്പുകൾ അനവധിയാണ്.
ഇളമ്പച്ചി, നടക്കാവ്, ഉദിനൂർ , കിനാത്തിൽ, തടിയൻ കൊവ്വൽ പ്രദേശങ്ങൾ
ആൽമരങ്ങളുടെ നഴ്സറികളാണ്.
കുട്ടിക്കാലത്തിൻ്റെ എണ്ണിയാലൊടുങ്ങാത്ത സംഭ്രമങ്ങളിൽ തുമ്പിയുയർത്തി കൊമ്പു കുലുക്കി ഇരുചെവികളാട്ടി ആൽമരക്കൊമ്പൻ മസ്തകമുയർത്തി നിൽക്കുന്നുണ്ട്.
കുളിയൻ പായുന്ന നട്ടുച്ചയിൽ ആകാംശമാകെ മൂടിയ ആൽമരപ്പച്ചയ്ക്ക് കീഴിൽ ഒറ്റക്കിരിക്കുമ്പോൾ ഒരു കടലിരമ്പം പോലെ ആൽമരമിളകുന്നത് കേൾക്കാം…

ആൽമരം വടക്കൻ്റെ അടയാളവൃക്ഷമാണ്.
രാജസ്ഥാനിലെ ബിസ്നോയികളുടെ ഖജ്ഡി മരം പോലെയാണ് നമ്മ വടക്കൻമാർക്ക് ഈ വിശുദ്ധവൃക്ഷം.
ആൽമരത്തിലെ അനേകമനേകം അടയാർത്ഥികളിൽ ഒരാൾ തെയ്യമാണ്.
ആൽമരം മീനിന് വെള്ളം പോലെ തെയ്യത്തിൻ്റെ ജീവവായുമാണ്.
ഒരാൽമരമെങ്കിലും ഇല്ലാത്ത തെയ്യക്കാവുകൾ ഉണ്ടായിരുന്നില്ല.
തെയ്യത്തിനൊളിവളരാൻ ആൽമരമെന്ന ആവാസവ്യവസ്ഥ തന്നെ വേണം.
ആലില്ലാതെ പിന്നെന്ത് തെയ്യം….

ഇതാ പച്ചയുടെ ഇരുണ്ട വിജനതയിൽ പോയ കാലത്തിൻ്റെ ആരണ്യക ഗർജ്ജനങ്ങൾക്ക് കാതോർത്ത് ഇവിടെ കാടിൻ്റെ വീരൻ ഇരിപ്പുണ്ട്.
ഒറ്റയ്ക്കൊരു നരിയുടെ വിചാരങ്ങൾ എന്തായിരിക്കും…
കാലങ്ങൾക്കപ്പുറത്തേക്ക് നോക്കി
യിരിക്കുന്ന നരിത്തെയ്യത്തിനേറെ പറയാനുണ്ട്..
ഒരു നരിയുടെ ഒറ്റക്കിരുപ്പ്…
നരിയാലിങ്കീൽ കുട്ടിക്കാലത്തെ ഒടുങ്ങാത്ത വിസ്മയമാണ്.
ഇന്നും അങ്ങനെത്തന്നെ.
പൊളന്ന വായും ഉണ്ടക്കണ്ണുകളും കൂർത്ത പല്ലുകളും പുറത്തേക്ക് നീട്ടിയ ചുവന്ന നാവുമായി ആലിങ്കീലിൽ നരിയിരിക്കുന്നു.
എത്രയോ കാലങ്ങളായി കൂറ്റൻ ആലിങ്കീലിൽ ഒറ്റയ്ക്കായിപ്പോയ നരി അനുഭവിക്കുന്ന ഏകാന്തതയോളം മറ്റെന്തുണ്ട്.
കുട്ടിക്കാലത്തിൻ്റെ അതിശയങ്ങളിൽ ഒന്നാമതായി വാ പിളർത്തി നിൽക്കുന്നത് നരിയാലിങ്കീഴിലെ നരിയാണ്.

ആലിൻ്റെ അനുഭവങ്ങൾ പലതാണ്.
തങ്കയം ആലും വളപ്പിലെ ആലിൻ ചോട്ടിൽ എത്രയോ കാലം വിളക്ക് വെച്ചത് വല്യച്ഛനായിരുന്നു.
വല്യച്ഛൻ മരിച്ചപ്പോൾ മകൻ്റെ മകനായ മുരളിയാണ് വിളക്ക് വെച്ചത്.

കളിക്കുന്നതിനിടെ ഓടി വന്ന് കാലിൽ വെള്ളം കുടഞ്ഞ് വിയർത്തൊലിച്ചാണ് മുരളി വിളക്ക് വെച്ചത്.
കളിക്കിടയിൽ ഓടി വന്ന് വിളക്ക് തെളിച്ച ചെക്കന് മുകളിൽ ആൽമരം പ്രസാദിച്ചു.
എടാട്ടുമ്മലിൽ മോന്തിക്ക് പോയാൽ കയ്യിലെ ചങ്ങാലട്ടയിൽ കത്തിച്ച നക്ഷത്രവുമായി പ്രകാശിക്കുന്ന അന്തിത്തിരിയനെ കാണാം.
ഒറ്റമരത്തിൽ വനത്തെ സങ്കല്പിച്ച്
വനത്തെ ദൈവമായി സങ്കല്പിച്ച്
നേരിൻ്റെ ഒരു തിരി അറിവിൻ്റെ ആയിരത്തിരിയായി ആൽമരച്ചോട്ടിൽ ജ്വലിപ്പിക്കുന്ന നാട്ടുമനുഷ്യൻ.
കുപ്പായമിടാത്ത കറുത്ത ശരീരവുമായി ആലിൻ്റെ കാവൽക്കാരൻ
അന്തിത്തിരിയൻ.

ആൽമരം വടക്കിൻ്റെ അഭിമാനമാണ്.
ആൽമരങ്ങൾ നിൽകുന്ന ഭൂവിശാലതയാണ് ആലും വളപ്പ്.
നാട്ടുകാർ കലാസമിതി പ്രവർത്തനങ്ങളും സാംസ്കാരിക പ്രവർത്തനങ്ങളും തുടങ്ങുന്നത് ഈ ഹൃദയവിശാലതയിൽ വെച്ചാണ്.
എല്ലാ ആലും വളപ്പും തെയ്യക്കാവുകളല്ല.
തെയ്യങ്ങൾ ഉണ്ടെങ്കിൽത്തന്നെ ഒരു പാട് വർഷങ്ങൾ കൂടുമ്പോഴേ ഉണ്ടാകൂ.
ആലുംവളപ്പിൽ തെയ്യവും വായനശാലയും ഏകോദര സഹോദരരായിക്കഴിയുന്നു.
ആലും വളപ്പ് കളിമൈതാനിയാണ്.
അതിനോട് ചേർന്ന് വായനശാലയുണ്ട്.
ജാതി മത ഭേദമന്യേ എല്ലാവരും ആലും വളപ്പിൽ വന്ന് പന്ത് കളിച്ചു.
പരസ്പരം പങ്കുവെച്ചു.
കളിച്ചങ്ങാതികളും ചങ്ങാതിക്കൂട്ടങ്ങളുമുണ്ടായി.
ബാല്യവും കൗമാരവും യൗവ്വനവും വാർദ്ധക്യവും ആൽമരം ഒറ്റയിരുപ്പിന് കണ്ടു തീർത്തു.
നാട്ടുമനുഷ്യർ വായനശാലയിലിരുന്ന് പുസ്തകം വായിച്ചു.
ആൽമരച്ചോട്ടിൽ കലാസമിതി യോഗങ്ങൾ ചേർന്നു.
വാദപ്രതിവാദങ്ങൾ നടത്തി,
പട്ടിണിയെ, ദു:ഖത്തെ അതിജീവിക്കുന്നതിനുള്ള കരുത്താർജ്ജിച്ചു,
നാടകങ്ങൾ പരിശീലിച്ചു.
കൂടുതൽ മെച്ചപ്പെട്ട ജീവിതത്തിനായി ആൽമരം സാക്ഷിയായി ഒരു കൂട്ടം വാല്യക്കാർ പ്രയത്നിച്ചു.

പയ്യന്നൂരിൽ നിന്നും വടക്കോട്ട് യാത്ര ചെയ്യുന്നവർക്ക് ആൽമരോദ്യാനങ്ങൾ ഒരു മതിവരാക്കാഴ്ച്ച തന്നെയായിരുന്നു.
ഇളമ്പച്ചി, നടക്കാവ്, കാലിക്കടവ് , ചെറുവത്തൂർ, നീലേശ്വരം , കാഞ്ഞങ്ങാട് ആൽ മരങ്ങൾ വിടർത്തിയ വിസ്മയങ്ങളിലൂടെ മാത്രമേ നിങ്ങൾക്ക് യാത്ര ചെയ്യാനാകൂ….

പക്ഷേ ജീവിതം കൂടുതൽ കൂടുതൽ പരിഷ്കൃതമായപ്പാൾ ആദ്യം വധശിക്ഷ വിധിച്ചത് ആൽമരങ്ങൾക്കായിരുന്നു.
ഒരാലിൻ്റെ കഴുത്തറുക്കുമ്പോൾ അനന്ത കോടി ജീവജാതികളാണ് ഭൂമുഖത്ത് നിന്നും തുടച്ച് മാറ്റപ്പെടുന്നത്.
അന്തിത്തിരിയൻ വിളക്ക് വെച്ച ആൽമരത്തിലെ തെയ്യത്തെ കൈകാലുകൾ ബന്ധിച്ച് വിഗ്രഹമെന്ന കാരാഗ്രഹത്തിലടച്ചു.
കാലങ്ങളായി ഭൂമിയിലെ നക്ഷത്രം പോലെ ആൽമരച്ചോട്ടിൽ ജ്വലിച്ച അന്തിത്തിരി അതോടെ കണ്ണടച്ചു…..

ആൽമരങ്ങൾ പലതും കോടാലിക്കിരയായി.
പോയ കാലത്തിൻ്റെ ശവക്കല്ലറകൾ പോലെ പേരിന് മാത്രം ആലും തറയും ശേഷിച്ചു.
മതിൽക്കെട്ടുകളില്ലാത്ത ആലും വളപ്പിൽ മതിലുകൾ ഉയർന്നു.
മനുഷ്യനെ മതം കൊണ്ടും ജാതി കൊണ്ടും വേർതിരിച്ചു.
പക്ഷികൾക്കും പാമ്പുകൾക്കും തേനീച്ചകൾക്കും പകരം ഇതുവരെ കണ്ടു പരിചയമില്ലാത്ത ദൈവം മുന്നിൽ നിന്നു.
പ്രകൃതി അനുവദിക്കുന്ന ശുദ്ധാശുദ്ധങ്ങൾക്കപ്പുറം മനുഷ്യനിർമ്മിതങ്ങളായ അശുദ്ധികളില്ലാത്തിടത്ത് പുതിയ ദൈവനീതികൾ ഉടലെടുത്തു.
മനുഷ്യൻ്റെ അഹങ്കാരം സഹിയാഞ്ഞ്
പക്ഷികളും പാമ്പുകളും അപ്രത്യക്ഷമായി….

ആൽമരങ്ങളൊഴിഞ്ഞ മണ്ണിൽ സിമൻ്റ് നിർമ്മിതികൾ ഉയർന്നു.
പുള്ളിക്കുയിലുകളും കരിങ്കുയിലുകളും ഇല്ലാതായി.
ഭൂമിയുടെ ഘടികാരമണികൾ നിലച്ചു.
രാവിലെയും വൈകുന്നേരവും പുതിയ ദൈവത്തിൻ്റെ പാട്ടുകൾ അലോസരപ്പെടുത്തി.
മനം പിരട്ടുന്ന ഉച്ചഭാഷിണിപ്പാട്ടുകളിൽ ചെവി പൊത്തിയിരുന്നു.
ജീവിതം
പുതിയ ജീവിതം
പുതിയ ദൈവം.
നരി മാത്രം അനങ്ങിയില്ല.
നാടിറങ്ങിയ വ്യാഘ്ര ശ്രേഷ്ഠനെ പേടിച്ച് നരിയാൽ ചാകാതെ ബാക്കിയായി.
പുതിയ കാലത്തെ നോക്കി പല്ലിളിച്ചു.
നരിയാലിങ്കീലെ നരി തൻ്റെ അനന്തമായ ഏകാന്തത ആസ്വദിച്ചു.
മനുഷ്യൻ്റെ ആസക്തികൾക്ക് മുകളിൽ മുരണ്ടു…

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here