ആകാശവും ഭൂമിയും നിറയുന്ന വാക്കുകൾ

0
554
Santhosh Vallikkat 1200

വായന
ഡോ.സന്തോഷ്‌ വള്ളിക്കാട്

വാക്ക്‌ വെറും വാക്കല്ല,

അതിന്‌ ഉറുമ്പിന്റെ കണ്ണും

പൂവിന്റെ ഹൃദയവുമുണ്ട്‌.

കടലോളം ആഴവും

ആകാശത്തോളം വിസ്തൃതിയുമുണ്ട്,

വാക്കുകളില്‍ തേനിന്റെ മാധുര്യവും

കാഞ്ഞിരത്തിന്റെ കയ്പ്പുമുണ്ട്‌,

വാക്കുകളില്‍ മറഞ്ഞു നിൽക്കുന്ന കൊടുങ്കാറ്റ്‌

ആർത്തലയ്ക്കുന്ന കടല്‍, കണ്ണീരിനുപ്പ്‌.

വാക്കുകള്‍ മുളക്കുന്ന കുന്നുകളില്‍ നിന്നാണ്‌

കവികള്‍ ജീവിതം തേടിയത്‌

ഇവിടെ ഡോ.കെ മുരളീധരനും വാക്കിന്റെ ഒഴുക്കില്‍ കവിയാകുന്നു. “വൈദ്യത്തിന്റെ ഭൂമിയും ആകാശവും” ഇതിനു സാക്ഷി.

‘നല്ലവാക്കോതുവാൻ ത്രാണിയുണ്ടാകണം’ എന്നത് പണ്ട് സ്കൂളുകളിൽ കുട്ടികൾ രാവിലെ നിർബന്ധമായും ചൊല്ലേണ്ടിയിരുന്ന പ്രാർത്ഥനയിലെ പന്ത്രണ്ട് കാര്യങ്ങളിൽ പത്താമത്തേതാണ്. ഈ കൃതിയിലുടനീളം നല്ലവാക്കുകള്‍ പൊലിയുന്നു. എത്ര വേദനിക്കുന്നയാൾക്കും സാന്ത്വനവചസ്സുകൾ ആശ്വാസം പകരും. നല്ലവാക്ക് പറഞ്ഞുകേൾക്കുമ്പോൾ മനസ്സ് ശുദ്ധമാകും. മനസ്സിനു കുളിരേകുന്ന വാക്കുകൾ പറയുന്നയാളോട് ഇടപെടാൻ ആർക്കും താല്പര്യം തോന്നും. പ്രത്യേകിച്ച് അതൊരു ഡോക്ടറും കൂടി ആവുമ്പോള്‍.

“അച്ഛനുമമ്മയും വാക്കെന്നു കേട്ടു ഞാന്‍

അക്ഷരപ്പിച്ച നടന്നു, നിലാവിലെ

നീലവാനം പോലെ ഞാനൂറിവന്നൊരാ

നാദമൂകാചലമെന്നിലലിഞ്ഞുപോയ്

മക്കളേയെന്നു പാലൂറുന്നൊരൻപ്, എനി-

ക്കൊക്കെയും തന്നു തിരുത്തും വയമ്പ്,വിണ്‍

പൊക്കത്തിലെന്നെയെടുത്തുയർത്തും വമ്പ്

മധുസൂദനൻ നായർ സൂചിപ്പിച്ച വാക്കിൻ്റെ സാന്നിദ്ധ്യം

ഈ അനുഭവക്കുറിപ്പുകളിലൊക്കെയും വാക്കുകള്‍ സ്നേഹമഴയായി പെയ്യുന്നതു കാണാം. അതാണീ പുസ്തകത്തിന്റെ വായനാസുഖം.

പേർഷ്യൻ കവി റൂമി : ‘വാക്കുകൾ പ്രയോഗിച്ചുകൊള്ളുക. പക്ഷേ ശബ്ദമുയർത്തണ്ട. പൂക്കളെ വളർത്തുന്നതു മഴയാണ്, ഇടിവെട്ടല്ല.’ ചില വാക്കുകൾ ചെറുതായിരിക്കാം. പക്ഷേ പല ചെറുവാക്കുകൾ വേണ്ടവിധം കൂട്ടിച്ചേർത്തു പ്രയോഗിച്ചാൽ, അവയുടെ അലകൾ അനന്തമായെന്നിരിക്കും. അവ ആവർത്തിച്ചു പ്രതിധ്വനിക്കും. വൈദ്യത്തിന്‍റെ ഭൂമിയിലും ആകാശത്തിലും ആ പ്രതിധ്വനി ഉണ്ട്. മാതൃഭൂമി പ്രസിദ്ധീകരിച്ച ഈ ഗ്രന്ഥത്തിന് ശ്രീകാന്ത് കോട്ടയ്ക്കലാണ് അവതാരിക എഴുതിയത്.

പ്രശസ്ത കവി ലോങ്ഫെലോ ഒതുക്കിപ്പറഞ്ഞു, ‘കീറിയ ഉടുപ്പു വേഗം തുന്നിച്ചേർക്കാം; പക്ഷേ പരുഷപദങ്ങൾ ഹൃദയത്തെ കീറും.’ ഹൃദയം കീറുന്നതിനെക്കാൾ വലിയ പാപമുണ്ടോ? തുന്നി ചേർത്ത് ജീവിതത്തെ വിളക്കി കൊടുക്കുന്നവന്‍ വൈദ്യന്‍. അതിന്റെ സ്പർശ സാന്നിദ്ധ്യമാണ് ഈ വൈദ്യന്‍.

വാക്കുകള്‍ ആത്മ പ്രകാശനത്തിന്റെ മാധ്യമങ്ങളാകുന്നു. അതിനാല്‍ വാക്കിന്റെ വിനിമയം ശ്രദ്ധയർഹിക്കുന്നു എന്ന് ഡോ. മുരളീധരന്‍ തന്നെ ശുദ്ധിയും സൗന്ദര്യവുമുള്ള വാക്കുകളിലൂടെ പറയുന്നു.

മൂന്നു ഭാഗങ്ങളിലായി പതിനേഴ് അനുഭവക്കുറിപ്പുകളാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം. ചിലത് കഥകള്‍ പോലെ തോന്നും. ചിലത് നമ്മുടെ തന്നെ സ്വന്തം അനുഭവമായി മാറും. വാക്കുകള്‍ കൊണ്ട് വിളക്കിച്ചേർത്ത മനുഷ്യ ബന്ധങ്ങളുടെ ഊഷ്മളതയും നൈർമ്മല്യവുമാണ് ഇതിന്റെ മുഖമുദ്ര. മനുഷ്യനെ വിനയാന്വിതനാക്കുന്ന സ്നേഹത്തിന്റെ അക്ഷരപ്രവാഹം. ഭൂമിയിലും ആകാശത്തിലും മനുഷ്യ നന്മകള്‍ പൂക്കുന്ന ജീവസാന്നിദ്ധ്യമായി മാറുന്നു ഇതിൽ ഭിഷഗ്വരന്‍. അദ്ദേഹത്തിന്റെ ഔഷധമായി തീരുന്ന വാക്കുകള്‍, അവ വായിക്കുന്ന നമ്മുടെ മനസുകളെയും പവിത്രീകരിക്കുന്നു.

മീനച്ചൂടില്‍ നിന്ന് മകരക്കുളിരിലേക്ക് നടന്ന വൈദ്യരത്നം പി.എസ് വാര്യരെ അനുസ്മരിച്ചുകൊണ്ടാണ് ഗ്രന്ഥം തുടങ്ങുന്നത്. “മിത്തുകളില്‍ ഊന്നിയ വിശ്വാസമാണ് ജീവിതത്തിന്റെ ആധാരശില. പൂർണ്ണതയും അപൂർണ്ണതയും ഒന്നിച്ച് ചേരുന്ന മനീഷികള്‍ ചരിത്രമല്ല ഇതിഹാസമാണ്‌”. പി.എസ്. വാര്യര്‍ എന്ന ഇതിഹാസത്തെ അദ്ദേഹം ഇങ്ങനെ കുറിച്ചിടുന്നു.

പരാജയത്തിന്റെ ചരിത്രത്തെക്കാള്‍ വിജയഗാഥകളാണ് മനുഷ്യകുലത്തിനുള്ളതെന്ന ശുഭാപ്തി വിശ്വാസത്തിന്റെ വാക്കുകളാണ് ഡോ. പി.കെ വാര്യര്‍ എന്ന് തുടർന്ന് പറയുന്നു. ചികിത്സയില്‍ അദ്ദേഹത്തോടൊപ്പം കൂട്ടായി നടന്നപ്പോള്‍ പകർന്നു കിട്ടിയ ഊർജ്ജവും കരുത്തും ആത്മവിശ്വാസവുമാണ് ആ വാക്കുകളൊക്കെയും. അഷ്ടാംഗഹൃദയ പാരായണം ഒരു ഉപാസനപോലെ കൊണ്ടുനടന്ന ഡോ. പി.കെ വാര്യരുടെ കണ്ണും വിരലും മനസ്സും തൊടാത്ത ഒരു വരിപോലുമില്ലെന്ന് അനുഭവസാക്ഷ്യവും ചെയ്യുന്നു.

ഓഷത്തിനു ആശ്വാസം പകരുന്ന ഔഷധത്തിനൊപ്പം വാക്കുകൾ മന:സുഖവും നൽകുന്നു എന്നതാണ് ഇവിടെ വൈദ്യത്തെ വേറിട്ട അനുഭവമാക്കുന്നത്. ആ ചന്ദനസ്പർശമുള്ള പനിനീർകാറ്റിന്റെ തലോടല്‍ നമുക്കറിയാന്‍ കഴിയുന്നു. അങ്ങനെ ദൈവത്തിന്റെ വാക്കുകളും വിരലുകളും നമ്മള്‍ വൈദ്യനില്‍ കാണുന്നു. ചികിത്സയിലെ ചിത്രശലഭങ്ങളുടെ വർണ്ണവൈവിദ്ധ്യം അറിയുന്നു. ദൈവപഥത്തിലെ പൂമരങ്ങളുടെ സാന്നിദ്ധ്യം തിരിച്ചറിയുന്നു. ജീവന്റെ താളവും ഋതുക്കളുടെ സംഗീതവും സമന്വയിക്കുന്നു. സ്നേഹസുശ്രൂഷയുടെ നിലാവില്‍ വാക്കും നോക്കും ഔഷധമാകുന്നു. ചിറകടിയില്ലാതെ പറന്ന് ആകാശം തൊടാന്‍ നമ്മെ പ്രാപ്തരാക്കുന്നു.

വൈദ്യത്തിന്റെ ദാർശനിക സമഗ്രതയായ ആയുർ വേദത്തിന്റെ ജീവിത താളവും ഋതുക്കളുടെ സംഗീതവും സമന്വയിപ്പിച്ച ചികിത്സാ വിധികളെക്കുറിച്ച് പലരുടെയും അനുഭവങ്ങളിലൂടെ ഡോ.മുരളീധരന്‍ വിവരിക്കുകയാണ്. ചികിത്സയിലെ നിലാവായ ശുഭാപ്തി വിശ്വാസം രോഗികളില്‍ പരത്തിയ സന്ദർഭങ്ങള്‍ ഓർത്തെടുക്കുന്നു. ചികിത്സ ശുദ്ധീകരണവും പുതുക്കി പണിയലുമാണെന്ന തിരിച്ചറിവുള്ള ഡോക്ടറുടെ വാക്കുകള്‍. തൂലിക തേനില്‍ മുക്കി മാധവി എഴുതിയ വാക്കുകള്‍ പോലെ നമ്മില്‍ കുളിർ കോരിയിടുന്നു. മനുഷ്യന് മനുഷ്യന്‍ മരുന്നാകുന്ന വേദമൂർത്തിയുടെ മനോഹരമായ ജീവിതം പോലെ. വൈദ്യത്തിനു കായകല്പ്പം നല്കിയ മഹാവൈദ്യനെ പ്രദക്ഷിണം വെച്ച ബരാബിനെ പോലെ, വാക്കുകള്‍ നഷ്ട്ടപ്പെട്ട പണിക്കരുടെ നിസ്സഹായത പോലെ നമുക്ക് മുന്നില്‍ ജീവിതങ്ങള്‍ ഓരോന്നിനും സാക്ഷ്യം വഹിക്കുന്നു.

ഒത്തുതീര്‍‍പ്പുകളെക്കാളും കീഴടങ്ങലുകളെക്കാളും പൊരുതി നില്ക്കാന്‍ ശ്രമിച്ച ഡോ.സീത യിലൂടെ അറിയപ്പെടാത്ത അമ്മിണിമാരുടെ കൊച്ചു കൊച്ചു വേവലാതികള്‍‍ അറിയുന്ന മാനസികാവസ്ഥയിലേക്ക് നമ്മളെ കൈപിടിച്ചു കൊണ്ടുപോകുന്നു. ശ്രീറാമും സച്ചിന്‍ ടെണ്ടുൽക്കറും തമ്മില്‍ കണ്ടുമുട്ടുമ്പോള്‍‍ ഉണ്ടായ പോലെ ചില അസിസ്സുകള്‍‍ ഭൂമിയില്‍‍ ജനിക്കുന്നു. അവ നല്ല മനുഷ്യരെ തേടി ഭൂമിയിലെത്തുന്നു എന്നത് നമുക്ക് ഡോ. മുരളീധരന്റെ വാക്കിലും അൻപാകുന്നു.

എല്ലാവർക്കുമുണ്ട് അവനവനെപ്പോലെ

സ്വന്തമായ ഒരു വാക്ക് .

അറിഞ്ഞുമറിയാതെയും

അത്ര കരുതലോടെ കൊണ്ടു നടക്കുന്നത്,

പിന്നാലെ കൂടുന്നത്.

ഡോ. മുരളീധരനുമുണ്ട് മറ്റുള്ളവരുടെ മനസ്സറിയുന്ന സാന്ത്വനിപ്പിക്കുന്ന പ്രിയം നല്‍കുന്ന വാക്കുകള്‍‍. ഡോ. മുരളീധരന് രോഗികളെ ആശ്വസിപ്പിക്കാന്‍ ആ വാക്കുകള്‍ ചേർന്ന് നിൽക്കുന്നു . ആ കരുതലിന്റെ സ്നേഹവായ്പ്പ് നമ്മുടെ സ്വന്തം അനുഭവമായി മാറുന്നു വായനയില്‍‍.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here