പാഠപുസ്തകത്തിൽ ഇല്ലാത്ത ചരിത്രം
ജോയ്‌സൺ ദേവസ്സി
വളരെ അവിചാരിതമായി കണ്ട ഒരു ശിലാലിഖിതം, ഇന്ത്യയുടെ മധ്യകാലത്തിലെ ഒരു പ്രധാന സംഭവത്തിലേക്കാണ് എന്നെ കൊണ്ടുപോയത്. പിന്തുടർന്നുപോയ ഞാൻ കണ്ട കാര്യങ്ങൾ തികച്ചും അവിശ്വസനീയമായിരുന്നു. ചരിത്രാന്വേഷികളായ എല്ലാവർക്കുമായി ഞാനറിഞ്ഞ കാര്യങ്ങൾ ഇവിടെ പങ്കുവെക്കുവാൻ ആഗ്രഹിക്കുന്നു. 2018 ലാണ് ഞാൻ ആദ്യമായി തൃശ്ശൂരിൽ സ്ഥിതിചെയ്യുന്ന കൊല്ലങ്കോട്ട് കൊട്ടാരത്തിൽ എത്തുന്നത്. ഒരുപാട് ചുമർച്ചിത്രങ്ങളും, മഹാശിലായുഗ ശേഷിപ്പുകളും, ഫോക്ലോർ ഗ്യാലറികളും ഉൾക്കൊള്ളുന്ന നല്ലൊരു മ്യൂസിയമാണ് കൊല്ലങ്കോട് കൊട്ടാരം. അറിവിന്റെ ലോകം തുറന്നു വെച്ചിരിക്കുന്ന ഇവിടത്തിൽ നല്ലൊരു കൂട്ടം ശില്പങ്ങളും നമുക്ക് കാണാവുന്നതാണ്. ഇതെല്ലാം കണ്ടു നടക്കുന്നതിനിടയിലാണ് നമ്മുടെ കഥയിലെ താരമായ ഒരു ശിലാലിഖിതം എന്റെ ശ്രദ്ധയിൽപെടുന്നത്. ഒറ്റ നോട്ടത്തിൽ ഒരു ശിലാലിഖിതമായി തോന്നിയെങ്കിലും സത്യത്തിൽ ഇത് ക്രിസ്ത്യൻ കല്ലറകൾക്കു മുകളിൽ സ്ഥാപിക്കുന്ന ഒരു ഫലകമാണ്. ഫലകത്തിന് മുകളിൽ കാണുന്ന എഴുത്തിൽ നിന്നും ഇതൊരു യൂറോപ്പ്യൻ നിർമ്മിതിയാണെന്നും, മാത്രമല്ല വിദേശികൾ തങ്ങളുടെ ശവകല്ലറയുടെ മുകളിൽ സ്ഥാപിക്കുന്ന മരിച്ചയാളുടെ വിവരണങ്ങൾ കൊത്തിയ ഒരു ഗ്രാനേറ്റ് ഫലകമാണെന്നും മനസ്സിലായി. ദീർഘചതുരാകൃതിയിലുള്ള ഈ ശിലയുടെ മുകളിൽ ഒരു ചിഹ്നവും, താഴെ കുറെ എഴുത്തുകളും കാണാം. എഴുത്തിലെ അക്ഷരങ്ങൾ ഇംഗ്ലീഷായിരുന്നെങ്കിലും വാക്കുകൾ ഒരു തരത്തിലും മനസ്സിലാക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. അന്വേഷണത്തിൽ നിന്നും ഈ ഫലകം കൊച്ചിയിൽ നിന്നും കൊണ്ടുവന്നതാണെന്ന് മനസ്സിലായി. പിന്നെ ഇതിലെ ഭാക്ഷ പോർച്ചുഗീസാണോ, ഡച്ചാണോ എന്നായി അടുത്ത സംശയം. ഒരു വിധം വാക്കുകൾ മനസ്സിലാക്കിയ ശേഷം ഫേസ്ബുക്കിലെ തന്നെ ഭാഷാ പഠനത്തിൽ തൽപരരായിട്ടുള്ള ഒന്നുരണ്ടു ഫ്രഞ്ച് കൂട്ടുകാർക്ക് അയച്ചു കൊടുത്തു. അവരിത് പോർച്ചുഗീസ് ആണെന്ന് മനസ്സിലാക്കുകയും, കൂടുതൽ വിവരണങ്ങൾക്കായി അവരുടെ തന്നെ സുഹൃത്തായ അൽഫോൻസോ കബ്യാൾ എന്നൊരാൾക്ക് നൽകുകയും ചെയ്തു. അദ്ദേഹം ഈ ഫലകത്തിലെ വിവരണങ്ങൾ മനോഹരമായി വായിക്കുകയും അതിലെ ഉള്ളടക്കം മനസ്സിലാക്കി തരുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട് അദ്ധേഹം അയച്ചു തന്ന കുറച്ചു ആർട്ടിക്കിളുകൾ കണ്ടപ്പോഴാണ് സംഗതിയുടെ ഗൗരവം മനസ്സിലായത്. പോർച്ചുഗലിലെ 15,16 നൂറ്റാണ്ടുകളിലെ ഏറ്റവും പ്രശസ്തരായ സമുദ്ര യാത്രികരുടെ കുടുംബവും, പോർച്ചുഗീസ് രാജാവിനു കീഴിൽ അനവധി നാവിക പര്യടനങ്ങൾക്കു നേതൃത്വം വഹിച്ചതുമായ പെരിസ്റ്റർലോ കുടുംബത്തിലെ ഒരംഗമായ “ഫിലിപ്പേ പെരിസ്റ്റർലോ ഡി മെസ്ക്യുയിറ്റാ” എന്ന നാവികന്റെതായിരുന്നു ഈ ശിലാഫലകം. ഈ ഫലകത്തിലെ എഴുത്തുകളുടെ ഇംഗ്ലീഷ് തർജ്ജിമയാണ് താഴെ കാണുന്നത്.
“Felipe Perestrelo da Mesquita, fidalgo [nobleman] of the house of the King our Lord, firme [superior] of the mosque [school or place of worship] of Dona Beatriz Natover, native of them. Mestre escola [school teacher] and her vicar…”
പെരിസ്റ്റർലോ കുടുംബത്തിലെ നാവികരിൽ കേരളത്തിലെ കൊടുങ്ങല്ലൂരിൽ താമസമാക്കിയ ഏക വ്യക്തിയാണ് ഫിലിപ്പേ പെരിസ്റ്റർലോ. ഇദ്ദേഹത്തിന്റെ അപ്പൂപ്പനായ ഫിലിപ്പേ പെരിസ്റ്റർലി ഒരു ഇറ്റാലിയൻ പൗരനായിരുന്നു. സമുദ്രയാത്രകളെക്കുറിച്ച് ഒരുപാട് പഠനങ്ങൾ നടത്തിയ ഇദ്ധേഹത്തെ പോർച്ചുഗീസ് രാജകുമാരനായ ഡോൺ ദുവാർത്തെയുടെ ഭാര്യാ രാജകുമാരി ലെനർ ഡി ആർഗൺ ലിസ്ബണിലേക്ക് ക്ഷണിക്കുകയുണ്ടായി. 1437ൽ ലിസ്ബണിലെത്തിയ ഫിലിപ്പേ പെരിസ്റ്റർലി അതിവേഗം രാജകൊട്ടാരത്തിൽ നല്ലൊരു സ്ഥാനം നേടിയെടുത്തു. തുടർന്നങ്ങോട്ടു പോർച്ചുഗീസ് രാജാവ് അനുവദിച്ച ഒട്ടുമിക്ക നാവിക യാത്രകളും നടന്നത് ഇദ്ധേഹത്തിന്റെ കീഴിലായിരുന്നു. ഫിലിപ്പേ പെരിസ്റ്റർലിയുടെ മക്കളിൽ പ്രധാനികളായ മൂന്നുപേരായിരുന്നു ബർത്തലോമിയോ പെരിസ്റ്റർലോ, മാനുവൽ ഡി മെസ്ക്യുയിറ്റോ പെരിസ്റ്റർലോ, റാഫേൽ പെരിസ്റ്റർലോ തുടങ്ങിയവർ. ഇതിൽ ആദ്യത്തവനായ ബർത്തലോമിയോ പെരിസ്റ്റർലോയാണ് അറ്റ്ലാന്റിക് സമുദ്രത്തിലെ ഒരു പ്രധാന ദ്വീപായ മഡേരിയ കണ്ടെത്തിയത്. രണ്ടാമത്തവനായ മാനുവൽ ഡി മെസ്ക്യുയിറ്റോ പെരിസ്റ്റർലോക്കു കിട്ടിയ ദൗത്യം നമ്മുടെ ഗോവയായിരുന്നു. 1505 ൽ ഗോവയിലെത്തിയ ഇദ്ദേഹം മൗറീഷ്യസ്, മായോത്തേ തുടങ്ങിയ കരകൾ കണ്ടെത്തുകയും അവിടം തങ്ങളുടെ പറങ്കി കോളനികളാക്കി മാറ്റുകയും ചെയ്തു. 1567 ൽ ഇദ്ധേഹം രചിച്ച “Roteiro of the South and South-East Africa,from cape of good hope to cape of Corrientes” എന്ന ബുക്ക് അക്കാലത്തെ നാവികരെ നയിച്ച പ്രധാന യാത്രാവിവരണമായി കരുതപ്പെടുന്നു. മൂന്നാമനായ റാഫേൽ പെരിസ്റ്റർലോയാണ് അൽഫോൺസോ ഡി അൽബുക്കർക്കാനെ 1511 ലെ മലാക്ക യുദ്ധത്തിൽ അനുഗമിച്ചത്. അൽബുക്കർക്കിന്റെ ആവശ്യത്താൽ ചൈനാ തീരത്തേക്ക് കപ്പലുകൾ നയിച്ച ഇദ്ധേഹം, അക്കാലത്തെ ചൈനീസ് അധികാരികളായ മിങ്ങ് സാമ്രാജ്യത്തിലെ ഷെഗ്ഡു രാജാവുമായി കച്ചവട കരാറിലെത്തുകയും, ഇതുമൂലം പോർച്ചുഗീസ് രാജാവിനു അളവറ്റ ധനലാഭം നേടിക്കൊടുക്കുകയും ചെയ്തു.
മേൽപ്പറഞ്ഞവരിൽ രണ്ടാമനായ മാനുവൽ ഡി മെസ്ക്യുയിറ്റോ പെരിസ്റ്റർലോയുടെ മകനാണ് നമ്മൾ കണ്ട ശിലാഫലകത്തിന്റെ ഉടമയായ ഫിലിപ്പേ പെരിസ്റ്റർലോ ഡി മെസ്ക്യുയിറ്റാ. ചരിത്രകാരൻമാർക്ക് ഇദ്ധേഹം തന്റെ കുടുബത്തോടൊപ്പം എന്നാണ് ഇന്ത്യയിൽ വന്നതെന്ന കാര്യത്തിൽ പല അഭിപ്രായങ്ങളാണ്. എന്നാലും അദ്ധേഹത്തിന്റെ മരണ വർഷം 1565 നും 1595 നുമിടയിലാണെന്നാണ് പ്രശസ്ത പോർച്ചുഗീസ് ചരിത്രക്കാരനായ റാഫേൽ മൊരേറോയുടെ അഭിപ്രായം. ഇദ്ദേഹത്തിന്റെ പിതാവിന്റെ ജ്യേഷ്ടനായ ബർത്തലോമിയോ പെരിസ്റ്റർലോയുടെ മകളായ ഇസബേൽ മോനിസിനെയാണ് ലോകത്തെ തന്റെ കപ്പലായ വിക്ടോറിയയിൽ വലംവെച്ചവനും പിന്നീട് അമേരിക്കയെ കണ്ടെത്തിയ ആദ്യ സമുദ്രസഞ്ചാരിയുമായ ക്രിസ്റ്റഫർ കൊളംബസ് വിവാഹം ചെയ്തത്. ക്രിസ്റ്റഫർ സ്പെയിൻ രാജാവിന്റെ കീഴിലാണ് യാത്രകൾ നടത്തിയിരുന്നത് എങ്കിൽ, പെരിസ്റ്റർലോ കുടുംബത്തിന്റെ യാത്രകൾക്കു നേതൃത്വം വഹിച്ചിരുന്നത് പോർച്ചുഗീസ് രാജാവായിരുന്നു. 1505 ൽ മലബാറിൽ എത്തിയതായി കണക്കാക്കപ്പെട്ട ഫിലിപ്പേ പെരിസ്റ്റർലോ ഡി മെസ്ക്യുയിറ്റാ ഒരു പാതിരിയും അധ്യാപകനുമായിട്ടാണ് തന്റെ പ്രവർത്തനം ആരംഭിക്കുന്നത്. Dr. ജോൺ കാർട്ട്വെല്ലും, ഇന്ത്യൻ ജേർണലിസ്റ്റുമായ NP ചേക്കുട്ടിയും നടത്തിയ പഠനത്തിൽ ഫിലിപ്പേ പെരിസ്റ്റർലോ കൊടുങ്ങല്ലൂരിലെ ഒരു നർത്തകിയുമായി പ്രണയത്തിലായെന്നു പറയുന്നുണ്ട്. ശേഷം ക്രിസ്തു മതത്തിലേക്ക് ചേർന്ന ഈ യുവതിക്കു ഡോന ബീറ്റ്രിസ് എന്നു നാമകരണം ചെയ്തുവെന്നും ഇരുവരും മരണം വരെ കൊടുങ്ങല്ലൂരിൽ ജീവിച്ചുവെന്നും പഠനങ്ങൾ പറയുന്നു.
ഈ ശിലാഫലകങ്ങൾ തൃശൂരിലേക്ക് വന്നതിനു പിന്നിൽ ഒരുപാട് ചരിത്ര സംഭവങ്ങൾ നടന്നിട്ടുണ്ട്. 163 വർഷത്തെ പോർച്ചുഗീസ് ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ട് 1663 ജനുവരിയിൽ ഡച്ചുസൈന്യം കൊച്ചിയിലെത്തി. വരുന്ന വഴിക്ക് പറങ്കിത്താവളങ്ങളായിരുന്ന ഇൻഡോനേഷ്യ, കൊല്ലം, വൈപ്പിൻ തുടങ്ങിയവ ഒന്നൊന്നായി ഡച്ചുകാർക്കു മുൻപിൽ കീഴടങ്ങിയിരുന്നു. ഇതേ സൈന്യം കൊച്ചിയിലെത്തിയപ്പോൾ ഡച്ച് നാവികപ്പടയുടെ തലവനായിരുന്ന അഡ്മിറൽ റിക്ക്ലോഫ് വാൻ ഗോൻസ് പറങ്കി കൊത്തളങ്ങൾ ഒന്നൊഴിയാതെ തകർക്കാൻ ഉത്തരവിട്ടു. 8 ദിവസം നീണ്ടുനിന്ന യുദ്ധത്തിൽ പ്രതിരോധം നഷ്ടപ്പെട്ട പറങ്കിപ്പട തങ്ങളുടെ പാളയം ഉപേക്ഷിച്ച് കനത്ത നാശത്തോടെ പിൻവാങ്ങി. കൊച്ചിയുടെ പതനത്തിനുശേഷം അവിടെ നിലവിലുണ്ടായിരുന്ന പറങ്കി കൊത്തളങ്ങളും, വീടുകളും തകർക്കുവാൻ ഗോൻസ് അനുമതി നൽകി. പോർച്ചുഗീസ് ബിഷപ്പിന്റെ ബംഗ്ലാവ് തന്റെ ഓഫീസായി തിരഞ്ഞെടുത്ത ഗോൻസ്, കാത്തലിക് പള്ളികളിൽ ഒന്നിനെ തങ്ങളുടെ പട്ടാള താവളമാക്കിയും, മറ്റൊന്നിനെ ഫാക്ടറിയായും മാറ്റി. ബാക്കിവന്ന ഓരോ പോർച്ചുഗീസ് കെട്ടിടങ്ങളും തകർത്തു. അതിലെ കല്ലുകളും മരങ്ങളും തന്റെ പുതിയ ഡച്ച് മാതൃകയിലുള്ള കൊട്ടാരങ്ങളുടെയും, കെട്ടിടങ്ങളുടെയും, കോട്ടകളുടെയും നിർമ്മാണത്തിനായി ഉപയോഗിച്ചു. അതിനിടെ പള്ളി സെമിറ്റേരിയിൽ ഒരുപാട് പോർച്ചുഗീസ് ഉദ്യാഗസ്ഥരുടെ ശവകല്ലറകൾ കണ്ട ഗോൻസ്, ഇവയെല്ലാം ഉടനടി പൊളിച്ചു കായലിൽ എറിയാൻ കല്പന പുറത്തിറക്കി. ഈ കല്ലറകളിൽ ഒന്നായിരുന്നു നമ്മൾ ചർച്ച ചെയ്തുകൊണ്ടിരിക്കുന്ന ഫിലിപ്പേ പെരിസ്റ്റർലോയുടേത്. മറ്റു കല്ലറകളോടൊപ്പം ഫിലിപ്പേയുടെയും കല്ലറ കൊച്ചി കായലിലേക്ക് തള്ളപ്പെട്ടു.
ശേഷം 273 വർഷത്തോളം കായലിനടിയിൽ കിടന്ന ഫിലിപ്പേ പെരിസ്റ്റർലോയുടെ ശിലാഫലകം 1936 ലാണ് പുറത്തേക്കു വന്നത്. ഇതിനു കാരണമായി തീർന്നത് റോബർട്ട് ബ്രിസ്റ്റോ എന്ന ഇംഗ്ലീഷ് എൻജീനീയറുടെ കൊച്ചി പോർട്ട് നിർമ്മാണമായിരുന്നു. കൊച്ചിയിലേക്കു വരുന്ന കപ്പലുകൾ തീരത്തേക്കടുക്കുവാനായി കപ്പൽച്ചാലിന്റെ ആഴം കൂട്ടേണ്ടത് ആവശ്യമാണെന്ന് മനസ്സിലാക്കിയ ബ്രിസ്റ്റോ, വലിയ മണ്ണുമാന്തി കപ്പലുകൾ കൊണ്ടുവന്നു തന്റെ ജോലി തുടങ്ങി. അപ്പോഴാണ് കോരിയെടുക്കുന്ന ചെളിയോടൊപ്പം ഒരുപാട് സാധനങ്ങൾ വെള്ളത്തിന് മുകളിലേക്ക് വരുന്നതായി ബ്രിസ്റ്റോ കണ്ടത്. അദ്ധേഹത്തിന്റെ സ്വന്തം റിപ്പോർട്ടിൽ തന്നെ പറയുന്നത് എന്തെന്നാൽ, ധാരാളം നാണയങ്ങൾ, പാത്രങ്ങൾ, പീരങ്കിയുണ്ടകൾ, ശില്പങ്ങൾ, ശിലാഫലകങ്ങൾ മുതലായവ ഓരോ കോരലിലും ഉപരിതലത്തിലേക്ക് വന്നുകൊണ്ടിരുന്നു എന്നാണ്. പലതും അനുനിമിഷം കൊണ്ടു താഴേക്ക് തന്നെ വീണു മുങ്ങിപ്പോകുന്നു. പുറത്തേക്ക് വാരിയിട്ട കുറച്ചു നിർമ്മിതികളിൽ പലതും ഉടഞ്ഞു തകർന്ന രൂപത്തിലായിരുന്നു. നല്ല രീതിയിൽ കിട്ടിയതിൽ കുറച്ച് അദ്ദേഹം തന്റെ ബംഗ്ലാവിനടുത്ത് നിക്ഷേപിക്കുകയും പിന്നീട് വൃത്തിയാക്കി പല മ്യൂസിയങ്ങളിലേക്കും കൂടുതൽ പഠനങ്ങൾക്കായി അയക്കുകയും ചെയ്തു. ഇങ്ങനെ അയച്ചവയിൽ ഒന്നായിരുന്നു ഫിലിപ്പേ പെരിസ്റ്റർലോയുടെ ശവകല്ലറയിലെ ശിലാഫലകവും. കുറെനാളുകൾ കഴിഞ്ഞു ഈ ഫലകം നല്ലരീതിയിൽ സ്ഥാപിച്ചു സംരക്ഷിക്കുന്നതിനായി കൊച്ചിയിൽ നിന്നും തൃശൂർ ചുമർച്ചിത്രകലാ മ്യൂസിയമായ കൊല്ലങ്കോട് കൊട്ടാരത്തിലേക്ക് കൊണ്ടുവന്നു. ഇവിടെ വെച്ചാണ് ഞാൻ ഈ ഫലകം ആദ്യമായി കാണുന്നതും തുടർന്ന് അതിനെക്കുറിച്ചൊരു അന്വേഷണത്തിന് മുതിരുന്നതും. ഇന്നും സന്ദർശകർക്കു മുന്നിൽ കേരളത്തിന്റെ മറന്നുപോയ ചരിത്രത്തിലെ ഒരേടായി ഫിലിപ്പേ പെരിസ്റ്റർലോ ഡി മെസ്ക്യുയിറ്റാ എന്ന പറങ്കിയുടെ ശിലാഫലകം തൃശ്ശൂർ മ്യൂസിയത്തിൽ അങ്ങനെ നീണ്ടുനിവർന്നു നിൽക്കുന്നുണ്ട്. കൂടാതെ ഫ്യാൻസിസ്ക്കോ റോഡ്രിഗസ്, മാത്യൂസ് അരൂദ, ആന്റോണിയോ റാപോസൊ, ജോർജ് ഫെർണാണ്ടസ് തുടങ്ങിയ ചില കൊളോണിയൽ വ്യക്തിത്വങ്ങളുടെ കല്ലറയിലെ ശിലാഫലകങ്ങളും ഇവിടെ കാണാവുന്നതാണ്.
…
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.