പാഠപുസ്തകത്തിൽ ഇല്ലാത്ത ചരിത്രം
ഡോ. മാളവിക ബിന്നി
ഇന്ത്യയുടെ സമീപകാല ചരിത്രത്തിൽ ഏറ്റവുമധികം ഉയർന്നുകേട്ട ഒരു സ്ഥലനാമം ആണ് ഭീമാ കൊരേഗാവോ. 2018 ജനുവരി ഒന്നിന് ലക്ഷക്കണക്കിന് ദളിതുകളും അതോടൊപ്പം തന്നെ ഇരുന്നൂറ്റി അമ്പതോളം ബഹുജൻ കൂട്ടായ്മകളും ഭീമാ കൊരെഗാവോ യുദ്ധത്തിൻറെ സ്മാരക വിജയ സ്തംഭത്തിന് മുന്നിൽ ഒത്തുചേർന്നു. ഈ ഒത്തുചേരൽ വലിയൊരു ജാതി അതിക്രമത്തിന്റെ വേദിയായി നിർഭാഗ്യവശാൽ മാറുകയുണ്ടായി. ഔറംഗസേബിനാൽ കൊല്ലപ്പെട്ട, ഛത്രപതി ശിവജിയുടെ മൂത്തമകൻ, സാംബാജിയുടെ മൃതദേഹം പല ഭാഗങ്ങളായി ഛേദിക്കപ്പെട്ടു എന്നും ആ ശരീരഭാഗങ്ങൾ ഒരുമിച്ചുകൂട്ടി അന്ത്യകർമ്മങ്ങൾ നടത്തിയത് ഒരു മഹർ ആയ ഗോവിന്ദ് മഹർ ആണെന്നും ഉള്ള ഒരു പുരാവൃത്തം (മിത്ത് ) മഹാരാഷ്ട്രയിലും ഭീമ കൊരെഗാവോന്റെ അടുത്തുള്ള ഗ്രാമങ്ങളിലും ഉണ്ട്. മറാത്തകൾ പക്ഷേ ഈ ഒരു പുരാവൃത്തം അംഗീകരിക്കുന്നില്ല. ദളിത് – ബഹുജൻ വിഭാഗങ്ങൾക്കും മറാത്തകൾക്കും ഇടയിൽ ഈ വ്യത്യസ്ത സങ്കല്പങ്ങൾ ഒരുപാട് വർഷങ്ങൾ ആയി നിലനിൽക്കുന്നുണ്ടെങ്കിലും 2018 ഭീമാ കൊരെഗാവോയുടെ വേദി, മറാത്തകൾ ദളിതുകളെയും ബഹുജനങ്ങളെയും ഒരേപോലെ ജാതി അക്രമത്തിന് വിധേയരാക്കുന്നതിന് സാക്ഷ്യം വഹിച്ചു. ഈ ആക്രമത്തിൽ ഒരു ദളിത് യുവാവ് മരിക്കുകയും ഇരുന്നൂറോളം ദളിത് ബഹുജൻ വിഭാഗത്തിലുള്ളവർക്ക് പരുക്കേൽക്കുകയും ചെയ്തു. പിന്നീടുള്ള സംഭവവികാസങ്ങളിൽ ഈ ഭീമാ കൊരെഗാവ് യുദ്ധത്തിൻറെ ഓർമ്മ ദിവസത്തിൽ പങ്കെടുക്കാനെത്തിയ പി വരവരറാവു, സുധാ ഭരദ്വാജ്, സ്റ്റാൻ സ്വാമി പോലുള്ള ആക്ടിവിസ്റ്റുകളുടെയും വിചക്ഷണരുടേയും വീട്ടിൽ സർക്കാർ റെയ്ഡുകൾ നടത്തുകയും ഇവരെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ജയിലിൽ അടയ്ക്കുകയും ചെയ്യുന്നത് നമ്മൾ സമീപകാലചരിത്രത്തിൽ കണ്ടു .
എന്തായിരുന്നു ഭീമാ കൊറേഗാവ് യുദ്ധത്തിൻറെ ചരിത്ര൦. അംബേദ്കർ അനവധി പ്രാവശ്യം സന്ദർശിച്ചതും അംബേദ്കറിന്റെ ഒരുപാട് പ്രഭാഷണങ്ങളിലും എഴുത്തുകളിലും പരാമർശിക്കപ്പെടുകയും ചെയ്ത ഭീമാ കൊരെഗാവ് യുദ്ധത്തിൻറെ ചരിത്രം എന്താണ് എന്നുള്ള ഒരു അന്വേഷണമാണ് ഈ ലേഖനം.
അംബേദ്കറിന്റെ ഏറ്റവും പ്രസിദ്ധമായ ജാതി ഉന്മൂലനം എന്ന പ്രഭാഷണത്തിൽ വളരെ വ്യക്തമായി തന്നെ പേഷ്വാ ഭരണ കാലത്തുള്ള ദളിതരുടെ അവസ്ഥയെ വർണിച്ചിട്ടുണ്ട്. ദളിതർക്ക് വെറും അയിത്തം കൽപ്പിച്ച ഒരു സമയം മാത്രമല്ലായിരുന്നു അത്. ദളിതരുടെ തുപ്പൽ നിലത്തു വീണ് ഭൂമി അശുദ്ധം ആകാതിരിക്കാൻ വേണ്ടി അവരുടെ കഴുത്തിനു ചുറ്റും ഒരു പാത്രം തൂക്കിയിട്ടു൦ ദളിതർ നടക്കുന്ന വഴിയിൽ അവരുടെ കാൽപ്പാദം തൊട്ട് ഭൂമി അശുദ്ധം ആകാതിരിക്കാൻ ഒരു ചൂല് അരയിൽ കെട്ടിക്കൊണ്ടും നടക്കേണ്ടി വന്നിരുന്ന ഏറ്റവും ഹീനമായ ജാതി വ്യവഹാരങ്ങൾ നിലനിന്നിരുന്ന സമയമായിരുന്നു പേഷ്വാ ഭരണ കാലഘട്ടം. അതുകൊണ്ടുതന്നെ പേഷ്വാ ഭരണകാലം ദളിതരെ സംബന്ധിച്ച് ഏറ്റവും ക്രൂരമായ ഒരു കാലഘട്ടം തന്നെയായിരുന്നു. 1720 മുതൽ ദളിതർ ഈസ്റ്റിന്ത്യാ കമ്പനിയുടെ പട്ടാളത്തിൽ ചേർന്നതിൻറെ രേഖകൾ നമ്മൾക്ക് ബ്രിട്ടീഷ് ആർക്കൈവ്സിൽ നിന്ന് ലഭ്യമാണ്.
തൊട്ടുകൂടായ്മ നിലനിന്നിരുന്നതു കൊണ്ടു തന്നെ ബ്രിട്ടീഷ് സൈന്യത്തിൽ സവർണ്ണ ജാതിസമൂഹങ്ങൾ ജോലിക്ക് പോകുന്നത് വിരളമായിരുന്നു. ദളിത് സമൂഹങ്ങൾ തന്നെയായിരുന്നു സുബൈദാർ തൊട്ട് ശിപ്പായി വരെയുള്ള പട്ടാളത്തിലെ ജോലികൾ ചെയ്തിരുന്നത്. ബി ആർ അംബേദ്കറിന്റെ പിതാവ് രാംജി മലോജി സക്‌പാൽ ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനിയുടെ പട്ടാളത്തിൽ സുബൈദാർ ആയി ജോലി ചെയ്തിരുന്നു. 1757-ൽ നടന്ന പ്ലാസി യുദ്ധത്തിലും 1764 ലെ ബക്സർ യുദ്ധത്തിലും ഈസ്റ്റിന്ത്യാ കമ്പനിയുടെ ജയത്തിന് പിന്നിൽ ദളിത് പട്ടാളക്കാരുടെ സാന്നിധ്യമുണ്ടെന്നുള്ള രീതിയിലുള്ള പഠനങ്ങളും ഇന്ന് പുറത്ത് വന്നിട്ടുണ്ട്. 1818 ലാണ് ഭീമ കൊരെഗാവ് യുദ്ധം നടക്കുന്നത്. ഒരു പക്ഷത്ത് പേഷ്വായും മറുപക്ഷത്ത് ഈസ്റ്റിന്ത്യാ കമ്പനിയും ആയിരുന്നു യുദ്ധത്തിൽ ഏർപ്പെട്ട രണ്ടു ശക്തികൾ. പേഷ്വായുടെ പക്ഷത്ത് രണ്ടായിരത്തിൽ കൂടുതൽ പട്ടാളക്കാർ ഉള്ള സൈന്യവും ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ പക്ഷത്ത് ദളിതുകൾ അടങ്ങുന്ന പ്രത്യേകിച്ച് മഹറുകൾ അടങ്ങുന്ന 800 പേരോളം ഉള്ള പട്ടാളവും ആണ് ഉണ്ടായിരുന്നത് എന്നാണ് കരുതപ്പെടുന്നത്. ചില പിൽക്കാല ചരിത്ര രേഖകളിൽ പേഷ്വയുടെ ഭാഗത്തുനിന്ന് ഇരുപത്തെട്ടായിരത്തോളം പട്ടാളക്കാരും ഈസ്റ്റിന്ത്യാ കമ്പനിയുടെ പക്ഷത്തുനിന്ന് രണ്ടായിരം പട്ടാളക്കാരു൦ ഈ യുദ്ധത്തിൽ പങ്കുചേർന്നു എന്നുള്ള സൂചനകളുമുണ്ട്. ക്യാപ്റ്റൻ സ്റ്റുവൻടൺ ന്റെ കീഴിൽ മുന്നൂറോളം തദ്ദേശീയരായിട്ടുള്ള പട്ടാളക്കാരെ മഹാരാഷ്ട്രയിൽ നിന്ന് തന്നെ സംഘടിപ്പിക്കുകയും ആ തദ്ദേശീയരടങ്ങിയ റെജിമെൻറ് ഭീമാ കൊരെഗാവ് യുദ്ധത്തിൽ ഈസ്റ്റിന്ത്യാ കമ്പനിയെ കൂടുതൽ സഹായിച്ചു എന്നും ഇന്ട്രസ്റ്റിംഗ് ഇന്റലിജൻഡ് ഫ്രം ദ ലണ്ടൻ ഗസറ്റ് ഇൽ പരാമർശിക്കപ്പെട്ടിട്ടുണ്ട്. ഈ സൈന്യം തദ്ദേശീയരായ മഹറുകളെയും മറാത്തകളെയും മുസ്ലീങ്ങളെയും യഹൂദന്മാരെയും ഉൾപ്പെടുത്തിയിരുന്നു. അംബേദ്കറിൻറെ ഒരു ലേഖനത്തിൽ പത്തിൽ ഒമ്പത് ഭീമ കൊരേഗാവ് രക്തസാക്ഷികളും മഹറുകളാണെന്ന ഒരു പരാമർശവുമുണ്ട്.
1941 ജൂൺ 18 ന് ഡോക്ടർ അംബേദ്കർ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് എഴുതിയ ഒരു കത്തിൽ ഈസ്റ്റിന്ത്യാ കമ്പനിയുടെ മഹർ റെജിമെൻറ് കൊരെഗാവ് യുദ്ധത്തിൽ വഹിച്ച മഹത്വപൂർണ്ണമായ പ്രവർത്തനത്തെക്കുറിച്ചും ദളിത് ചരിത്രത്തിലെ ഈ ഒരു തിളങ്ങുന്ന ഏട് ദളിത് ആത്മാഭിമാനത്തെ ഉണർത്താൻ വേണ്ടി വഹിച്ച പങ്കിനെക്കുറിച്ചും പരാമർശിക്കുന്നുണ്ട്. ഇതേ കത്തിൽ തന്നെ ഡോക്ടർ അംബേദ്കർ, 1892 ൽ ഈസ്റ്റിന്ത്യാ കമ്പനി പട്ടാളത്തിലേക്ക് ദളിതരെ റിക്രൂട്ട് ചെയ്യുന്നത് നിർത്തുന്നതിനെ എതിർക്കുകയും അതിന് കാരണമായി അവർ പറഞ്ഞ ‘മഹർ ഒരു പട്ടാള പാരമ്പര്യമുള്ള ജാതി അല്ല’ എന്ന വാദത്തെയും പൊളിച്ചുകളയുന്നുണ്ട്. മഹറുകൾ പട്ടാള പാരമ്പര്യമുള്ള ജാതി തന്നെയാണെന്നും അവർ ഗ്രാമങ്ങളുടെ അതിരുകൾ കാക്കുന്ന ജോലികളിൽ യുഗങ്ങളായ് ഏർപ്പെട്ടിരുന്നെന്നും അംബേദ്‌കർ വാദിക്കുന്നുണ്ട്. 1892 ൽ ദളിതരെ പട്ടാളത്തിലേക്ക് റിക്രൂട്ട് ചെയ്യുന്നത് നിർത്തിയെങ്കിലും ഒന്നാം ലോക മഹായുദ്ധകാലത്ത്, അതായത് 1914 ൽ ബ്രിട്ടീഷ് ഇന്ത്യൻ ആർമിയിലേക്ക് വീണ്ടും ദളിതരെ ചേർത്തിരുന്നു. ഈ ഒരു കാലഘട്ടത്തിൽ ഒരു മഹർ മെഷീൻഗൺ റെജിമെൻറ് ഉണ്ടായിരുന്നെന്നും അംബേദ്കർ പരാമർശിക്കുന്നുണ്ട്.
പേഷ്വാ ഭരണകൂടം നിലനിർത്തി പോന്നിരുന്ന ബ്രാഹ്മണ്യ ആധിപത്യത്തിനെതിരെ ഉള്ള ശക്തമായ ദളിത് പോരാട്ടം കൂടെ ആയിരുന്നു ഭീമാ കൊരെഗാവോ യുദ്ധം എന്ന് അംബേദ്കർ വാദിക്കുന്നു.. 2018 ൽ ‘ദ വയർ’ ൽ പ്രസിദ്ധീകരിക്കപ്പെട്ട കാഞ്ച ഐലയ്യ ഷെപ്പേർഡിന്റെ ഒരു ലേഖനത്തിൽ, 1818 ൽ നടന്ന ഈ യുദ്ധത്തിൽ പങ്കു കൊണ്ട ഒരു മഹർ പോരാളിയുടെ മനസ്സിൽ സ്വാതന്ത്രത്തിനു വേണ്ടിയുള്ള വാഞ്ഛയാണ് പോരാട്ടവീര്യവുമായി മാറിയതെന്ന് പരാമർശിക്കുന്നു. അന്ന് ഇന്ത്യ എന്ന രാഷ്ട സങ്കല്പം ഒന്നും ഉരുത്തിരിഞ്ഞിട്ടില്ലെങ്കിലും വിമോചനത്തിന്റെ സങ്കല്പം മഹർ പട്ടാളക്കാരുടെ ഇടയിൽ ഉണ്ടായിരുന്നിരിക്കണം എന്നും കാഞ്ച ഐലയ്യ അനുമാനിക്കുന്നുണ്ട്. കൊരഗാവ് യുദ്ധത്തിൽ പങ്കെടുത്ത മഹർ പട്ടാളക്കാർ തീർച്ചയായും സ്വാതന്ത്ര്യവാഞ്ഛയുള്ളവരായിരുന്നു എന്ന് ഈ ലേഖനത്തിലൂടെ കാഞ്ച ഐലയ്യ വ്യക്തമാക്കുന്നുണ്ട്. ആനന്ദ് ടെൽടുമ്പ്ദേ ‘എക്കണോമിക്ക് ആൻഡ് പൊളിറ്റിക്കൽ’ വീക്കിലിയിൽ 2019 ൽ വന്ന ഒരു ലേഖനത്തിൽ, ഭീമാ കൊരെഗാവ യുദ്ധത്തിലെ മഹർ പോരാളികളെ സ്വാതന്ത്ര്യ സമര പോരാളികളായി കണക്കാക്കാൻ പറ്റില്ലെങ്കിലു൦ ഭീമാ കൊരെഗാവോ യുദ്ധ൦ ദളിത് ആത്മാഭിമാനത്തിന്റെ ഉണർത്തുപാട്ടായി മഹാരാഷ്ട്രയിൽ ഉണ്ടാക്കിയ ചലനം വളരെ വലുതായിരുന്നു എന്നു പരാമർശിക്കുന്നുണ്ട്.
ഭീമ നദിയുടെ കരയിലുള്ള കൊരേഗാവ് എന്ന ഗ്രാമം ഈസ്റ്റിന്ത്യാ കമ്പനി പട്ടാളം പിടിച്ചടക്കുകയും ഈ ഗ്രാമത്തെ പേഷ്വാ പട്ടാളം തിരിച്ചുപിടിക്കാൻ ശ്രമിക്കുകയും ചെയ്ത യുദ്ധം ആണ് ഭീമ കൊരെഗാവ് യുദ്ധം എന്ന് അറിയപ്പെടുന്നത്. ക്യാപ്റ്റൻ സ്റ്റുവാ൯ഡ൯ പരിശീലനം കൊടുത്ത മഹർ, മുസ്ലിം, മറാത്ത, ജൂ, പോരാളികൾക്ക് എതിരെ പേഷ്വാ പട്ടാളത്തിലെ അറബ്, ഗോസായി, വിഭാഗങ്ങളിലെ പട്ടാളക്കാർ പീരങ്കി ഉൾപ്പെടെയുള്ള യുദ്ധമുറകൾ ഈ യുദ്ധത്തിൽ പരീക്ഷിച്ചിരുന്നു.
തിരിച്ച് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ സൈന്യവും പീരങ്കി പ്രയോഗിച്ചു. രണ്ട് ദിവസം നീണ്ടുനിന്ന യുദ്ധത്തിനൊടുവിൽ കൊരഗാവോ ബ്രിട്ടീഷ് സൈന്യത്തിന്റെ കീഴിൽ തന്നെ നിലനിർത്താൻ സാധിച്ചു. പേഷ്വാ പട്ടാളത്തിന് ഏറ്റ ക്ഷതവും ജീവഹാനിയും കാരണം പേഷ്വാ പട്ടാളത്തിന് പിൻവാങ്ങേണ്ടിവന്നു. ഈ ഒരു വിജയം ആഘോഷിക്കാനായി ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനി കൊരഗാവിൽ ഒരു വിജയസ്തംഭം സ്ഥാപിക്കുകയും ചെയ്തു. കൊരെഗാവോൻ എന്ന ഗ്രാമവും ബ്രിട്ടീഷുകാർ നാട്ടിയ വിജയ സ്തംഭവു൦ അങ്ങനെ ദളിത് പോരാട്ടങ്ങളുടെയു൦ ജാതി വ്യവസ്ഥയ്ക്ക് എതിരെയുള്ള ചെറുത്തുനിൽപ്പിന്റെയും പേഷ്വാ ഭരണകൂടത്തിനെതിരെയുള്ള പോരാട്ടത്തിന്റെയു൦ പ്രതീകമായി മാറി. സ്വാതന്ത്ര്യ സമരത്തിന്റെയും മഹ൪ സത്യാഗ്രഹത്തിന്റെയും കാലത്തു തന്നെ അനേക ദളിതുകൾ കൊരെഗാവോണിലേക്ക് ജനുവരി ഒന്നിനുള്ള പുതുവത്സരയാത്ര ഒരോ വർഷവും ഒരു ആചാരം പോലെ, ഒരു തീർഥാടനം പോലെ ചെയ്യുന്നത് പതിവായിരുന്നു. അംബേദ്കറുടെ കാലഘട്ടത്തിൽ ഒരുപാട് ജനങ്ങൾ ഒരിമിച്ചു കൂടുന്ന ഇടമായിരുന്ന കൊരെഗാവ് പിന്നീട് ദളിത് കൂട്ടായ്മകൾക്കും വേദിയായി.
2018 ജനുവരി ഒന്നിനാണ് ദളിത് ബഹുജൻ കൂട്ടായ്മയുടെ ഒരു വലിയ സംഗമം അവിടെ നടന്നത്. അന്നുള്ള ഐക്യദാർഢ്യം ഇന്ന് ഇന്ത്യയെ ഭരിക്കുന്ന പേഷ്വക്കും അവർ പ്രതിനിധാനം ചെയ്യുന്ന ബ്രാഹ്മണാധിപത്യ ഹിന്ദുത്വ സിദ്ധാന്തത്തിനും എതിരെയുള്ള വെല്ലുവിളി തന്നെയായിരുന്നു. ഈ വെല്ലുവിളിയെ ഭയന്ന് തന്നെയാണ് കൊരെഗാവോ ന് അടുത്തുള്ള ഗ്രാമത്തിലെ ജനങ്ങളെ ഹിന്ദുത്വ വാദികൾ സാംബാജിയുടെ മരണാനന്തര ക്രിയകളിൽ ഗോവിന്ദ് മഹറിന്റെ പങ്കിനെക്കുറിച്ചുള്ള തർക്കം കേന്ദ്രീകരിച്ച മിത്ത്കളെ വളച്ചൊടിച്ച് ദളിത് ബഹുജൻ സംഗമത്തിനെതിരെ അഴിച്ചുവിട്ടത്. 1818 ലെ ഭീമ കൊരെഗാവ് യുദ്ധം വിളിച്ചുപറയുന്ന ചരിത്രം ഈസ്റ്റിന്ത്യാ കമ്പനിയുടെ പട്ടാളത്തിലും പിന്നീട് ബ്രിട്ടീഷ് ഇന്ത്യൻ പട്ടാളത്തിലും ദളിത് പോരാളികളുടെ , ദളിത് പട്ടാളക്കാരുടെ സാന്നിധ്യത്തിന്റെ ചരിത്രമാണ്. ഇതോടൊപ്പം തന്നെ ദളിത൪ക്കിടയിൽ യുദ്ധവുമായി ബന്ധപ്പെട്ട പോരാളി വിഭാഗങ്ങൾ ഇല്ല എന്ന പൊള്ളയായ വാദത്തെ വളരെ കൃത്യമായി തന്നെ പൊളിച്ചു കളയുന്നുണ്ട് ഈസ്റ്റ് ഇന്ത്യാ കമ്പനിയിൽ ഉണ്ടായിരുന്ന മഹർ റെജിമെന്റു൦ പിന്നീട് ബ്രിട്ടീഷ് ഇന്ത്യൻ ആർമിയിൽ ഉണ്ടായിരുന്ന മഹ൪ മെഷിൻഗൺ റെജിമെന്റ്, ഭ൦ഗി റെജിമെൻറ് , കോൾ റെജിമെന്റ് എന്നീ സൈനീക വിഭാഗങ്ങൾ.
മാളവിക ബിന്നി, SRM യൂണിവേഴ്സിറ്റിയിൽ സ്കൂൾ ഓഫ് ലിബറൽ ആർട്സ് ആൻഡ് ബേസിക് സയൻസിൽ ചരിത്ര വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസറായി ജോലി ചെയ്യുന്നു. ന്യൂഡൽഹിയിലെ ജവഹർലാൽ നെഹ്‌റു സർവകലാശാലയിലെ ചരിത്ര പഠന കേന്ദ്രത്തിൽ നിന്ന് ‘Bodies, Power and Identities in Premodern Kerala; An Exploration of Medical and Ritual Traditions’ എന്ന വിഷയത്തിലെ ഗവേഷണത്തിലൂടെ ഡോക്ടറേറ്റ് നേടി. ശാസ്ത്രത്തിന്റെയും വൈദ്യത്തിന്റെയും ചരിത്രം , ലിംഗ ചരിത്രം, ദളിത് പഠനങ്ങൾ എന്നിവ ഗവേഷണ താൽപ്പര്യങ്ങളിൽ ഉൾപ്പെടുന്നു. കഴിഞ്ഞ 3 വർഷമായി അന്താരാഷ്ട്ര ജേണലുകളിൽ ലേഖനങ്ങൾ പ്രസിദ്ധീകരിക്കുകയും പുസ്തകങ്ങൾ എഡിറ്റ് ചെയ്യുകയും ചെയ്തു വരുന്നു. ഫെമിനിസ്റ്റ്, ദളിത് വിഷയങ്ങളെക്കുറിച്ച് ഓൺലൈൻ ജേണലുകൾക്ക് വേണ്ടിയും ലേഖനങ്ങൾ എഴുതുന്നു. 31 രാജ്യങ്ങളിലായ് നിരവധി അന്താരാഷ്ട്ര സെമിനാറുകളിലും അക്കാദമിക് കോൺഫറൻസുകളും അവതരിപ്പിച്ചു.
…