ഗിരീഷ് വർമ്മ ബാലുശ്ശേരി
1. അശ്വമേധം
സുശീലാമ്മയുടെ പാട്ടുലോകത്തേക്ക് കടന്നുചെല്ലുമ്പോൾ ദുഖഃഗീതങ്ങളുടെ അലകൾ നമ്മെ വന്നു തഴുകും. അതിന്റെ ആലോല തള്ളിച്ചയിൽ നമ്മൾ അസ്വസ്ഥരാകും. ജീവിതത്തിന്റെ ഓരോരോ ഘട്ടങ്ങൾ കടന്നു പോവുന്ന പാവം മനുഷ്യരെ ഓർത്ത് നെടുവീർപ്പിട്ടേക്കും.. സംഘർഷ വരികൾ എഴുതി വെച്ച് മണ്മറഞ്ഞു പോയ വയലാറിനെ പോലുള്ള പ്രതിഭാധനരെ മനസ്സാ പ്രണമിക്കും… അത്തരം ഒരു അവസ്ഥയിലൂടെ കടന്നു പോയ ഒരു പാട്ടുകാലം.. പി. സുശീല എന്ന ഗായികയുടെ പ്രതിഭയുടെ മിന്നൽതിളക്കങ്ങൾ കണ്ട് നിർവൃതിയടയും പാട്ടുത്സവമാക്കുന്നവർ . അശ്വമേധത്തിലെ മൂന്നു ഗാനങ്ങൾ വ്യത്യസ്ത ഭാവത്തിൽ പാടിയിരിക്കുന്നു പി. സുശീല. വയലാർ – ദേവരാജൻ കൂട്ടുകെട്ടിൽ ആദ്യത്തെ ഗാനം ” ഏഴു സുന്ദര രാത്രികൾ … ഏകാന്ത സുന്ദര രാത്രികൾ ” എന്നതാണ് . തോപ്പിൽ ഭാസിയുടെ പ്രസിദ്ധ നാടകത്തിന്റെ ചലച്ചിത്രാവിഷ്കാരം . ഒരു നാടകം കാണും പോലെ തന്നെ സുന്ദരമായതായിരുന്നു. എല്ലാ എതിർപ്പുകളും അവഗണിച്ചു കൊണ്ട് സരോജവും മോഹനനും വിവാഹിതരാകാൻ തീരുമാനിക്കുന്നു. . ഏഴു ദിവസങ്ങൾ കഴിഞ്ഞാൽ വിവാഹം.. നായികയുടെ സ്വപ്‌നങ്ങൾ വിവരിച്ചു കൊണ്ട് അതീവ സുന്ദരവുമായ ഒരു ഗാനം .. ഏഴു സുന്ദര രാത്രികൾ.. എല്ലാ ലജ്ജയോടെയും, കാത്തിരിപ്പിന്റെ വിരഹത്തോടെയും ,സ്വപ്നാടനത്തിന്റെ ആ ദിനങ്ങളെ പ്രകീർത്തിച്ചുകൊണ്ട് വയലാർ എഴുതിയ ഗാനം അതെ ഭാവത്തോടെ പാടാൻ പി സുശീലയ്ക്കു കഴിഞ്ഞു..
പിന്നീട് കുഷ്ഠരോഗിയാണെന്നറിഞ്ഞതിനു ശേഷം വിവാഹം മുടങ്ങി ലെപ്രസി സാനിറ്റോറിയത്തിൽ അഭയം പ്രാപിച്ച സരോജം അവിടുത്തെ അന്തേവാസികൾക്കൊപ്പം കഴിയുന്നു.. നിരാശയുടെ പടുകുഴിയിൽ വീണ നായികയുടെ മനോവ്യാപാരങ്ങൾ എത്ര സൂക്ഷ്മമായാണ് വയലാർ “കറുത്ത ചക്രവാള മതിരുകൾ ചൂഴും കാരാഗൃഹമാണ് ഭൂമി ” എന്നെഴുതിയത്. അതിലെ …
“വർണ്ണചിത്രങ്ങൾ വരയ്ക്കുവാനെത്തുന്ന
വൈശാഖസന്ധ്യകളേ …
ഞങ്ങളെ മാത്രം കറുത്ത ചായം മുക്കി
എന്തിനീ മണ്ണിൽ വരച്ചു
വികൃതമായ് …”
എല്ലാം തകർന്നവരുടെ , ജീവിതത്തിന്റെ അന്ധകാരത്തിൽ വിലയം പ്രാപിച്ചവരെ ഇതിലുമെത്ര നന്നായി ഇനിയെഴുതും.. അതിലേറെ ഗംഭീര ഭാവത്തോടെ സുശീലാമ്മയ്ക്ക് പാടുവാൻ കഴിയും…
പിന്നീട് കാലങ്ങൾക്കു ശേഷം അസുഖം മാറിയ സരോജത്തിന്റെ ഭാവവിലാസങ്ങൾ പകർത്തിയ ഗാനം ആണ്
“ഉദയഗിരി ചുവന്നു..
പുതുയുഗമുണരുന്നു ..”
എന്ന ഗാനം..
ലോകത്തിലെ എല്ലാ നന്മകളെയും ചേർത്തുവെച്ചു കൊണ്ട് വീണ്ടും വയലാർ ദേവരാജൻ അത്ഭുതം .. സുശീലാമ്മയുടെ തുറന്ന ശബ്‌ദത്തിൽ ഹർഷോന്മാദത്തോടെ …
ഒരു പ്രതിഭയെ നമ്മൾ തിരിച്ചറിയുന്നത് അയാളുടെ കർമ്മമണ്ഡലത്തിൽ അയാൾ ഒരുദയസൂര്യനെ പോലെ പ്രകാശിച്ചുനിൽക്കുന്നതായി അനുഭവപ്പെടുമ്പോൾ ആണെന്ന് ഞാൻ പറയുന്നു. ആത്മാർത്ഥതയുടെ പര്യായമായ് തിളങ്ങുമ്പോൾ, നിസ്വാർത്ഥ സേവനത്തിന്റെ പടവുകൾ കയറുന്നതു കാണുമ്പോൾ, അങ്ങിനെ അങ്ങിനെ ചെയ്യുന്ന , ഏറ്റെടുക്കുന്ന പ്രവർത്തിയിൽ എല്ലാം തികഞ്ഞവരാവുമ്പോൾ … ആരാധനയുടെ മണികിലുക്കം നമ്മിൽ മുഴങ്ങും..
പി സുശീല എന്ന ഗായികയെ പാട്ടിലൂടെ അറിയുമ്പോൾ ആ മല്ലീശരങ്ങളേറ്റ് പിടയുന്ന മനസ്സിനെ എങ്ങിനെ സമാധാനിപ്പിക്കും… !! എന്നെ പി സുശീല എന്ന ഗായികയിലേക്കു അടുപ്പിച്ച , ഏറ്റവും പ്രിയപ്പെട്ട ഗാനങ്ങൾ ഇതാ…. ഇവയൊക്കെയാണ്..
പതിവായി പൗർണമി തോറും… എന്തിനീ ചിലങ്കകൾ… പ്രണയഗാനം പാടുവാനായ്.. കന്നിരാവിൻ കളഭക്കിണ്ണം… അറിയുന്നില്ല ഭവാനറിയുന്നില്ല…
കല്ല്യാണ സൗഗന്ധിക പൂങ്കാവനത്തിലൊരു.. യാമിനീ.. യാമിനീ.. കാമദേവന്റെ പ്രിയകാമിനീ… തുറന്നിട്ട ജാലകങ്ങളടച്ചോട്ടെ… ശ്രാവണചന്ദ്രിക പൂ ചൂടിച്ചു… രാജശിൽപ്പീ നീയെനിക്കൊരു.. ചന്ദ്രകിരണം ചാലിച്ചെടുത്തൊരു… നക്ഷത്രകിന്നരന്മാർ വിരുന്നുവന്നു… ചന്ദ്രരശ്മിതൻ ചന്ദന നദിയിൽ… സൂര്യകാന്തകല്പടവിൽ… പ്രണകലാവല്ലഭാ…
കാദംബരീപുഷ്പ സദസ്സിൽ… താജ്മഹൽ നിർമ്മിച്ച രാജശിൽപ്പീ… സമയമാം നദി പുറകോട്ടൊഴുകീ.. നളചരിതത്തിലെ നായകനോ.. മല്ലീസായകാ നീയെൻ മനസ്സൊരു…
എന്നീ ഗാനങ്ങൾ തീർത്ത മാനസികോല്ലാസം പറഞ്ഞറിയിക്കാനാവാത്തത് .
പാട്ടുകൾ തേടി പോവുമ്പോൾ ഇവിടങ്ങളിലൊക്കെ മനസ്സുടക്കി നിൽക്കുന്ന ഒരാരാധകനായി മാറി ഞാൻ.. കടുത്ത ആരാധകൻ..
2. നായികമാരും ഗായികയും
1960 ൽ സീത എന്ന ചലച്ചിത്രത്തിന് വേണ്ടി അഭയദേവിന്റെ രചനയിൽ ദക്ഷിണാമൂർത്തി സംഗീതം ചെയ്ത “പാട്ടുപാടി ഉറക്കാം ഞാൻ താമരപ്പൂ പൈതലേ” എന്ന പാട്ടുമായി വന്ന പി സുശീല എന്ന ആന്ധ്രാപ്രദേശ് യുവതി മലയാളികളുടെ മനസ്സ് കീഴടക്കാൻ ആ ഒരൊറ്റ പാട്ടുകൊണ്ട് തന്നെ കഴിഞ്ഞു. ആ ഉറക്കുപാട്ടിൽ മയങ്ങിപ്പോയി മലയാളികൾ, ആസ്വാദകവൃന്ദം .. ആ ഒരു ലയനത്തിൽ നിന്നും പിന്നീട് ഉണർന്നപ്പോൾ ഉല്ലാസവതികളായ നായികമാരുടെ സ്വരമാധുരിയാവുന്നതായിരുന്നു കാണാൻ കഴിഞ്ഞത്. ആദ്യത്തെ ചലച്ചിത്രങ്ങളിൽ ഉണ്ണിയാർച്ച, ഭാര്യ എന്നിവയിലെ പതുങ്ങിയ പാട്ടുകളിൽ നിന്നും കല്പനയാകും യമുനാനദിയുടെ അക്കരെയക്കരെയക്കരെ നിന്നും ഇക്കരെയിക്കരെയിക്കരെ എത്തി നമ്മളിലൊരാളായി തീർന്നിരുന്നു..
അഭിനേതാക്കൾക്ക് വേണ്ടി പാടുന്ന രീതി അക്കാലത്ത് ഉണ്ടായിക്കഴിഞ്ഞിരുന്നില്ല. അഭിനയം ഒരുഭാഗത്തും പാട്ട് ഒരുഭാഗത്തും എന്ന രീതിയിൽ ഉള്ള ചലച്ചിത്രങ്ങളായിരുന്നു ഏറ്റവും പഴയ കാലത്ത് , കഥാപാത്രങ്ങളുടെ മാനസികാവസ്ഥയ്ക്കു ചേരും വിധം പാടുന്ന പഴയ ഗായകർ എന്ന് പറയാമെങ്കിലും അഭിനേതാക്കളുടെ ശരീരങ്ങൾക്കു ചേർന്ന പാട്ട് പാടാൻ പണ്ടാരും ഉണ്ടായിരുന്നില്ല. ഇതൊരു വഷളൻ കണ്ടുപിടുത്തമായി കാണും ചിലർ,. എല്ലാം ലയിക്കണമെല്ലോ സംഗീതത്തിൽ. ശരീരം ഒരു വഴിക്കും മനസ്സ് മറ്റൊരു വഴിക്കും അല്ലല്ലോ…
അതിനൊരു മാറ്റം വന്നത് യേശുദാസ്, ജയചന്ദ്രൻ എന്നിവരുടെ വരവിനു ശേഷം ആണ്. ഗായികമാരിൽ സുശീല, ജാനകി എന്നിവരാലും. ആന്ധ്രാപ്രദേശിൽ നിന്നൊക്കെ കലാപ്രതിഭകളുടെ ഒഴുക്കായിരുന്നു അന്നൊക്കെ. അഭിനേത്രി ശാരദ മുതൽ ഗായികമാരായ ജാനകി, സുശീല തുടങ്ങിയവർ അവരിൽ പ്രമുഖരായിരുന്നു. അക്ഷരശുദ്ധിയിൽ ചില അക്ഷരങ്ങളിൽ ഒഴിച്ച് സുശീലാമ്മയെക്കാൾ മുൻപിലായിരുന്നു ജാനകിയമ്മ. എന്നാൽ ഭാവസാന്ദ്രതയിൽ സുശീലാമ്മ മുന്നിട്ടു നിൽക്കുന്നു എന്ന് സ്പഷ്ടമായി പഠിച്ചാൽ മനസ്സിലാക്കാൻ കഴിയും..
അഭിനേതാക്കൾക്ക് ഇന്ന ഗായകർ എന്ന സമ്പ്രദായം ഇവരുടെയൊക്കെ കാലത്താണ് വന്നു ചേർന്നത്. പ്രേംനസീറിന് യേശുദാസ്, ഷീലയ്ക്ക് സുശീല.. എന്നിങ്ങനെ.. പലപ്പോഴും അഭിനേതാക്കൾ തന്നെ പാടുന്നതായി അനുഭവപ്പെടുകയും ചെയ്യും. അത്രയ്ക്ക് ലയമുണ്ടായിരുന്നു, ഇഴയടുപ്പമുണ്ടായിരുന്നു അഭിനയവും, പാട്ടും തമ്മിൽ.. സുശീലയുടെ ശബ്ദം ഏറ്റവും ചേർന്ന് നിൽക്കുന്നത് ഷീല എന്ന അഭിനേത്രിക്കാണ്. പിന്നീടത് പൂർണതോതിൽ അനുഭവപ്പെട്ടത് കാലങ്ങൾക്കു ശേഷം നന്ദിതാബോസ് എന്ന നടിക്ക് വേണ്ടി പാടിയപ്പോൾ ആണ്. എങ്കിലും മറ്റേതൊരു അഭിനേത്രിക്കു വേണ്ടി പാടിയാലും അതിന്നാൾക്കു വേണ്ടി എന്ന് നിസ്സംശയം പറയാം കഴിയും.. ഷീലയുടെ വശ്യഭാവവും, ജയഭാരതിയുടെ കുസൃതിയും, നാടൻ പെൺകുട്ടിയുടെ ലാസ്യവും, ശാരദയുടെ കുലീനത്വവും, വിജയശ്രീയുടെ മാദകത്വവും വരെ പാട്ടിന്റെ ഓരോരോ വരവിലും ചൊല്ലിവെയ്ക്കാൻ സുശീലാമ്മയ്ക്കു കഴിഞ്ഞിട്ടുണ്ട്.
ഉണ്ണിയാർച്ചയിലും, ഭാര്യയിലും, നിത്യകന്യകയിലും, രാഗിണിയ്ക്കു വേണ്ടി പാടിയ ഗായികയുടെ ഭാവതരംഗത്തിന്റെ ഉയർച്ച അറിയാൻ ഒതേനന്റെ മകനിലെ വെള്ളോട്ടുവളയിട്ടു കമ്മലിട്ടു …
“യാമിനീ.. യാമിനീ.. കാമദേവന്റെ പ്രിയകാമിനീ.. കദളീവനങ്ങൾക്കരികിലല്ലോ…” എന്നതും.. “പഞ്ചവൻ കാടിലെ.. ശൃംഗാരരൂപിണീ ശ്രീപാർവ്വതീ “
എന്നീ ഗാനങ്ങളും മനസ്സറിഞ്ഞു കേട്ട് നോക്കണം…
ഓടയിൽ നിന്നിലെ കാറ്റിൽ ഇളംകാറ്റിൽ മുറ്റത്തെ മുല്ലയിൽ … ശകുന്തളയിലെ ഗാനങ്ങളും കെ ആർ വിജയ്ക്ക് വേണ്ടി പാടിയത്.
ഷീല എന്ന നടിയുടെ ഭാവമാറ്റങ്ങൾ പാട്ടിലൂടെ പകർത്തിവെച്ച സുശീലാമ്മയുടെ വിരുത് അഭിനന്ദനീയം തന്നെ…
ഇന്ദുലേഖേ ഇന്ദുലേഖേ.. ഭൂമിദേവി പുഷ്പിണിയായി
സീതാദേവി സ്വയംവരം ചെയ്തൊരു… പൂന്തേനരുവീ… പള്ളിയരമന വെള്ളിയരമനയിൽ .. ഉദയഗിരിക്കോട്ടയിലെ ചിത്രലേഖേ… മഞ്ഞുപളുങ്കൻ മലയിലൂടെ ..
എന്നിവയിലെ രസങ്ങളും…
ഹിമവാഹിനീ…തീരാത്ത ദുഖത്തിൻ തീരത്തൊരുനാൾ… മാലാഖമാർ വന്ന് പൂവിടർത്തുന്നതും .. ശ്രവണചന്ദ്രിക പൂചൂടിച്ചു… ഇവയിലെ സ്വരവിന്യാസങ്ങളും അനുഭവിച്ചറിയേണ്ടതാണ് …
ഏഴരവെളുപ്പിനുണർന്നവരെ, ഓമനത്തിങ്കളിലോണം പിറക്കുമ്പോൾ, വധൂവരന്മാരെ, പഞ്ചതന്ത്രം കഥയിലെ, പാമരം പളുങ്കുകൊണ്ട്, എല്ലാരും പാടത്ത് സ്വർണം വിതച്ചു, വൃശ്ചികരാത്രി തൻ , ചന്ദ്രരശ്മിതൻ, എന്നീ ഗാനങ്ങൾ ശാരദയ്ക്ക് വേണ്ടി ആലപിച്ചതും കേൾക്കണം. ആലാപനത്തിലെ സുതാര്യതയും, അച്ചടക്കവും, ഉയർച്ചയും താഴ്ചയും വരെ മനസ്സിലാക്കാൻ കഴിയും..
ഷീലയുടെതിനോട് ചേർന്ന് നിൽക്കുന്ന ഭാവരസങ്ങൾ കൂടുതൽ അനുഭവിക്കുന്നത് നന്ദിതാബോസിന് വേണ്ടി പാടിയപ്പോൾ എന്ന് പറഞ്ഞിരുന്നു.. പണിതീരാത്ത വീട്ടിലെ അണിയംമണിയം പൊയ്കയിൽ …
അച്ചാണിയിലെ സമയമാം നദി പുറകോട്ടൊഴുകി.. മുഴുതിങ്കൾ മണിവിളക്കണഞ്ഞു …
ഈ ഗാനങ്ങൾ ഉദാഹരണങ്ങളാണ് …
വിജയശ്രീയുടെ മാദകത്വവും, ലാസ്യഭാവങ്ങളും പാട്ടിന്റെ വരികളിലും, സംഗീതത്തിലും നിറഞ്ഞു നിൽക്കുമ്പോൾ ഗായികയിലൂടെ അത് പൂര്ണമാവുകയും ചെയ്യുന്നു.. ഒതേനന്റെ മകനിലെ കദളീവനങ്ങൾക്കരികിലല്ലോ… പുഷ്പ്പാഞ്ജലിയിലെ നക്ഷത്രകിന്നരന്മാർ വിരുന്നുവന്നു.. ആരോമലുണ്ണിയിലെ മുല്ലപൂത്തു മുളവിരിഞ്ഞു… കണ്ണാ ആരോമല്ലുണ്ണീ കണ്ണാ.. പൊന്നാപുരം കോട്ടയിലെ നളചരിതത്തിലെ നായകനോ.. ഇവയൊക്കെ തന്നെ ഏതോ നക്ഷത്ര രാജ്യത്തു നമ്മെ കൊണ്ടെത്തിക്കുന്നത് പോലെ തോന്നും…
ഹാലോ ഡാർലിംഗിലെ ദ്വാരകേ ദ്വാരകേ എന്ന ഗാനം സിനിമയിൽ മീന എന്ന നടിക്ക് വേണ്ടി പാടുന്നതാണ്. പക്ഷെ ചിത്രത്തിൽ മീന ചുണ്ടനക്കുകയും, പുറകിൽ ജയഭാരതി പാടുകയും ചെയ്യുന്ന രംഗമാണ്. എന്നാൽ സുശീലാമ്മ മീനയുടെയും, ജയഭാരതിയുടെയും ശബ്ദത്തിൽ അൽപ്പം കനത്തിൽ ആണ് ഈ പാട്ട് പാടിയിരിക്കുന്നത്.. ഇനിയും എത്രയോ ഗാനങ്ങൾ കിടക്കുന്നു. കുറെയേറെ യുഗ്മഗാനങ്ങളും. അവയിലെ ഗായകരോടൊത്തുള്ള അലിഞ്ഞുചേരൽ വേറിട്ട് നിൽക്കുന്ന ഒരാവസ്ഥതന്നെയാണ്…
കൂടുതൽ ചിത്രങ്ങളിലേക്ക് പോകാതെ അവസാനിപ്പിക്കുകയാണ് . കേട്ടതിലും മധുരതരമാവും ബാക്കി എന്നറിയാം.. നിർത്തുന്നു…
Very good.
Congrats Gireesh bhai…