മെയ് 12 ഇന്ന് നഴ്സസ് ദിനം. ഭൂമിയിലെ മാലാഖമാർ എന്നൊരു പേരുകൂടി ഇവർക്കുണ്ട്. അത് എന്തിനാണ് അവരെ അങ്ങനെ വിളിക്കുന്നതെന്ന് എനിക്ക് ആദ്യമൊന്നും മനസ്സിലായില്ല. കാരണം ചില ആശുപത്രിയിൽ പോയപ്പോൾ എനിക്കങ്ങനെ തോന്നിയിട്ടില്ല. ഇവരെയാണോ മാലാഖമാർ എന്ന് വിളിക്കുന്നതെന്നും ഞാൻ കരുതിയിട്ടുമുണ്ട്.
എന്നാൽ ഞാനിപ്പോൾ ഒരു നഴ്സിന്റെ ഭാര്യയാണ്. എന്റെ സംശയം ഭർത്താവിനോട് തന്നെ ചോദിച്ചു. എന്തിനാണ് ‘ഭൂമിയിലെ മാലാഖമാർ’ എന്ന് നിങ്ങളെ വിളിക്കുന്നത് ?
എനിക്ക് അരമണിക്കൂർ നീളുന്ന ഒരു മറുപടിയാണ് കിട്ടിയത്. ആ മറുപടിയിൽ എന്റെ കണ്ണുകൾ നിറഞ്ഞു….
എനിക്ക് ഇപ്പോൾ ഒരു ഡോക്ടറെക്കാളും ബഹുമാനം തോന്നുന്നത് നഴ്സുമാരോടാണ്. ആ മറുപടിയിൽ ചില വാക്കുകൾ ഇങ്ങനെയായിരുന്നു… ഏറ്റവും പ്രിയപ്പെട്ടവരുടെ സാമിപ്യമില്ലാതെ ഒറ്റക്കാവുന്ന ജീവിത സന്ധികളെ നേരിടുമ്പോൾ ഞങ്ങളാണ് തുണയാവുക. സ്നേഹത്തിനു പോലും കടന്നെത്താനാവാത്ത ഇടങ്ങളിൽ കാരുണ്യവും കരുതലും കൊണ്ട് നഴ്സുമാർ നമ്മുടെ വേദനകളിൽ സ്വാന്തനമാകുന്നു. വിശ്രമമില്ലാതെ ജോലി ചെയ്യുമ്പോൾ ഏക ആശ്വാസവും ഉണർവ്വും കിട്ടുന്നത് ഓരോ രോഗികളിൽ നിന്നും കിട്ടുന്ന സ്നേഹം ആണ്. രോഗം മാറി ആശുപത്രി വിടുമ്പോൾ നഴ്സ്മാരോട് സ്നേഹത്തോടെ ഒരു ‘പുഞ്ചിരി ‘… എനിക്ക് മനസ്സിലായി നഴ്സ്മാർ പറയുന്നതല്ല രോഗമുക്തരാകുന്ന ആളുടെ മുഖത്ത് നിന്ന് വായിക്കാൻ പറ്റുന്നതാണ് “ഭൂമിയിലെ മാലാഖമാർ നഴ്സുമാർ ” ആണെന്ന്.
ചരിത്രത്തിലാദ്യമായി നഴ്സുമാർക്ക് ഒരു ദിനം നീക്കിവയ്ക്കുന്നത് 1953 ൽ ആണ്. 1820 മെയ് 12നായിരുന്നു ‘വിളക്കേന്തിയ വനിത’ എന്നറിയപ്പെടുന്ന ഫ്ലോറൻസ് നൈറ്റിംഗിന്റെ ജനനം. ആ ദിനം ലോക നേഴ്സുമാരുടെ ദിനമായി പ്രഖ്യാപിക്കപ്പെട്ടു.
എന്നാൽ ഇന്ന് ഒരു മെയ് 12 ആണ്. ഈ ദിനം ആഘോഷിക്കാൻ ഒരു നഴ്സുമാർക്കും കഴിയില്ല. ഇന്ന് നമ്മുടെ ലോകത്തെ പിടികൂടിയ മഹാമാരിയാണ് കോവിഡ് 19. അതിനെ അതിജീവിക്കാൻ ഓരോ ആരോഗ്യപ്രവർത്തകരും രാപ്പകലില്ലാതെ പോരാടി കൊണ്ടിരിക്കുകയാണ്. കുറഞ്ഞ ശമ്പളം, കൂടുതല്‍ സമയം ജോലി, ആശുപത്രി അധികൃതരില്‍ നിന്നുള്ള പീഡനങ്ങള്‍, അനാരോഗ്യ കരമായ ജീവിത സാഹചര്യങ്ങള്‍ എല്ലാം ഇവരുടെ നിത്യ പ്രശ്‌നങ്ങളാണ്. പുഞ്ചിരിക്കിടയിലും കണ്ണീര്‍ പൊഴിയുന്നുണ്ട്. എങ്കിലും പരിഭവങ്ങളില്ലാതെ എല്ലാം സഹിക്കുകയാണ് ഇവര്‍. ആതുരസേവന രംഗത്ത് ഇന്ന് മലയാളികൾ ലോകമെങ്ങും സാന്നിദ്ധ്യമറിയിക്കുകയാണ്. ലോകരാജ്യങ്ങളിലാകെ മലയാളി നേഴ്സുമാര്‍ തങ്ങളുടെ കര്‍മ്മപഥങ്ങളില്‍ സ്തുത്യര്‍ഹമായ സേവനമാണ് നടത്തുന്നത്. അന്താരാഷ്ട്ര നേഴ്സസ് ദിനത്തിന്റെ ചരിത്രം കേരളത്തിന്റെ ആതുരശുശ്രൂഷാ രംഗത്തിന്റെചരിത്രം കൂടി പറയുന്നതാണ്. ആരോഗ്യ പ്രവർത്തകർക്ക് നല്ലൊരു കരുതൽ കൊടുക്കാൻ നമ്മളോരോരുത്തരും ഉത്തരവാദിത്വം ഉള്ളവരാണ്.
ഈ കാലവും കഴിഞ്ഞു പോകും നേഴ്സുമാർ മാലാഖമാർയെന്ന് നിപയ്ക്ക് ശേഷം നമ്മൾ പറഞ്ഞു. കോവിഡ് കാലത്തും അതും അതുതന്നെ പറയും. ഇങ്ങനെ വരുന്ന സന്ദർഭത്തിൽ മാത്രം അല്ല എക്കാലവും പറയണം നഴ്സ്മാരാണ് ഭൂമിയിലെ മാലാഖമാരെന്ന്. സമൂഹം ആരോഗ്യ പ്രവർത്തകരുടെ സംഭാവനകൾ എന്നും ഓർത്തിരിക്കണം.
ഇന്ന് ഇവരുടെ ദിനമാണ്. ദുരിതദിനങ്ങളിൽ ഞങ്ങൾക്ക് വലംകൈ ആവുന്ന പ്രിയപ്പെട്ട നഴ്സ് മാർക്ക് ലോക നഴ്സ് ദിനാശംസകൾ…
…
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in, WhatsApp : 80 788 16827
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.