കാറ്റിന്റെ മരണം

0
115

(ക്രൈം നോവല്‍)

ഡോ. മുഹ്‌സിന കെ. ഇസ്മായില്‍

അദ്ധ്യായം 17

നാടകം, കല്യാണം, അഭിനയം

രാത്രിയുടെ ഇരുട്ടിൽ ഭയപ്പെടാതെ തൻറെ മടിത്തട്ടിലേക്കു പിറന്നു വീഴുന്ന യാത്രക്കാരെ വേദന കടിച്ചമർത്തിയും പുഞ്ചിരിയോടെ വരവേറ്റും   തിരുവനന്തപുരം റെയിൽ വേ സ്റ്റേഷൻ ഉണർന്നിരുന്നു.

ജീവിതഭാരങ്ങളുടെ ചുമടുകളേന്തിക്ഷീണിച്ച തീവണ്ടി തൻറെ കുഞ്ഞോമനകളെ ഒന്നു താലോലിക്കാൻ പോലുമാകാതെ അപ്പോഴേക്കും ക്ഷീണിച്ചുറങ്ങിക്കഴിഞ്ഞിരുന്നു.

താങ്ങാനാകുന്നതിനേക്കാൾ ഭാരം തൂക്കി വരുന്ന ‘ഗാന്ധിയുള്ള’ പൈതലുകളെക്കാത്തു ചുമട്ടു തൊഴിലാളികൾ വട്ടമിട്ടു പറന്നു. അല്ലാത്തവർ എത്ര വലിയ ഭാരമേറ്റിയാലും മനുഷ്യത്വത്തിന്റെ കണ്ണുകൾ അവരെ തുറിച്ചു നോക്കുക മാത്രം ചെയ്തു.

പുറത്തു യാത്രക്കാരെക്കാത്തു മുൻപേ പണമടച്ചു ചീട്ടു കൈപ്പറ്റേണ്ട ഓട്ടോകളും മീറ്ററിൽ നോക്കി പണമടക്കേണ്ട ടാക്സികളും നിരന്നു കിടന്നു. തങ്ങൾക്കുള്ളത് എവിടെയും പോകില്ലെന്ന ഭാവത്തിൽ ഫോണിൽ കുത്തുന്ന ഓട്ടോ ഡ്രൈവർമാരും ‘ടാക്സി വേണോ എന്ന ചോദ്യവുമായി  പ്രാപ്പിടിയന്റെ മനോഭാവത്തോടെ പാഞ്ഞു നടക്കുന്ന ടാക്സി  ഡ്രൈവർമാരും ഇവിടുത്തെ സ്ഥിരം കാഴ്ചയായിരുന്നു.

കയ്യിൽ മടക്കിപ്പിടിച്ച നോട്ടീസിലായിരുന്നു സമീറയുടെ മനസ്സ് മുഴുവൻ. അതിലൊരു ഫോൺ നമ്പർ കൊടുത്തിട്ടുണ്ട്. നേരം വെളുത്തിട്ട് വേണം അതിൽ വിളിച്ചു ബോറിയാസിനെക്കുറിച്ചും സഫൈറസിനെക്കുച്ചും അന്വേഷിക്കാൻ. ഇനി ഇത് താൻ ഉദ്ദേശിച്ച നാടകമല്ലെന്നു വരുമോ? സമീറ എന്ന ഒരു സുഹൃത്തു തങ്ങൾക്കില്ലെന്ന മട്ടിലാണ് സഹപാഠികളുടെ പെരുമാറ്റം. ആതിര നീണ്ട മുടിയനെ പിരിയാനാകാതെ പ്ലാറ്റ്ഫോമിൽത്തന്നെ തങ്ങി. ഞങ്ങൾക്കും കിട്ടുമെടീ  അവസരമെന്നു പിറുപിറുത്തു കൊണ്ട് ജൊവാൻ തരുണികളുടെ മുമ്പിൽ പാഞ്ഞു. പരിസരപ്രദേശത്തെ ചപ്രാഞ്ചി മുടിയനേയും ചായപ്പയ്യനെയും സിമന്റു ബെഞ്ചിൽ അന്തിയുറങ്ങുന്ന ബംഗാളിയെയും വരേ അവർ തറപ്പിച്ചൊന്നു നോക്കി. ഒടുവിൽ, തങ്ങളുടെ ബോഡീ ഗാർഡാക്കാനും  പ്രണയം നാടകത്തിലെ നായകനാക്കാനും യോഗ്യതയുള്ളവരെയൊന്നും കണ്ടെത്താനാകാത്ത നിരാശയിൽ കിട്ടിയ ടാക്സികളിൽ കയറി ബുക്ക്‌ ചെയ്തിരുന്ന ലോഡ്ജിലേക്കു പോയി.  ശലഭപ്പുഴുവിനെപ്പോലെ  പതിയെ നീങ്ങിയിരുന്ന ഓട്ടോകളിലൊന്നിൽ സമീറ കയറിയപ്പോൾ മുന്നിലെ സീറ്റിലിരുന്നിരുന്ന ഡ്രൈവർ യാന്ത്രികമായിപ്പറഞ്ഞു,

“ അവിടെച്ചെന്നു ബുക്ക്‌ ചെയ്യണം.”

‘ ബാലരാമപുരമെന്നു’ പറഞ്ഞു ബുക്ക്‌ ചെയ്ത കടലാസ് കയ്യിൽപ്പിടിച്ചു വരുമ്പോൾ കലങ്ങിയ കണ്ണുമായി ആതിര മുന്നിൽ നിൽക്കുന്നത് കണ്ടു. ചോദ്യങ്ങളൊന്നും വേണ്ട എന്ന ഭാവത്തോടെ ആതിര ഓട്ടോയുടെ അരികിലത്തെ സീറ്റിൽ കയറിയിരുന്നു പുറത്തെ വിളക്കുകളിലേക്ക് ഒരു നിശാശലഭത്തെപ്പോലെ ഒട്ടിപ്പിടിച്ചു.

“അവരൊക്കെ ടാക്സിയിൽപ്പോയി,” സമീറ ആമുഖമെന്നോണം പറഞ്ഞു. നിശാശലഭം വെളിച്ചം  വിട്ടു വരാനുള്ള ഭാവമുണ്ടായിരുന്നില്ല.

സമീറയുടെ കണ്ണുകൾ കാറ്റിന്റെ മരണമെന്ന അക്ഷരത്തിനകത്തേക്കു ആവാഹിക്കപ്പെട്ടു. എവിടെ നിന്നു തുടങ്ങണം എങ്ങനെ അവസാനിപ്പിക്കണമെന്നറിയാതെ വെള്ളക്കടലാസ്സിനു മുന്നിൽ പെൻസിലും പിടിച്ചു ടീച്ചറുടെ മുന്നിൽ നിൽക്കുന്ന ഒരു കൊച്ചു കുട്ടിയെപ്പോലെ സമീറ കാറ്റിനെ നോക്കി.

“ഒരു വൃത്തത്തിൽ ഒരുപാടു ബിന്ദുക്കളുണ്ട്. എല്ലാ ബിന്ദുക്കളും ഒരു പോലെ പ്രധാനപ്പെട്ടതാണ്. എല്ലാവരും വൃത്തത്തിന്റെ ഭാഗമാണ്,” കാറ്റ് സമീറയെ സമാധാനിപ്പിച്ചു. എന്തോ പറയാൻ ബാക്കി വെച്ചതു പോലെ സമീറയുടെ ബാഗിലെ വാക മരപുസ്തകം വിങ്ങി.

ലോഡ്ജിലെ വീതി കുറഞ്ഞ പരുക്കൻ കട്ടിലിനു മുകളിൽക്കിടന്നു സമീറ വല്യച്ഛനെക്കുറിച്ചോർത്തു. ഒരുപാടു പുസ്തകങ്ങൾ വായിച്ച അറിവുകളുടെ അക്ഷയപാത്രം. മറ്റുള്ളവരെ സഹായിക്കാനായി ജീവിതം ഉഴിഞ്ഞു വച്ചിരുന്നയാൾ. ആർക്കുമറിയാത്ത ചില അദൃശ്യ കഴിവുകളുടെ ഉടമ. ഇതിലേതായിരിക്കും ആ കൊലയാളിയെ ചൊടിപ്പിച്ചത്?

ചിത്രീകരണം: മിഥുന്‍ കെ.കെ

പിറ്റേ ദിവസം ഓഫീസ് സമയമാകാൻ യുഗങ്ങളെടുത്തു. ഫോണിൽ പത്തുമണിയടിച്ച മാത്രയിൽ സമീറ നോട്ടീസിലെ നമ്പറിൽ ഡയൽ ചെയ്തെങ്കിലും ആരുമെടുത്തില്ല.

‘ഇനി വല്ല ഫെയിക്ക് നോട്ടീസുമാകുമോ?’

ഒന്നിന് പുറകെ ഒന്നായി സമീറ ആ നമ്പറിലേക്ക് തന്നെ വിളിച്ചു കൊണ്ടിരുന്നു. ലോഡ്ജിനടുത്തെ ഫാൻസിക്കടകളിൽ കയറിയിറങ്ങി തൊങ്ങലും കല്ലും പിടിപിച്ച ആഭരണങ്ങൾ വാങ്ങുന്ന തിരക്കിലായിരുന്നു സമീറയുടെ കൂട്ടുകാർ.

“ ടീ, അത് നിനക്ക് മാച്ചാകുന്നില്ല. നീ ആ സ്റ്റഡിട്ടാ മതി.”

“ നിനക്ക് പൂ വേണോ?  ഞങ്ങളാ താഴെയുള്ള കടയിൽ നിന്നു വാങ്ങുന്നുണ്ട്.”

“ വേണ്ടടീ.”

“ നീയാരെയാ രാവിലെ മുതൽ വിളിച്ചു കൊണ്ടിരിക്കുന്നത്? വരുന്നുണ്ടെങ്കി വാ.”

“ ഒരു നാടകത്തിനു ടിക്കറ്റ് കിട്ടുമോന്നു നോക്കിയതാ.”

“ അതെയതെ. മനുഷ്യനിവിടെ നിന്നു തിരിയാൻ നേരമില്ല. അപ്പഴാ അവൾടെയൊരു നാടകം,” ഫോണിൽ ധൃതിയിൽ സന്ദേശം ടൈപ് ചെയ്യുന്നതിനിടയിൽ ആതിര പറഞ്ഞു.

ജൊവാന്റെ  ചേച്ചിയുടെ കെട്ടുകല്യാണം പതിനൊന്നു മണിക്ക് പള്ളിയിൽ വെച്ചായിരുന്നു. ഞായറാഴ്ച കുർബാന കഴിഞ്ഞു ആളുകൾ തിരക്കിട്ടു അവധി ദിവസത്തിന്റെ ആലസ്യത്തിലേക്കു വഴുതി വീഴുവാൻ കാറുകളെടുത്തു പാഞ്ഞു.

കൂറ്റൻ തൂണുകളും ആൽത്തറയുമുള്ള പള്ളി. ആളുകളങ്ങിങായി കൂടി നിന്നു. സമീറയുടെ കൂട്ടുകാർ ചെരിഞ്ഞും തിരിഞ്ഞും സെൽഫിയെടുക്കുന്ന തിരക്കിലായിരുന്നു. അന്യഗ്രഹജീവികളെപ്പോലെ അവർ പള്ളിയുടെ വിവിധ ഭാഗങ്ങളിലൊഴുകി നടന്നു. സമീറയുടെ വിരലപ്പോഴും ഫോണിന്റെ പച്ച ബട്ടണിലായിരുന്നു. ഏതെങ്കിലുമൊരവസരത്തിൽ മറു തലയ്ക്കൽ ഫോണെടുക്കപ്പെടുമെന്നും തൻറെ സംശയങ്ങൾക്കൊരുത്തരം നൽകുമെന്നും അവളാശിച്ചു.

വെള്ള ഗൗണണിഞ്ഞു കിരീടധാരിയായ ജൊവാന്റെ ചേച്ചിയും വരനും  വെള്ള ഉടുപ്പിട്ട ഫ്ലവർഗേൾസിന്റെ അകമ്പടിയോടെ പള്ളിയിലേക്ക് കടന്നു വരുന്നതിനിടയിലാണ് സമീറയുടെ ഫോൺ ബെല്ലടിച്ചത്.

“ ഹലോ. ഇതാരാ?”

“ ഞാൻ…കാറ്റിന്റെ മരണം എന്ന നാടകത്തെക്കുറിച്ച്…അറിയാൻ വിളിച്ചതാ.”

“ ആ…എത്ര ടിക്കറ്റാ?”

“ ടിക്കറ്റിനല്ലാ. അതിനെക്കുറിച്ചു അറിയാൻ…”

“ അത് ഞങ്ങളല്ല നടത്തുന്നത്. പുതിയൊരു ടീം ഇവിടെ വന്നു ചെയ്യുന്നതാ. നിങ്ങള് പത്രത്തീന്നാ?”

“ അല്ല സർ. അത്…അതിലഭിനയിക്കുന്നവരെക്കുറിച്ച്? ബോറിയാസും…”

“ അതൊന്നും ഞങ്ങൾക്കറിയില്ല. ഞങ്ങളെയാണ് വിതരണം ചെയ്യാനേല്പിച്ചിരിക്കുന്നത്. വേറെയൊക്കെ അവരോടു തന്നെ  അന്വേഷിക്കണം.”

“ അത്…എനിക്കു കുറച്ചു കാര്യങ്ങളറിയാനായിരുന്നു.”

“ ടിക്കറ്റെടുക്കുന്നുണ്ടോ?”

ഇത് വല്യ കുരിശായല്ലോ. ഇതിത്ര പ്രശ്‌നമുള്ളതാണെന്നറിഞ്ഞിരുന്നേൽ വേണ്ടായിരുന്നു. ഇതിപ്പോ എത്രാമത്തെ ആളാ വിളിക്കുന്നേ? കർത്താവേ…അയാൾ ആത്മഗതമെന്നോണം പറഞ്ഞു.

“വേറെ നമ്പറെന്തെങ്കിലുമുണ്ടോ?”

അപ്പോഴേക്കും ഫോൺ കട്ടായിക്കഴിഞ്ഞിരുന്നു.

സമീറയുടെ കൂട്ടുകാർ പെണ്ണിന്റെയും ചെക്കന്റെയും കൂടെ ഫോട്ടോയെടുക്കാൻ പ്ലാസ്റ്റിക് ചിരിയുമായി ജീവിതനാടകത്തിന്റെ തട്ടകത്തിൽ മത്സരിക്കുന്നത് കണ്ടപ്പോൾ

“എല്ലാം വെറും അഭിനയമാണ്,” എന്ന വർഷയുടെ വാക്കുകളാണ് സമീറയ്ക്കോർമ്മ വന്നത്.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here