ഇരുള്‍

0
136

(നോവല്‍)

യഹിയാ മുഹമ്മദ്

ഭാഗം 13

റാഫേലിന്റെ മരണം പെന്തപ്പള്ളി ഇടവകയില്‍ വലിയ ചര്‍ച്ചാവിഷയമായി. ഇതുപോലുള്ള അപകടമരണങ്ങള്‍ പലതും ഇടവകയില്‍ നടന്നിട്ടുണ്ടെങ്കിലും ഇത് ഇത്രമാത്രം ചര്‍ച്ചാവിഷയമാവാന്‍ മറ്റൊരുകാരണം കൂടിയുണ്ട്. അത് തികച്ചും മതപരമായ ഒരു കാരണം കൂടിയായിരുന്നു. ചരിത്രപരമായി പല അത്ഭുതസംഭവങ്ങളും കുരിശുപ്പള്ളിയെ ചുറ്റിപ്പറ്റി പ്രചരിക്കുന്നുണ്ടെങ്കിലും പുതുതലമുറക്ക് മാതാവായ് കാണിച്ചുകൊടുത്ത ഒരു അത്ഭുതംതന്നെയെന്നാണ് മുന്‍തലമുറയിലെ വിശ്വാസികളുടെ വാദം. അത് കുരിശുപള്ളിയുടെ അത്ഭുതസിദ്ധികള്‍ക്കു മുകളില്‍ ഒരു പൊന്‍തൂവല്‍കൂടിയായി.
ദൈവത്തോട് കളിക്കുമ്പോള്‍ ശ്രദ്ധിക്കണം. അല്ലെങ്കില്‍ ഇതും ഇതിനപ്പുറവും സംഭവിക്കും. കുരിശുപ്പള്ളി തുറക്കണമെന്ന വാദവുമായി വന്ന റാഫേലിന് ഒരു പകലുപോലും തികയ്ക്കാനായില്ല. അതിനുമുന്‍പേ കര്‍ത്താവ് വിധികല്‍പിച്ചു. കര്‍ത്താവിന്റെയും മാതാവിന്റെയും ഹിതം, അത് തുറക്കരുത് എന്നാണ്. ആ തീരുമാനം തിരുത്താന്‍ നമ്മള്‍ മനുഷ്യന്മാര്‍ കൂട്ടിയാല്‍ കൂടുമോ? ഇനി ഒരാളും ഈ കാര്യം ആവശ്യപ്പെട്ട് മുന്നോട്ടുവരില്ല. എല്ലാവരുടെയും ഉള്ളില്‍ കുറഞ്ഞുതുടങ്ങിയ ദൈവഭയം വീണ്ടും ഊഷ്മാവ്മാപിനിപോലെ ഉയര്‍ന്നു; അതോടൊപ്പംതന്നെ കുരിശുപ്പള്ളിയോടും മാതാവിനോടും.

നാട്ടുകാരുടെ ഈയൊരു തീരുമാനം അച്ചന് കുറച്ചൊന്നുമല്ല ആശ്വാസം പകര്‍ന്നത്. തന്റെ ലക്ഷ്യത്തിലേക്ക് ഇനി അധികകാലമൊന്നും ബാക്കിയില്ല. ഏതാനും ദിവസങ്ങളുടെ വഴിദൂരം മാത്രം. ഈ ഒരവസരം അച്ചന്‍ ശരിക്കങ്ങു മുതലെടുത്തു. ഭയത്തോളം മനുഷ്യനെ അടക്കിനിര്‍ത്താന്‍ പറ്റുന്ന ആയുധം മറ്റെന്താണ്? എക്കാലത്തും പൗരോഹിത്യത്തിന്റെ ഊന്നുവടി ഭയം തന്നെയായിരുന്നു. ദൈവത്തെ സ്‌നേഹിക്കുക എന്ന് പറയുന്നതിനേക്കാളും കൂടുതല്‍ അവര്‍ ജനങ്ങളോട് പറയുന്നത് ദൈവത്തെ ഭയപ്പെടാനാണ്. ആ ഭയത്തിന്റെ ചൂടുപടലത്തില്‍തന്നെയാണ് അവര്‍ ജനങ്ങളുടെ അഭിപ്രായങ്ങളെയും ചിന്തകളെയും മൂടിവെക്കുന്നത്.

ആ ആഴ്ച പള്ളിയില്‍വെച്ചു നടത്തിയ കുടുംബപ്രസംഗത്തില്‍ അച്ചന്‍ ഈ കാര്യത്തെക്കുറിച്ച് വളരെ വിശദമായങ്ങു സംസാരിച്ചു. ‘റാഫേല്‍ നമ്മുടെ ഇടവകയില്‍ വളര്‍ന്ന കുട്ടിയായിരുന്നു. ഇവിടെ വിട്ട് പുറത്തുപോയപ്പോള്‍ അവന്‍ ഒറ്റപ്പെട്ട ഒരു കുഞ്ഞാടായി. പിഴച്ച വഴികളിലൂടെയായിരുന്നു അവന്റെ സഞ്ചാരം. സഭയെയോ അച്ചനെയോ മതത്തെയോ അവന് വിശ്വാസമില്ലാതായി. അവന്റെ കര്‍മഫലം എന്നല്ലാതെ ഇതിനെക്കുറിച്ച് എന്തുപറയാന്‍. കുരിശുപ്പള്ളി എന്നത് മഹത്തായ ഒരു ദൈവഗൃഹമാണ്. അതിന് അതിന്റേതായ ഒരു പവിത്രതയുണ്ട്. അതിനു മുകളില്‍ കര്‍ത്താവിന്റെ ചില തീരുമാനങ്ങളുണ്ട്. അതിന്റെ പവിത്രതയെ കളങ്കപ്പെടുത്തുന്ന രീതിയിലുള്ള സംസാരങ്ങള്‍പോലും വലിയ പാപങ്ങള്‍തന്നെ. റാഫേലിന്റെ മരണത്തില്‍ നാം ഖേദിക്കുന്നു. കര്‍ത്താവിന്റെ തീരുമാനങ്ങള്‍ അതിന്റെ ഉദ്ദേശങ്ങളും അവനല്ലാതെ മറ്റാര്‍ക്ക് അറിയാനാണ്. അവന്‍ പരിശുദ്ധനും കരുണാവാരിധിയുമാകുന്നു. അന്നത്തെ വിഷയത്തില്‍ കുരിശുപള്ളി തുറക്കാന്‍ റാഫേലിനൊപ്പം ചട്ടംകെട്ടിയവര്‍ ഇതിലുണ്ട്. അവരോടായി ഞാന്‍ ചോദിക്കുകയാണ്. കര്‍ത്താവിന്റെ തീരുമാനങ്ങള്‍ ലംഘിച്ച് അത് നിങ്ങള്‍ക്ക് തുറക്കണമോ? എങ്കില്‍ തുറന്നുകൊള്ളുക. അതുമൂലം നിങ്ങള്‍ക്കോ നാടിനോ ഈ ഇടവകയ്‌ക്കോ ഉണ്ടാകുന്ന പരിണിതഫലങ്ങള്‍ക്ക് ഞാനോ സഭയോ ഉത്തരവാദികളല്ല.’
അച്ചന്റെ സംസാരം കുറിക്കുകൊണ്ടു എന്നുതന്നെ പറയാം. എതിരഭിപ്രായമായി ആരും മുന്നോട്ട് വന്നില്ല. ഭയം കാട്ടുതീപോലെ ഓരോ മനസ്സിനെയും പിടിച്ചുലച്ചിരുന്നു. അതുവരെ ഉണ്ടായിരുന്ന വിശ്വാസംപോലെ ദുര്‍ബലമായിരുന്നില്ല ഇപ്പോള്‍ ഇടവകക്കാരുടെ വിശ്വാസം. പറഞ്ഞുകേള്‍ക്കുന്ന കഥപോലെയല്ലല്ലോ നേരില്‍ കാണുമ്പോള്‍. ഈയൊരു സംഭവത്തിന് ഒരു നാട് മുഴുവന്‍ സാക്ഷിയായിരുന്നല്ലോ. അച്ചന്‍ സംസാരം തുടര്‍ന്നു. സദസ്സ് നിശബ്ദമാണ്. വേണ്ടത് ഭക്തിഭയമാണെന്ന് മനസ്സിലാക്കി അവരോരുത്തരും ജീവഭയത്തെ ഉള്ളില്‍ നിറച്ച് മൗനത്തെ വരിച്ച് സദസ്സില്‍ ശ്രദ്ധാലുക്കളായിത്തന്നെ ഇരുന്നു. ‘ഇന്നീ കുരിശുപള്ളി ലോക ശ്രദ്ധയാകര്‍ഷിച്ചുകൊണ്ടിരിക്കുന്ന മഹത്തായ ദേവാലയമാണ്. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിശുദ്ധ ദേവാലയങ്ങള്‍ സന്ദര്‍ശിച്ച് അവിടെ ആരാധനാകര്‍മങ്ങള്‍ അനുഷ്ഠിക്കാന്‍, അവയെ കുറിച്ച് പഠിക്കാനുംലോകത്തിലെ പ്രഗത്ഭരായ പത്തോളം പുരോഹിതന്മാര്‍ പുറപ്പെടുന്നുണ്ട്.
അവര്‍ സന്ദര്‍ശിക്കാന്‍ തിരഞ്ഞെടുത്ത അമ്പതോളം ദേവാലയങ്ങളില്‍ നമ്മുടെ കുരുശുപള്ളിയും ഉള്‍പ്പെട്ടിട്ടുണ്ട് എന്ന സന്തോഷവിവരം ഈ സന്ദര്‍ഭത്തില്‍ നിങ്ങളെ ഞാന്‍ അറിയിച്ചുകൊള്ളുന്നു. അവര്‍ അടുത്തവര്‍ഷത്തെ ഡിസംബറിലേക്ക് ഇവിടെ എത്തുമെന്നാണ് പ്രതീക്ഷ. അത് നമുക്ക് ആഘോഷമായിത്തന്നെ കൊണ്ടാടണം. ഈ നാടുകണ്ട ഏറ്റവും വലിയ ഉത്സവമാക്കി നമുക്കാ ദിനങ്ങള്‍ മാറ്റേതുണ്ട്. പരിപാടികളും കാര്യങ്ങളും നമുക്ക് പിന്നീട് തീരുമാനിക്കാം. അന്ന് ഒരുദിവസം അവര്‍ക്കുവേണ്ടി കുരിശുപള്ളി തുറക്കപ്പെടുന്നതാണ്. നാമൊക്കെ മനസ്സില്‍കൊണ്ടു നടന്ന ചിരകാല സ്വപ്നം ആ മഹാമനീഷികളുടെ സാന്നിധ്യത്തില്‍ തുറക്കപ്പെടട്ടെ.’

ചിത്രീകരണം: മിഥുന്‍ കെ.കെ

പെട്ടെന്നായിരുന്നു പിന്നില്‍നിന്നും ജോസഫ് എഴുന്നേറ്റുനിന്നത്. ‘അച്ചോ അന്ന് കുരിശുപള്ളി തുറന്നാല്‍ അച്ചന്‍ പറയുന്ന ദൈവകോപമുണ്ടാവില്ലേ. ഹോ… ചിലപ്പോള്‍ സാധാരണമനുഷ്യരോട് മാത്രമേ ദൈവം കോപിക്കൂ… അല്ലേ? അവരൊക്കെ വിദേശികളും വലിയവരുമായിരിക്കുമല്ലേ!’ സദസ്സ് മുഴുവനും അമ്പരപ്പോടെ ജോസഫിനെതന്നെ നോക്കിനിന്നു. ഇങ്ങനെ ഒരു പ്രതികരണം പ്രതീക്ഷിക്കാത്തതുകൊണ്ടായിരിക്കാം അച്ചന്‍ പെട്ടെന്നൊരു മറുപടി നല്‍കാനാവാതെ നിശബ്ദം നിന്നു പോയത്. ജോസഫ് തുടർന്നു ‘ഒരാള്‍ തന്റെ അഭിപ്രായം പറഞ്ഞതിന് ദൈവം മരണശിക്ഷ വിധിക്കുമെങ്കില്‍, അസഹിഷ്ണുവായ കര്‍ത്താവിന് എന്ത് നീതിയാണുള്ളത്? മനുഷ്യനെക്കാളും ഇടുങ്ങിയ ചിന്താഗതിക്കാരനാണോ കര്‍ത്താവ്? കര്‍ത്താവിനത് തുറക്കാന്‍ ഇഷ്ടമില്ലെങ്കില്‍ അന്നേ ദിവസം തുറക്കുന്നത് കര്‍ത്താവിന് സന്തോഷമാകുമെന്ന കാര്യം ഞങ്ങളെങ്ങനെ വിശ്വസിക്കും? നിങ്ങള്‍ കര്‍ത്താവിന്റെ പേരില്‍ ഭയം വിതയ്ക്കുന്നു. ഭയമാണല്ലോ എന്നും പൗരോഹിത്യത്തിന്റെ മുതല്‍മുടക്ക്. നിങ്ങള്‍ ചെയ്യുമ്പോള്‍ ദൈവപ്രീതി. പാവങ്ങള്‍ ചെയ്താല്‍ ദൈവനിന്ദ.’

‘പിടിച്ച് പുറത്താക്കൂ… ആ ധിക്കാരിയേ…’ ആരോ ഒരാള്‍ വിളിച്ചുപറഞ്ഞു. കാക്കക്കൂട്ടിന് കല്ലേറ് കൊണ്ടപോലെ എല്ലാവരും ജോസഫിനു നേരെ പാഞ്ഞടുത്തു. അവനെ കോളറക്ക് പിടിച്ച് പള്ളിക്ക് പുറത്തേക്ക് തള്ളി.

‘യാക്കോബച്ചായാ… എന്താണിതൊക്കെ നിങ്ങളീ നാടിന്റെ പ്രമാണിയല്ലേ? നിങ്ങളുടെ മകന്‍ ചെയ്യുന്ന നിന്ദകള്‍ ഇനിയുമെങ്ങനെയാണ് ജനങ്ങള്‍ ക്ഷമിക്കുക? ഈ പള്ളിക്കും സഭയ്ക്കും അതിന്റെതായ ചില ചിട്ടകളും രീതികളുമുണ്ട്. അത് വേലിയിലുള്ളവര്‍തന്നെ പൊളിക്കാന്‍ തുടങ്ങിയാല്‍ എന്തുചെയ്യും. മതം പറയാന്‍ ഇവിടെ പുരോഹിതന്മാരുണ്ട്. അവര്‍ ദൈവത്തിന്റെ നാവാകുന്നു. അവരെ ധിക്കരിക്കുന്നത് പാപവും.’

‘അച്ചോ… ഒരു പ്രാവശ്യത്തേക്ക് കൂടി മാപ്പാക്കണം. ഞാനവനെ ഉപദേശിക്കാം.’ യാക്കോബ് വിനയാന്വിതനായി പറഞ്ഞു.

‘പ്രിയപ്പെട്ടവരെ നമ്മുടെ യാക്കോബച്ചായന്റെ വിവരദോഷത്തിന് ഞാന്‍ നിങ്ങളോട് മാപ്പ് ചോദിക്കുന്നു. ഒരവസരം കൂടി നമുക്കവന് നല്‍കാം ഇതെന്റെ ആജ്ഞയല്ല. അപേക്ഷയാണ്.’ അച്ചന്‍ ജനങ്ങളോട് പറഞ്ഞു.

‘എല്ലാവരും ശാന്തരാകൂ… കര്‍ത്താവിന്റെ അനുഗ്രഹം നമ്മള്‍ക്കെപ്പോഴുമുണ്ടാകട്ടെ. ജോസഫിന് നല്ല ബുദ്ധി തോന്നാന്‍ കര്‍ത്താവിനോട് നമുക്ക് പ്രാര്‍ത്ഥിക്കാം.’

LEAVE A REPLY

Please enter your comment!
Please enter your name here