കവിതയിലെ കടലിരമ്പം

0
111

പുസ്തകപരിചയം

ഷാഫി വേളം

ജീവിതത്തിന്റെ അലച്ചിലിനിടയിൽ പലപ്പോഴായി കണ്ണിലുടക്കിയ കാഴ്ചകളെ, കർണ്ണപുടത്തിൽ മാറ്റൊലി കൊള്ളിച്ച വാമൊഴികളെ ആത്മാവുള്ള അക്ഷരങ്ങളാക്കുകയാണ് ‘എന്റെ ആകാശം എന്റെ കടലും’ എന്ന കവിതാ സമാഹാരത്തിൽ കെ സലീന. ഏച്ചുകെട്ടലുകളില്ലാത്ത ഭാഷയിൽ  കവിതകളെഴുതുന്നു. ചെറിയൊരു നീറ്റലോടെ നാമതിൽ വായിച്ചലിയുന്നു.
ആർക്കും പ്രാപ്യമാകുന്ന ഭാഷ, ആരെയും കോരിത്തരിപ്പിക്കുന്ന ഭാവനകൾ, സൂക്ഷ്മ നീരീക്ഷണങ്ങളിൽ വിരിയുന്ന കവിതാ കുസുമങ്ങൾ എന്നിവയെല്ലാം ഈ കാവ്യകൗമുദിയുടെ എടുത്തു പറയേണ്ട സവിശേഷതകളാണ്.

ജീവിതാനുഭവങ്ങളിൽ തളിർക്കുന്ന ബാഹ്യ പ്രേരണകളും ആന്തരിക ശക്തിയും കവിതയിൽ ഉളളതായി അനുവാചകർക്ക് വായി ക്കാനാകുന്നുണ്ട്. ഓരോ കവിതയ്ക്കും അതിന്റെ നിറവും തികവും പരിമളവുമുണ്ട് എന്നത് ഒരു യാഥാർത്യമാണ്. തന്നെ ഉലച്ചവയൊക്കെ കവിതയായ് വിവർത്തനം ചെയ്ത് സ്വയം പ്രതിരോധം തീർക്കുന്നുമുണ്ട്. സമകാലിക ലോകത്തിന്റെ മുറിവുകളും നോവുകളും തുന്നിയ ശക്തമായ കവിതകളാണ് ഈ സമാഹാരത്തിലടങ്ങിയിട്ടുള്ളത്.

ആകാശത്തിനും കടലിനുമിടയിലുളള ജീവിതങ്ങളെയാണ് നമുക്ക് വായിക്കാനാകുന്നത്. വിഷയ വൈവിധ്യം കൊണ്ട് സമ്പുഷ്ടമാണ് ഈ സമാഹാരം.

യഥാർത്ഥത്തിൽ ജീവിതത്തിൽ നാം നിത്യേനെ കാണുന്ന ദൃശ്യ തലങ്ങളിലുള്ള അദൃശ്യ തലങ്ങളെ കണ്ടെടുക്കുകയാണ് ഈ കവിതാസമാഹാരം. ഭൂരിഭാഗം കവിതകളിലും ജീവിതാനുഭവങ്ങളുടെ വൈകാരികതയും ഊഷ്മളതയുമുണ്ട്.

ജീവസുറ്റ ആശയങ്ങളുടെ ഹൃദ്യമായ ഭാഷാവിഷ്കാരമാണ് ഈ സമാഹാരമെന്ന് വായനയുടെ ഒടുവിൽ ഏതൊരാളും പറയും  നഷ്ടഭാഗ്യങ്ങളുടെ നൊമ്പരങ്ങളാണ് വരികളിൽ.  ജീവിതത്തിന്റെ  വേനലും മഴയും  പ്രത്യാശയും സ്വപ്നങ്ങളും കവിതകളിൽ നിറഞ്ഞിരിക്കുമ്പോൾ തന്നെ പെൺജീവിതങ്ങളിലെ വീർപ്പുമുട്ടുന്ന നോവുകളെയും നൊമ്പരങ്ങളെയും അതിഭാവുകത്വമില്ലാതെ അടയാളപ്പെടുത്തുന്ന കവിതകളുമുണ്ട് .സാമൂഹിക പരിസരങ്ങളിൽ മുളച്ചുപൊന്തുന്ന ആർദ്രതയുടെയും  സ്നേഹത്തിന്റെയും പ്രണയത്തിന്റെയും അതീവ ദുഃഖത്തിന്റെയും വ്യതിരിക്ത മുഖങ്ങൾ ഈ സമാഹാരത്തിൽ നമുക്ക് കാണാനും വായിക്കാനുമാകുന്നു.

ജീവിത നിരീക്ഷണത്തിൽ നിന്നും വായനയിൽ നിന്നും തെളിഞ്ഞു കിട്ടുന്ന രൂപകങ്ങളെ കുറഞ്ഞ വരികളിൽ പറയാനാണ് ഈ കവിയ്ക്കിഷ്ടം ഈ സമാഹാരത്തിൽ കൂടുതലും ഹൈക്കുകവിതകളാണ് ഉള്ളത്. എങ്കിലും, കുറഞ്ഞ വാക്കുകളിൽ കൂടുതൽ ആശയങ്ങളെ കുറിക്കുന്നവയാണവ. ഏതൊരാൾക്കും മനസ്സിലാകുന്ന സരളമായ ഭാഷയാണ് അധിക കവിതകളും കൈകാര്യം ചെയ്തിട്ടുള്ളത് പ്രതലവിസ്തീർണ്ണമല്ല. ആഴമാണ് മുഖ്യമെന്ന് പുതിയ കാല കവി തിരിച്ചറിയുന്നു.

ഈ സമാഹാരത്തിലെ ആദ്യ കവിതയായ ‘പുനർജനി’ മുതൽ തുടർന്നു വരുന്ന ഏതാണ്ടെല്ലാ കവിതകളും വൈയക്തികവും സാമൂഹികവുമായി അനുഭവിച്ച ജീവിത യാഥാർത്ഥ്യങ്ങളെയാണ് പങ്കു വെക്കുന്നത്. ഓരോ കവിതയും വായനക്കപ്പുറം നിമിഷ നേരം കൊണ്ട് ഹൃദയ സഞ്ചാരവും തീർത്ഥാടനവുമൊക്കെയായി തീരുന്നുണ്ട്.

“നിന്റെ തിരകളെന്നെ
നനയ്ക്കാതിരിക്കു വോളം
നിന്നെ ഞാനെങ്ങനെയാണ്
കടലെന്ന് വിളിക്കുക “

‘ന്യായം  ‘എന്ന തലവാചകത്തിൽ എഴുതിയ ഈ ചെറു കവിത വളരെ സരളമാണ്. ഒറ്റ വായനയിൽ തന്നെ മനസ്സിലേക്ക് ആശയം ഓടിയെത്തും. കടലിനെക്കുറിച്ച് പലരും പലവിധം പറഞ്ഞു പോയിട്ടുണ്ടെങ്കിലും  കവി സൂചിപ്പിക്കുന്നത് മറ്റൊരു ആശയതലത്തെയാണ്. ചെറിയ ചെറിയ വരികളിൽ വലിയൊരു ആശയ പ്രപഞ്ചം സമർത്ഥമായി ഇഴ ചേർത്തിരിക്കുന്നു.

“പുകഞ്ഞ് തീരുന്ന ചില ജന്മങ്ങളുണ്ട്
ഒരിക്കലെങ്കിലും ഒന്ന് ആളിപ്പടരാനാവാതെ
ഉള്ളിലെരിയുന്ന അഗ്നിപർവ്വതത്തിന്
ധ്രുവ ശൈത്യ നിശ്ശബ്ദതയാൽ വലയം തീർക്കുന്നവർ “

‘മുഖമില്ലാത്തവർ ‘ എന്ന  കവിത സ്ത്രീ ജീവിതത്തിന്റെ പകർപ്പായി പരിണമിക്കുന്നു. സ്ത്രീ എഴുതി തുടങ്ങുമ്പോൾ വെളിച്ചം കാണുന്നത് മറയിട്ടുമൂടി വെച്ച പല ജീവിത യാഥാർത്ഥ്യങ്ങളുമാണ്. ഈ വരികളിൽ പുരുഷാധിപത്യത്തെ ശക്തമായി വിമർശിക്കുന്നുണ്ട്. പുരുഷാധിപത്യത്താൽ മാറ്റി നിർത്തപ്പെട്ട അനേകം പെൺ ചിത്രങ്ങൾ വർത്തമാന ഇന്ത്യയുടെ മുഖമായിക്കൊണ്ടിരിക്കുമ്പോൾ സലീനയുടെ ‘മുഖമില്ലാത്തവർ’ പോലുള്ള കവിതകൾ പ്രതീക്ഷയും പ്രതിരോധവുമാണ്.

“അത്രമേൽ വിങ്ങി ഉള്ളുവെന്താണ്
ഒടുക്കമൊന്ന് നിലവിളിച്ച് പോവുന്നത് എന്നൊരു പ്രഷർ കുക്കർ “

നിസ്സാരമെന്ന് കരുതി ഒന്നിനേയും അവഗണിച്ചു കൂടെന്നാണ് ഈ കവിത പകുക്കുന്നത്. കവിതയുള്ള മനസ്സിന് എല്ലാത്തിലും കവിത കണ്ടെത്താൻ സാധിക്കുമെന്ന് ഈ കവിത നമ്മോട് പറയുന്നു.
” എത്രമാത്രം ഉരുകിയൊലിച്ചാലാണ്
ഒടുക്കമൊന്ന് തണുത്തുറഞ്ഞ് ശിലയായ് മാറുക “

‘ശില ‘ എന്ന തലവാചകത്തിലുള്ളഈയൊരൊറ്റ കവിത തന്നെ സലീനയുടെ ഉൾക്കാഴ്ച്ചയെ സാക്ഷ്യപ്പെടുത്തുന്നുണ്ട്. വ്യത്യസ്തമായ ജീവിതാനുഭവങ്ങളാണ് സലീന പങ്ക് വെക്കുന്നത്. ഇളം കാറ്റ് പോലെ ഹൃദയം തൊടുന്ന വരികൾ ജീവിത പരിസരങ്ങളിലേക്ക് തുറന്നു വെച്ച കവിതയുടെ കളങ്കമില്ലാത്ത കുഞ്ഞിളം കണ്ണുകളാണ്

” യാത്ര തുടങ്ങിയത് ഒരുമിച്ചാണ്
എന്നിട്ടും ഏഴാകാശവും ഏഴു കടലും താണ്ടി
നീയിപ്പോൾ ആത്മനിന്ദയുടെ കുമ്പസാരക്കൂട്ടിൽ മുട്ടുകുത്തിയിരിപ്പാണ്
ഞാനാണെങ്കിൽ തിരിച്ചു പറക്കാനാവാതെ
എഴു നിറങ്ങളുള്ള മഴവില്ലിൽ ചിറക് കുരുങ്ങി കിടക്കയും”
‘പരിണതി ‘ എന്ന കവിത ബന്ധങ്ങളിലെ ഏറ്റ കുറച്ചിലുകളെ അടയാളപ്പെടുത്തുന്നു.

“പ്രണയം വെറുമൊരു തോന്നലാണ്
എന്നിലുണ്ടെന്ന് നീയും
നിന്നിലുണ്ടെന്ന് ഞാനും
വിശ്വസിക്കാനിഷ്ടപ്പെടുന്നൊരു തോന്നൽ
” (പ്രണയം )

“പ്രണയത്തിന്റെ വിത്തുകളാണ് പാകിയത്
മുള പൊട്ടിയതാകട്ടെ
ഉന്മാദത്തിന്റെ തൈകളും ” (ഉന്മാദം )

” നട്ടുനനക്കരുതേ
നീയീ മുള പൊട്ടിയ വിത്തുകൾ
സ്വപ്നത്തിലേക്ക്
ആഴത്തിൽ പടരുന്ന വേരുകളുണ്ടാവുമതിന് ”
(പൂമരമാകും മുമ്പേ )

കടലാഴങ്ങളുണ്ട് പ്രണയത്തിന്, ആയതിനാൽ എത്ര എഴുതിയാലും തീരാത്ത ഒന്നാണ് പ്രണയം. ഈ കവിതകളെല്ലാം പ്രണയത്തിന്റെ ആത്മാവറിയുന്നു. അതിനാൽ ഈ വരികൾ പ്രണയത്തിന്റെ ഒരു ‘ഇമേജറി ‘യായി അനുവാചകരുടെ ഹൃദയംതൊടുന്നു.

വ്യത്യസ്തമായ പ്രമേയങ്ങൾ ഏറെ അടുക്കും ചിട്ടയുമായി കോർത്തിണക്കിയ ഈ പുസ്തകത്തിലെ കവിതകളിൽ ഏറെയും ജീവിതാനുഭവങ്ങളുടെ നേരെഴുത്താണ്. അതുകൊണ്ട് തന്നെ ഉപയോഗിച്ചിരിക്കുന്ന ബിംബങ്ങളും ഉപമാനങ്ങളും രൂപകങ്ങളും വായനക്കാരന് തന്നിലേക്ക് തന്നെ ഇറങ്ങിച്ചെന്ന് സ്വയം തിരിച്ചറിയാന്‍ പോന്നവയുമാണ്. ഈ സമാഹാരത്തിലെ മുഴുവൻ കവിതകളും ഒറ്റയിരിപ്പിന് വായിച്ചു തീർക്കാൻ പ്രേരിപ്പിക്കുന്ന രീതിയിലാണ് ഭാഷയും ശൈലിയും.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here