കാറ്റിന്റെ മരണം

1
174

(ക്രൈം നോവല്‍)

ഡോ. മുഹ്‌സിന കെ. ഇസ്മായില്‍

അദ്ധ്യായം 3
വാകമരത്തിന്റെ സന്ദേശം

ഒരു കുന്നിന് മുകളിലായിരുന്നു സമീറയുടെ സ്‌കൂളും. വളഞ്ഞു പുളഞ്ഞു പോകുന്ന അങ്ങോട്ടുള്ള മണ്‍ പാതയില്‍ ചിലപ്പോള്‍ മയിലുകളെക്കാണാമായിരുന്നു. മഴപെയ്താല്‍ വെള്ളം കേറുന്ന ഒരു താഴ്ന്ന പ്രദേശമായിരുന്നു അവരുടെ ഗ്രൗണ്ട്. അത്തരം ദിവസങ്ങളില്‍ കുട്ടികള്‍ കടലാസ് തോണികളുണ്ടാക്കിയും വെള്ളത്തിലേക്കു കല്ലുകളെറിഞ്ഞും ചില പോക്കിരികള്‍ വെള്ളത്തില്‍ മുങ്ങിയും ആഘോഷമാക്കാറുണ്ടായിരുന്നു.

പാതി തുറന്നിട്ട ക്ലാസ്സ് മുറികളായിരുന്നു സമീറയ്ക്ക് എന്നും ആശ്വാസമേകിയിരുന്നത്. കോളേജ് ക്ലാസ്സ് മുറികളില്‍ നിന്നു വ്യത്യസ്തമായി അര മതിലുകളാണ് ഈ ക്ലാസ്സുകള്‍ക്കുണ്ടായിരുന്നത്. സമീറയുടെ ഭാഷയില്‍ പറഞ്ഞാല്‍ ശ്വാസം മുട്ടാതെ കഴിയാം. എപ്പോഴും ഇളം തെന്നലിന്റെ സാന്നിധ്യമുണ്ടാകും. ഗ്രൗണ്ട് വരണ്ടുണങ്ങിയ പരീക്ഷക്കാലത്തു വീശുന്ന കാറ്റിനു മാത്രം നല്ല ചൂടായിരുന്നു. എങ്കിലും അത് സമീറയെ തണുപ്പിച്ചു.

സഹപാഠികളെ സുഹൃത്തുക്കളാക്കുന്നതില്‍ അത്ര കണ്ടു മിടുക്കിയല്ല സമീറ എന്ന് പറഞ്ഞുവല്ലോ. അത് കൊണ്ട്, അന്നും പുസ്തകങ്ങളായിരുന്നു സമീറയുടെ കൂട്ട്. സമീറയുടെ അമ്മച്ചി വായിച്ചിരുന്ന പുസ്തകങ്ങള്‍. പീ ടീ പിരിയഡില്‍ മറ്റു കുട്ടികള്‍ സംഘം ചേര്‍ന്ന് ത്രോ ബോളും ക്രിക്കറ്റും കളിക്കുന്ന സമയത്തു സമീറ അത്തിമരത്തിന്റെ മുകളില്‍ കയറിയിരുന്നു പുസ്തകങ്ങള്‍ വായിക്കും. ഇടയ്ക്ക് അത്തിയോട് സ്വകാര്യം പറയും. അങ്ങനെയാണ് ഖസാകിന്റെ ഇതിഹാസവും ടോട്ടൊച്ചനും ആന്‍ ഫ്രാങ്കിന്റെ പുസ്തകവുമെല്ലാം സമീറ വായിച്ചു തീര്‍ത്തത്.

”ആ കൊച്ചിനിത്തിരി വട്ടുണ്ടോ?” എന്ന് സമീറയുടെ ചില സഹപാഠികള്‍ കുശുകുശുക്കുന്നത് അവള്‍ കേട്ടിട്ടുണ്ട്.

”അവള്‍ അത്ര നോര്‍മലല്ല,” ഒരു ദിവസം സിസ്റ്റര്‍ അപ്പച്ചനോട് പറഞ്ഞു.

”സാരമില്ല. ഞാന്‍ കൗണ്‍സില്‍ ചെയ്തു ശെരിയാക്കാം,” സിസ്റ്റര്‍ അപ്പച്ചന് വാക്ക് കൊടുത്തു.

അന്നാണ് സമീറയുടെ വീട്ടില്‍ ആദ്യമായി ആ തീക്കനല്‍ പുകഞ്ഞത്.

”നീ എന്ത് വിചാരിച്ചു? നിനക്കിഷ്ടമുള്ളത് പോലങ്ങ് ജീവിക്കാമെന്നോ? നിന്നോടു ഞാന്‍ പറഞ്ഞിട്ടില്ലേടീ നീ മറ്റുള്ളോരെപ്പോലെ ആയാ മതീന്ന്. നിനക്ക് പ്രത്യേകതകളൊന്നും വേണ്ട.”
സമീറ അന്ധാളിച്ച് നിന്നുപോയി. അപ്പന്‍ പറയുന്നതെന്താണെന്ന് മുഴുവനായി പിടി കിട്ടിയില്ലെങ്കിലും അപ്പന്‍ പറയുന്നതിന്റെ ഉദ്ദേശമെന്താണെന്ന് അടുത്ത ഡയലോഗില്‍ തെളിഞ്ഞു.

”കല്യാണം കഴിച്ചയക്കേണ്ട കൊച്ചാണ്. പറഞ്ഞു കൊടുക്കെടീ അങ്ങോട്ട്. നീ കാര്യമായിട്ടൊന്നുമുലത്തണ്ട. ഒരു പെങ്കൊച്ചുള്ള അപ്പന്റെ ദണ്ണം നിനക്കു പറഞ്ഞാ മനസ്സിലാകുകേലാ.”
പെണ്‍കുട്ടി ഒരു ദെണ്ണമാണെന്നാണ് ആ വാചകങ്ങളില്‍ നിന്നു സമീറ പഠിച്ച ഏക പാഠം.

”അപ്പനെന്നാ അങ്ങനൊക്കെ പറയണേ? അമ്മച്ചിയല്ലേ പറഞ്ഞത് എല്ലാവരും വ്യത്യസ്തരാണ് ഒരാള്‍ക്കും മാറ്റാരേം പോലെ ആകാന്‍ പറ്റുകേലെന്നുമൊക്കെ? ഇപ്പോള്‍ അപ്പന്‍ ഇത്രയൊക്കെപ്പറഞ്ഞിട്ടും അമ്മച്ചിയെന്നാ മിണ്ടാതിരുന്നേ?”

മേരി അന്ന ഉടുത്തിരുന്ന സാറിത്തലപ്പ് തലയിലിട്ട് കുരിശു വരച്ചു.

”ഒന്ന് പതുക്കെപ്പറയെടീ. അപ്പന്‍ അതിയാന്റെ ദണ്ണം കൊണ്ട് പറഞ്ഞു പോയതായിരിക്കും. അപ്പനല്ലേ എന്ന് കരുതി നീയങ്ങു ക്ഷമീ.”

അപ്പോള്‍ അമ്മച്ചി പറയുന്നതോ അമ്മച്ചിയുടെ ഉദ്ദേശമോ സമീറയ്ക്കു മനസ്സിലായില്ല. അമ്മച്ചി പറയുന്നതിനൊന്നും ഒരു സ്ഥിരതയുമില്ല എന്ന് മാത്രം തെളിഞ്ഞു. ആടിയ കൊമ്പില്‍ ആരെങ്കിലും ഊഞ്ഞാലു കെട്ടോ? അത് കൊണ്ട് അമ്മച്ചിയോട് ഒരിത്തിരി അകലം പാലിക്കാന്‍ തന്നെ സമീറ തീര്‍ച്ചപ്പെടുത്തി.

അന്ന് മുതല്‍ എല്ലാ പീടീ പിരിയഡിലും ത്രോ ബോള്‍ കളിക്കണമെന്നത് നിര്‍ബന്ധമാക്കിയിരുന്നു. കാലു വേദനയും തല വേദനയും വെച്ച് ഒന്ന് രണ്ടു പ്രാവശ്യം ഒഴിഞ്ഞു മാറിയെങ്കിലും ആ ദിവസങ്ങളിലെല്ലാം വീട്ടില്‍ നിന്നു വിശദീകരണമാവശ്യപ്പെട്ടത് കൊണ്ട് ആ വേല നടപ്പില്ലെന്നു മനസ്സിലായി. ഒരു ഞായറാഴ്ച ദിവസം കുര്‍ബാന കഴിഞ്ഞു വന്നിട്ട് ബീഫുലര്‍ത്തി ചോറുണ്ടാക്കുന്നതിനു പകരം അമ്മച്ചി തന്റെ പുസ്തകങ്ങളെല്ലാം തട്ടിന്‍ പുറത്തു കേറ്റുന്നത് കണ്ടു സമീറ കാര്യം തിരക്കി. അമ്മച്ചി അന്നേരം സമീറയോടൊന്നും പറഞ്ഞില്ലെങ്കിലും അടുപ്പത്തു ചോറിനൊപ്പം മറ്റെന്തോ കൂടി വേവുന്നുണ്ടെന്നു സമീറയ്ക്കു തോന്നി.

”വല്ല കല്യാണാലോചനമായിരിക്കോ?”

സമീറയിലെ കൗമാരക്കാരി നാണത്തോടെ ആ ചോദ്യം മനസ്സിലൊതുക്കി.

ആ വിചാരമങ്ങനെ മനസ്സില്‍ക്കിടന്ന് വെന്തത്തിനാലാണോ പിറ്റേ ദിവസം സ്‌കൂളില്‍ ചെന്നപ്പോള്‍ മാത്യു ഇഷ്ടമാണെന്ന് പറഞ്ഞപ്പോള്‍ ഒന്നും പറയാതെ തിരിഞ്ഞു നടന്നത് എന്ന് സമീറ പല തവണ വിചാരിച്ചിട്ടുണ്ട്. തിരിച്ചും മറിച്ചും ആലോചിച്ചിട്ടും സമീറയ്ക്ക് ഒരുത്തരമേ കണ്ടെത്താനായുള്ളൂ. ഇത്രയും കാലം മാത്യു ഒന്ന് തന്നെ നോക്കിയിരുന്നെങ്കില്‍ സിനിമകളില്‍ കാണുന്നത് പോലെ മാത്യു തനിക്കൊരു പൂ തന്നിരുന്നെങ്കില്‍ എന്നെല്ലാം വിചാരിച്ചു നടന്ന തനിക്കെന്തു പറ്റി? ജീവിതത്തില്‍ നിന്നും എന്തോ നഷ്ടപെട്ടത് പോലെ. സമീറ ചിന്തിച്ചു. ഒരുപാട്. അച്ഛന്റേയും അമ്മയുടെയും അംഗീകാരമാണോ താന്‍ കൊതിക്കുന്നത്? സമീറയ്‌ക്കൊരുത്തരം കിട്ടിയില്ല. താന്‍ പ്രണയിക്കുന്ന മറ്റെന്തോ ഉണ്ട്. തനിക്കു ശരിക്കും പ്രാന്താണോ എന്ന് പോലും സമീറയ്ക്കു തോന്നിപ്പോയി.

ആ മഴക്കാലം കഴിഞ്ഞപ്പോഴാണ് സമീറയുടെ സ്‌കൂളില്‍ ആദ്യമായി ഒരു മാജിക് ഷോ നടന്നത്. സ്‌കൂളില്‍ പരിപാടികള്‍ നടക്കുമ്പോള്‍ വലിയ സ്റ്റേജ് കെട്ടാറുള്ള മൈതാനത്തായിരുന്നു മാജിക് ഷോ. മാജിക് വാന്റിന്റെ അറ്റത്തു പിടിപ്പിച്ച പൂക്കുലയുടെ നിറം മാറ്റുന്നതും മാജിക് ഹാറ്റില്‍ നിന്നു മുയലുകളെ എടുക്കുന്നതും കാണികളിലൊരാളെക്കൊണ്ട് കുടിപ്പിച്ച പാല്‍ മറ്റൊരാളുടെ കക്ഷത്തില്‍ നിന്നു തിരിച്ചെടുക്കുകയും ചെയ്യുന്ന മാജിക് ഷോ. അത് കണ്ടു സമീറയുടെ ക്ലാസ്സിലുള്ളവരെല്ലാം ആവേശത്തോടെ ഹര്‍ഷാരവം മുഴക്കി. എന്നാല്‍, സമീറയുടെ മനസ്സ് ആ കൈ കൊട്ടലുകളേക്കാള്‍ വേഗത്തില്‍ മിടിക്കുകയായിരുന്നു. ഒന്നിലും ഒരു സന്തോഷം കണ്ടെത്താന്‍ കഴിയാത്ത അവസ്ഥ.

ചിത്രീകരണം: ഹാബീല്‍ ഹര്‍ഷദ്‌

സമീറ ആരോടും ഒന്നും മിണ്ടാതെ ഇറങ്ങി നടന്നു. ”നിങ്ങള്‍ക്കും മജീഷ്യനാകാം. ഈ പുസ്തകത്തില്‍ ഇരുപതു മാജിക് ട്രിക്കുകളുണ്ട്,” എന്ന് മജീഷ്യന്‍ പറയുന്നതും അതു കഴിഞ്ഞുള്ള കുട്ടികളുടെ ബഹളവും ഉന്തും തള്ളും ആ മൈതാനത്തിലൂടെ നടക്കുമ്പോഴും സമീറയ്ക്കു മനസ്സില്‍ കാണാമായിരുന്നു. ഈ ലോകത്തെ മാജിക്കിലൂടെ സന്തോഷം നിറഞ്ഞ മറ്റൊരു ലോകമാക്കിത്തീര്‍ക്കാന്‍ കഴിഞ്ഞിരുന്നുവെങ്കിലെന്നു സമീറ ആഗ്രഹിച്ചു.

ഇളം വെയില്‍ തെങ്ങോലകളില്‍ തട്ടിത്തെറിച്ചു അടുത്തു തളം കെട്ടി നില്‍ക്കുന്ന വെള്ളത്തില്‍ അപ്രത്യക്ഷമാകുന്നതും അടുത്ത വീട്ടിലെ താറാവ് കൂട്ടങ്ങള്‍ ആ ചെളിയില്‍ കൊക്കും ചിറകുമുരസുന്നതും നോക്കി നില്‍ക്കേ സമീറ ഒരു ശബ്ദം കേട്ടു.

തിരിഞ്ഞു നോക്കിയപ്പോള്‍ ഒന്നും തന്നെ കണ്ടില്ല. പടര്‍ന്നു പന്തലിച്ച ഒരു വാക മരമല്ലാതെ അവിടെ ഒന്നുമുണ്ടായിരുന്നില്ല. ആ മരത്തിനു മുകളിലിരുന്നിരുന്ന കാടുമുഴക്കി തൊങ്ങല്‍ പിടിപ്പിച്ച വാലുമായി എങ്ങോട്ടോ പറന്നു പോയി.

സമീറ ആ മരത്തിന്റെ ചുവട്ടില്‍ പോയിരുന്നു. കുലകളായി തൂങ്ങിക്കിടക്കുന്ന ചുമന്ന പൂക്കളും ചെറിയ നീണ്ട ഇലകളും സമീറയോട് വിശേഷങ്ങള്‍ ചോദിച്ചു. അന്ന് വരേ അനുഭവിക്കാത്ത ഒരു കുളിര് സമീറയുടെ മനസ്സില്‍ തുളച്ചു കയറി. സമീറ ആ മരത്തില്‍ ചാരിയിരുന്നു.

”ഒരാള്‍ നിന്നെ ആത്മാര്‍ത്ഥമായി പ്രണയിക്കുന്നു,” ആ മരത്തടി അവളോട് പറഞ്ഞു. ചുറ്റുമുള്ള വായുവിന്റെ നേര്‍ത്ത ചലനങ്ങള്‍ പോലും തിരിച്ചറിയുവാനവള്‍ക്ക് കഴിഞ്ഞു.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

1 COMMENT

  1. ‘സ്കൂൾ മൈതാനത്ത് ത്രോബോളും ക്രിക്കറ്റും കളിക്കുന്ന സഹപാഠികൾക്കൊപ്പം കൂടാതെ അത്തിമരത്തിൻ്റെ മുകളിൽ കയറി ഇരുന്ന ഓ വി വിജയൻ്റെ ഇതിഹാസം വായിക്കുകയും വേനലിലെ പൊള്ളുന്ന കനൽക്കാറ്റിലും കുളിർമ അനുഭവിക്കുകയും ചെയ്യുന്ന വ്യത്യസ്ഥയായ സമീറയെ എഴുത്തുകാരി നന്നായി വരച്ചിട്ടു

    സമീറയുടെ വ്യത്യസ്ഥമായ സ്വഭാവരീതി കണ്ട് ഈ കുട്ടി നോർമൽ അല്ലാന്ന് സിസ്റ്റർപിതാവിൻ്റെ അടുത്ത സംശയം പ്രകടിപ്പിച്ചപ്പോൾ സമീറക്കുമുന്നിൽ പ്രത്യക്ഷപ്പെട്ടത് അതുവരെ കാണത്ത മാതാപിതാക്കളെയായിരുന്നു . നിലാപാടുകളിൽ നിന്നും വ്യതിചലച്ച അമ്മയും പെൺമക്കൾ ഒരു ദെണ്ണമാണന്ന് തിരിച്ചറിവ് പകർന്ന പിതാവും .

    അച്ചടിഭാഷ സംസാരിപ്പിക്കാതെ ഇവർ തമ്മിലുള്ള സംഭാഷണ ശകലങ്ങൾ വായനക്കാരിൽ എത്തിച്ചെതിന് പ്രിയ എഴുത്തുകാരിക്ക് അഭിനന്ദനങ്ങൾ . ഒപ്പം ചില പ്രയോഗങ്ങളും അഭിനന്ദനം അർഹിക്കുന്നു . ഉദാ: ആടിയ കൊമ്പില്‍ ആരെങ്കിലും ഊഞ്ഞാലു കെട്ടോ?

    ഞായറാഴ്ച ദിവസം കുര്‍ബാന കഴിഞ്ഞു വന്നിട്ട് ബീഫുലര്‍ത്തി ചോറുണ്ടാക്കുന്നതിനു പകരം… ഈ വരികളിലൂടെ ഒരു ശരാശരി ക്രിസ്ത്യൻ കുടുംബത്തിൻ്റെ അന്തരീഷം വളരെ സമർത്ഥമായി അവതരിപ്പിച്ചു
    ഒരിക്കൽ പ്രണയം പറഞ്ഞിരുന്നെങ്കിലെന്ന് ആഗ്രഹിച്ച മാത്യു പ്രണയം പറയുമ്പോൾ അതിനെ നിരാകരിച്ച് സ്കൂളിൽ നടക്കുന്ന മാജിക്ക് ഷോയിൽ പോലും സന്തോഷം കണ്ടെത്താനാവാതെ മറ്റെന്തിനെയോ ആണ് താൻ തേടുന്നതെന്ന് ചിന്തയുമായി നടന്നിരുന്ന സമീറ ഇലകളോടും ചുവന്ന പൂക്കളോടും കുശലം പറയുമ്പോൾ വാകം മരം അവളോട് സംസാരിക്കുന്നെടത്ത് പ്രിയ എഴുത്തുകാരി ആകാംക്ഷപൂർവ്വം ഈ അധ്യായം അവസാനിപ്പിക്കുന്നു

    ആശംസകൾ ,അഭിനന്ദനങ്ങൾ ഡോക്ടർ .

LEAVE A REPLY

Please enter your comment!
Please enter your name here