കാറ്റിന്റെ മരണം

1
290

ക്രൈം നോവല്‍

ഡോ. മുഹ്‌സിന കെ. ഇസ്മായില്‍

അദ്ധ്യായം 2

ആ അന്വേഷണം തുടങ്ങുന്നത് അന്നാണ്-ഒരു ജൂലൈ പത്തൊന്‍പതാം തീയതി അനാറ്റമി ലാബില്‍ വെച്ച്.

റബ്ബര്‍ മരങ്ങളും പരുത്തിക്കാടുകളും നിറഞ്ഞ കോട്ടയത്താണ് ഇവരുടെ നാട്. ഒരു പുരാതന ക്രിസ്ത്യന്‍ കുടുംബമായിരുന്നു സമീറയുടേത്. ഞാറാഴ്ചാ കുര്‍ബാനയും കുമ്പസാരവും മുടക്കമില്ലാതെ നടത്തിപ്പോരുന്ന സത്യക്രിസ്ത്യാനികള്‍.

അപ്പന്‍ സെബാസ്റ്റിന്‍ പുനത്തരക്കല്‍ പേരുകേട്ട വൈദ്യനായിരുന്നു. പുരാതന ചൈനീസ് മെഡിസിനായിരുന്നു അദ്ദേഹം ചികിത്സക്കായി ഉപയോഗിച്ചിരുന്നത്. അമ്മച്ചി മേരി അന്ന ഒരു പാവം കുടുംബിനിയാണ്. അച്ചടി പച്ചപിടിച്ചു വരുകയും പുസ്തകങ്ങളുടെ ലബ്ധി വളരെ കുറവായിരിക്കുകയും വായനക്കാര്‍ക്ക് പുസ്തകത്തിനോടുള്ള ഇഷ്ടം അതിന്റെ പ്രാധമ്യത്തില്‍ നില്‍ക്കുകയും ചെയ്തിരുന്ന കാലത്ത് മേരി അന്നയുടെ അപ്പന്‍ മഡ്രാസ്സിലെ പ്രസ്സില്‍ പോയി പുസ്തകങ്ങള്‍ വാങ്ങി നാട് നീളെ വില്‍ക്കുമായിരുന്നു. പുസ്തകത്തില്‍ നിന്നു കിട്ടുന്ന ലാഭമല്ല മറിച്ചു അക്ഷരങ്ങളോടുള്ള സ്‌നേഹമാണ് അപ്പനെ ഇതിനു പ്രേരിപ്പിച്ചിരുന്നത്. മിച്ചം വരുന്ന ദിവസങ്ങളില്‍ പറമ്പില്‍ കപ്പയും ചേനയും നട്ടു വിറ്റു കിട്ടുന്ന കാശു കൊണ്ട് വീണ്ടും മൂപ്പര് മഡ്രാസ്സിലേക്ക് തീവണ്ടി കയറും. അപ്പന്റെ കൂടെ പുസ്തകക്കച്ചവടത്തിനു കുഞ്ഞു മേരിയും പോകുമായിരുന്നു. അങ്ങനെയാണ് അവര്‍ക്കു പുസ്തക മേരി എന്ന പേരു വന്നത്. കയ്യില്‍ക്കിട്ടുന്ന ഏതു കടലാസ്സും തുടക്കം മുതല്‍ ഒടുക്കം വരേ വായിക്കുന്ന ശീലവും മേരിക്കങ്ങനെയാനുണ്ടായത്. ഒരു ദിവസം മഡ്രാസ്സിലേക്കു പോയ അപ്പന്‍ പിന്നെ തിരിച്ചു വന്നില്ല. രണ്ടു കൊല്ലം കാത്തു. നിവൃര്‍ത്തിയില്ലാതായപ്പോള്‍ അപ്പന്റെ അനിയന്‍ മേരിയെ ആ നാട്ടിലെ അത്യാവശ്യം പണക്കാരനായ കൊചൌസേപ്പിന്റെ മകന്‍ സെബാസ്റ്റിനു കെട്ടിച്ചു കൊടുത്തു. കുടുംബം കൈ മാറി വന്ന വൈദ്യജ്ഞാനമാണ് ജീവിതം മുന്നോട്ടു കൊണ്ട് പോകാന്‍ സെബാസ്റ്റിനെ സഹായിച്ചത്.

സെബാസ്റ്റിന്റേയും മേരി അന്നയുടേയും രണ്ടാമത്തെ സന്താനമാണ് സമീറ. മൂത്തവന്‍ ലൂക്കാ എഞ്ചിനീയറിങ്ങിനു മംഗലാപുരത്തു പഠിക്കുന്നു. മകളെ ഒരു ‘യഥാര്‍ത്ഥ’ ഡോക്ടറാക്കുക എന്നത് സെബാസ്റ്റിന്റെ ജീവിതാഭിലാശമായിരുന്നു. എന്നാല്‍, സമീറക്ക് കവിതകളോടും കഥകളോടുമായിരുന്നു താല്പര്യം.

” സമൂഹത്തില്‍ ഒറ്റപ്പെട്ടു പോകരുത്. സമൂഹം അംഗീകരിക്കുന്നത് പോലെ ജീവിക്കുക. വെള്ളത്തിലിട്ടാല്‍ ഉപ്പുപോലെ അലിഞ്ഞു ചേരണം. എണ്ണ പോലെ തെളിഞ്ഞു നില്‍ക്കരുത്.”

കോളേജില്‍ ചേരാനുള്ള പ്രായമെത്തിയപ്പോഴേക്കും ഈ ഉപദേശം സമീറ പല തവണ കേട്ടു കഴിഞ്ഞിരുന്നു. അപ്പന്റെ ആഗ്രഹം എന്താണെന്ന് സമീറക്ക് നന്നായി അറിയാമായിരുന്നു. അതിനാണ് അപ്പന്‍ ചിലരുടെയെങ്കിലും പരിഹാസം സഹിച്ച് ചൈനീസ് മെഡിസിനില്‍ നിന്നു കാശുണ്ടാക്കിയതെന്നും. പ്ലസ് റ്റു വിനു മാര്‍ക്കും എട്രന്‍സിന് റാങ്കും കുറവായതിനാല്‍ ഒരു ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജില്‍ നല്ലൊരു തുക കെട്ടി വെച്ചിട്ടാണ് തനിക്കപ്പന്‍ അഡ്മിഷന്‍ ശെരിയാക്കിയതെന്നു കൂടി ഓര്‍ക്കുമ്പോള്‍ സമീറയുടെ ഉത്തരവാദിത്വ ബോധമിരട്ടിയാകും. വലിയ ട്രങ്കു പെട്ടിയില്‍ ഡ്രെസ്സും അച്ചാറുകുപ്പികളും അടക്കി വെച്ച് ടൗണിലെ കടയില്‍ നിന്നു വാങ്ങിയ വെള്ളക്കോട്ടും അപ്പന്റെ ഒരു പഴയ സ്റ്റെതസ്‌കോപ്പും ഹാന്‍ഡ് ബാഗിലാക്കി മരുന്നുകളുടെ ലോകത്തേക്കു യാത്ര തിരിച്ചപ്പോള്‍ മനസ്സു മുഴുവന്‍ അപരിചിതത്വമായിരുന്നു. മറ്റുള്ളവര്‍ക്ക് പൂര്‍ത്തീകരിക്കാന്‍ കഴിയാത്ത സ്വപ്നങ്ങള്‍ ഏറ്റെടുത്ത ധീര വനിതകള്‍ ചരിത്രത്തിലുമുണ്ടല്ലോ.
സമൂഹത്തിനു മുന്നില്‍ താനുമൊരു ധീര വനിതയായിത്തീരുമോ? അതാലോചിക്കുമ്പോള്‍ ഒരു കുളിരായിരുന്നു സമീറയുടെ മനസ്സ് നിറയെ.
ആദ്യത്തെ ദിനം കുരിശു വരച്ചു യൂണിഫോമുമിട്ടു ചില്ലു വാതിലുകലുള്ള അടച്ചിട്ട മുറിയില്‍ തമ്മില്‍ ഘടിപ്പിച്ച ഇരട്ടക്കസേരയിലൊന്നിലിരിക്കുമ്പോള്‍ ഒരു സ്‌കൂള്‍ കുട്ടിയില്‍ നിന്നും വലിയ വ്യത്യാസങ്ങളൊന്നും തോന്നിയില്ല. താനൊരു മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയാണെന്നും കോളേജില്‍ നിന്നറങ്ങിയാല്‍ പിന്നെ ആളുകള്‍ ബഹുമാനിക്കുന്ന ഒരു ഡോക്ടറായി മാറുമല്ലോ എന്നും മറ്റും ആലോചിക്കുമ്പോള്‍ കോളേജിലെ ഐ ഡീ കാര്‍ഡ് കിട്ടുന്നതും ആദ്യമായി കോട്ടിടുന്നതും മറ്റുമൊരു ആഘോഷം തന്നെയായിരുന്നു. തുടക്കത്തിലെ ആവേശം നശിച്ചപ്പോള്‍ സമീറ ആ പഴയ സമീറയായി മാറിത്തുടങ്ങിയിരുന്നു. ആള്‍ക്കൂട്ടങ്ങളെയും നിത്യതയുടെ വിരസതയെയും വെറുക്കുന്ന സമീറ.

ചിത്രീകരണം: ഹാബീല്‍ ഹര്‍ഷദ്‌

യാന്ത്രികമായി ചലിക്കുന്ന ലോകത്ത് അനാറ്റമി ഫിസിയോളജി ബയോക്കെമിസ്ട്രി ക്ലാസ്സുകള്‍ നടന്നു കൊണ്ടിരുന്നു. ക്ലാസ്സ് ഗ്രൂപ്പുകളായിത്തിരിഞ്ഞു. പണത്തിന്റേയും പെരുമയുടെയും മാനദണ്ഡത്തില്‍ യുവ ഡോക്ടര്‍മാര്‍ അവരവരെത്തന്നെ ഗ്രൂപ്പുകളായിത്തിരിച്ചപ്പോള്‍ പേരിന്റെ ആദ്യാക്ഷരമനുസരിച്ചു പ്രൊഫസ്സര്‍മാര്‍ അവരെ വേലി കെട്ടിത്തിരിച്ചു. ഈ വേലികള്‍ക്കുള്ളില്‍ ശ്വാസം മുട്ടി അഞ്ചാറു വര്‍ഷക്കാലം കഴിച്ചു കൂട്ടണമല്ലോ എന്നാലോചിച്ച് സമീറ ആവലാതിപ്പെട്ടു.

ഇതെല്ലാം വള്ളി പുള്ളി വിടാതെ അമ്മച്ചിയോട് പറഞ്ഞെങ്കിലും കാര്യമുണ്ടായില്ല. എന്നാല്‍, അമ്മച്ചി തന്റെ ദൌത്യം നിറവേറ്റി. എല്ലാം വിശാലമനസ്‌കനും വിവേകശാലിയുമായ അപ്പന്റെ ചെവിയിലെത്തിച്ചു. പിറ്റേ ദിവസം തന്നേ അപ്പന്റെ ഉപദേശം ഫോണിലൂടെ സമീറ കൈപറ്റി,
” മോളേ, സുഹൃത്തുക്കള്‍ വേണം. സുഹൃത്തുക്കളുണ്ടെങ്കിലേ നമുക്ക് എന്തെങ്കിലും സംശയങ്ങളൊക്കെ ചോദിക്കാനും ജീവിതം തരക്കേടില്ലാതെ ആസ്വദിക്കാനും പറ്റൂ.”

സമീറ എന്ന റോബോട്ടില്‍ ആ സന്ദേശം സ്റ്റോര്‍ ചെയ്യപ്പെട്ടു. അവള്‍ രാപ്പകല്‍ സുഹൃത്തുക്കളെയുണ്ടാക്കുവാന്‍ ശ്രമിച്ചു കൊണ്ടിരുന്നു. ശ്രമിക്കുന്തോറും വഴുതിപ്പോകുന്ന സുഹൃത് ബന്ധങ്ങളേ സമീറയ്ക്ക് നേടിയെടുക്കാനായുള്ളൂ.

അങ്ങനെ വിരസതയനുഭവിച്ച ഒരു വൈകുന്നേരമാണ് സമീറ ആ കോളേജിലെ ഏറ്റവും മനോഹരമായ ഒരിടത്ത് എത്തിച്ചേരുന്നത്. കോളേജ് കാന്റീനിലെ പഴം പൊരിയില്‍ നിന്നു എണ്ണ പിഴിഞ്ഞെടുത്ത ദിനപ്പത്രം മുളം കാടുകള്‍ക്കുള്ളിലേക്ക് വലിച്ചെറിഞ്ഞ് അപരിചിതമായ വഴിയിലൂടെ ഒറ്റക്കൊന്നു നടക്കാനിറങ്ങിയതാണ്. വീടിനോട് ചേര്‍ന്നു നില്‍ക്കുന്ന കിണറോട് കൂടിയ പഴയ ഒരു തറവാട്. ഓര്‍ണമെന്റല്‍ ചെടികള്‍ നിറഞ്ഞ മറ്റൊരു വീട്. ആല്‍ മരത്തിന് പുറകില്‍ ചിത്രങ്ങളും സന്ദേശങ്ങളും കോറിയിട്ട മതിലുകളുള്ള ഒരു സര്‍ക്കാര്‍ സ്‌കൂള്‍ എന്നിങ്ങനെയുള്ള കാഴ്ചകള്‍ സമീറയെ ഒരു കുന്നിന്‍ പ്രദേശനത്ത് എത്തിച്ചു. അവിടെ, ഓലേഞ്ഞാലിയുടേയും കാടുമുഴക്കിയുടേയും കൂടെ ഊഞ്ഞാലാടുന്ന അണ്ണാറക്കണ്ണന്മാരും അങ്ങാടിക്കുരുവികളുമുണ്ടായിരുന്നു. അവരെ നോക്കിയിരുന്നപ്പോള്‍ സമീറയ്ക്ക് എന്തോ ഒരാശ്വാസം പോലെത്തോന്നി. അവരുടെ താളവാദ്യങ്ങള്‍ക്ക് എന്തോ ഒരര്‍ഥമുള്ളത് പോലെ. എങ്കിലും അപ്പച്ചന്റെ ഉപദേശം ഒരു കല്ല് പോലെ മനസ്സില്‍ക്കിടന്നു.

ചിത്രീകരണം: ഹാബീല്‍ ഹര്‍ഷദ്

ക്ലാസ്സിന് ശേഷം അവിടെ വന്നിരിക്കുന്നത് സമീറ ഒരു പതിവാക്കി. സഹപാഠികളില്‍ നിന്നു സമീറ അനുഭവിക്കുന്ന അപരിചിതത്വം അവിടെ പോകുമ്പോള്‍ ഇല്ലാതാകുന്നത് പോലെ സമീറയ്ക്ക് തോന്നി. അതിനിടയില്‍ റൂം മേറ്റ്‌സായ ആരതിയുടെ ‘എവിടെപ്പോകുന്നു’ എന്ന ചോദ്യത്തിന് ലൈബ്രറിയില്‍ എന്നൊരു കള്ളവും സമീറ തട്ടിവീട്ടു. പുസ്തകക്കെട്ടുമായി സന്തോഷത്തോടെ ഓടിവരുന്ന തന്നെക്കാത്ത് ആരെല്ലാമോ അവിടെയുണ്ട് എന്നു പോലും സമീറയ്ക്ക് തോന്നിത്തുടങ്ങി.

ചില ദിവസങ്ങളില്‍ വൈകി വരുമ്പോള്‍ നീലോല്‍പ്പാലം പൂക്കള്‍ കുന്നിന്‍ മുകളില്‍ നിന്നു പരിഭവിക്കുന്നത് പോലെ സമീറക്ക് തോന്നി. പലപ്പോഴും അവ തന്റെ കാല്‍പ്പെരുമാറ്റമൊന്നു കേള്‍ക്കുവാന്‍ കാത്തു നില്‍ക്കുകയാണെന്നും. ഓരോ ദിവസം കഴിയുന്തോറും സമീറയ്ക്ക് ആ കുന്നിനോടുള്ള അടുപ്പം ദൃഢമായിക്കൊണ്ടിരുന്നു. രാവിലെ എഴുന്നേറ്റാല്‍ അവിടെപ്പോകുന്ന ചിന്ത മാത്രമേ ഉള്ളൂ. ചിലപ്പോള്‍. ക്ലാസ്സ് കട്ടു ചെയ്തും സമീറ അവിടെ വന്നിരിക്കുമായിരുന്നു. പലപ്പോഴും ഒന്നോ രണ്ടോ കവിതകള്‍ തന്റെ പോക്കറ്റ് ഡയറിയില്‍ കുറിച്ചിടും. എങ്കിലും കുന്നിറങ്ങുമ്പോള്‍ ‘സാധാരണ’ ജീവിതത്തെക്കുറിച്ചുള്ള ചിന്തകള്‍ സമീറയെ വേട്ടയാടിക്കൊണ്ടിരുന്നു.

ഒരു മഴ ദിവസം കൃഷ്ണകുടീരങ്ങളുടെ പൂക്കുടയ്ക്ക് താഴെ നില്‍ക്കുമ്പോള്‍ സമീറ ഒരു നേര്‍ത്ത ശബ്ദം കേട്ടു. ആരോ സ്വകാര്യം പറയുന്നത് പോലെ ഒരു ശബ്ദം. അത് താനിതിനു മുന്‍പും കേട്ടിട്ടുള്ളത് പോലെ സമീറയ്ക്കു തോന്നി.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

1 COMMENT

  1. അനാറ്റമി ലാബിൽനിന്നും സമീറയുടെ പൂർവ്വാശ്രമം തേടിയുള്ള യാത്ര പ്രിയ എഴുത്തുകാരി മനോഹരമായിതന്നെ ആവിഷ്കരിച്ചിരിക്കുന്നു . സമീറയുടെ മാതാപിതാക്കളെ കേവലമൊരു കഥാപാത്രങ്ങളായി മാറ്റത്തെ വായനക്കാരുടെ മനസ്സിൽ വ്യക്തമായ കഥാപാത്രരൂപികരണം നൽക്കാൻ എഴുതുകാരി ശ്രമിച്ചത് നന്നായിയെങ്കിലും അമ്മ അന്നാമേരിയുടെ പിതാവിലേക്കും തൂലിക ചലിപ്പിച്ചപ്പോൾ വായനയിൽ ചെറിയൊരു സന്ദേഹത്തിന് വഴിയൊരുക്കി

    പഠനകാലത്തെ ആവേശവും കാലത്തിൻ്റെ യാന്ത്രികതയിൽ പെട്ട് ആൾക്കൂട്ടത്തെയും വിരസതയെയും വെറുക്കുന്ന സമീറയെ വായനയിൽ കണ്ടുമുട്ടാൻ കഴിഞ്ഞത് എഴുത്തുകാരിയുടെ രചനാവൈഭവം ഒന്നുമാത്രം . കഥാപശ്ചാത്തലമായ കുന്നിൽ ചരുവിലേക്കുള്ള കഥാനായികയുടെ യാത്രകൾക്കൊപ്പം സഞ്ചരിക്കാൻ കഴിഞ്ഞത് അക്ഷരങ്ങളുടെ സന്നിവേശം മനോഹരമായതുകൊണ്ട് മാത്രമാണ്
    കുന്നിൻമുകളിൽ നിന്ന് സമീറയെ കാണാതെ പരിഭവിക്കുന്ന നീലോൽപ്പല പൂക്കളെ പോലെ സമീറയെ തഴുകി കടന്നുപോയ കുളിർക്കാറ്റുപോലെ അക്ഷമമായ മനസ്സുമായി അടുത്ത അധ്യായത്തിനായി കാത്തിരിക്കുന്നു

    ആശംസകൾ ഡോക്ടർ

LEAVE A REPLY

Please enter your comment!
Please enter your name here