നാട് കടക്കും വാക്കുകൾ –’മസ്ത്’

1
171

അനിലേഷ് അനുരാഗ്

എം.എ.യ്ക്ക് പഠിച്ച കാലടി ശ്രീശങ്കരാചാര്യ യൂനിവേഴ്സിറ്റിയിൽ വർഷങ്ങൾക്കുശേഷം ഒരിക്കൽ ഒരു അനൗപചാരിക സന്ദർശനത്തിന് പോയതായിരുന്നു. പരിചയവും, ഓർമ്മയും പുതുക്കി വൈകുന്നേരമായപ്പോൾ പഴയൊരു ഗവേഷക സുഹൃത്ത് പരിചയപ്പെടുത്തിയ പുതിയൊരു സുഹൃത്തിനൊപ്പം കാലടി കവലയിലുള്ള അമ്മ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ പോയി. “ബിരിയാണി തരട്ടേ?” എന്ന സപ്ലെയറിൻ്റെ സൗഹൃദരൂപേണയുള്ള ചോദ്യത്തിന്, യൂനിവേഴ്സിറ്റിക്കകത്തെ അലഞ്ഞുനടപ്പും, കാലാവസ്ഥയിലെ ചൂടും, ഹോട്ടൽ റൂമിനകത്തെ കനത്ത എ.സി.യുടെ കശപ്പും കൊണ്ട് പൊറുതിമുട്ടിയ നമ്മൾ മൂന്നാളുടെയും മറുപടി “വേണ്ട” എന്നായിരുന്നു. അപ്പോൾ, മറ്റു രണ്ടാളുടെയും അഭിപ്രായത്തിന് ഉപോത്ബലകമായി ഞാൻ ബിരിയാണിയ്ക്കുള്ള ഒരു പ്രശ്നം സംശയലേശമെന്യെ അങ്ങ് പ്രഖ്യാപിച്ചു: അതിന് മസ്തുണ്ട് !
ഞാൻ ജനിച്ചുവളർന്ന നാട്ടിൽ ഒട്ടും അസാധാരണതയില്ലാത്ത ആ വാക്ക് ഉച്ചരിക്കപ്പെട്ട നിമിഷം, അന്ന് പരിചയപ്പെട്ട അബു എന്ന താടിക്കാരൻ കൗതുകവും, അല്പം അത്ഭുതവും സ്ഫുരിക്കുന്ന കണ്ണുകളോടെ പെട്ടെന്ന് എവിടെ നിന്നാണ് എനിക്ക് ആ വാക്ക് കിട്ടിയതെന്നൊരു ചോദ്യമെറിയുകയായിരുന്നു. “എന്തേ?” എന്ന എൻ്റെ മറുചോദ്യത്തിന് മനോഹരമായി പുഞ്ചിരിച്ചു കൊണ്ട് അബുവിൻ്റെ ഉത്തരം, “അതൊരു സൂഫി പദമാണ്. ഞാൻ സൂഫിസത്തിലാണ് റിസർച്ച് ചെയ്യുന്നത്” എന്നായിരുന്നു.

ഒരു മതവും, സംസ്കാരവും എന്ന നിലയിൽ ഇസ്ലാമിനോടും, അതിൻ്റെ അനുയായികളായ മുസ്ലീങ്ങളോടും ഇഴുകിച്ചേർന്ന് ജീവിച്ച പാരസ്പര്യത്തിൻ്റെ ഒരു വലിയ ഭൂതകാലമുണ്ടായിരുന്നതുകൊണ്ട് പരിചിതമെങ്കിലും, അത്രയും കാലം അർത്ഥവും, വ്യാപ്തിയും വെളിവാക്കപ്പെടാതെ കിടന്ന ‘മസ്ത്’ അബുവിൻ്റെ ആ അപ്രതീക്ഷിത പ്രസ്താവനയോടുകൂടി എൻ്റെയും കൗതുകത്തിൻ്റെ ഭൂപടത്തിലേക്ക് പ്രവേശിക്കുകയായിരുന്നു. ‘തലയ്ക്ക് പിടിക്കുക’, ‘മയക്കം വരുക’ ‘തലക്കനം കൂടുക’ എന്നീ സമാന മറുപദങ്ങളിലൂടെ വിശദീകരിക്കപ്പെട്ടിരുന്ന ‘മസ്ത്’ നമ്മൾ മലബാറുകാർക്ക് പ്രഭാതഭക്ഷണത്തിന് ഉപയോഗിക്കുന്ന ‘നാസ്ത’ പോലെ ഒരു ചിരപരിചിത വാക്കായിരുന്നു. ആ ഒരർത്ഥത്തിൽ കഠിന രുചിയുള്ള മസാലക്കൂട്ടുകളും, രൂക്ഷഗന്ധമുള്ള സുഗന്ധദ്രവ്യങ്ങളും ചേർന്ന ബിരിയാണിക്ക് മാത്രമല്ല, ദീർഘദൂര ബസ്സ് യാത്രകൾക്കും, ഉറക്കമൊഴിഞ്ഞതിൻ്റെ പിറ്റേന്ന് ഉച്ചയ്ക്കും, പ്രേമികൾക്കും എന്തിന്, പ്രമേഹരോഗികൾക്ക് വരെ മസ്തുണ്ടാകും എന്നാണ് നാട്ടുകാരുടെ പക്ഷം.

പക്ഷെ, നാട്ടുകാര്യങ്ങൾ വിട്ട് ഭാഷാശാസ്ത്രത്തിലേക്കും, ചരിത്രത്തിലേക്കും വന്നാൽ, ‘മസ്ത്’ അബു പരാമർശിച്ചതുപോലെ സൂഫികളെന്ന ഇസ്ലാമിക് ആത്മീയവാദികളുടെ ദൈവോന്മുഖതയുമായി ബന്ധപ്പെട്ട ഒരു പേർഷ്യൻ പദമാണെന്നതാണ് പണ്ഡിതമതം. പ്രാചീന സെമിറ്റിക് മതധാരണകളിൽ നിന്ന് വ്യത്യസ്തമായി ശാപവും, രോഗവും, ദുരിതവും, കഠിനശിക്ഷയും വിധിയ്ക്കുന്ന കണ്ണുചുകന്ന പുരുഷാധിപത്യ കാരണവർ-ദൈവത്തിനു പകരം, ദൈവാസ്തിത്വത്തെ ഹൃദയത്തിൻ്റെ പ്രിയങ്കരനായി കാണുന്ന സൂഫിസം, ഇന്ത്യയിൽ പശ്ചിമബംഗാളിലെ ആത്മീയന്വേഷകരായ ബവുൾ ഗായകരുമായി ആശയപരമായ സാമ്യതപുലർത്തുന്നവരാണ്. ബവുളുകളുടെ ഒറ്റക്കമ്പി നാദത്തിലെ ദൈവഗാനങ്ങളുടെ സ്ഥാനത്ത് സൂഫികൾ ഭൂമിയെയും, ആകാശത്തെയും അഭിസംബോധന ചെയ്യുന്ന ഇരുകൈത്തങ്ങൾ വിടർത്തി വച്ച് അസാമാന്യ സമയദൈർഘ്യത്തിലും, വേഗതയിലും സ്വയംചുഴലുകയാണ് ചെയ്യുന്നത് എന്നുമാത്രം. തങ്ങളുടെ ആത്മീയാനുഭവങ്ങളെ വിവരിക്കാൻ സൂഫികൾ ഉപയോഗിയ്ക്കുന്ന ‘മസ്ത്- അള്ള’യിൽ നിന്നാവണം ഇന്നത്തെ ‘മസ്ത്’ ഉണ്ടായിവന്നത്. ഒരു സൂഫിസങ്കേതമെന്ന രീതിയിൽ ‘മസ്ത്-അള്ള’ എന്നത് പുറമെ ഭ്രാന്തിൻ്റെ അടയാളങ്ങൾ പ്രദർശിപ്പിക്കുന്ന ദൈവാന്വേഷകരാണ്. സമൂഹത്തിൻ്റെ സദാചാരനിയമങ്ങൾക്കനുസൃതമായി ജീവിതം നയിക്കുന്ന സാധാരണക്കാർക്ക് ഒരിക്കലും മനസ്സിലാക്കാനാകാത്ത ഒരു അഗാധാനുഭവത്തിൻ്റെ പ്രതിഫലനം അവരെ ഭ്രാന്തന്മാരെപ്പോലെ തോന്നിപ്പിച്ചേക്കാം.

സൂഫികൾ അവരുടെ സംഘങ്ങൾക്കിടയിൽ മാത്രമുപയോഗിച്ചിരുന്ന ‘മസ്ത്-അള്ള’ എന്ന ദൈവികഭ്രാന്തിന് ‘മസ്ത്’ എന്ന പേരിൽ പ്രചുരപ്രചാരം നേടിക്കൊടുത്തത് ജന്മം കൊണ്ട് സൗരാഷ്ട്രനെങ്കിലും അനുഭവത്തിലും, അനുഭൂതിയിലും ഒരു സൂഫി തന്നെയായ പൂനെക്കാരനായ ആത്മീയഗുരു മെഹർ ബാബയായിരുന്നു. പത്തൊൻപതാം വയസ്സിലുണ്ടായ തൻ്റെ ബോധോദയത്തിനും, തുടർ വർഷങ്ങളിലെ പൂർണ്ണമായ ഉരുവപ്പെടലിനും ശേഷം മെർവാർ ഷെറിയാൻ ഇറാനി എന്ന മെഹർ ബാബയുടെ മുഖ്യപ്രവർത്തി വിവിധ രാജ്യങ്ങളിലെ ഭ്രാന്താലയങ്ങൾ സന്ദർശിക്കലായിരുന്നു. നോർമൽ (normal) എന്ന് അറിയപ്പെടാനാവശ്യമായ സാമൂഹ്യമാനദണ്ഡങ്ങൾ പാലിക്കാൻ കഴിയാത്ത മാനസിക രോഗികൾക്കൊപ്പം, നോർമൽ എന്ന അവസ്ഥയ്ക്ക് ഉപരിയായി സഞ്ചരിക്കുന്ന മസ്തുകളെയും ഇത്തരം ഭ്രാന്താലയങ്ങളിലാണ് അടച്ചിട്ടിരിക്കുന്നത് എന്ന ബോധ്യത്തിൻ്റെ അടിസ്ഥാനത്തിലാണ് അദ്ദേഹമത് ചെയ്തത്. ഇന്ത്യയിലെയും, പാകിസ്ഥാനിലേയും, ഇറാനിലെയും, വിവിധ യൂറോപ്യൻ രാജ്യങ്ങളിലെയും ചിത്തരോഗാശുപത്രികളിലൂടെ സഞ്ചരിച്ച മെഹർ ബാബ ഭ്രാന്തരെന്ന് മുദ്രകുത്തപ്പെട്ടതും, സത്യത്തിൽ ജ്ഞാനപ്രകാശത്തിൻ്റെ വഴിയിൽ വിചിത്രാവസ്ഥകളിലേക്ക് എത്തിച്ചേർന്നതുമായ അവിടത്തെ അന്തേവാസികളെ തൻ്റെ അറിവിനാലും, കരുണയാലും സൗഖ്യപ്പെടുത്തുകയായിരുന്നു. സാമൂഹികനിയമങ്ങളുമായി ഒത്തുപോകാൻ കഴിയാത്തവിധത്തിലുള്ള നിശ്ചയദാർഢ്യക്കുറവാണ് ഒരു സാധാരണ മനോരോഗത്തിൻ്റെ മൂലകാരണമെങ്കിൽ ഭക്തിയുടെ ഉന്നതമായ ഒരു മനോനിലയിൽ നിന്നും, പ്രപഞ്ചധാർമ്മികതയിൽ നിന്നും സാമൂഹ്യധാർമ്മികതയിലേക്ക് ഇറങ്ങിവരാനുള്ള താല്പര്യമില്ലായ്മയാണ് മസ്തുകൾക്ക് ഒരു സാമൂഹ്യ-സ്വാഭാവിക ജീവിതം അസാധ്യമാക്കുന്നത്. മസ്തുക്കളെ അവരുൾപ്പെട്ട രാജ്യത്തിൻ്റെയോ, പ്രവിശ്യയുടെയോ, അവരുടെ മാനസിക സങ്കീർണ്ണതയുടെയോ അടിസ്ഥാനത്തിൽ പതിനാലോളം വിഭാഗങ്ങളായിത്തിരിച്ച വില്ല്യം ഡോൺകിൻ എന്ന ബ്രിട്ടീഷ് ഡോക്ടറുടെ പുസ്തകത്തിൻ്റെ (The Wayfarers: Account of the Work of Meher Baba with the God-intoxicated) ആമുഖത്തിൽ മെഹർ ബാബ മസ്തുകളെ വിശേഷിപ്പിക്കുന്നത് ‘ദൈവസാക്ഷാത്ക്കാരമെന്ന മോഹത്തിനായി സ്വന്തമകങ്ങളിൽ കുരിശുകൾ പേറാൻ നിശ്ചയിച്ചവർ’ എന്നായിരുന്നു. ആഹ്ളാദത്തിൻ്റേതു മാത്രമായി ജനകീയകവിതകളിലും, സിനിമാഗാനങ്ങളിലും വായിക്കപ്പെട്ട സ്വയം നഷ്ടപ്പെടലെന്ന അനുഭൂതി,

(‘ഒരു നിമിഷം മറന്നു പരസ്പരം മിഴികളിൽ നമ്മൾ നഷ്ടപ്പെടുന്നുവോ’ (ചുള്ളിക്കാട് – സന്ദർശനം),

‘എന്നെയെനിക്ക് തിരിച്ചുകിട്ടാതെ ഞാൻ ഏതോ ദിവാസ്വപ്നമായി’ (ഹിമശൈല സൈകത ഭൂമിയിൽ നിന്നു നീ…- എം.ഡി.രാജേന്ദ്രൻ),

‘അസ്തികൾക്കുള്ളിലൊരുന്മാദ വിസ്മൃതിതൻ അജ്ഞാതസൗരഭം പടർന്നുകേറി’ (ലക്ഷാർച്ചന കണ്ട് മടങ്ങുമ്പോളൊരു… – മങ്കൊമ്പ് ഗോപാലകൃഷ്ണൻ)

സത്യത്തിൽ, അനിർവ്വചനീയമായ ആനന്ദവും, അപരിഹാര്യമായ ഒറ്റപ്പെടലും ഒന്നുചേർന്ന അനിവാര്യതയാണെന്ന് നമ്മെ അറിയിക്കുന്നത് മസ്തെന്ന സങ്കീർണ്ണ മനുഷ്യരാണ്.

വളർച്ചയോടൊപ്പം കുറഞ്ഞുവരുന്ന ആനന്ദമാർഗ്ഗങ്ങൾ മനുഷ്യനെ മയക്കുമരുന്നിലും, അപരഹിംസയിലുമെത്തിക്കുന്ന ആധുനികകാലത്തിൽ ആഴജീവിതം തന്നെ ആനന്ദമായിക്കാണുന്ന മസ്തെന്ന ദൈവോന്മാദികൾ കുടിച്ചുതീരാത്തൊരു ലഹരിയുടെ പാനപാത്രം നമുക്ക് നീട്ടിത്തരുന്നു, അതിൽ അർത്ഥവും, ആനന്ദവും ഒന്നായി പതയുന്നു, അതിൻ്റെയടിത്തട്ടിൽ എന്നും ദൈവം മധുരവീഞ്ഞായി ഊറിവരുന്നു.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here