HomeTHE ARTERIASEQUEL 103പ്രേമസംഗീതം സ്‌നേഹച്ചാര്‍ത്തിന്റെ കാവ്യം

പ്രേമസംഗീതം സ്‌നേഹച്ചാര്‍ത്തിന്റെ കാവ്യം

Published on

spot_imgspot_img

The REader’s VIEW

അന്‍വര്‍ ഹുസൈന്‍

ആധുനിക കവിത്രയങ്ങളില്‍ പെട്ട ഉള്ളൂര്‍ എസ് പരമേശ്വരയ്യരുടെ പ്രശസ്തമായ ഖണ്ഡകാവ്യമാണ് പ്രേമസംഗീതം. ആസുരമായ ഈ കാലത്ത് ഉള്ളൂരിന്റെ ഏറ്റവും പ്രസക്തമായ ഈ കാവ്യം ദൈവത്തിന്റെ ഏറ്റവും വലിയ വരദാനമായ സ്‌നേഹത്തെ ഉദ്‌ഘോഷിക്കുന്നു.

‘ഒരൊറ്റ മതമുണ്ടുലകിന്നുയിരാം
പ്രേമമതൊന്നല്ലോ
പരക്കെ നമ്മെ പാലമൃതൂട്ടും
പാര്‍വണ ശശിബിംബം ‘

എന്നു തുടങ്ങുന്ന മനോഹരമായ ഈ കാവ്യം ലോകത്തിന്റെ ജീവനായി സ്‌നേഹത്തെ ഉയര്‍ത്തിപ്പിടിക്കുന്നു. പ്രേമം എന്ന ഒരൊറ്റ മതം മാത്രമാണുള്ളതെന്ന് പറയുമ്പോള്‍ തന്നെ മതമാത്സര്യങ്ങള്‍ക്ക് പ്രസക്തിയേ ഇല്ലെന്ന് പ്രസ്താവിക്കുന്നു.

ഭക്തിയുമായി ഉള്ളൂര്‍ പ്രേമത്തെ കൂട്ടിച്ചേര്‍ക്കുന്നു. അതിനെ ദൈവത്തോട് ഉള്‍ച്ചേര്‍ക്കുന്നു. അതിനാല്‍ നാസ്തിക്യം സര്‍വനാശമാണെന്ന് അദ്ദേഹം കരുതുന്നു. അത് മണവറയെ പട്ടടയാക്കുമെന്ന് അദ്ദേഹം നിരീക്ഷിക്കുന്നു.

‘ശ്രുതിയും താളവുമൊത്തേ ഗാനം
ശ്രോതസുഖം നല്‍കൂ’
എന്ന് പറഞ്ഞിട്ട് ജീവിതത്തെ രേഖപ്പെടുത്തുന്നു. പല തരം പ്രാണികള്‍ പരസ്പരം ആശ്രയിച്ച് കഴിയുന്ന ഈ പ്രപഞ്ചത്തെ വിസ്മയത്തോടെ നോക്കിക്കാണുന്നു.

‘വിരിഞ്ഞു നില്‍പ്പൊരു സുമമളിയെത്തന്‍
വിശിഷ്ഠ ഗന്ധത്താല്‍
വിവിക്തവിരസം വീണ്ടും വീണ്ടും
വിളിപ്പു സവിധത്തില്‍’
ഈ കാഴ്ച പ്രകൃതിയിലെ മനോഹരമായ കാഴ്ചയാണ്. ഓരോന്നിന്റെയും പാരസ്പര്യമാണ് ഇത് വിളിച്ചോതുന്നത്.

യുക്തിയുടെ അടിസ്ഥാനത്തില്‍ വിമര്‍ശന വിധേയമായ വരികളാണ്
‘ചൂടാന്‍ മലരും ഘനമായ് തോന്നിന ദോഹദ കാലത്തില്‍
ചുമന്നിരിപ്പൂ ദുര്‍ഭര ഗര്‍ഭം
സുഖേന ജനയിത്രി’
പൂ പോലും ചൂടാന്‍ വയ്യാത്ത ഗര്‍ഭകാലത്ത് മാതാവ് സന്തോഷത്തോടെ ഗര്‍ഭം ചുമക്കുന്നു എന്നതാണ് കവിയുടെ നിരീക്ഷണം. എന്നാല്‍ ഗര്‍ഭകാലമായതു കൊണ്ടല്ലേ പൂ പോലും ചുമക്കാനാവാത്തത് എന്ന കാര്യ കാരണ യുക്തി കൊണ്ട് കാവ്യഭാഷയെ നേരിടേണ്ടതില്ല.

‘പ്രപഞ്ചമുകുരം നമ്മുടെ രൂപം
പ്രതിബംബിപ്പിപ്പൂ
പ്രപഞ്ചകഹരം നമ്മുടെ ശബ്ദം
പ്രതിദ്ധ്വനിപ്പിപ്പൂ’
ഈ വരികള്‍ പ്രപഞ്ചത്തിന്റെ വിസ്മയത്തെ ആകമാനം പ്രതിനിധീകരിക്കുന്നു.

പ്രപഞ്ചഭൂമിയില്‍ വിതച്ച വിത്തിന്‍ ഫലത്തെ നാം കൊയ് വൂ എന്നാണ് കവി പക്ഷം. ഒരു സമൂഹമെന്ന നിലയില്‍ മനുഷ്യനെയെടുത്താല്‍ മനുഷ്യന്‍ ചെയ്തു കൂട്ടിയ പ്രകൃതിയോടുള്ള വിക്രിയകള്‍ക്ക് അവന്‍ അനുഭവിക്കുന്നു എന്ന് കരുതാം. എന്നാല്‍ ചില മനുഷ്യര്‍ നന്മയില്‍ മാത്രം ജീവിക്കുമ്പോഴും അവര്‍ക്ക് തിരിച്ചടികള്‍ നേരിടുന്നത് വിധിവൈപരീത്യം എന്ന് കരുതാനേ നിവൃത്തിയുള്ളൂ.

കവി വീണ്ടും പറയുന്നു
‘നമിക്കിലുയരാം നടുവില്‍ തിന്നാം
നല്‍കുകില്‍ നേടീടാം
നമുക്കു നാമേ പണിവതു നാകം
നരകവുമതു പോലെ’
ഇത് പ്രത്യാശയുടെ വരികളാണ്. നല്‍കുകില്‍ നേടീടാം എന്ന് പറയുമ്പോള്‍ നല്‍കുന്ന അതേ ഇടത്തു നിന്ന് തന്നെ നേടീടാം എന്നു ധരിക്കരുത്.

‘ പാഷാണൗഷധി പക്ഷിമൃഗാദികള്‍
പല പല വടിവുകളില്‍
പ്രകൃതി ലസിപ്പൂ നമുക്കു ചുറ്റും
പരമോത്സവ ധാത്രി’
എന്ന വരികള്‍ പ്രകൃതിയുടെ വൈവിധ്യത്തെ എത്ര സുന്ദരമായി അവതരിപ്പിക്കുന്നു!

‘ഏകോദരസോദരര്‍ നാമേവരും
മെല്ലാ ജീവികളും
ലോകപടത്തില്‍ തമ്മിലിണങ്ങിടു –
മോത പ്രേതങ്ങള്‍’
എന്നത് മാനവിക സാഹോദര്യത്തിനുമപ്പുറമുള്ള പരസ്പര്യത്തിന്റെ ഉദ്‌ഘോഷമാണ്.

‘അടുത്തു നില്‍പ്പോരനുജനെ നോക്കാനക്ഷികളില്ലാത്തോര്‍ –
ക്കരൂപനീശ്വരനദൃശ്യനായാ –
ലതിലെന്താശ്ചര്യം’
എന്ന് കവി പാടുമ്പോള്‍ ഈശ്വരസേവ മാനവ സേവയാണെന്നും മനസില്‍ തന്റെ സഹോദരനോട് വെറുപ്പ് ഉള്ളില്‍ വക്കുന്നവന്‍ എങ്ങനെ ഭജിച്ചാലും അത് ഈശ്വരനിലെത്തുന്നില്ല എന്ന് നിദര്‍ശിക്കുന്നു. ഭക്തി വ്യവസായവും പ്രാര്‍ത്ഥന സ്വാര്‍ത്ഥവുമായ ഒരു കാലത്ത് ഈ വരികള്‍ക്ക് ഏറെ പ്രസക്തിയുണ്ട്

ആഴ്വാഞ്ചേരി തമ്പ്രാക്കളിലും അയ്യന്‍ പുലയനിലും ആദിത്യനിലും അണുകൃമിയിലും ഒരേ സത്തയാണെന്ന് കവി തുടര്‍ന്ന് നിരീക്ഷിക്കുന്നു. വേലിക്കെട്ടുകള്‍ തീര്‍ക്കുന്നവര്‍ ചിന്തിക്കുക.

ഈശ്വരനെ നമിച്ചിട്ട്, അവന്റെ നര്‍ത്തക ഗണത്തില്‍ ഞാനും ഒരു ചെറിയ അംഗമാണ് എന്ന് കവി കാണുന്നു. എങ്കിലും താന്‍ ഏത് വേഷം കെട്ടണം എന്നത് ഈശ്വര നിശ്ചയമത്രേ!
‘വേഷമെനിക്കെന്തെന്നു വിധിപ്പതു
വിഭോ! ഭവച്ചിത്തം!
വിശ്വപ്രിയമായ് നടനം ചെയ്വത്
വിധേയനെന്‍ കൃത്യം’
എന്നാണ് കവിയുടെ അഭിപ്രായം..

ഇങ്ങനെ വേഷം വിധിച്ചിട്ട് ഈശ്വരന്‍ വെറുതേയിരിക്കുന്നില്ല. അകമേ നിലകൊണ്ട് ശരിതെറ്റുകള്‍ ചൂണ്ടിക്കാട്ടി അവന്റെ സാന്നിദ്ധ്യം സദാ നമ്മോടൊപ്പമുണ്ട്.

ചരാചര പ്രേമം കൊണ്ട് മഷിയെഴുതിയ കണ്ണുകള്‍ക്കേ പക്ഷേ ഭവാനെ ദര്‍ശിക്കാനാവൂ! പരന്റെ സുഖവും ദുഖവും തന്റേതാണെന്ന തോന്നല്‍ ഉളവാവുമ്പൊഴേ യഥാര്‍ത്ഥ മനുഷ്യനാവൂ.

പരമാര്‍ത്ഥത്തില്‍ പരനും ഞാനും ഭവാനും ഒന്നാണെന്ന ദര്‍ശനം ഈ കാവ്യം മുന്നോട്ടു വയ്ക്കുന്നു. നിത്യപ്രസക്തമായ ആശയങ്ങളുടെ അപൂര്‍വ്വ സങ്കലനമാണ് ഉള്ളൂരിന്റെ ഈ കാവ്യം.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

 

 

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

കാനം രാജേന്ദ്രൻ അന്തരിച്ചു

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ (73) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 2015 മുതൽ...

സവര്‍ക്കറുടെ ചിത്രം കര്‍ണാടക നിയമസഭയില്‍ തുടരും; കോണ്‍ഗ്രസിന്റെ ഒളിച്ചുകളി വിരല്‍ ചൂണ്ടുന്നത് ആര്‍എസ്എസ് ബന്ധത്തിലേക്ക്

(വിചാരലോകം) നിധിന്‍ വി എന്‍ കര്‍ണാടക നിയമസഭ മന്ദിരത്തില്‍ സ്ഥാപിച്ച വിഡി സവര്‍ക്കറുടെ ഛായാചിത്രം തല്‍ക്കാലം മാറ്റില്ലെന്ന വിവരങ്ങളാണ് ലഭ്യമാകുന്നത്. ഇതോടെ...

13 വര്‍ഷത്തിനിടെ 1532 ആത്മഹത്യ, കേന്ദ്ര സായുധ പോലീസ് സേനകളില്‍ സംഭവിക്കുന്നത് എന്ത്?

Editor's View കേന്ദ്ര സായുധ പോലീസ് സേനകളില്‍ (സിഎപിഎഫ്) ആത്മഹത്യാ നിരക്കും രാജിയും വര്‍ധിക്കുന്നതായി പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു. ആഭ്യന്തര...

കാറ്റിന്റെ മരണം

(ക്രൈം നോവല്‍) ഡോ. മുഹ്‌സിന കെ. ഇസ്മായില്‍ അദ്ധ്യായം 27 അത് വര്‍ഷയായിരുന്നു. '' വര്‍ഷാ, നീയിതു കണ്ടോ? എങ്ങനെയാണിവര്‍ കഥ മാറ്റി മറിച്ചതെന്നു,''...

More like this

കാനം രാജേന്ദ്രൻ അന്തരിച്ചു

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ (73) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 2015 മുതൽ...

സവര്‍ക്കറുടെ ചിത്രം കര്‍ണാടക നിയമസഭയില്‍ തുടരും; കോണ്‍ഗ്രസിന്റെ ഒളിച്ചുകളി വിരല്‍ ചൂണ്ടുന്നത് ആര്‍എസ്എസ് ബന്ധത്തിലേക്ക്

(വിചാരലോകം) നിധിന്‍ വി എന്‍ കര്‍ണാടക നിയമസഭ മന്ദിരത്തില്‍ സ്ഥാപിച്ച വിഡി സവര്‍ക്കറുടെ ഛായാചിത്രം തല്‍ക്കാലം മാറ്റില്ലെന്ന വിവരങ്ങളാണ് ലഭ്യമാകുന്നത്. ഇതോടെ...

13 വര്‍ഷത്തിനിടെ 1532 ആത്മഹത്യ, കേന്ദ്ര സായുധ പോലീസ് സേനകളില്‍ സംഭവിക്കുന്നത് എന്ത്?

Editor's View കേന്ദ്ര സായുധ പോലീസ് സേനകളില്‍ (സിഎപിഎഫ്) ആത്മഹത്യാ നിരക്കും രാജിയും വര്‍ധിക്കുന്നതായി പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു. ആഭ്യന്തര...