ഇരുള്‍

0
141

(നോവല്‍)

യഹിയാ മുഹമ്മദ്

ഭാഗം 3

‘ഈ വിവാഹം നടന്നാല്‍ കുടുംബത്തിന്റെ മുഴുവന്‍ സല്‍പ്പേരും കളങ്കപ്പെടുമച്ചോ. എങ്ങനെ ഞാന്‍ നാട്ടിലൂടെ തലയുയര്‍ത്തി നടക്കും? അച്ചോ അപ്പനപ്പാപ്പന്മാര്‍ ഉണ്ടാക്കിയെടുത്ത സകല മഹത്വങ്ങളും അതോടെ തീരും അച്ചോ. അവളെ കെട്ടിക്കോളാമെന്ന് അവന്‍ ഉളുപ്പില്ലാതെ പറഞ്ഞപ്പോള്‍ സ്വര്‍ഗത്തീന്ന് ആദ്യമായി നഗ്നത വെളിവായ ആദമിനെപോലെ ഞാന്‍ ചൂളിപ്പോയച്ചോ…’

‘യാക്കോബേ, നീ പരവേശപ്പെടല്ലേ… എല്ലാം കര്‍ത്താവിന്റെ ഇച്ഛപോലെയേ നടക്കൂ…’

‘എങ്ങനെ ഞാന്‍ പരവേശപ്പെടാതിരിക്കുമച്ചോ? വൈദികനാക്കാമെന്ന് ഞാന്‍ കര്‍ത്താവിന് നേര്‍ന്ന കുട്ടിയാ . ഈശോയേ… ഇതെന്തു പരീക്ഷണമാണ്. മറിയാമ്മ ദാഹവെള്ളംപോലും കുടിക്കാതെ ഒറ്റ കിടപ്പാ…’

‘എല്ലാത്തിനും നമുക്ക് പരിഹാമുണ്ടാക്കാമെടോ… സമാധാനമായി വീട്ടില്‍ ചെല്ല്… കര്‍ത്താവ് കൂടെയുണ്ടാവും. മറിയാമ്മയോട് ഭക്ഷണം കഴിക്കാന്‍ പറ…’

‘എന്ത് സമാധാനമച്ചോ? അവന്റെ മൂത്തത് മൂന്നെണ്ണത്തെ കൂടി കെട്ടിക്കാന്‍ ബാക്കിയുണ്ട് നല്ല കുടുംബത്തീന്ന് ഇനിയാലോചന വരുമോ?’

‘ക്ഷമ കൈവിടല്ലടോ. ക്രിസ്ത്യാനികളെ ക്ഷമ പഠിപ്പിക്കേണ്ട ആവശ്യമുണ്ടോ? അത്രയ്ക്കും സഹിച്ചവരല്ലേ നമ്മുടെ യേശുവും മാതാവും. താന്‍ ചെല്ല്… എല്ലാം നല്ലതേ നടക്കൂ… ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ…’

യാക്കോബ് കലങ്ങിയ മനസ്സോടെ പള്ളിമുറ്റത്തുനിന്നും തിരിഞ്ഞുനടന്നു.

‘യാക്കോബേ, നീ ജോസഫിനോട് ഇവിടംവരെ വരാന്‍ പറയൂ… ഞാനൊന്ന് സംസാരിക്കട്ടെ…’ യാക്കോബ് നിരാശ നിറഞ്ഞ പുഞ്ചിരിയോടെ തലയാട്ടി. അച്ചന്‍ പള്ളിപ്പറമ്പിലെ പച്ചക്കറിത്തോട്ടത്തിലേക്ക് നടന്നു. ചെടികള്‍ക്ക് വെള്ളമൊഴിക്കുന്നതിനിടയില്‍ കപ്യാര്‍ ചായയുമായി വന്നു.

കഴുകപ്പാറയില്‍ ഏറ്റവും ഉയര്‍ന്ന പ്രദേശത്താണ് പള്ളി സ്ഥിതി ചെയ്യുന്നത്. ആദ്യം ഒരു ചെറിയ കുരിശുപ്പള്ളിയായിരുന്നു അത് നിര്‍മിച്ചത് ബ്രിട്ടീഷുകാരുടെ കാലത്താണ്. പുതിയപള്ളി പണിതിട്ട് ഏതാനും വര്‍ഷങ്ങളെ ആയിട്ടുള്ളൂ. സ്വാതന്ത്ര്യലബ്ധിക്ക് മുന്‍പ് ഇവിടെ എത്തിയ ഹെന്‍ഡ്രിക് സായിപ്പെന്ന ആര്‍മി ഉദ്യോഗസ്ഥനാണ് ആ കുരിശുപ്പള്ളി പണികഴിപ്പിച്ചത്. സായിപ്പിവിടെ വരുമ്പോള്‍ കുറച്ച് ഗോത്രവര്‍ഗക്കാര്‍ മാത്രം താമസിച്ചിരുന്ന കാട്ടുപ്രദേശമായിരുന്നു. തിരുവിതാംകൂറിൽനിന്ന് കൊണ്ടുവന്ന തന്റെ ശിങ്കിടിമാരെയും ഇവിടുത്തെ ആദിവാസികളെയും കൂട്ടി കാടുവെട്ടിത്തെളിച്ച് കൃഷിയിറക്കി. അന്ന് ഏലമായിരുന്നു പ്രധാന കൃഷി. അതിനോടൊപ്പം തന്നെ ചില സ്ഥലങ്ങളില്‍ കശുവണ്ടിയും. പണിക്കാരെക്കൊണ്ട് ഒരു കാരുണ്യവുമില്ലാതെ രാവുംപകലും പണിയെടുപ്പിച്ചു. അത് നോക്കാന്‍ തന്റെ കീഴുദ്യോഗസ്ഥരെയും നിയമിച്ചു.

സായിപ്പ് സ്‌നേഹത്തോടെ ആകെ ഇടപെട്ടിരുന്നത് മകള്‍ ഇസബല്ലയോടു മാത്രമായിരുന്നു. അവള്‍ക്ക് അതിനിടയില്‍ പിടിപെട്ട പെന്തല്‍ (വസൂരി) അയാളെ അടിമുടി ഉലച്ചുകളഞ്ഞു. അന്ന് വസൂരിക്ക് ഫലവത്തായ ചികിത്സ ഇല്ലെങ്കിലും കഴിവിന്റെ പരമാവധി അയാള്‍ എല്ലാ ശ്രമവും നടത്തി, അവളെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍. ഒടുക്കം അയാള്‍ ഭയന്നതുപോലെ അതു സംഭവിച്ചു. ഇസബല്ല മരണപ്പെട്ടു!

അവളുടെ ശവക്കല്ലറയ്ക്ക് ചേര്‍ന്ന് മകളുടെ ഓര്‍മയ്ക്കായാണ് അയാള്‍ ആ കുരിശുപ്പള്ളി പണിതത്. സായിപ്പ് എന്നും അടക്കാനാവാത്ത സങ്കടത്തോടെ അവളുടെ ശവക്കല്ലറയില്‍ ചെന്നിരുന്ന് കരയുകയും പ്രാര്‍ത്ഥനകളര്‍പ്പിക്കുകയും ചെയ്യുമായിരുന്നു. അതുകണ്ട് പതിയെപ്പതിയെ അവിടുത്തുകാരും ആ കല്ലറയില്‍ നേര്‍ച്ചയിടാനും പ്രാര്‍ത്ഥിക്കാനും തുടങ്ങി. തങ്ങളുടെ പ്രശ്‌നങ്ങള്‍ പറയാനും സങ്കടങ്ങള്‍ ഇറക്കിവെക്കാനും അവര്‍ക്കൊരിടം. പതിയെപ്പതിയെ അതൊരു ആരാധനാലയമായി മാറി. പ്രാര്‍ത്ഥനകള്‍ പലതും പരിഹാരമായിത്തുടങ്ങിയപ്പോള്‍ ആളുകളുടെ എണ്ണവും വര്‍ദ്ധിച്ചുവന്നു. കാലം കഴിയുംതോറും പലപല അത്ഭുതകഥകളും അവിടങ്ങളില്‍ കാട്ടുവള്ളിപോലെ പടര്‍ന്നു. കഥകള്‍ മലയിറങ്ങി പല നാടുകളിലേക്കായി ഒഴുകി തുടങ്ങി. പെന്തലിന് (വസൂരി) അവസാന പരിഹാരകേന്ദ്രമായി ആളുകള്‍ അങ്ങോട്ടേക്ക് ഓടിയെത്തി. പതിയെപ്പതിയെ ഇസബല്ല ജനങ്ങള്‍ക്കിടയില്‍ രോഗശാന്തി തരുന്ന അവരുടെ പെന്തല്‍കുരിശ് മാതാവായി മാറപ്പെട്ടു.

സ്വാതന്ത്ര്യലബ്ധിക്കുശേഷം, സായിപ്പ്  ഇംഗ്ലണ്ടിലേക്ക് തിരിച്ചുപോയെങ്കിലും ഇസബല്ല ഈ നാട്ടുകാരുടെ രോഗശാന്തി തരുന്ന  പ്രിയപ്പെട്ട മാതാവായി തീര്‍ന്നു. വസൂരി പടര്‍ന്നുപിടിക്കുന്ന ഒരു കാലമായിരുന്നു അത്. മഴക്കാലമാകുമ്പോഴേക്കും ജാതിമതബേധമന്യേ അതില്‍നിന്നും രക്ഷനേടാന്‍ ആളുകള്‍ അവിടേക്ക് ഓടിയെത്തി, നേര്‍ച്ചകളര്‍പ്പിച്ചു. മാതാവിന്റെ ഫോട്ടോയും പേരും വസൂരി വരാതിരിക്കാന്‍ വീടുകളില്‍ തൂക്കിയിട്ടു.

ഈ ഒഴുക്കും ആരാധനയും കണ്ടപ്പോള്‍ അധികമൊന്നും ആലോചിക്കാതെ സഭയും ബിഷപ്പും അവരെ വിശുദ്ധയായി  പ്രഖ്യാപിക്കാന്‍ തീരുമാനിച്ചു. അവരുടെ കണക്കുകൂട്ടലുകള്‍ അത് ക്രിസ്ത്യന്‍ മിഷണറി പ്രവര്‍ത്തനങ്ങള്‍ക്ക് നല്ല ഗുണം  ചെയ്യുമെന്നതായിരുന്നു. അത് തെറ്റിയില്ല. കാരണം, അപ്പോഴേക്ക് കഴുകപ്പാറയിലെ മുഴുവന്‍ ഗോത്രക്കാരും ക്രിസ്തുമതത്തിലേക്ക് മാറപ്പെട്ടു. അതുവരെ കാടായി ജീവിച്ചിരുന്ന അവര്‍ അറിവിന്റെ കെടാവിളക്കുകളില്‍ അഭയം തേടിയിരുന്നു.

ആളുകള്‍ അധികമായി ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തു തുടങ്ങിയപ്പോള്‍ അതുവരെ പ്രത്യേകിച്ച് ഒരു കാര്‍മികത്വമില്ലാത്ത പെന്തപ്പള്ളിയിലേക്ക് സഭ ഒരു വൈദികനെ അയയ്ക്കാനും അവിടെ ഒരു ഇടവകയായി തിരിക്കാനും തീരുമാനിച്ചു. താഴ്‌വാരംമുതല്‍ കരിന്ദൻമല, ചോലമല എന്നീ ചെറുമലകള്‍ക്കിടയിലെ കഴുകപ്പാറ, തിരുമുക്ക്, ചക്കിടിപ്പാറ എന്നിവ പെന്തപ്പള്ളി ഇടവകയായി നിശ്ചയിച്ചു.

‘നിന്റെ അപ്പന്റെ വല്യപ്പച്ചന്‍ അന്ന് കാര്യസ്ഥനായി സായിപ്പിനോടൊപ്പം വന്നതായിരുന്നു. സായിപ്പ്  തിരിച്ചുപോയപ്പോള്‍ അങ്ങേരിവിടുത്തെ കാര്യക്കാരനായി. കുരിശുവീട്ടില്‍ വര്‍ക്കി മാപ്പിള. അദ്ദേഹത്തിന്റെ അവസാനകാലത്ത് പണിതതാണ് ഇന്നീ കാണുന്ന വലിയ പള്ളി. സ്ഥലപരിമിതി കാരണം പഴയ കുരിശുപ്പള്ളികൂടി പൊളിച്ച് പണിയാനായിരുന്നു മെത്രാന്‍ തീരുമാനിച്ചത്. എന്നാല്‍, മാതാവിന്റെ ഓര്‍മയിലുള്ള കുരിശുപ്പള്ളി അങ്ങനെ തന്നെ നിര്‍ത്തി പള്ളി പണിയാനുള്ള സ്ഥലം  എത്ര വേണേലും തരാമെന്ന് പറഞ്ഞത് നിന്റെ വല്ല്യപ്പച്ചനായിരുന്നു. അദ്ദേഹം തന്ന സ്ഥലത്താണ് ഈ കാണുന്ന പള്ളിയും വിശാലമായ സെമിത്തേരിയും പിന്നെ നമ്മുടെ അഗതിമന്ദിരവും. മൊത്തം നോക്കിയാല്‍ ഒരേക്കറിന് മുകളില്‍ വരും. ഇതൊക്കെ നീ മറന്നു എന്നു തോന്നിയതുകൊണ്ടാണ് ഞാന്‍ പറഞ്ഞത്. ആ കുടുംബമഹിമ… വര്‍ക്കി മാപ്പിളയുടെ മഹത്വം… ക്രിസ്ത്യാനികളുടെ അന്തസ്… ഇതൊന്നും കുരിശുവീട്ടുകാര്‍ മറക്കരുത്.’

ചിത്രീകരണം: മിഥുന്‍ കെ.കെ.

ചെടികള്‍ നനയ്ക്കുന്നതിനിടയില്‍ അച്ചന്‍ ജോസഫിന്റെ മുഖത്തേക്ക് നോക്കി. അവന്‍ മൗനിയായി ഒന്നും മിണ്ടാതെ തലതാഴ്ത്തി നിന്നതേയുള്ളൂ. ഇതൊക്കെ ഇവിടുത്തെ ഏതൊരു കുഞ്ഞിനും അറിയാവുന്ന സത്യങ്ങളാണ്. അച്ചന്‍ ചെടികള്‍ നനച്ചും ചവറുകള്‍ പെറുക്കിയും സെമിത്തേരിയുടെ ഓരംപറ്റി മുന്നോട്ട് നടന്നു. പിന്നാലെ ജോസഫും.

‘ജോസഫേ, ആ കാണുന്ന രണ്ട് കല്ലറകള്‍ നീ ശ്രദ്ധിച്ചോ…’ കുരിശുപ്പള്ളിയുടെ മുമ്പിലുള്ള കല്ലറകളെ ചൂണ്ടി അച്ചന്‍ ചോദിച്ചു. ‘എല്ലാം നിനക്കറിയാവുന്നതാണേലും വീണ്ടും പറയല്‍ എന്റെ ബാധ്യതയാണെന്ന് തോന്നുന്നതുകൊണ്ട് മാത്രം  പറയുകയാണ്…’ ആവര്‍ത്തനവിരസതയുടെ എല്ലാ ഭാവങ്ങളും കറുത്ത കരിമേഘംപോലെ അപ്പോള്‍ ജോസഫിന്റെ മുഖത്ത്  പ്രതിഫലിക്കുന്നുണ്ടായിരുന്നു.

വൃശ്ചിക കാറ്റ് വീശുമ്പോഴേക്കും കരിന്ദന്‍മല, ചോലമല പ്രദേശത്തെ മുഴുവന്‍ വീടുകളിലും

പ്രാര്‍ത്ഥനകളും സുവിശേഷവായനയും മാതാവിന്റെയും വര്‍ക്കിമാപ്പിളയുടെയും കീര്‍ത്തനങ്ങള്‍

പാടലുമായി പ്രാര്‍ത്ഥനാനിര്‍ഭരരാവും. അത്രയും വിശ്വാസമായിരുന്നു ഇവിടുത്തുകാര്‍ക്ക് വര്‍ക്കിമാപ്പിളയെ.  ജീവിച്ചിരുന്നപ്പോഴും മരിച്ചുകഴിഞ്ഞപ്പോഴും അവരുടെ കര്‍ത്താവിലേക്കുള്ള മാര്‍ഗസ്ഥനായി അവര്‍ ചുമ്മാതങ്ങു സ്വീകരിച്ചതല്ല. അയാള്‍ ഈ നാട്ടില്‍ ചെയ്തുവെച്ച നന്മകള്‍ അത്രയ്ക്കും വലുതാണ്. ഈ കാണുന്ന കല്ലറകള്‍ സ്വര്‍ഗമാണ്…  സ്വര്‍ഗം. വിശുദ്ധമാതാവിനൊപ്പം നിന്റെ വല്ല്യപ്പനുശേഷം, ഇവിടെക്കിടക്കാന്‍ ഈ കാലമത്രയും ഒരുവനും യോഗ്യനായിട്ടില്ല. ഇനി ആവുമോന്നുമറിയില്ല.

മാതാവിന്റെ ഇടതുഭാഗത്തുള്ള കല്ലറ, ഗര്‍ഭം ചുമക്കാന്‍ ഒരു മഹാനെപ്പോലും കിട്ടാതെ കാടുപിടിച്ചു കിടക്കുന്നു. പണംകൊണ്ടും പ്രതാപംകൊണ്ടും നേടാന്‍ പറ്റുന്നതല്ലല്ലോ വിശുദ്ധി. അത് കറകളഞ്ഞ വിശ്വാസവും വിശുദ്ധമായ പ്രവര്‍ത്തനങ്ങള്‍കൊണ്ടും ആര്‍ജിച്ചെടുക്കേണ്ടതല്ലേ…

‘ഇതൊക്കെ ഞാന്‍ നിന്നോട് പറഞ്ഞതിന്റെ പൊരുള്‍ എന്താണെന്ന് നിനക്ക് മനസ്സിലായിരിക്കുമല്ലോ?’ ജോസഫിന് പലതും  പറയണമെന്നുണ്ടായിരുന്നു. പക്ഷേ, സമൂഹം അയാള്‍ക്ക് കല്‍പിച്ചു നല്‍കിയ മഹത്വത്തെ ഓര്‍ത്തപ്പോള്‍ തൊണ്ടയില്‍നിന്നും ചുണ്ടോളമെത്തിയ വാക്കുമീനുകളെ ഉമിനീരും കൂട്ടി അവന്‍ വിഴുങ്ങിക്കളഞ്ഞു.

‘നീയൊന്നും പറഞ്ഞില്ല…’

‘അച്ചോ, ഞാന്‍ തെറ്റ് ചെയ്‌തെങ്കില്‍ പ്രായശ്ചിത്തം ചെയ്യണം. പറഞ്ഞ വാക്ക് എനിക്ക് മാറ്റി ശീലമില്ല. അത് മാറ്റുകയുമില്ല.’- അച്ചനോടുള്ള സകല ബഹുമാനവും മുന്‍നിര്‍ത്തി ജോസഫ് പറഞ്ഞു.

താന്‍ പറയുന്നതെന്തും അക്ഷരംപ്രതി അനുസരിക്കുന്ന ആട്ടിന്‍ക്കൂട്ടമായേ ഇവിടുത്തുകാരെ അച്ചന്‍ കണ്ടിട്ടുള്ളൂ. ഇവിടുത്തെ നീണ്ടകാല സേവനത്തില്‍ ആദ്യമായാണ് അച്ചന് ഇങ്ങനെ ഒരനുഭവം. അതയാളെ വല്ലാതെ വേദനിപ്പിച്ചു. തന്റെ വാക്കിന് ഒരു നിലയും വിലയും കല്‍പിക്കാത്ത ഒരുവന്‍. തന്നിഷ്ടക്കാരന്‍. വാനോളമുയര്‍ന്ന തന്റെ പ്രതാപത്തിനു മുകളില്‍ ഒരു ഇടിമിന്നല്‍ പ്രഹരം ഏറ്റതുപോലെ. ആളിക്കത്തിയ കോപത്തെ യുക്തികൊണ്ട് അടക്കിപ്പിടിച്ച് അച്ചന്‍ അവനോട് പറഞ്ഞു.

‘യാക്കോബിനെ വിചാരിച്ച് മാത്രമാണ് നിന്നെ ഞാനിവിടെ വിളിപ്പിച്ച് ഉപദേശിച്ചത്. നിന്റെ കുടുംബത്തെയും അവരുടെ മഹത്വത്തെയും ഓര്‍ത്ത്. ഞായറാഴ്ച കുര്‍ബാനക്കുപോലും പള്ളിയിലെത്താത്ത നിന്നോടൊക്കെ എന്ത് സുവിശേഷമോതാനാണ്. സൂക്ഷിച്ചും കണ്ടുമൊക്കെ ജീവിച്ചാല്‍ അവരവര്‍ക്കു കൊള്ളാം. കര്‍ത്താവിന്റെ അപാരമായ കാരുണ്യംകൊണ്ടല്ലാതെ എന്തുപറയാനാ… നാമൊക്കെ സത്യക്രിസ്ത്യാനികളായി ജനിച്ചതുതന്നെ. വഴിതെറ്റിയ ഇടയന് അവന്‍തന്നെ നേര്‍വഴി കാണിക്കട്ടെ. നിന്റെ ഇച്ഛയിലുള്ളവര്‍ സന്മാര്‍ഗികളാവുന്നു. എല്ലാ സ്‌തോത്രങ്ങളും നിനക്കുതന്നെ.’

‘അച്ചോ, ഇതെന്റെ തീരുമാനമാണ്. അച്ചനും ജനങ്ങളും സാക്ഷികളും.’

‘നീയെന്ത് വേദാന്തമാണ് കിടാവെ പറയുന്നേ? നിങ്ങളു തമ്മില്‍ എങ്ങനെ യോജിക്കാനാണ്. ഒന്നുമില്ലേ… അവളെ വയസ്സെങ്കിലും കണക്കിലെടുക്കണ്ടേ? നിനക്ക് ഇരുപത്തഞ്ച് അവള്‍ക്ക് നാല്‍പ്പതും. അതിനൊക്കെ പുറമേ അവളൊരു ദുര്‍നടപ്പുകാരിയും വിധവയുമാണ്. അവളുടെ ഭര്‍ത്താവിനെ അവളുതന്നെയാണ് കൊന്നതെന്ന് ഇവിടുത്തുകാര്‍ക്ക് മൊത്തമറിയാം. നാളെ നിന്റെ അവസ്ഥ എന്താവും? നിന്റെ അപ്പനേയും അമ്മച്ചിയേയെങ്കിലും നീ ഓര്‍ക്കണ്ടേ. ചോപ്പ്  കെട്ടിപ്പിടിച്ചവര്‍ക്കെല്ലാം വിപ്ലവമെന്ന പേരില്‍ ഇങ്ങനെ വെളിവില്ലാണ്ടാവുമോ?’

‘അച്ചോ’- ആ വിളി അവന്റെ അസ്തിത്വത്തിനു മുകളില്‍വീണ പ്രഹരംകൊണ്ട് അവനറിയാതെ വിളിച്ചു പോയതായിരുന്നു. അച്ചനുൾപ്പെടെയുള്ളവരുടെ പൊതുബോധമായിരുന്നു. എന്തു ചെയ്തലും അത് ചോപ്പിൻ്റെ തെമ്മാടിത്തരം എന്ന് മുദ്രവെക്കുന്നത്. മതം എന്തു ചെയ്താലും അതിനൊരു ന്യായീകരണമുണ്ടാവും മനുഷ്യൻ ചെയ്താൽ അത് തെമ്മാടിത്തരവും.

‘ഞെട്ടണ്ട, നീയടക്കം കുറച്ച് യുവാക്കള്‍ നമ്മുടെ മലങ്കര കോണ്‍ഗ്രസ് വിട്ട നിരീശ്വരവാദികളുടെ കമ്യൂണിസത്തില്‍ ചേര്‍ന്നത് ഞാനറിഞ്ഞില്ലെന്ന് കരുതിയോ. ആര്‍.എസ്.എസ്‌നെക്കാളും നമ്മളവരെ

ഭയക്കണം. കാരണം അവര്‍ ദൈവനിഷേധികളാണ്. ഇപ്പം നീയും ഒരു നിഷേധിയാണ്.’

‘അച്ചോ, എന്റെ മനഃസ്സാക്ഷിക്ക് ശരി എന്നു തോന്നുന്നത് ഞാന്‍ ചെയ്യും. അത് ആര് തടഞ്ഞാലും, തലപോയാലും ചെയ്യും.  അന്നയുടെ കാര്യത്തില്‍ ഇനി ആരും ഉപദേശവുമായി വരണമെന്നില്ല.’ വാളിനേക്കാളും മൂര്‍ഛയുള്ള അവന്റെ ഉറച്ച വാക്കുകളെ അച്ചനൊന്നു ഭയന്നു.

‘മോനേ, നീ നിന്റെ അപ്പനെയും അമ്മയേയും ഓര്‍ക്കണം. മറിയാമ്മക്കുട്ടി ദാഹവെള്ളം കുടിക്കാതെയുള്ള കിടപ്പാ… നമ്മള് ആണുങ്ങള്‍ വീടുവിട്ടിറങ്ങിയാല്‍ വീട്ടുകാരെ ഓര്‍ക്കണം… അല്ലേല്‍, സാത്താന്‍ നമ്മെ വഴിതെറ്റിക്കും.’

‘നിന്റെ അപ്പന്‍ പീ ഡിഗ്രിക്ക് പഠിക്കുമ്പോഴാ മറിയാമ്മയെ പ്രണയിച്ചത്. മറിയാമ്മയുടെ കുടുംബം മോശമായതുകൊണ്ടല്ല പ്രേമിച്ചു എന്ന ഒരൊറ്റക്കാരണം കൊണ്ടാണ് അപ്പന്റെ വല്ല്യപ്പച്ചന്‍ വര്‍ക്കി മാപ്പിള അപ്പനെ വീട്ടീന്ന് അന്ന് പുറത്താക്കിയത്.  ഈ കിടക്കുന്ന മനുഷ്യന്‍ മതകാര്യത്തില്‍ അത്രയ്ക്കും സൂക്ഷ്മത പുലര്‍ത്തിയിരുന്നു. അത് നീ മറക്കണ്ട.’

‘അച്ചോ, ഞാന്‍ പോണു. ഇത് നാട്ടുകാര്‍ ഇടപെട്ട വിഷയമാണ്. വേണ്ട കാര്യങ്ങള്‍ പള്ളി ഭാരവാഹികള്‍ തീരുമാനിച്ച് നിശ്ചയത്തിനുള്ള ദിവസം കുറിച്ചോ…’

‘നീ തീരുമാനം മാറ്റില്ല അല്ലേ..?’

‘ഇല്ല.’

‘പോകുന്നതിന് മുന്‍പ് ഒന്നു കുമ്പസരിച്ചു കള. പാപങ്ങള്‍ കര്‍ത്താവ് പൊറുക്കട്ടെ.’

‘പാപം ചെയ്തവരല്ലേ അച്ചോ കുമ്പസരിക്കേണ്ടത്. ഞാന്‍ പാപം ചെയ്‌തെങ്കില്‍ അതിനുള്ള പരിഹാരവും ചെയ്യുന്നുണ്ട.്’ ജോസഫ് അവിടുന്ന് നടന്നുനീങ്ങി. അച്ചന്‍ എന്തോ വല്ലാതെ അസ്വസ്ഥനാണ്.

ഇടവകയിൽ നിന്ന് ആദ്യമായി പുറത്ത് പോയി ഹോസ്റ്റലിൽ താമസിച്ച് പഠിച്ചത് ജോസഫാണ്. അന്നേ യാക്കോബിനോട് പറഞ്ഞതായിരുന്നു പുറത്ത് വിട്ട് പഠിപ്പിക്കണ്ട എന്ന് .ഇപ്പോൾ എന്തായി

പീഡിഗ്രി കഴിഞ്ഞില്ലേ എനിപാതിരി പട്ടത്തിന് പോവട്ടെയെന്ന്. അപ്പം അവന് ഡ്രിഗ്രി വേണോന് ഇപ്പോൾ തന്തേൻ്റെ തലേക്കേറി നിന്ന് ചെവി കടിക്കുന്നു.അച്ചൻ തന്നതാൻ പിറുപിറുത്ത് പള്ളിമേടയിലേക്ക് നടന്നു നീങ്ങി.

കോളാജിൽ പെൺകുട്ടികളുടെ ബാത്ത് റൂം വിഷയവുമായി ബന്ധപ്പെട്ടാണ് ആദ്യമായവർ സമരത്തിനിറങ്ങുന്നത്.

അവിടെ KSU അടക്കിവാണ കാലം. SFI ക്കാർ അതുവരെ പാത്തും പതുങ്ങിയുമായാണ് അവരുടെ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോയത്. സംഘടനയുടെ ശക്തമായ പ്രവർത്തക പ്രസീന.എൻ.മലപ്പുറത്തുകാരിയാണ്. ഫൈനൽ BA ഇംഗ്ലീഷ്. അമ്മ വീട് കണ്ണൂര് അടിമുടി ചുവപ്പൻ സഖാവ് ലക്ഷ്മി ടീച്ചർ.അച്ഛന് പ്രത്യേകിച്ച് ഒരു രാഷ്ട്രീയ പാരമ്പര്യമൊന്നുമില്ല പോലീസുകാരനാണ്. ഇലക്ഷൻ ഡ്യൂട്ടിക്കിടെ പൂവിട്ട പ്രണയം. അത് സ്ക്കൂളിലായും, സ്റ്റേഷനിലായും, പിന്നെ പല പല ഇടവഴികളിലുമായി പടർന്നു പന്തലിച്ചു.അങ്ങനെ ഒടുക്കം. ഒരു കണ്ണൂർ സഖാവ് നായരോടൊപ്പം മലപ്പുറത്തേക്ക് പറിച്ചു നടപ്പെട്ടു.

കുട്ടികൾ പറയുന്ന പോലെ അമ്മയുടെ സകല വിപ്ലവ വീര്യവും അവൾക്ക് കിട്ടിയിരുന്നു. വ്യക്തമായ നിലപാട് ശക്തമായ നോട്ടം. വാക് ചാരുതി, ആരേയും ആകർഷിപ്പിക്കുന്ന പ്രകൃതം. ആണിൻ്റെ ഗൗരവം എന്നാൽ പെണ്ണിൻ്റെ എല്ലാ ശാലീനതയുമുള്ള അവളോട് തോന്നിയ ഒരു ആരാധന അതായിരുന്നു. അന്ന് ജോസഫിനെയും ആ സമരത്തിലേക്ക് നയിച്ചത്.

പെൺകുട്ടികൾക്ക് അടച്ചുറപ്പുള്ള ബാത്ത് റൂം വേണം .ആവശ്യം പൊതുവാണേലും സമരം പെളിക്കാൻ ഭൂരിപക്ഷം വരുന്നKSU വിദ്യാർത്ഥികൾ മാനേജ്മെൻറിനൊപ്പം നിന്നു. ന്യൂനപക്ഷമാണേലും സമരക്കാർ ശക്തം.അവർ പ്രിൻസിപ്പാലിൻ്റെ റൂമിലേക്ക് ഇരച്ചുകയറി.KSU ക്കാർ തടഞ്ഞു. അത് പിന്നെ ഒരു അടിപിടിയിൽ കലാശിച്ചു. വിദ്യാർത്ഥികൾ പരക്കം പാഞ്ഞു. പലർക്കും പരിക്കുപറ്റി അവസാനം സംഘർഷാവസ്ഥ നിയന്ത്രിക്കാൻ അധികൃതർക്ക് പോലീസ് സഹായം തേടേണ്ടി വന്നു.

അറസ്റ്റിലായ വിദ്യാർത്ഥികളുടെ കൂട്ടത്തിൽ ജോസഫുമുണ്ടായിരുന്നു. അന്നത് ചെറിയ കോലാഹലമൊന്നുമല്ല ഇടവകയിൽ സൃഷ്ടിച്ചത്. സഭയുടെ തീരുമാനങ്ങൾ ലംഘിച്ചിരിക്കുന്നു. അതു യാക്കോബിൻ്റെ മകൻ. ചുവപ്പ് തത്തോന്നികളുടെ പാർട്ടിയാണെന്നും യാക്കോബിൻ്റെ മകൻ താന്തോന്നിയായെന്നും ഇടവകക്കാർ ബഹളംവെച്ചും. സഭയുടെ ഉത്തരവാദപ്പെട്ട സ്ഥാനം വഹിക്കുന്ന ആളല്ലേ യാക്കോബ് ഇതിന് ഞങ്ങൾക്ക് മറുപടി കിട്ടിയേ മതിയാവൂ. ഇടവകയിലെ എതിർകക്ഷികൾ രംഗത്തുവന്നു.അവസാനം കുറച്ച് കാലം ചെറുക്കനെ കോളജിലേക്ക് വിടാതെ വീട്ടിൽ തന്നെ നിർത്തി. എല്ലാമൊന്ന് കെട്ടടങ്ങട്ടെ.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here