ഇരുള്‍

0
138

(നോവല്‍)

യഹിയാ മുഹമ്മദ്

ഭാഗം 12

ജോസഫിന്റെ കുരിശാരോഹണത്തിനുശേഷം തലയില്‍ മുണ്ടിട്ട് നടക്കേണ്ട ഗതികേടായിരുന്നല്ലോ യാക്കോബിനും കുടുംബത്തിനും. അത്രവലിയ അപരാധമല്ലേ അവന്‍ ചെയ്തുവെച്ചത്. നാട്ടുകാരും സഭയും എന്തിനേറെ അച്ചനും ഒരുവിധം  കൈവിട്ടമട്ടാണ്. നാട്ടുകാരൊക്കെ ഈയൊരു കാര്യത്തിലിപ്പോള്‍ ഒറ്റക്കെട്ടാണ്. അതിന് അവര്‍ക്ക് അവരുടേതായ കാരണം കാണും. ചില ദൈവവിധികള്‍ പരീക്ഷണങ്ങളാണ്. എല്ലാം ക്ഷമയോടെ നേരിടുകയല്ലാതെ മറ്റെന്ത് ചെയ്യാനാണ്. ഇവിടെ ക്രിസ്ത്യാനികളുടെ ആരംഭകാലംമുതലേ പേരുകേട്ട ക്രൈസ്തവകുടുംബമാണ് കുരിശുവീട്ടിലിന്റേത്. അതിനാണ് ഇപ്പോള്‍ മായ്ച്ചാല്‍തീരാത്തവിധം കളങ്കംവീണിരിക്കുന്നത്.

യാക്കോബിനെയുംകൂട്ടി അച്ചന്റെ നിര്‍ദ്ദേശപ്രകാരം നാട്ടുകാരില്‍ ചില പ്രമാണിമാര്‍ അന്നയുടെ കുടിലിലേക്ക് ചെന്നു. വിവാഹത്തെക്കുറിച്ചുള്ള അവളുടെ സമ്മതമറിയാനായിരുന്നു ആ വരവിന്റെ ഉദ്ദേശം. അന്നത്തെ സംഭവത്തിനുശേഷം ജോസഫിന്റെ അഭിപ്രായം നാട്ടുകാര്‍ ഏറ്റുപിടിച്ചു എന്നല്ലാതെ അന്നയുടെ തീരുമാനം എന്തെന്നറിയില്ലല്ലോ. അവളോട് സംസാരിച്ച് കാര്യങ്ങള്‍ മുന്നോട്ടുപോവുക. കഴുകപ്പാറയിലെ ചില പ്രമാണി കുടുംബങ്ങള്‍ക്ക് ഇത് വീണുകിട്ടിയ അവസരമാണ്. ഈ വിവാഹം എന്തുവില കൊടുത്തും നടത്താന്‍ അവര്‍ കച്ചകെട്ടി. ഇത് അവരുടെയൊക്കെ ഉള്ളില്‍ അടക്കംചെയ്ത അസൂയയില്‍നിന്നും മുള പൊട്ടിയ ഒരു പ്രതികാരം മാത്രമായിരുന്നു. കാലങ്ങളായി പള്ളിയിലും സഭയിലും കുരിശുവീട്ടുകാര്‍ക്കുള്ള പ്രത്യേകസ്ഥാനം പുതുതായി വന്ന തറവാട്ടുപ്രമാണിമാര്‍ക്ക് അസഹനീയമായി തോന്നി. തങ്ങളുടെയൊക്കെ കാശും മെനക്കേടുംതന്നെയാണ് ഈ കാണുന്ന പള്ളിയും സഭയുമൊക്കെ. ഒരു കല്ലറ ഏതായാലും കുരിശുവീട്ടുകാര്‍ക്ക് കിട്ടി. ബാക്കിയുള്ള ഒന്ന് അതും അവര്‍ക്ക് പോയാ നമ്മളൊക്കെ എന്തിനാ മീശയുംവെച്ച് നടക്കുന്നേ. അല്ലേലും അടുത്ത അവകാശി യാക്കോബച്ചായനാണെന്ന് നാട്ടില്‍ രഹസ്യമായ് പാട്ടാണ്. ഈ വിവാഹം നടന്നാല്‍ കുരിശുവീട്ടുകാരുടെ സകല പ്രതാപവും മണ്ണടിയും. അത് നടത്തുകതന്നെ  വേണം. ഒരുവേശ്യ കുരിശുവീട്ടിലെ മരുമകളായി വരിക. അതിലും വലിയ അപമാനം വേറെ എന്താണുള്ളത്.

യാക്കോബ് ഒന്നും മിണ്ടാതെ ഒരു മൂലയില്‍ തലയും താഴ്ത്തിയിരുന്നു. വന്നവരില്‍ ചില തലമുതിര്‍ന്നവര്‍ അന്നയുമായി സംസാരിച്ചു. അവള്‍ എതിര്‍പ്പൊന്നും പറയാത്തതിനാല്‍ അവിടുന്ന് തന്നെ വിവാഹനിശ്ചയത്തിന്റെ ആലോചനകള്‍ തുടങ്ങി. എന്തിന് വൈകിപ്പിക്കണം? ഇത്രയും ആയ സ്ഥിതിക്ക് പറ്റുമെങ്കില്‍ നാളെ തന്നെ വിവാഹംവെക്കാം. പ്രത്യേകിച്ച് ഒരുക്കങ്ങളൊന്നും വേണ്ടല്ലോ. പള്ളിയില്‍വെച്ച് ചെറിയൊരു പരിപാടി. അത്രമാത്രം. അതായിരുന്നു അവരുടെ തീരുമാനം.

അന്ന മറുത്തൊന്നും പറഞ്ഞില്ല. ഇപ്പോളവള്‍ക്ക് ജീവിക്കാന്‍ സുരക്ഷിതമായ ഒരിടം അത്യാവശ്യമായിരുന്നു. യാക്കോബിന്റെ  വീടുപോലെ അയാളില്‍നിന്നും സുരക്ഷിതയാവാന്‍ മറ്റൊരിടം ഉണ്ടാവില്ലെന്ന് അവള്‍ക്കറിയാം. അവിടെ വന്ന് ആരും തന്നെ  ശല്യപ്പെടുത്തില്ല. അവിടേക്ക് അയാള്‍ക്ക് ധൈര്യപ്പെട്ട് കയറിവരാന്‍ പറ്റില്ല. അല്ലെങ്കിലും അയാളുടെ വേട്ട ആള്‍ക്കൂട്ടത്തിലല്ലല്ലോ. ഒറ്റപ്പെടുന്നവര്‍ക്കിടയിലല്ലേ. ആ രഹസ്യം അറിയുന്നവരില്‍ ഇപ്പോള്‍ അന്നയേ ജീവിച്ചിരിപ്പുള്ളൂ. ബാക്കിയുള്ളവരെല്ലാം മരണത്തിന്റെ നിഗൂഢരഹസ്യത്തിലേക്ക് ഇറങ്ങിപ്പോയവരാണ്. അല്ലെങ്കില്‍ അയാള്‍ വിദഗ്ധമായി മരണത്തിലേക്ക് നടത്തിച്ചു കൊണ്ടുപോയി എന്നതാണ് വാസ്തവം. അവസാനം റാഫേലും.

ഈ വിവാഹംവരെ തനിക്ക് ആയുസ്സുണ്ടാവുമോ എന്നറിയില്ല. രാത്രിക്ക് വല്ലാത്ത ദൈര്‍ഘ്യം കൂടുന്നതുപോലെ അവള്‍ക്ക് ഉറക്കം വന്നില്ല. ഈ രാത്രി പൊന്തക്കാടുകയറി ഒരു പുരുഷമണവും തന്നെ തേടി എത്തില്ല. ആരും വരാന്‍  ധൈര്യപ്പെടില്ലെന്നറിയാം. നാളെ തന്റെ വിവാഹമാണല്ലോ. നാട്ടുകാര്‍ ഏറ്റെടുത്ത വിവാഹം അല്ലെങ്കിലും ഈ നാടല്ലേ എനിക്ക് അഭയം തന്നത്

അപ്പന്‍ മരിച്ചതില്‍ പിന്നെ അമ്മയെ രണ്ടാമത് കെട്ടിയവന് അമ്മയും മകളും ഒരേസമയം കിടക്ക പങ്കിടണമെന്നായപ്പോള്‍  അവന്റെ തലക്കടിച്ച് നാടുവിട്ടതാണ് താനും അമ്മയും. ഒടുക്കം തെണ്ടിത്തിരിഞ്ഞ് ഇവിടെയെത്തി. പലയിടത്തുനിന്നും കാമക്കണ്ണുകള്‍ ഞങ്ങളെ വേട്ടയാടി. രാത്രി കാലങ്ങളില്‍ കൊത്തിപ്പറിക്കാന്‍ വന്ന കഴുക കണ്ണുകളായിരുന്നില്ല ഇവിടെ തങ്ങളെ വരവേറ്റത്. ഇവിടുത്തുകാര്‍ ഞങ്ങളെ സംരക്ഷിച്ചു. അമ്മയ്ക്ക് ജോലി നല്‍കി. എന്നെ പഠിപ്പിച്ചു. ഇവിടെ ഇപ്പോള്‍ ഒരൊറ്റ ഭയമേ അവള്‍ക്കുള്ളൂ അയാള്‍. അയാള്‍ മാത്രം.

രാത്രി വൈകുന്തോറും അവളിലെ ഭയം ഇരട്ടിച്ചു വന്നു. ചുറ്റും അവന്റെ ആജ്ഞാനുവര്‍ത്തികള്‍ പതിയിരിക്കുന്നതുപോലെ.

‘കര്‍ത്താവേ, ഈ രാത്രി ഞാനെങ്ങനെ വെളുപ്പിക്കാനാണ്?’ ഇപ്പോള്‍ മനസ്സ് മുഴുവന്‍ അയാളാണ്. ഭയത്തോടൊപ്പം അയാളുടെ ആലിംഗനത്തിന്റെ കുളിരും. ശരീരമാസകലം ഇരച്ചുകയറുന്നതുപോലെ. അയാളെപ്പോലെ ഇന്നേവരെ ആരും  തന്നെ പുണര്‍ന്നിട്ടില്ല. ആനന്ദനിര്‍വൃതിയുടെ ഉത്തുംഗതയില്‍ എത്തിച്ചിട്ടില്ല. ഇരുട്ടില്‍ ഇരുമ്പും കാന്തവുംപോലെ  അയാളുടെ കരവലയത്തിന്റെ ഞെരിങ്ങലിനെ മനസ്സ് അറിയാതെ മോഹിച്ചുപോവുന്നു. ഒരുപ്രാവശ്യംകൂടി അവസാനം അയാള്‍ വന്നിരുന്നെങ്കില്‍ മനസ്സ് വല്ലാതെ കൊതിച്ചുപോയി.

അവളുടെ ചിന്തകളെ വിഛേദിച്ച് അയാള്‍ കൊടുങ്കാറ്റുപോലെ കതക് തള്ളിത്തുറന്ന് അകത്തേക്ക് പ്രവേശിച്ചു. ചുവന്നുതുടുത്ത കണ്ണുകളും നീണ്ട താടിരോമങ്ങളുമുള്ള അയാള്‍ ആ ഇരുട്ടില്‍ അവളെ വാരിപ്പുണര്‍ന്നു.

‘നിന്നെ ഞങ്ങളുടെ രാജകുമാരന്‍ തിരഞ്ഞെടുത്തതാണ്. അവന്റെ ഏറ്റവും ശക്തനായ സൈന്യാധിപനെ പ്രസവിക്കേണ്ടവള്‍… ഗര്‍ഭം ചുമക്കേണ്ടവള്‍. ഞങ്ങള്‍ക്ക് മാതാവാവേണ്ടവള്‍. ഈ പാത്രത്തിലെ വിശുദ്ധ പാനീയം നീ കുടിക്കുക,’ അവള്‍  അയാള്‍ നീട്ടിയ ആ പാനീയം ആര്‍ത്തിയോടെ വാങ്ങിക്കുടിച്ചു. വീണ്ടും ആനന്ദത്തിന്റെ വിഹായുസ്സിലേക്ക് അവള്‍ പറന്നുതുടങ്ങി.

അവളുടെ കാതുകളിലേക്ക് അശരീരികള്‍ അലയടിച്ചു തുടങ്ങി ‘നീ വിവാഹം കഴിക്കുന്നവനെ നീ തന്നെ ഇല്ലതാക്കണം. കാരണം, നിന്റെ കുഞ്ഞ് അവന്റെ ദാസനാവുന്നു. അവനേക്കാളും ശക്തനല്ല കുഞ്ഞിൻ്റെ പിതാവ്. അതിന്റെ സമയം വരുമ്പോള്‍ ഞാന്‍ തന്നെ നിന്നെയറിയിച്ചു കൊള്ളും. നീ ഗര്‍ഭിണിയാകുന്നതുവരെയേ അവനായുസുള്ളൂ. എന്റെ തീരുമാനങ്ങള്‍ ശക്തവും വ്യക്തവുമാണ്. കുഞ്ഞിന്റെ വളര്‍ച്ചയില്‍ ഞാന്‍ തന്നെ അവന് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കും. നീ സമാധാനമായിരിക്കുക. ഇതെന്റെ പരിശുദ്ധമായ രഹസ്യവും തീരുമാനവുമാണ്. അനുസരിച്ചുകൊള്ളുവിന്‍. നിങ്ങള്‍ക്ക് സ്വര്‍ ഗത്തില്‍ പച്ചപ്പരവതാനി വിരിച്ചിരിക്കുന്നു. ഇത് സന്തോഷവാര്‍ത്തയായി സ്വീകരിക്കുവീന്‍.’

‘നിന്റെ ഉത്‌ബോധനം ഞാന്‍ സ്വീകരിക്കുന്നു. നിന്റെ വെളിപ്പെടുത്തലുകള്‍ പച്ചവെള്ളംപോലെ തെളിമയുള്ളതാകുന്നു.’

വെള്ളത്തില്‍ ഉപ്പ് അലിയുന്നതുപോലെ ഇരുട്ടില്‍ മറ്റൊരു കൂരിരുട്ട് അദൃശ്യമാവുന്നതുപോലെ പെട്ടെന്നുതന്നെ അയാള്‍ ആ റൂമില്‍നിന്നും അപ്രത്യക്ഷമായി. പെട്ടെന്നുളള അയാളുടെ തിരിച്ചുപോക്കില്‍ കൊടുംതണുപ്പില്‍നിന്ന് മരുഭൂമിയിലെന്നപോലെ തപിച്ചുപോയി. അയാളുടെ പുണരലില്‍ രക്തം വല്ലാതെ ചൂടുപിടിക്കുന്നു. സിരകളിലൂടെ അയാള്‍  ഒഴുകുന്നതുപോലെ തോന്നും. അയാള്‍ക്കുമാത്രമേ തന്നെ രതിമൂര്‍ഛയുടെ അത്യുന്നതത്തില്‍ എത്തിക്കാന്‍ കഴിയുന്നുള്ളൂ.

അന്നുരാത്രി അവളുടെ മനസ്സില്‍ ചിന്തകളുടെ ഒരു ഘോരയുദ്ധം തന്നെയാണ് നടന്നത്. അവളിപ്പോള്‍ നില്‍ക്കുന്നത് രണ്ടായിപ്പിരിയുന്ന ഒരു കവലയിലാണ് ഒന്ന് വെളിച്ചത്തിന്റെയും മറ്റേത് ഇരുട്ടിന്റെയും. നന്മയുടെ വഴി താന്‍ തിരഞ്ഞെടുത്തിരിക്കുന്നു. ജോസഫിന്റെ ഭാര്യയായി സകല പാപങ്ങളും കഴുകി പുതിയൊരു ജീവിതം… തന്റെ പൊയ്‌പോയ  കാലത്തില്‍ താന്‍ സ്വപ്നം കണ്ടപോലെ നല്ലൊരു കുടുംബജീവിതം. കര്‍ത്താവായി എനിക്ക് നീട്ടിത്തന്നതാണ് ജോസഫും  അവന്റെ കുടുംബവും. നന്മയുടെ വഴിയാണ്. അവര്‍ തന്നെ എങ്ങനെ സ്വീകരിക്കുമെന്നറിയില്ല. എങ്കിലും എനിക്ക് മാറാമല്ലോ, നല്ല ഭാര്യയായി, വീട്ടമ്മയായി. സ്‌നേഹംകൊണ്ട് കീഴ്‌പ്പെടുത്താന്‍ പറ്റാത്ത മനസ്സുണ്ടോ?

ചിത്രീകരണം: മിഥുന്‍ കെ.കെ.

പക്ഷേ, അയാളുടെ വരവ് തന്റെ മനസ്സിനെ ആകമാനം മാറ്റം സൃഷ്ടിക്കുന്നു. കര്‍ത്താവേ, നീയാണ് രക്ഷ. വര്‍ഷങ്ങള്‍ക്കുശേഷം അവള്‍  വീണ്ടും പ്രാര്‍ത്ഥനയില്‍ മുഴുകി. കര്‍ത്താവിന്റെ ചിത്രത്തിനുമുന്‍പില്‍ മെഴുകുതിരി കത്തിച്ച് അവള്‍ മനമുരുകി പ്രാര്‍ത്ഥിച്ചു. കുറ്റബോധംകൊണ്ട് കണ്ണുനീര്‍ ധാരധാരയായി ഒഴുകി. ‘എന്റെ സാഹചര്യങ്ങള്‍ എന്നെ ഇങ്ങനെയാക്കി. കര്‍ത്താവേ… നീ എന്നെ നേര്‍വഴിക്ക് ചേര്‍ക്കേണമേ…’

ജോസഫിനെ രണ്ടുമൂന്ന് വട്ടം കണ്ടിട്ടുണ്ട് പലയിടങ്ങളില്‍വെച്ച്. ഒന്നും വ്യക്തമായി ഓര്‍മ്മയില്ല. പക്ഷേ, അന്ന് എന്റെ അടുക്കല്‍ വന്നപ്പോള്‍ എന്തായിരിക്കും അവന്‍ പറയാന്‍ ശ്രമിച്ചത്. അറിയില്ല. അന്ന് ഇത്തിരി ക്ഷമ ഞാന്‍ കാണിച്ചിരുന്നെങ്കില്‍ ഇങ്ങനെയൊക്കെ സംഭവിക്കുമായിരുന്നോ… അറിയില്ല! എല്ലാം കര്‍ത്താവിന്റെ വിധിപോലെ നടക്കട്ടെ. ഞാന്‍ കാരണം വലിയ അപമാനമാണ് ആ കുടുംബത്തിന് വന്നത്, നിഷ്‌കളങ്കനായ ആ ചെറുപ്പക്കാരനെ കവലയില്‍ കെട്ടിയട്ട് ക്രൂശിക്കാനും ഞാന്‍ തന്നെയല്ലേ കാരണക്കാരി. അവനെന്നെ ഒന്നുതൊടുകപോലും ചെയ്തില്ലല്ലോ. പിന്നെ അവനെന്തിനായിരുന്നു വന്നത്? ആ വരവിന്റെ ഉദ്ദേശം ഇപ്പോഴുമവള്‍ക്ക് ഒരു ചോദ്യചിഹ്നമായി തന്നെ നിലനില്‍ക്കുന്നു.

ഉറക്കം നഷ്ടപ്പെട്ട ആ രാത്രി അവൾ തന്റെ നവവരനെ ഓര്‍ത്തുകൊണ്ടേയിരുന്നു. പ്രണയത്തിന്റെ പച്ചപ്പിലേക്ക് എത്ര വേഗമാണ് വഴുതിവീഴുന്നത്, പലപുരുഷന്മാരുടെ കാമപ്പേക്കൂത്തല്ലാതെ പ്രണയത്തിന്റെ മധുരവും സുഗന്ധവും കൂടിച്ചേര്‍ന്ന  ഒരു കൂടിച്ചേരല്‍ ഇന്നേവരെ ഉണ്ടായിട്ടില്ല.

പുരുഷന്മാര്‍ക്കൊക്കെ ഒരേ മണമാണ്. ഒരേ ഭോഗരീതിയാണ് പേപിടിച്ച നായ്ക്കളെപ്പോലെ. കള്ളിന്റെയും പുകയുടെയും കൂടിക്കലര്‍ന്ന വൃത്തികെട്ട ദുര്‍ഗന്ധം. പെണ്ണ് കുളിച്ച് സുഗന്ധപൂരിതമായിരിക്കണമെന്ന് അവര്‍ക്ക് നിര്‍ബന്ധമുണ്ട്. പക്ഷേ,  അവരോ വിസര്‍ജ്യഗന്ധംപോലും വൃത്തിയാക്കാത്തവരും. അസഹനീയമായ ദുർഗന്ധം കൊണ്ട് അറപ്പുതോന്നിയിട്ടുണ്ട് പലപ്പോഴും.

അവള്‍ ആ രാത്രി മുഴുവന്‍ ജോസഫിനെ പ്രണയിച്ചു. അവനെ കണ്ട ദിവസങ്ങളെ ഓര്‍ത്തെടുക്കാന്‍ നോക്കി. ആദ്യമായി ജോസഫിനെ കണ്ടത് കവലയില്‍വെച്ചാണ്. കോടചൊരിക്കുന്ന ഒരു വൈകുന്നേരം പലചരക്കുകടയില്‍നിന്നും സാധനം വാങ്ങി വീട്ടിലേക്ക് തിരിക്കാന്‍ നേരത്താണ് അപ്രതീക്ഷിതമായി മഴ വന്നത്. നേരം വൈകിയതുകൊണ്ട് മഴയെ വകവെക്കാതെ ഞാന്‍ വീട്ടിലേക്ക് നടന്നു. അപ്പോഴായിരുന്നു പിന്നില്‍നിന്നും ഒരുവിളി.

‘ചേച്ചീ… മഴ നനയണ്ട. എന്റെ കുടയില്‍  കയറിക്കോ’ അവന്‍ എന്റെ അടുത്തേക്ക് ഓടിവന്നു. കുടയുടെ പാതിഭാഗം എനിക്കുനേരെ നീട്ടി.

‘കഴുകപ്പാറവരെ ഞാനുമുണ്ട്. ചേച്ചി ഇതില്‍ കയറിക്കോ…’ ഞാന്‍ അത്ഭുതത്തോടെ അവനെത്തന്നെ നോക്കി. പിന്നെ കവലയിലേക്കും. ആളുകള്‍ അത്ഭുതത്തോടെ ഞങ്ങളെ വീക്ഷിക്കുന്നുായിരുന്നു. രാത്രിയുടെ ഇരുട്ടില്‍മാത്രം എന്റെയടുത്തുവരുന്നവര്‍ കണ്ട പരിചയംപോലും ഭാവിക്കാത്തവര്‍.

‘ഏതടാ ആ കൊച്ചന്‍?’

‘അത് ജോസഫാ… നമ്മുടെ യാക്കോബച്ചായന്റെ മോന്‍.’

‘അവനീ നാട്ടിലൊന്നുമല്ലേ? ഇവളോടൊപ്പം നടക്കാന്‍…’

ഓൻ ടൗണിലൊക്കെ പഠിച്ച പരിഷ്ക്കാരിയല്ലേ അപ്പം അതൊക്കെ ഉണ്ടാവും

‘ചേച്ചി വാ, അവരെന്തേലും പറയട്ടെ.’

അവന്‍ എന്നെയും കൂട്ടി മുന്നോട്ട് നടന്നു.

‘റാഫേല് മരിച്ചിട്ട് നാലുനാളുപോലുമായില്ല. ഇനി അവള്‍ക്ക് ആരേയും പേടിക്കേണ്ടല്ലോ… ഏത് സമയത്തും എന്തുമാവാലോ…’

സദാചാരമാന്യന്മാര്‍ കുറ്റങ്ങള്‍ പറഞ്ഞുതുടങ്ങി. എല്ലാവരും മനുഷ്യന്മാര്‍. ഇരുട്ടില്‍ തനി ചെകുത്താന്മാര്‍. ഞാന്‍ ജോസഫിനോടൊപ്പം നടന്നു അവനൊന്നും മിണ്ടിയില്ല. ഇടയ്ക്കിടക്ക് അവനെന്റെ മുഖത്തേക്ക് പാളിനോക്കുകയല്ലാതെ പ്രത്യേകിച്ച് ഒരു ഭാവവ്യത്യാസമൊന്നും അവനില്‍ കണ്ടില്ല. മഴയില്‍ നനയുന്ന ഏതൊരാളോടും തോന്നുന്ന മനുഷ്യസഹജമായ സഹതാപം. ഒരു സഹായം അതില്‍ കൂടുതലായി ഒന്നും അവന്റെ മനസ്സിലില്ലെന്ന് എനിക്ക് തോന്നി. എല്ലാ പുരുഷന്മാരെയുംപോലെയല്ല അവനെന്ന് അന്ന് മനസ്സിലായി.

‘ആ പാലം കടന്നാ എന്റെ വീടെത്തി. ചേച്ചി ഈ കുടകൊണ്ടു പൊയ്‌ക്കോ… എപ്പോഴെങ്കിലും കണ്ടാല്‍ തന്നാല്‍ മതി’ അവന്‍ കുട എനിക്ക് നേരെ നീട്ടിപ്പിടിച്ചു.

‘നീ കുരിശുവീട്ടിലെയാണോടാ’

‘അതെ.’

‘എന്നോടൊപ്പം നിന്നെ കണ്ടാല്‍ ആളുകള്‍ പലതും പറയും. നിങ്ങളുടെ കുടുംബം ഇവിടെ എത്രയോ അന്തസുള്ളതാണ്.’

‘അവരോട് പോവാന്‍ പറ.’

അവന്‍ കുട എന്റെ കൈയില്‍ പിടിപ്പിച്ചു പാലം കടന്ന് വേഗത്തില്‍ നടന്നുപോയി. അവനോടൊപ്പമുള്ള ആ യാത്ര ഇന്നലവരെ വെറും ഒരു യാത്രയായിരുന്നു. പക്ഷേ, ഇന്നതിന് എന്തൊക്കെയോ മാനം വന്നതുപോലെ. മനസ്സിന് വല്ലാത്തൊരു കുളിരുപോലെ. അതിനുശേഷം പലപ്പോഴും അവനെ പലയിടങ്ങളിലായി കണ്ടെങ്കിലും കാണുന്ന ആയിരങ്ങളില്‍ ഒരാള്‍ മാത്രമായിരുന്നു. ഇന്ന് അവ ഓരോന്നും അവള്‍ മനഃപ്പൂര്‍വം ഓര്‍ത്തെടുത്ത് അയവിറക്കാന്‍ തുടങ്ങി കവലയില്‍ വെച്ച്, പള്ളിയില്‍ വെച്ച്, റേഷന്‍കടയില്‍വെച്ച്…

റേഷന്‍കടയില്‍വെച്ചുള്ള കാഴ്ച ചെറിയ ഒരു കശപിശയിലെത്തി എന്നുതന്നെ പറയാം. അന്ന് റേഷന്‍കടയില്‍ സാധാരണയില്‍ കവിഞ്ഞ തിരക്കുണ്ടായിരുന്നു. നീണ്ട ക്യൂ. എല്ലാം പുരുഷന്മാര്‍.

പിന്നിലായിരുന്നു ഞാന്‍. അവിടേക്ക് യാദൃശ്ചികമായി വന്നതായിരുന്നു ജോസഫ്.

‘ഇവിടെ സ്ത്രീകള്‍ക്ക് ഒരു മുന്‍ഗണനയുമില്ലേ? ചേച്ചി വാ…’ എന്നുവിളിച്ച് എന്നെയും കൂട്ടി അവന്‍ മുന്നില്‍കൊണ്ടുപോയി  നിര്‍ത്തി. കൂടിനിന്നവര്‍ ക്ഷുഭിതരായി.

‘ഇവിടെ അങ്ങനെ ഒരു മുന്‍തൂക്കവുമില്ല. ആര് ആദ്യം വരുന്നോ അവര് മുന്നില്‍…’

‘പറ്റില്ല, സ്ത്രീകളെ ആദ്യം ഒഴിവാക്കണം.’

‘അതുപറയാൻ നീയാരാ?’

‘ഞാനിവിടുത്തുകാരൻ തന്നെയാ…’

‘നിന്റെ വിപ്ലവമൊക്കെ കോളേജില്‍ മതി. ഇവിടെ കാര്യങ്ങള്‍ ഞങ്ങള്‍ തീരുമാനിക്കും.’

‘അന്യായമായി എന്തുകണ്ടാലും ഞാനെതിര്‍ക്കും. അതാ ഞങ്ങളുടെ പാര്‍ട്ടിയുടെ രീതിയും.’

‘നിന്റെ പാര്‍ട്ടി. അതങ്ങ് ടൗണില്‍ മതി. ഇവിടെ കാര്യങ്ങള്‍ തീരുമാനിക്കാന്‍ മലങ്കര കോണ്‍ഗ്രസുണ്ട്.’

‘അക്കാലമൊക്കെ കഴിഞ്ഞു അവറാച്ചാ…’

‘നീയാരാടാ ഒരു വേശ്യക്ക് വേണ്ടി വക്കാലത്ത് പറയാന്‍?’

മലങ്കരകോണ്‍ഗ്രസ്സിന്റെ പ്രസിഡന്റ് സണ്ണി കുര്യന്‍ അതുംപറഞ്ഞ് ജോസഫിന്റെ കോളറക്ക് പിടിച്ചു.

‘വിട്ടേക്ക്… സണ്ണി വിട്ടേക്ക്… ഇത് നമ്മുടെ യാക്കോബച്ചായന്റെ മോനാ… ഇവിടെവെച്ച് ബഹളമുണ്ടാക്കരുത്.’

അവറാച്ചന്‍ അവരെ പിടിച്ചുമാറ്റി. സണ്ണിയെ ഓഫീസിലേക്ക് പറഞ്ഞയച്ചു. അപ്പോഴത്തേക്കും അവിടേക്കെത്തിയ   യാക്കോബച്ചായന്റെ കാര്യസ്ഥന്‍ മാണിച്ചന്‍ ജോസഫിനെയും കൂട്ടി തിരിച്ചുപോയി.

ആ സംഭവമോര്‍ത്തപ്പോള്‍ അന്ന ചിരിച്ചുപോയി. പൊടിമീശക്കാരന്‍ വിപ്ലവകാരി. മതത്തേക്കാളും മനുഷ്യനായിരുന്നു അവന് വലുത്. ആ മനുഷ്യത്വം തന്നെയായിരിക്കും എന്നെ വിവാഹം കഴിക്കാമെന്ന തീരുമാനത്തില്‍ എത്തിചേര്‍ന്നിരിക്കുക. അന്നക്ക് ജോസഫിനോടുള്ള സ്‌നേഹം ഇഴ മുറിയാതൊഴുകി. ആ രാത്രിക്ക് വല്ലാത്ത ദൈര്‍ഘ്യമായിരുന്നു.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here