കാറ്റിന്റെ മരണം

0
140

(ക്രൈം നോവല്‍)

ഡോ. മുഹ്‌സിന കെ. ഇസ്മായില്‍

അദ്ധ്യായം 16

എന്താണ് സംഭവിക്കുവാൻ പോകുന്നതെന്ന് അറിയാതെ അന്താക്ഷരിയിൽ നിന്നു കിട്ടിയ ചില പാട്ടുകളുടെ അനുപല്ലവിയും മൂളി ജനലിലെ കമ്പിയിൽത്തട്ടി മുഖത്തേക്ക് തെറിക്കുന്ന ചെറു വെള്ളത്തുള്ളികളെ ഓമനിച്ച് അസ്തമയ സൂര്യന്റെ ചുവപ്പ് നിറം ആകാശത്ത് പടരുന്നതും നോക്കി സമീറയിരുന്നു. വലതു കൈ കൊണ്ട് കവിളൊന്ന് തൊട്ടപ്പോൾ അത് ഐസ് കട്ട പോലെ തണുത്തിരിക്കുന്നു.
‘കാറ്റെവിടെപ്പോയിട്ടുണ്ടാകും? ഇത് കേട്ടാൽ കാറ്റെന്ത് പറയും? കാറ്റ് പിണക്കത്തിൽത്തന്നെയാകുമോ?’

പൊടുന്നനെ, സമീറയുടെ കൈ എന്തിലോ തൊട്ടത് പോലെ തോന്നി—അതേ കുളിര്. സമീറ പെട്ടന്ന് കൈ വലിച്ചു.

“ഇനി വെറും മൂന്നു ദിവസമേയുള്ളൂ ചരിത്രമാവർത്തിക്കാൻ. സമീറ എന്തെങ്കിലും ചെയ്തേ ഒക്കൂ,” കാറ്റിന്റെ ശബ്ദം ഉറച്ചതായിരുന്നു.

സമീറയുടെ മുഖം വല്ലാതെയായി.

‘മൂന്നു ദിവസമെന്ന് പറഞ്ഞാൽ ഈ നോട്ടീസിലെഴുതിയ നാടകവുമായി അതിനെന്നതെങ്കിലും ബന്ധം കാണുമോ?’

ആശ്ചര്യത്തോടെ, സമീറ കാറ്റിനെ നോക്കി. ഒരായിരം കൊല്ലം ജീവിച്ച അനുഭവസ്ഥന്റെ പക്വതയോടെ കാറ്റ് സംസാരിച്ചു തുടങ്ങി.

“നാലു പതിറ്റാണ്ട് മുൻപാണ് ‘കാറ്റിന്റെ മരണമെന്ന നാടകം അരങ്ങേറിയത്. അന്നു എന്താണ് നടന്നതെന്ന് എനിക്കറിയില്ല. പക്ഷേ, ഒന്നറിയാം. അതിന് ശേഷമാണ് എനിക്കീ കഴിവ് കിട്ടിയത്. സമീറയോട് സംസാരിക്കുവാനുള്ള കഴിവ്. അത് പണ്ട് മറ്റാരുടെയോ ആയിരുന്നു എന്നു എനിക്കു തോന്നിത്തുടങ്ങിയിട്ട് കുറച്ചു നാളായി.”
സമീറയുടെ മുഖം ഒരു കടലാസ് കഷ്ണം പോലെ വെളുത്തു. അതിലുള്ള അക്ഷരങ്ങൾ മാഞ്ഞു.

“അതിന് മുൻപു നമുക്ക് വല്യപ്പച്ചനെ കൊന്നതാരാണെന്ന് കണ്ടു പിടിക്കണം. അത് സമീറയ്ക്കെ പറ്റൂ.”

“ഞാനെന്ത് ചെയ്യണമെന്ന് പറഞ്ഞോളൂ,” സമീറ കാറ്റിനെ നോക്കിപ്പറഞ്ഞു.

“നിനക്കെന്താ വട്ടായോ? സ്ലീപ് വാക്കിങ് എന്നും സ്ലീപ് ടോക്കിങെ ന്നും കേട്ടിട്ടുണ്ട്. ഇതിനെന്താ പേര്?”

സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ കറണ്ട് പോയി ചുറ്റും നിശ്ശബ്ദത പടരുമ്പോൾ നമ്മളെത്രയോ ഉച്ചത്തിലാണ് സംസാരിച്ചിരുന്നതെന്നു നാം തിരിച്ചറിയുന്ന നിമിഷത്തിൽ സാധാരണ ചെയ്യുന്നത് ചുറ്റുമൊന്നു കണ്ണോടിക്കുകയാണ്, മറ്റുള്ളവര് തിരിച്ചു പോയപ്പോൾ തീരത്ത് ഒറ്റപ്പെട്ടുപോയ തിരയെപ്പോലെ. സമീറ ശബ്ദം കേട്ടിടത്തേക്ക് തിരിഞ്ഞു നോക്കി. ജൊവാനാണ് പറഞ്ഞത്. നോക്കുമ്പോൾ അവിശ്വാസനീയതയുടെ പത്തിരുപത് കണ്ണുകൾ തന്നെത്തന്നെ തുറിച്ചു നോക്കുന്നു. കൂട്ടത്തിൽ തൊട്ടടുത്ത കമ്പാർട്മെൻറിലുണ്ടായിരുന്ന ഒരു മദ്യവയസ്കയും ഭർത്താവുമുണ്ടായിരുന്നു. സമീറ എന്ത് പറയണമെന്നറിയാതെ ഒരു നിമിഷം പകച്ചു നിന്നു.

“എന്ത് പറ്റി മോളേ?” ഇതെല്ലാം മുതിരണർന്നവരുടെ ഉത്തരവാദിത്വമാണെന്ന ഭാവത്തോടെ ആ മദ്ധ്യവയസ്ക ആരാഞ്ഞു.

‘സത്യം പറയുന്നത് അപകടമാണെന്ന് സമീറയ്ക്ക് നല്ല ബോധ്യമുണ്ടായിരുന്നു. പണ്ട് അല്പം വിവരമുള്ളയാളാണല്ലോ എന്നു കരുതി താൻ ലൂക്കയോടിക്കാര്യം പറഞ്ഞതും അവൻ തന്നെ കളിയാക്കിയതും പിന്നെ എപ്പോൾ കാണുമ്പോഴും ‘കാറ്റ് കാറ്റ്’ എന്നു കളിയാക്കി വിളിക്കുന്നതും സമീറക്കോർമ്മ വന്നു. ചില കാര്യങ്ങൾ സമൂഹം വിശ്വസിക്കില്ല. പുതിയ വഴികളെന്തോ മനുഷ്യനിഷ്ടമല്ല. അതിനെ പരിഹാസം കൊണ്ടോ പുച്ഛം കൊണ്ടോ അവർ നേരിടും. അത് സത്യമാണോ എന്നു കൂടി ചിന്തിക്കാനുള്ള സമയം അവർ പാഴാക്കില്ല. സമൂഹത്തിൽ നിന്നു മാറിച്ചിന്തിച്ചാൽ താനും തീവണ്ടിയുടെ ചങ്ങലക്കെട്ടിൽ നിന്നും വിട്ടു പോകുമോ എന്നു മനുഷ്യൻ ഭയക്കുന്നത് പോലെ.

ചിത്രീകരണം: മിഥുന്‍ കെ.കെ.

‘ഒന്നുമില്ലാൻറീ. ഒരു തല വേദന പോലെ,” സമീറ മുൻപെ ചിന്തിച്ചു വെച്ച ആ വാചകമങ്ങുപയോഗിച്ചുകൊണ്ട് എല്ലാവരും നോക്കി നിൽക്കേ മുകളിലുള്ള ബെർത്തിൽക്കേറിക്കിടന്നു. എല്ലാവരും തൽക്ഷണം ഒഴിഞ്ഞു പോയെങ്കിലും ആ ഒരു നിമിഷത്തെ നിശ്ശബ്ദതയെ ഭേതിച്ചു കൊണ്ട് അടക്കിപ്പിടിച്ച വർത്തമാനങ്ങളും പൊട്ടിച്ചിരികളും അന്തരീക്ഷത്തിലലിഞ്ഞു ചേർന്നു. ആതിരയെ മാത്രം എവിടെയും കണ്ടില്ല. അവൾ അന്താക്ഷരി കളിക്കുമ്പോൾ നേരത്തെ എഴുന്നേറ്റു പോയതാണ്. ജീസസ്, അവൾക്കെന്നതെങ്കിലും അപകടം പറ്റിയിട്ടുണ്ടാകുമോ? സമീറയ്ക്ക് അമ്മച്ചിയെ ഒന്ന് കണ്ടാൽക്കൊള്ളാമെന്ന് തോന്നി. ഫോണിന്റെ പവർ സ്വിച്ചമർത്തിയപ്പോൾ സ്ക്രീനിലെ അമ്മച്ചിയുടെ ചിരിക്കുന്ന മുഖം തെളിഞ്ഞു. തൊട്ടടുത്ത് നിൽക്കുന്ന താൻ എത്ര സന്തോഷവതിയാണ്. അതു പഴയ വിറകു പുരയ്ക്ക് മുൻപിൽ നിന്നെടുത്ത ഫോട്ടോ ആണ്. ലൂക്കായക്ക് പെണ്ണുകാണാൻ തൃശൂര് വരെ പോയ അന്ന്. എൻട്രൻസ് റിസൽറ്റ് വരുന്നത് തൊട്ടടുത്ത ദിവസമായിരുന്നു. ആ ചിരിയുടെ പിന്നിൽ ആ ടെൻഷൻ ഒളിച്ചിരിപ്പുണ്ടോ? പുറത്തു നിന്നു നോക്കുന്നവർക്ക് അത് കാണാൻ പറ്റുമോ? എനിക്കു മാത്രമല്ലേ അതറിയൂ? അമ്മച്ചിയുടെ സ്വരമൊന്നു കെൽകേൾക്കണമെന്ന് തോന്നി നമ്പർ ഡയൽ ചെയ്യാൻ തുടങ്ങിയതാണ്. ഇന്ന് വൈകുന്നേരം ലൂക്കാ എത്തിയിട്ടുണ്ടാകും. അവന് ബീഫ് വരട്ടിയതും ചോറും പപ്പടോം കാച്ചുന്ന തിരക്കിലായിരിക്കും അന്നാ മറിയ. പിന്നെ, തന്റെ ശബ്ദത്തിലെ മാറ്റം ചിലപ്പോൾ അമ്മച്ചി കണ്ടു പിടിച്ചെന്നിരിക്കും. ലൂക്കായെ വിളിച്ചാലോ? ഈയിടെയായി താൻ പറയുന്നതൊന്നും ലൂക്കാക്ക് മനസ്സിലാകാത്തത് പോലെ. രണ്ട് പേരും രണ്ട് ഫൈസുകളിലായത് പോലെ. ആതിരയെയൊന്നു കണ്ടിരുന്നെങ്കിൽ കുറകച്ചാശ്വാസമായേനെ. സമീറ എഴുന്നേറ്റു വാഷ് റൂം ലക്ഷ്യമാക്കി നടന്നു. എഞ്ചിനീയറിങ് സ്റ്റുഡെൻസിരുന്ന സീറ്റുകൾ കാലിയായിരുന്നു. അവർ ഇത്ര വേഗം ഇറങ്ങിയോ? കഴിഞ്ഞു പോയ പ്രധാന സ്റ്റേഷനുകളുടെ പേരുകൾ സമീറയുടെ മനസ്സിൽത്തെളിഞ്ഞു.

“ഇയാളുടെ കൂടെ ഒരു കണ്ണടക്കാരിയുണ്ടായിരുന്നല്ലോ,” ഒരു പുരുഷ ശബ്ദ ശബ്ദം ചില്ലു വാതിൽ കടന്നു സമീറയുടെ അടുത്ത് വന്നു.

“ ഓ…അവൾക്കു തനി വട്ടാ. മരിച്ചവരോടു സംസാരിക്കാൻ പറ്റുമെന്നൊക്കെപ്പറഞ്ഞു ഓരോ കഥകളുണ്ടാക്കി നടക്കും. ആരും കൂടെക്കൂട്ടാറില്ല. ഞാൻ തന്നെ പെട്ടു പോയതാണ്. ഒറ്റയ്ക്ക് കൊറച്ചു ഫെയ്മസ് ആയപ്പോ ഞാനെന്റെ യൂ ടൂബ് ചാനലിന്റെ സബ്സ്ക്രൈബേഴ്സിനെക്കൂട്ടാൻ കൂടെക്കൂട്ടിയതാ. ഇപ്പോൾ പ്രേതം പോലെ കൂടെ കൂട്ടിയിരിക്കാ. നോർമലല്ലാ. പതുക്കെ, നൈസ് ആയിട്ട് ഒഴിവാക്കണം.”

വാതിലിന്റെ മുകളിലത്തെ ചില്ലിലൂടെ അവൾ ആ മുടി സ്‌ട്രെയിറ്റൻ ചെയ്ത പയ്യനെയും ആതിരയേയും കണ്ടു. തൻറെ സൗഹൃദമെന്ന ചില്ലു കൂടാരത്തിലൂടെ രക്തം ഇറ്റിറ്റായി വീണു ആ നോട്ടീസിലെ അക്ഷരങ്ങൾ മാഞ്ഞു പോകുമോ എന്ന് സമീറ ഭയന്നു.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here