(നോവല്‍)
യഹിയാ മുഹമ്മദ്
ഭാഗം 10
തൊമ്മിച്ചന്‍ റാഫേലിനെയും കൂട്ടി ചോലമലയുടെ താഴ്ഭാഗത്തുള്ള വെള്ളച്ചാട്ടത്തിനടുത്തേക്കുപോയി ചുറ്റും പാറയുള്ള അവിടെ ചെറിയ ഒരു വെള്ളക്കെട്ടിനടുത്ത് പാറപ്പുറത്ത് അവര്‍ രണ്ടുപേരും ഇരുന്നു.
‘റാഫേലേ… ഈ സ്ഥലംപോലെ എനിക്ക് പ്രധാനപ്പെട്ട മറ്റൊരു ഇടമില്ല. മാത്തുക്കുട്ടിയും ഞാനും ജേലിയില്ലാത്ത ദിവസങ്ങളില്‍ മിക്കതും ഇവിടെ വരും രാത്രി വൈകുവോളമിരിക്കും. കള്ളുകുടിക്കും കഞ്ചാവുവലിക്കും. ഇവിടെ കാറ്റില്‍, ദാ… ആ വെള്ളപ്പാച്ചിലില്‍ ഞങ്ങളുടെ സങ്കടങ്ങളും നൊമ്പരങ്ങളും അങ്ങ് ഒഴുകിപ്പോവും. ഇവിടെ ഇരിക്കുമ്പോള്‍ മനസ്സ് ശാന്തമാവും സമാധാനത്തിന്റെ സ്വര്‍ഗലോകമെന്നാ മാത്തുകുട്ടി പറയാറ്… ഞങ്ങളുടെ സ്വര്‍ഗം.’
കാട്, വെള്ളച്ചാട്ടം, തണുത്തകാറ്റ്, പലപല ജീവികളുടെ മൂളലുകള്‍, ഇലകളുടെ മര്‍മരം… റാഫേല്‍ തൊമ്മിച്ചന്‍ പറഞ്ഞ ആ സമാധാനം മെല്ലെ അനുഭവിച്ചു തുടങ്ങി. ശരിയാണ് മനസ്സിപ്പോള്‍ എത്ര ശാന്തമാണ്. കെട്ടുപാടുകളുടെ വള്ളിക്കെട്ടുകള്‍ അഴിഞ്ഞുവീണതുപോലെ. സമാധാനത്തിന്റെ സ്വാതന്ത്ര്യത്തെ അവന്‍ പതിയെ അനുഭവിച്ചു. തൊമ്മിച്ചന്‍ ആ വെള്ളക്കെട്ടില്‍ത്തന്നെ കുറേനേരം നോക്കിനിന്നു. ഇതുപോലെ കെട്ടിക്കിടക്കുന്ന ഒരു കലക്കുവെള്ളമുണ്ട് തൊമ്മിച്ചന്റെ മനസ്സില്‍. എത്ര ഒഴുക്കാന്‍ ശ്രമിച്ചിട്ടും ഒഴുകാതെ, പഴക്കം ചെന്നങ്ങനെ കിടക്കുന്നു.
‘മാത്തുക്കുട്ടി ഈ വെള്ളക്കെട്ടില്‍ കിടന്നാണ് മരിച്ചത്. നിങ്ങളൊക്കെ കരുതുന്നതുപോലെ വെള്ളമടിച്ച് ലെക്കുകെട്ട് വീണുമരിച്ചതെന്നാ ഞാനും ആദ്യമൊക്കെ കരുതിയത്. പക്ഷേ, അതൊരു സാധാരണ മരണമായിരുന്നില്ല. ഈ ഇടവകയില്‍ നടന്ന പല മരണങ്ങളും അങ്ങനെ തന്നെ. പിന്നെ ഉണ്ടായ പല സംഭവങ്ങളും എന്റെ അനുഭവത്തില്‍ വന്നതോടെ എനിക്കു മനസ്സിലായ സത്യമാണത്. ഈ സത്യങ്ങള്‍ നിന്നോട് പറഞ്ഞുതീരുന്നതുവരെ മാത്രമേ എനിക്കായുസ്സുണ്ടാവൂ എന്ന് ഞാന്‍ വിശ്വസിക്കുന്നു. ആ രഹസ്യത്തിന് മരണത്തോളം ആഴമുണ്ട്. ആ മരണങ്ങള്‍ക്കൊക്കെ പിന്നില്‍ അയാളുടെ അദൃശ്യകരങ്ങളുണ്ട്. അവന്‍ നിങ്ങള്‍ കരുതുന്നതുപോലെ നിസ്സാരക്കാരനല്ല. ചുറ്റും ആജ്ഞാനുവര്‍ത്തികളായ ആയിരം അദൃശ്യ പടയാളികളുണ്ട്.’
‘ആരാണ്?’ ഭയത്തിന്റെ ആധിക്യത്തില്‍ അറിയാതെ റാഫേല്‍ ചോദിച്ചുപോയി. തൊമ്മിച്ചന്‍ വീണ്ടും കുറച്ചുനേരം മൗനത്തിലേക്ക് ആണ്ടുപോയി. ഈ രാത്രിയുടെ തണുപ്പിലും കൊടും വേനലിലെന്നപോലെ അയാള്‍ വിയര്‍ക്കുന്നുണ്ടായിരുന്നു. കൊടുംവരള്‍ച്ചപോലെ ദാഹം. അയാളുടെ തൊണ്ട വരണ്ടുണങ്ങിപ്പോയി. പാറക്കെട്ടില്‍നിന്നും ഇത്തിരിവെള്ളം കൈവള്ളയില്‍ കോരി അയാള്‍ കുടിച്ചു.
‘ഈ നാടു മുഴുവനും ചെകുത്താന്മാരാല്‍ ചുറ്റപ്പെട്ടിരിക്കുന്നു. എല്ലാം അവന്റെ ആജ്ഞാനുവര്‍ത്തികള്‍. ചിലപ്പോള്‍ ഇവിടെ നമുക്ക് ചുറ്റും അവരുണ്ടാവും’ റാഫേല്‍ ഭയത്തോടെ ചുറ്റുപാടിലേക്ക് മുഴുവന്‍ അവന്റെ കണ്ണുകളെ പായിച്ച്, ഒന്നുകൂടി തൊമ്മിച്ചന്റെ അടുത്തേക്ക് നീങ്ങിയിരുന്നു.
‘മാത്തുക്കുട്ടിയെ അച്ചന്റെ അടുത്തേക്ക് ഞാനായിരുന്നു അന്ന് പറഞ്ഞയച്ചത്. ഭാര്യയുടെ അവിഹിതവുമായി ബന്ധപ്പെട്ട പ്രശ്നത്തെ ഒത്തുതീര്‍പ്പാക്കാന്‍. അച്ചന്റെ ഇടപെടലിനുശേഷം അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുകയും അവരുടെ ബന്ധം പഴയരൂപത്തിലാവുകയും ചെയ്തു. അന്നുതന്നെ ആ ചെക്കന്‍ നാടുവിട്ടതാണ് പിന്നെ അവനെക്കുറിച്ചുള്ള ഒരു വിവരവും ഇന്നേവരെ കഴുകപ്പാറക്കാര്‍ അറിഞ്ഞിട്ടില്ല. നാട്ടുകാരെ പേടിച്ച് നാടുവിട്ടതാണെന്ന് എല്ലാവരും വിശ്വസിച്ചത്. ഞാനും അങ്ങനെയായിരുന്നു കരുതിയത്.പക്ഷേ സത്യം അതല്ല അതിനു പിന്നിലും അയാളുടെ കരുത്തശക്തിയായിരുന്നു. എല്ലാം ഞാന്‍ മനസ്സിലാക്കുമ്പോഴേക്കും തൊമ്മിച്ചന്‍ തല താഴ്ത്തി. നെടുവീര്‍പ്പിട്ടു.
സംസാരം നിര്‍ത്തിയ തൊമ്മിച്ചന്‍ ഒന്നുകൂടി റാഫേലിനോട് ചേര്‍ന്നിരുന്നു. വിയര്‍പ്പിന്റെയും കള്ളിന്റെയും കഞ്ചാവിന്റെയുമൊക്കെ പൂരകമായ കാറിയ മണം റാഫേലിന്റെ മൂക്കിലേക്ക് അടിച്ചുകയറി. തന്റെ ചുണ്ടുകള്‍ റാഫേലിന്റെ കാതിനോട് ചേര്‍ത്തുവെച്ച് അയാള്‍ രഹസ്യംപോലെ അവനോട് പറഞ്ഞു, ‘ഞാനിതാ… എന്റെ മരണമൊഴി നിന്നോട് പറയുന്നു.’ റാഫേല്‍ ഒരു ഞെട്ടലോടെ തെല്ലിട നീങ്ങിയിരുന്ന് തൊമ്മിച്ചനെ തുറിച്ചുനോക്കി.
‘ഭയപ്പെടണം, കാറ്റിനെപോലും ഭയപ്പെടണം. അവന്റെ ആജ്ഞാനുവര്‍ത്തികള്‍ അദൃശ്യരാണ്.’ തൊമ്മിച്ചന്‍ ജാഗ്രതയെന്നോണം വീണ്ടും അതുതന്നെ ഓര്‍മിപ്പിച്ചു. അയാളുടെ നീളന്‍രോമങ്ങള്‍ കാറ്റത്താടി റാഫേലിന്റെ മുഖം തൊടുന്നുണ്ടായിരുന്നു. കാറ്റത്താടുന്ന ഓലഞ്ഞാലിക്കിളിയുടെ കൂടുപോലെ തോന്നി. അവന്‍ താടിയില്‍ത്തന്നെ നോക്കിനിന്നു. വരാന്‍ പോകുന്ന വലിയ ഒരപകടത്തിന്റെ കാഹളം തന്റെ ചെവിയില്‍ മുഴങ്ങുന്നതുപോലെ റാഫേലിന് തോന്നി. കുറച്ചുസമയം അവന്‍ തന്റെ കൈകള്‍ കൊണ്ട് രണ്ടുചെവിയും പൊത്തിപ്പിടിച്ചു.
‘അന്നൊരു വെള്ളിയാഴ്ചയായിരുന്നു. എന്റെ മകള്‍ ആവര്‍ കോളേജില്‍നിന്നും വരേണ്ട സമയവും കഴിഞ്ഞ് എത്താതായപ്പോള്‍ അവളെയും തിരഞ്ഞ് ഞാന്‍ കവലയിലേക്ക് നടന്നു. കവലവരെ ബസ്സിന് വരും. അവിടുന്ന് വീടുവരെ നടക്കാറാണ് പതിവ്. സമയം ഒരുപാട് വൈകിയിരുന്നു ചുറ്റും കാടായതുകൊണ്ട് രാത്രിയാവുന്നതിനുമുന്‍പേ അവിടങ്ങളില്‍ ഇരുട്ടുമൂടും. ഞാന്‍ അവളെയും തിരഞ്ഞിറങ്ങി. കഴുകപ്പാറയില്‍നിന്ന് അധികമൊന്നും മുന്നോട്ടുപോയില്ല. അതിനുമുന്‍പേ, വഴിയോരത്തെ കുറ്റിക്കാട്ടില്‍നിന്നും ഒരു പെണ്‍കുട്ടിയുടെ ഞെരക്കം കേട്ട് ഞാനങ്ങോട്ടു ചെന്നുനോക്കി. റാഫേലേ… ആ കാഴ്ച കണ്ട് ഞാന്‍ ഞെട്ടിപ്പോയെടോ. അതെന്റെ പൊന്നുമോള്‍ ആവറായിരുന്നു. അവളെ ആരോ ബലാല്‍ക്കാരമായി ഉപദ്രവിച്ചിരിക്കുന്നു. ഒരപ്പന് താങ്ങാവുന്നതിലും അപ്പുറമായിരുന്നെടോ. വസ്ത്രമൊക്കെ കീറിപ്പറിഞ്ഞ് ശരീരമാകെ..!’ അയാള്‍ വിതുമ്പിപ്പോയി.
കണ്ണുകള്‍ തുടച്ച് തൊമ്മിച്ചന്‍ വീണ്ടും പറഞ്ഞു: ‘അതവനായിരുന്നു ഇക്കര്‍. ഒരുപാട് കാലമായി അവന്‍ എന്റെ മോളെ ശല്യപ്പെടുത്താന്‍ തുടങ്ങിയിട്ട്. അവന്‍ പ്രേമവും പറഞ്ഞ് പിന്നാലെ കൂടിയിട്ട്. എന്തു ചെയ്യണമെന്നറിയാതെ സ്തംഭിച്ചുപോയ നിമിഷമായിരുന്നു അത്. പുറത്തറിഞ്ഞാല്‍ എന്റെ മകളുടെ ഭാവിയെന്താകുമെന്നോര്‍ത്ത് ഞാനതാരോടും പറഞ്ഞില്ല. മകളെയും നെഞ്ചോട് ചേര്‍ത്ത് ഞാന്‍ വീട്ടിലേക്ക് നടന്നു. പോലീസില്‍ പരാതിപ്പെട്ടാലോ എന്ന് ഞാനാദ്യം ആലോചിച്ചു. അതുപിന്നെ അതിലും വലിയ പുലിവാലാകുമല്ലോ എന്നോര്‍ത്ത് വേണ്ടെന്നുവെച്ചു. അപ്പോഴാണ് ഞാന്‍ അച്ചനെക്കുറിച്ചോര്‍ത്തത്. നമ്മുടെ പ്രശ്നങ്ങള്‍ പറയാന്‍ ഇതിലും നല്ല ആള്‍ മറ്റാരാണ്. അച്ചന്‍ തന്നെ അതിനുള്ള പരിഹാരം തരുമെന്ന ഉറപ്പില്‍ ഞാന്‍ നേരെ പള്ളിയിലേക്കുപോയി. അച്ചന്‍ കുമ്പസാരക്കൂട്ടില്‍ ഇരിക്കുകയായിരുന്നു. ഞാന്‍ നടന്നതെല്ലാം അച്ചനോട് പറഞ്ഞു. ‘അച്ചോ ഇതെന്തന്യായമാണ് പെണ്‍കുട്ടികള്‍ക്ക് മാന്യമായി വഴിനടക്കാന്‍ മേലാതായോ. കര്‍ത്താവാണേ… അച്ചോ എനിക്ക് ന്യായം കിട്ടണം. ഞാനെന്താണ് ചെയ്യേണ്ടത്. കര്‍ത്താവേ… നീ സര്‍വവ്യാപിയല്ലേ ഞങ്ങളുടെ വേദന നീയറിയുന്നില്ലേ…’
‘തൊമ്മിച്ചാ ഇതിനൊന്നും കര്‍ത്താവിനോട് പ്രാര്‍ത്ഥിച്ചിട്ട് കാര്യമില്ലടൊ ഇതിനൊക്കെ കണ്ണീരുണങ്ങുംമുന്‍പ് ചോരവറ്റുംമുന്‍പ് പരിഹാരം കിട്ടണം. കര്‍ത്താവിനോട് പ്രാര്‍ത്ഥിച്ച് പ്രാര്‍ത്ഥിച്ച് ഉത്തരം കിട്ടുമ്പോഴേക്കും വര്‍ഷങ്ങള്‍ ചിലപ്പോള്‍ കഴിയും. അപ്പോഴേക്കും എല്ലാ പകകളും ഉണങ്ങിക്കാണും. പക ആ നേരം വീട്ടാനുള്ളതാണ് പിന്നേക്ക് മാറ്റിവെക്കാനുള്ളതല്ല. കര്‍ത്താവിനോട് പ്രാര്‍ത്ഥിച്ച് പ്രാര്‍ത്ഥിച്ച് ഉത്തരം കിട്ടിയില്ലെങ്കില്‍ വര്‍ഷങ്ങളോളം കാത്തിരുന്ന് നിന്റെ മരിപ്പും കഴിഞ്ഞ് അതങ്ങനെ നിഷേധിക്കപ്പെട്ട നീതിയായി കിടക്കും അതുവേണോ.. അങ്ങനെയെങ്കില്‍ ആ വേദനയില്‍ നീറി നിനക്ക് മരണം വരെ ജീവിക്കാം.
തൊമ്മിച്ചനില്‍ ഇക്കറിനോടുള്ള പക തീകുണ്ഡാരംപോലെ ആളിക്കത്തുന്നുണ്ടായിരുന്നു. ‘ഇതിനൊക്കെ ആ നിമിഷം വിധി നടപ്പിലാക്കണം.’ വയസ്സിനെ മറികടക്കുന്ന ഉശിരുണ്ടായിരുന്നു അച്ചന്റെ വാക്കുകള്‍ക്ക്.
‘വേണം… വേണം… അവനെ ഇഞ്ചിഞ്ചായിക്കൊല്ലണം.’ വൈകാരികതയുടെ തീച്ചൂളയില്‍ ഞാന്‍ അറിയാതെ പുലമ്പി. അച്ചന്‍ ഒന്നുംമിണ്ടാതെ ശാന്തമായി തൊമ്മിച്ചനെ തന്നെ നോക്കിനിന്നു. പള്ളി മുഴുവന്‍ നിശബ്ദമായതുപോലെ . ഒരു നേര്‍ത്തകാറ്റിന്റെ ചൂളംവിളി സംഗീതംമാത്രം. ഒരു സൂചി നിലത്തുവീണാല്‍ കേള്‍ക്കുന്നത്ര നിശബ്ദത. മൗനത്തിന്റെ വശ്യതയില്‍ സത്യമായും ഞാനെല്ലാം മറന്നിരുന്നു അപ്പോള്‍ എന്റെ ഉള്ളില്‍ എരിഞ്ഞുകത്തുന്ന പകയുടെ തീക്കനല്‍മാത്രം ബാക്കിയായി.
‘അവന്‍ മൗനത്തിന്റെയും ഇരുട്ടിന്റെയും കൂട്ടുകാരന്‍. നിന്റെ ഈ പ്രശ്നം പരിഹരിക്കാന്‍ എന്റെ പ്രിയപ്പെട്ട ആജ്ഞാനുവര്‍ത്തികളുള്ളപ്പോള്‍ നീ എന്തിന് ഭയപ്പെടണം. ആജ്ഞാപിക്കൂ… നല്‍കാന്‍ അവനുണ്ട്. അപേക്ഷക്കിവിടെ പ്രസക്തിയില്ല. അവന്‍തന്നെയാണ് വെളിച്ചം, അവന്‍തന്നെയാണ് ഇരുട്ട്. ദൈവവും അവന്‍തന്നെ പിശാചും അവന്‍തന്നെ, രക്ഷകനും ശിക്ഷകനും അവന്‍തന്നെ. അവന്‍തന്നെയാണ് നന്മ. അവന്‍തന്നെയാണ് തിന്മ.’
അച്ചന്റെ വാക്കുകള്‍ക്ക് പതിവില്‍ കവിഞ്ഞ ഊര്‍ജ്ജവും മൂര്‍ച്ചയുമുായിരുന്നു. എന്റെ ബുദ്ധിക്ക് അപ്പോള്‍ ആരോ വായ കെട്ടുകെട്ടിയതുപോലെ, തിളച്ചു വെന്തുപാറുന്ന ചോറുപോലെ എന്റെ ഉള്ളം തിളച്ചുമറിയുകയായിരുന്നു. വിവേകത്തിനു മുകളില്‍ പൂര്‍ണമായും വികാരം ആധിപത്യം സ്ഥാപിച്ചിരുന്നു.
കുമ്പസാരക്കൂട്ടിന്റെ ചെറിയ കിളിവാതിലിലൂടെ അച്ചന്‍ ഒരു ഗ്രന്ഥം എനിക്കുനേരെ നീട്ടി. കുരിശ് തലകീഴായ് വരച്ച ഒരു പുസ്തകം തുറന്നുനോക്കിയപ്പോള്‍ അതൊരു ബൈബിളായിരുന്നു എന്നെനിക്ക് മനസ്സിലായി വെപ്രാളമായിരുന്നല്ലോ ആ സമയം. എന്നോട് ഒരു പേജ് തുറക്കാന്‍ ആവശ്യപ്പെട്ടു. ഞാന്‍ തുറന്നു. അച്ചന്‍ ഒരു ബ്ലൈയിഡ് എനിക്കുനേരെ നീട്ടി, കൈമുറിച്ച് ഇത്തിരി രക്തം അതിലുറ്റിക്കാന്‍ ആജ്ഞാപിച്ചു. അയാളുടെ സംസാരം പിന്നീട് ആജ്ഞയായിരുന്നു. മറ്റാരോ സംസാരിക്കുന്നതുപോലെ എനിക്ക് തോന്നി. അപ്പോള്‍ ഒന്നും മറുത്ത് ചോദിക്കാന്‍ എനിക്ക് കഴിഞ്ഞില്ല. അത്രമാത്രം ഭയം എന്നില്‍ നിറഞ്ഞിരുന്നു. ഞാന്‍ അതുപോലെ ചെയ്തു. ആ അധ്യായത്തില്‍നിന്നും സ്വല്‍പഭാഗം അയാള്‍ ഉറക്കെ വായിച്ചു:
‘അങ്ങനെ നമ്മുടെ പിതാക്കന്‍മാരോട് കരുണ കാണിക്കുകയും, അവരോട് ചെയ്ത വിശുദ്ധ ഉടമ്പടി നിറവേറ്റുകയും ചെയ്തു
നമ്മുടെ പൂര്‍വ്വപിതാവായ അബ്രഹാമിനോട് സത്യം ചെയ്തതാണു ഈ ഉടമ്പടി
നമ്മെ ശത്രുക്കളുടെ കയ്യില്‍ നിന്നും വിടുവിക്കുവാനും നമ്മുടെ ആയുഷ്‌ക്കാലം മുഴുവനും ഭയം കൂടാതെ തിരുമുമ്പില്‍
വിശുദ്ധിയോടും നീതിയോടും കൂടെ അവനെ സേവിക്കുവാന്‍ നമുക്ക് കൃപ നല്‍കും
എന്നതായിരുന്നു ആ ഉടമ്പടി’
അവിടെ എന്താണ് സംഭവിക്കുന്നതറിയാതെ എന്റെ നെഞ്ചിടിപ്പ് ക്രമാതീതമായി ഉയര്‍ന്നു. നമുക്കറിയാവുന്ന അച്ചനേ ആയിരുന്നില്ല അയാളപ്പോള്‍. അവ്യക്തമായ ചില മന്ത്രങ്ങളുടെ ശബ്ദം ഏറിയും കുറഞ്ഞും എന്റെ കാതുകളില്‍ അലയടിച്ചു.
‘തൊമ്മീ, ഞാന്‍ നിനക്കൊരു കഥ പറഞ്ഞുതരട്ടെ,’ സന്ദര്‍ഭത്തിനു യോജ്യമല്ലാത്ത ചോദ്യമായിട്ടും ഞാന്‍ അറിയാതെ സമ്മതം മൂളി.
‘കഥ ആര്‍ക്കാണിഷ്ടമില്ലാത്തത് അല്ലയോതൊമ്മീ..,’ അയാള്‍ ചിരിച്ചു.
‘തൊമ്മീ കഥ ശ്രദ്ധിച്ചു കേള്‍ക്കണം. കേട്ടാല്‍ മാത്രം പോര അത് മനസ്സില്‍ കാണണം.’ അയാളുടെ ഭാവവും സംസാരരീതിയും എത്രപെട്ടെന്നാണ് മാറിയത്. എങ്കിലും എന്റെ ഭയം മാത്രം ഇരട്ടിച്ചു. അയാള്‍ കഥ പറഞ്ഞു തുടങ്ങി.
‘നാലും കൂടിച്ചേരുന്ന നമ്മുടെ കവല. നീ കാണുന്നില്ലേ തൊമ്മീ…’
ഞാനൊന്നും മിണ്ടിയില്ല.
‘കണ്ണുകള്‍ അടച്ചു കേള്‍ക്കണം എന്നാലേ കാണാന്‍ കഴിയൂ…’ ഞാന്‍ കണ്ണുകളടച്ചു.
‘നമ്മുടെ കവല ഇപ്പോള്‍ നിന്റെ മനസ്സില്‍ തെളിയുന്നില്ലേ?’
‘ഉണ്ട്…’
‘ഹാ… കാണണം… പറയുന്നതോരോന്നും ഇങ്ങനെ കാണണം. കണ്ണു തുറക്കണ്ട.’
ഞാന്‍ കണ്ണുകള്‍ അടച്ചുതന്നെ പിടിച്ചു. അച്ചന്‍ തുടര്‍ന്നു. ‘ആ കവലയില്‍ തോമാച്ചായന്റെ ചായക്കട, ബാര്‍ബര്‍ഷോപ്പ്, പിന്നെ ഒരു പലചരക്കുകട.’ അറിയുന്ന സ്ഥലത്തെക്കുറിച്ചായതുകൊണ്ട് വ്യക്തമായി തന്നെ എന്റെ മനസ്സിന് കാണാന്‍ കഴിഞ്ഞു.
‘അതാ നമ്മുടെ കഥാനായകന്‍ വരുന്നു. ബാര്‍ബര്‍ഷാപ്പില്‍നിന്നും മുടിവെട്ടി കണ്ണാടിക്കു മുന്നിലിരുന്ന് ഇപ്പോളവന്‍ മുടിചീകി ഒതുക്കുകയാണ്. തന്റെ തലമുടി തിരിച്ചുംമറിച്ചും കണ്ണാടിക്ക് മുന്നില്‍നിന്ന് ചീകി ഒപ്പിച്ച് ബാര്‍ബര്‍ക്ക് പൈസയും കൊടുത്ത് പുറത്തേക്കിറങ്ങി. അയാളിപ്പോള്‍ നേരെ പോകുന്നത് പല ചരക്കുക്കടയിലേക്കാണ്. അവിടുന്ന് ഒരു സിഗരറ്റ് വാങ്ങി കത്തിച്ച് അതും വലിച്ച് നിരത്തിലേക്കിറങ്ങി കുറച്ചു നേരം തന്റെ ബൈക്കില്‍ ഇരുന്നു. പിന്നെ ബൈക്ക് സ്റ്റാര്‍ട്ട് ചെയ്ത് കഴുകപ്പാറയിലേക്ക് തിരിച്ചു. തൊമ്മിച്ചന്‍ ഒന്ന് സൂക്ഷിച്ച് നോക്കിയേ ആരാ നമ്മുടെ നായകനെന്ന്.’
തൊമ്മിച്ചന്‍ പലരെയും ആലോചിച്ചു, ‘അറിയില്ല. അറിയില്ലേ ഒന്നൂടെ സൂക്ഷിച്ച് നോക്ക്’
‘നോക്കി ‘
ആരേയും മനസില്‍ തെളിഞ്ഞില്ല
‘ ഓ എങ്കില്‍ ഞാന്‍ തന്നെ പറയാം. എനി അവനെ മനസില്‍ സങ്കല്‍പ്പിച്ചേക്കണം.’ ഞാന്‍ തലയാട്ടി.
അച്ചന്‍ പറഞ്ഞു. ‘ഇക്കര്‍, അവനാണ് നമ്മുടെ കഥയിലെ നായകന്‍.’ അയാള്‍ പൊട്ടിച്ചിരിച്ചു. എനിക്ക് ചിരി വന്നില്ല.
‘നിന്റെ മകളെ പിച്ചിച്ചീന്തിയ അതേ ഇക്കര്‍. ഡേസി തോമസിന്റെ മകന്‍ ഇക്കര്‍’ അയാള്‍ വീണ്ടും ചിരിച്ചു. ‘ശരിയാണ് അവനാളത്ര വെടുപ്പല്ല. ഞാനവനെ മുമ്പേ നോക്കി വെച്ചതാ ധിക്കാരി കുഞ്ഞാടുകള്‍ക്കിടയില്‍ കൂടാന്‍ പറ്റാത്തവന്‍. കള്ള്, കഞ്ചാവ് ,പെണ്ണ് പരാതികള്‍ ഒരുപാടുണ്ട്.തോമസ് മരിച്ചതില്‍ പിന്നെ ഡെയ്‌സിക്ക് ഇവനെന്നുമൊരു തലവേദനാന്നേ ‘അദൃശ്യമായ എന്തോ ഒന്ന് അയാള്‍ കാണുന്നതുപോലെ എനിക്ക് തോന്നി. എന്നിലെ പകയെ ആ ചിരി വീണ്ടുംവീണ്ടും ആളിക്കത്തിച്ചു.
‘തൊമ്മീ, നീ കുറച്ചു കൂടി താഴോട്ട് നോക്ക് കവലയുടെ മൂന്നാംവളവും കയറി ഒരു ടിപ്പര്‍ലോ റി വരുന്നത് നീ കാണുന്നില്ലേ. ഞാന്‍ ഒന്നും മിണ്ടിയില്ല’കാണണം. വളരെ പതുക്കെ നിറഞ്ഞ കല്ലു ലോഡുമായി കയറിവരുന്നു. പൂര്‍ണ്ണ ഗര്‍ഭിണി ആശുപത്രി വരാന്തയില്‍ വയറും തടവി നടക്കുന്നതുപോലെ.’ അയാള്‍ വീണ്ടും പൊട്ടിച്ചിരിച്ചു. ആ ചിരിയാല്‍ പള്ളിയുടെ ഹാളുമുഴുവന്‍ മുഖരിതമായി.
‘ഇക്കര്‍ സ്‌കൂട്ടറില്‍ പോവുന്നു. അവന് പിന്നിലായി ഇപ്പോള്‍ ആ ലോറി എത്തിക്കാണും. ലോറി ഹോണടിച്ചു. ഇക്കര്‍ സൈഡ് കൊടുക്കാതെ തന്നെ ലോറിക്ക് വട്ടം നിന്നു. ഇത്രയും വലിയ ഒരു ലോറിക്ക് സൈഡ് കൊടുക്കാന്‍ നമ്മുടെ പാതയില്‍ എവിടെ സ്ഥലം അല്ലേ തൊമ്മീ…’ ആ ചിരി വീണ്ടും ആവര്‍ത്തിച്ചു.
‘ബും…’ കഥ ഇവിടെ കഴിഞ്ഞു. ചില പിടച്ചിലുകള്‍ക്കുശേഷം അവന്‍ കര്‍ത്താവിലേക്ക് യാത്രയായി. കൊള്ളാവോ ഈ കഥ. ഇങ്ങനെ ഒരു പര്യവസാനം നീ ആഗ്രഹിക്കുന്നുണ്ടോ?’ അവസാനത്തെ ചോദ്യം ഇത്തിരി ഗൗരവത്തിലായിരുന്നു. അയാള്‍ എന്റെ പകയെ പഴുപ്പിച്ചെടുക്കുകയായിരുന്നു പക വീട്ടാന്‍ ഉള്ളതുതന്നെയാണ്. എന്റെ മകളെ പിഴപ്പിച്ചവനോട് എനിക്ക് പകരം വീട്ടണമായിരുന്നു. പെണ്ണിനെ പിഴപ്പിക്കുന്നവന് മരണത്തിലും കവിഞ്ഞ മറ്റെന്ത് ശിക്ഷ നടപ്പിലാക്കാനാണ്.
‘മരണം തന്നെയാണ് അഭികാമ്യം’ ഞാന്‍ അച്ചനോട് പറഞ്ഞു, ‘ഇത്തരക്കാര്‍ മരിക്കുകതന്നെ വേണം.’
അച്ചന്‍ മറുപടിയായി ഒന്നും പറഞ്ഞില്ല. ഞാനും മിണ്ടിയില്ല. കുറച്ചധികം സമയം തികഞ്ഞ നിശബ്ദതയില്‍ പുറത്തെ ചാറ്റല്‍മഴയുടെ ശബ്ദം മാത്രം കേള്‍ക്കാം. വെറും ഒരു കഥ പറച്ചിലാണെങ്കിലും അങ്ങനെത്തന്നെ സംഭവിച്ചിരുന്നെങ്കില്‍ എന്ന് ഞാന്‍ അതിയായി ആഗ്രഹിച്ചു. അച്ചന്‍ വെറുതെ ഒരു കഥ പറഞ്ഞെന്നെ സമാധാനിപ്പിച്ചിരിക്കുന്നു. എന്തൊക്കയോ ഉള്ളില്‍ നിന്നും ആവിയായിപ്പോയതുപോലെ. എന്തോ സംഭവിക്കാന്‍ പോവുന്നു എന്ന മുള്‍ മുനയിലായിരുന്നു ഞാന്‍ .പക്ഷേ എല്ലാം ശാന്തമായിരുന്നു.
പെട്ടെന്നായിരുന്നു കപ്പിയാര്‍ നനഞ്ഞുകൊണ്ട് അച്ചനെയും വിളിച്ച് പള്ളിയിലേക്ക് കയറിവന്നത്. അയാള്‍ ആകെ വെപ്രാളത്തിലായിരുന്നു. അതുവരെ ഉണ്ടായിരുന്ന സകലമൗനത്തെയും മുറിച്ചുകൊണ്ടായിരുന്നു അവന്റെ വരവ്.
‘അച്ചോ… കഴുകപ്പാറക്കടുത്ത് ഒരു ലോറി ബൈക്കിലിടിച്ചു ബൈക്ക് യാത്രക്കാരന്‍ തീര്‍ന്നെന്ന തോന്നുന്നേ.’ സംഭവസ്ഥലത്തേക്ക് ഇവിടുന്ന് കഷ്ടിച്ച് ഒരു കിലോമീറ്ററേയുള്ളൂ.
ഞാന്‍ ഞെട്ടിപ്പോയി. എന്താണ് സംഭവിക്കുന്നതെന്നറിയാതെ എന്റെ തൊണ്ട പൊട്ടിപ്പോകുമോ എന്ന അവസ്ഥയിലായി. ശരീരമാസകലം കയറിപ്പിടിച്ച ഒരു വിറയലില്‍ ഞാനറിയാതെ ഇരുന്ന ഇരിപ്പില്‍നിന്നും എഴുന്നേറ്റ് നിന്നുപോയി.
‘കപ്യാരെ, നിങ്ങളവിടേക്ക് ചെല്ലൂ… ഞാനിപ്പോള്‍ വരാം.’ അച്ചന്‍ ഒന്നുമറിയാത്ത മട്ടില്‍ ശാന്തമായി പറഞ്ഞു. ഞാന്‍ നിന്നനില്‍പ്പില്‍ ഉരുകി ഇല്ലാതാവുന്നതുപോലെ തോന്നി.
അച്ചന്‍ കുമ്പസാരക്കൂട്ടില്‍നിന്നും പുറത്തേക്കിറങ്ങി. വേട്ടക്കിറങ്ങിയ ചെന്നായയെപ്പോലെ അച്ചന്റെ കണ്ണുകള്‍ ചുവന്ന് തുടുത്തിരുന്നു. അയാളുടെ മുഖത്തേക്ക് നോക്കാനേ ഞാന്‍ ഭയന്നു. അപ്പോഴത്തെ അയാളുടെ ഭാവം കണ്ടപ്പോള്‍ കണ്ണുകളില്‍നിന്നും അഗ്‌നിപായിച്ച് എന്നെ ദഹിപ്പിച്ചു കളയുമോ എന്നുപോലും ഞാന്‍ ഭയന്നുപോയി.
അയാള്‍ എന്റെ വളരെ അടുത്തു വന്നുനിന്നു. സ്വകാര്യമെന്നോണം ചെവിയില്‍ പറഞ്ഞു. ‘ഇത് ഞാനും നീയുമല്ലാതെ മൂന്നമതൊരാള്‍ അറിഞ്ഞാല്‍… ആ രഹസ്യത്തിന്റെ വില നിന്റെ ജീവനോളം വലുതാണ് പൊയ്ക്കോ…’ എന്റെ ചുമലില്‍ അത്യാവശ്യം ശക്തിയില്‍ തന്നെ അയാള്‍ തട്ടി. ഞാന്‍ അവിടുന്ന് പുറത്തേക്കിറങ്ങി. എന്റെ നെഞ്ചില്‍ ഭാരമേറിയ കരിങ്കല്ലെടുത്തുവെച്ചതുപോലെ. രഹസ്യത്തേക്കാളും ഭാരമേറിയ മറ്റൊരു വസ്തുവും ലോകത്തില്ലെന്ന് എനിക്കന്നു മനസ്സിലായി. പടിയിറങ്ങുമ്പോഴാണ് അച്ചന്‍ പിന്നില്‍നിന്നും വിളിച്ചത്. ‘മാതാവ് ഇസബെല്ലയുടെ കല്ലറയില്‍ ചെന്ന് പ്രാര്‍ത്ഥിച്ച് കര്‍ത്താവിന് നന്ദിയര്‍പ്പിച്ചേക്ക്. പ്രാര്‍ത്ഥിക്കുമ്പോള്‍ കൈയിലെ കുരിശ് തിരിച്ചുപിടിച്ച് വേണം പ്രാര്‍ത്ഥിക്കാന്‍. കൈയില്‍നിന്നും ഇത്തിരി ചോര മാതാവിനര്‍പ്പിച്ചേക്ക്…’
‘ശരിയച്ചോ…’
ഞാന്‍ അവിടുന്ന് കുരിശുപ്പള്ളിയുടെ കല്ലറയുടെ ഭാഗത്തേക്ക് നടന്നു. ചാറ്റല്‍മഴ അപ്പോഴേക്കും ശക്തിപ്രാപിച്ചിരുന്നു. ഓരോ ദിവസം കഴിയുംതോറും ആ രഹസ്യത്തിന്റെ ഭാരം വര്‍ദ്ധിച്ചു കൊണ്ടേയിരുന്നു. തന്റെ മകള്‍ക്ക് സംഭവിച്ച അപകടത്തേക്കാളും എന്നെ അലോസരപ്പെടുത്തിയത് അന്നത്തെ ആ സംഭവം തന്നെയായിരുന്നു. മനസ്സപ്പോള്‍ പിടിവള്ളിയില്ലാത്ത ഒരു ചളിക്കുണ്ടില്‍ വീണതുപോലെയായിരുന്നു. പതിയെപ്പതിയെ അയാള്‍ എന്നെയും ഭാര്യയെയും ഉപയോഗിച്ച് തുടങ്ങി. എന്തിനേറെ പറയണം, എന്റെ ഭാര്യയുമായയാള്‍ അതും ആര്‍ത്തവസമയത്ത്. സഹിക്കാന്‍ പറ്റിയില്ല അവള്‍ക്ക്. ഒടുക്കം ഒരു തുണ്ട് കയറില്‍ അവള്‍ എല്ലാം അവസാനിപ്പിച്ചു. അയാള്‍ക്ക് ഞങ്ങള്‍ വെറും അടിമകളായിരുന്നു. ആരോട് പറയാന്‍. എല്ലാം കണ്ടുകൊണ്ട് കര്‍ത്താവ് മൗനം പ്രാപിച്ചാല്‍ പാവം കുഞ്ഞാടുകളെന്തു ചെയ്യാന്‍?’ തൊമ്മിച്ചന്‍ പൊട്ടിപ്പൊട്ടിക്കരഞ്ഞു.
‘റാഫേല്‍ ഇനി ഞാന്‍ അധികനാള്‍ ജീവിച്ചിരിക്കുമെന്ന് തോന്നുന്നില്ല. അയാളുടെ പിശാചുക്കള്‍ നമുക്ക് ചുറ്റുമുണ്ടാവും. ഈ നാട് മുഴുവനും അവരാല്‍ ചുറ്റപ്പെട്ടിരിക്കുന്നു. ഇന്ന് ലോകം നിയന്ത്രിക്കുന്നതുതന്നെ അവരാണ്. അവന്റെ വരവും കാത്ത്. അവനുവേണ്ടി ലോകം സജ്ജമാക്കപ്പെട്ടിരിക്കുന്നു. അനീതികള്‍ പെരുകിയിരിക്കുന്നു. കരയിലും കടലിലും ഒരേപോലെ അനീതികള്‍. നീ പൊയ്ക്കോ… വേഗം തന്നെ ഇവിടുന്ന് പൊയ്ക്കോ… ഞാന്‍ മരണത്തെ കാത്തിരിക്കുന്ന ഒരാളാണ്. ഭയന്നുള്ള ജീവിതത്തെക്കാളും എത്രയോ മഹത്തരം മരണംതന്നെയാണ്.’ റാഫേലിന്റെ മനസ്സില്‍ പലതും ഓടിമറയുന്നുണ്ടായിരുന്നു. തന്റെ ഉള്ളിലുണ്ടായിരുന്ന പല സംശയങ്ങള്‍ക്കുമുള്ള മറുപടികൂടിയായിരുന്നു തൊമ്മിച്ചായന്റെ അനുഭവം. അവന്‍ ഒന്നും പറയാതെ തന്നെ അവിടുന്ന് നടന്നുനീങ്ങി. എന്തൊക്കെയോ മനസ്സില്‍ കണക്കുകൂട്ടുന്നുമുണ്ടായിരുന്നു. ഏത് പാതിരാത്രിയും കാടിറങ്ങാന്‍ പാകത്തില്‍ അവന് ഈ കാട് സുപരിചിതമായിരുന്നു.
കുരിശുപ്പള്ളി അടച്ചിട്ട് പതിറ്റാണ്ടുകളായി പുതിയപള്ളി പണിതതിനുശേഷം സഭയുടെ നിര്‍ ദ്ദേശപ്രകാരമായിരുന്നു അടച്ചിട്ടത്. അതിന്റെ താക്കോല്‍ ആദ്യകാലങ്ങളില്‍ സൂക്ഷിച്ചിരുന്നത് യാക്കോബച്ചായന്റെ വല്ല്യപ്പച്ചന്‍ വര്‍ക്കിമാപ്പിളയായിരുന്നു. അദ്ദേഹത്തിന്റെ മരണശേഷം കഴുകപ്പാറയിലെ പ്രമാണി കുടുംബങ്ങളെല്ലാം അതിന്റെ സൂക്ഷിപ്പിനുവേണ്ടി തര്‍ക്കമായി. അതുപിന്നെ പള്ളിമുറ്റത്തുവെച്ച് കൈയ്യാങ്കളിവരെ എത്തി. ഇതിനൊക്കെ പ്രധാനകാരണം ആ ബാക്കി കിടക്കുന്ന കല്ലറയായിരുന്നു. മാതാവിനൊപ്പം അന്ത്യവിശ്രമം കൊള്ളാന്‍ ഓരോ പ്രമാണിമാരും മത്സരിച്ചു. ഈ തര്‍ക്കങ്ങള്‍ പതിയെ വലിയ ലഹളയിലേക്കെത്തുമെന്നായപ്പോള്‍ സഭ തന്നെ ഇടപെട്ട് ഇതില്‍ ഒരു തീരുമാനമറിയിച്ചു. ഇനിമുതല്‍ താക്കോല്‍ പള്ളിവികാരി സൂക്ഷിക്കും. ഇപ്പോള്‍ അതിന്റെ സൂക്ഷിപ്പുകാരന്‍ നമ്മുടെ ഫാദര്‍ എബ്രഹാം ഫിലിപ്പാണ്. നാട്ടുകാരുടെ അഭിപ്രായമനുസരിച്ച്, ഇനിയാ കല്ലറയുടെ അവകാശി ഒന്നുകില്‍ ഫാദര്‍ അല്ലെങ്കില്‍ യാക്കോബച്ചായന്‍ അവര്‍ രണ്ടുപേരുമാണല്ലോ ഇന്നീ നാട്ടിലെ ഏറ്റവും നല്ല വിശ്വാസികള്‍. അതിനുവേണ്ടിയുള്ള അന്തര്‍ധാരമത്സരങ്ങള്‍ അവര്‍ രണ്ടുപേര്‍ക്കുമിടയിലുണ്ട്. യാക്കോബച്ചായന്റെ ആകെയുള്ള ഒരൊറ്റലക്ഷ്യം ആ കല്ലറയില്‍ അന്ത്യവിശ്രമം കൊള്ളുക എന്നതാണ്. അതിനുവേണ്ടി അയാള്‍ അയാളുടെ ജീവിതത്തെതന്നെ അത്രയും ചിട്ടപ്പെടുത്തുകയും സഭയുടെ നിയമവിലക്കുകളില്‍ അധിഷ്ഠിതമായി ജീവിതം നയിക്കുകയും ചെയ്തു. അച്ചന്റെ കാര്യവും അങ്ങനെതന്നെ സൂക്ഷ്മതയും ജനസേവനവും ഒരു വ്രതംപോലെ കൊണ്ടുനടക്കുന്ന ഒരാള്‍.
ഫാദറുടെ സഹായിയായി ജോലിചെയ്യുന്ന സമയത്ത് അയാള്‍ പലപ്പോഴും അര്‍ദ്ധരാത്രികളില്‍ കുരിശുപ്പള്ളിയിലേക്ക് ആരുമറിയാതെ കയറിച്ചെല്ലുന്നത് റാഫേല്‍ പലപ്പോഴും കണ്ടിട്ടുണ്ട്. പിന്നെ പുലര്‍ച്ചെയോടെയേ ഇറങ്ങിവരാറുള്ളൂ. അതിനുള്ളില്‍ എന്തായിരിക്കും അയാള്‍ ചെയ്തുകൊണ്ടിരിക്കുന്നത്? അതിന്റെ രഹസ്യവും അദ്ദേഹത്തിന്റെ ശക്തിയുടെ ഉറവിടവും പലപല സംശയങ്ങളായി റാഫേലിന്റെ മനസ്സില്‍ ഓടിമറഞ്ഞു. ഈ നാട്ടുകാര്‍ക്കും സഭയ്ക്കുമറിയാത്ത എന്തൊക്കെയോ രഹസ്യങ്ങള്‍ അവിടെ നടക്കുന്നുണ്ട. അതറിയാന്‍ കുരിശുപ്പള്ളി തുറക്കപ്പെടണം. എല്ലാ രഹസ്യത്തിന്റെ ചുരുളുകളും അതിനുള്ളിലാണ്. റാഫേല്‍ വീട്ടില്‍ വന്നു കയറുമ്പോള്‍ അന്ന വല്ലാത്ത അസ്വസ്ഥതയിലായിരുന്നു. മുഖത്ത് നിഴലിച്ചു നില്‍ക്കുന്ന ഭയം. ഇന്നലെ രാത്രി അയാള്‍ വന്നുപോയതില്‍ പിന്നെ അവളെ ചിരിച്ചു കണ്ടിട്ടേയില്ല.