ഞെരളത്ത് കലാശ്രമം പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

0
536
njeralath-award
njeralath-award

ഷൊർണൂർ : 2017 ലെ ഞെരളത്ത് കലാശ്രമം പുരസ്കാരങ്ങൾക്ക് വ്യത്യസ്ത മേഖലകളിലെ പ്രതിഭകളെ തെരഞ്ഞെടുത്തു. കേവലം കലോപാസനയോ സാമൂഹ്യസേവനമോ ചെയ്ത് പേരെടുക്കാൻ മാത്രം ശ്രമിക്കുന്നവർക്കുള്ളതല്ല ഞെരളത്തിൻറെ പേരിലുള്ള പുരസ്കാരങ്ങളെന്നും മറിച്ച് സ്വന്തം പ്രവർത്തനമേഖലയിൽ സമൂഹത്തിനു മാതൃകയും ഉപകാരവുമുള്ള  ഒരു വീക്ഷണം  സൂക്ഷിക്കുന്നവരേയാണ്  പുരസ്കാരത്തിനു പരിഗണിക്കാറുള്ളതെന്നും ഞെരളത്ത് ഹരിഗോവിന്ദൻ പത്രക്കുറിപ്പിൽ പറഞ്ഞു. ആ അർത്ഥത്തിൽ ട്രസ്റ്റ് കണ്ടെത്തിയ 3 പേരുടെ വിവരങ്ങൾ താഴെ കൊടുക്കുന്നു.

സോപാന സംഗീതം മേഖലയിൽ നിന്ന്  ജൗഷൽ ബാബുവിനെയാണ് പുരസ്കാരത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത്. ഒരു ഇസ്ലാമിക കുടുംബാംഗമായി ജനിക്കുകയും ജീവിക്കുകയും ചെയ്യുന്പോഴും എറണാകുളം പള്ളുരുത്തിയിലെ ഭവാനീശ്വരക്ഷേത്രത്തിൽ അടിയന്തിരപ്രവർത്തിക്കാരനായി ജോലി ചെയ്യാനും കേരളീയമായ മേളം, സോപാനസംഗീതം, തായന്പക എന്നിവയിൽ ആധികാരികപഠനം നടത്തി കേരളത്തിലെ ഉത്സവപ്പറന്പുകളിൽ അവതരിപ്പിക്കാനും കഴിയുന്ന ഒരു യുവാവാണ് ഇദ്ദേഹം. ഇസ്ലാമായി ജനിച്ച് ഈ മേഖലയിൽ പ്രവർത്തിക്കുന്നു എന്നതിൻറെ ഔദാര്യത്തിലല്ല, അതിലുപരി തികഞ്ഞ പ്രതിഭ കൊണ്ടാണ് അദ്ദേഹത്തെ ജനം സ്വീകരിക്കുന്നത്. എറണാകുളം സ്വദേശിയാണ്. സോപാനസംഗീതത്തിൽ കാവിൽ ഉണ്ണിക്കൃഷ്ണ വാര്യരുടെ ശിഷ്യനാണ്. ജൗഷലിനെ ഉൾക്കൊണ്ട്  ജോലിയും (ആ ക്ഷേത്രഭാരവാഹികൾ) അവസരങ്ങളും നൽകാൻ തയ്യാറായ മുഴുവൻ മനുഷ്യസ്നേഹികൾക്കും കൂടിയാണ് ഈ പുരസ്കാരം നൽകുന്നത്. 

സംഗീതമെന്ന തൻറെ മേഖലയിൽ സമരഗായിക എന്ന നിലയിൽ വ്യക്തിമുദ്ര പതിപ്പിച്ച രശ്മി സതീശ് ആണ് പുരസ്കാരിതയായ മറ്റൊരു പ്രതിഭ. ഇനി വരുന്നൊരു തലമുറയ്ക്ക് എന്ന ഗാനത്തിലൂടെ മലയാളിയുടെ മനുഷ്യാവകാശങ്ങൾക്കും പ്രകൃതി കാവലിനും കാരണമായി ജീവിക്കുന്നവരുടെ സമരമുഖങ്ങളിൽ ചിരപരിചിതയാണ് രശ്മി സതീശ്. ആധികാരികമായി കർണാടകസംഗീതം അഭ്യസിച്ചിചട്ടും പാട്ടിനെ മനുഷ്യോപകാരപ്രദമായ ഒരു സമരായുധമാക്കിക്കൂടി സൂക്ഷിക്കുന്ന രശ്മിയെ  മലയാളിക്കു കൈവിടാനാവില്ല.

സാമൂഹ്യ സേവനമേഖലയിൽ നിസ്വാർത്ഥ സേവനം നൽകിവരുന്ന സംയുക്ത മനുവിനും ഈ വർഷത്തെ ഞെരളത്ത് കലാശ്രമം പുരസ്കാരം ലഭിക്കും. മറ്റെല്ലാ സാങ്കൽപിക വിഭാഗീയതകൾക്കും അപ്പുറം തന്റെ സഹജീവികളുടെ ആവശ്യങ്ങളെ ബോധ്യപ്പെട്ട് തന്നാലാവുന്ന നിഷ്കാമസേവനങ്ങൾ ചെയ്തുകൊണ്ട്  ഷോർണൂരിലെ പൊതുമണ്ഡലത്തിൽ പരിലസിക്കുന്ന വനിതയാണ് സംയുക്ത. സ്വന്തം സന്പാദ്യമാണ് കൂടുതലും ഇതിനായി മാറ്റിവക്കുന്നത് എന്നതും തന്റെ വലിയ പ്രവർത്തനങ്ങൾക്ക് ചെറിയൊരു പ്രചാരം പോലും നൽകാത്ത നിശബ്ദസേവനമാണ് ചെയ്തു വരുന്നത് എന്നതും സംയുക്തയെ വ്യത്യസ്തമാക്കുന്നു. കാരക്കാട് ജീവഥ ക്ലബ് പ്രവർത്തക കൂടിയാണ്. 

2017 ഡിസംബർ 22 മുതൽ 31 വരെ ഷോർണൂർ ഭാരതപ്പുഴയിൽ നടക്കുന്ന ഞെരളത്ത് കലാശ്രമം പാട്ടോളം കേരളസംഗീതോത്സവവേദിയിൽ വെച്ച് പുരസ്കാരങ്ങൾ നൽകും. 5001 രൂപയും ആദരപത്രവുമാണ് പുരസ്കാരമായി നൽകുക.

LEAVE A REPLY

Please enter your comment!
Please enter your name here