ഞാൻ വിളിക്കുമ്പോൾ

0
829
Roshni Swapna athmaonline

കവിത
രോഷ്‌നി സ്വപ്ന
ചിത്രീകരണം : ഹരിത

ഒച്ചകളുടെ
നഗരമധ്യത്തിൽ
നീ
നല്ല ഉറക്കത്തിലായിരിക്കും
താഴെയോ മുകളിലോ
ആകാശം
എന്ന് ഉറപ്പില്ലാതെ ഇലകൾ
നിന്റെ ജനാലപ്പുറത്തുകൂടി
താഴേക്ക് വീഴും
പക്ഷികൾ പരക്കം പറക്കും.

ആർക്കും എൻറെ ഒച്ച
തിരിച്ചറിയാനാവില്ല.

തലകീഴായി നൃത്തം ചെയ്യുന്ന
ഒരു ഭൂമിക്ക് പകരം
എന്റെ വിളി നിന്നെ
ഉണർത്തുന്നില്ല

നേരം വൈകുമായിരിക്കും
ഇലകൾ ഭൂമിയിലേക്ക്
എത്തിയിട്ടില്ല.

നീ ഉണർന്നിട്ടില്ല
ഭൂമിയിലെ ഏറ്റവും തീവ്രമായ
പ്രണയകവിത
ഞാൻ എഴുതിയിട്ടില്ല
ഇതേവരെ.
എഴുതും
എഴുതണം

കാരണം ഈ രാത്രിയിൽ
ആവലാതികൾ ഇല്ലാതെ
നീ ഉറങ്ങുന്ന
ഈ രാത്രിയിൽ
മേഘങ്ങൾ ഇലകളായും
ഇലകൾ വേരുകൾ ആയും
ലോകത്തെ
കീഴ്മേൽ മറിക്കുമല്ലോ

ഒറ്റ ജന്മമേ നിന്നെ കാത്ത്
ഞാൻ ജനിച്ചിട്ടുള്ളൂ

ദിക്കുകൾ എണ്ണാതെ
സമയത്തെക്കുറിച്ചെടുക്കാതെ…
വർഷംതോറും ഏറിവരുന്ന പ്രായത്തെ
ചുമലിലേറ്റാതെ…

ലോകത്തിലെ
ഏറ്റവും കൗശലക്കാരിയായ
പ്രണയിയാണ് ഞാൻ

കേൾക്ക്
ഞാൻ വിളിക്കുന്നത് നീ
സ്വപ്നം കാണുകയാണോ

എത്രയോ കവിതകൾ
മനസ്സിലുണ്ട് !
ഇളം മഞ്ഞ താളുകളും
കറുത്ത മഷിയും ഇല്ലാതെ
ഈ രാത്രിയിൽ
എനിക്കിനി എഴുതാൻ വയ്യ
ഇരുട്ടിനേക്കാൾ
ആഴത്തിൽ എന്റെ ശ്വാസം
നിന്നില്‍
അടക്കം ചെയ്യപ്പെടും

ഉറങ്ങ്
സമയത്തിന്
ഓരോ നിമിഷത്തിലും
ഏറ്റങ്ങൾ ഉണ്ടാകുന്നു..
നീയറിയുന്നുണ്ടോ ?

നിന്റെ കണ്ണുകൾ
കൃഷ്ണമണികൾ
തണുപ്പ് പുരണ്ട ചുണ്ടുകൾ
തേൻ ഇറ്റി ഇറ്റി ഉണങ്ങാത്ത
ഉമ്മകൾ

നിന്റെ മുലകൾ…
മുലക്കണ്ണുകൾ…
ഒരു പെൺ പൂച്ചയെപ്പോലെ കുറുകുന്ന
നിൻറെ ഇളം രോമങ്ങൾ….
എല്ലാം പുതിയ ഗ്രഹങ്ങളുടെ ജന്മത്തിലേക്ക്
രൂപാന്തരപ്പെടുന്നു.

നീ അറിയുന്നില്ല…
പ്രണയത്തിലെ ഒൻപതു കല്ലറകളും
ഒരുമിച്ച് അടക്കം ചെയ്യപ്പെട്ട
നിന്റെ ഉടലിൽ
ഇപ്പോൾ മരണപ്പെട്ട
ഒരു പൂമ്പാറ്റ ഉണ്ട്

അതിന്റെ ചില്ലു ചിറകുകൾ ഉരിഞ്ഞെടൂത്ത്
നിലാവ് നിന്റെ നഗ്നത മറക്കുന്നു

ഒരു നിമിഷം
ഉറങ്ങും മുമ്പ്
നീ കളഞ്ഞു ഉരിഞ്ഞു കളഞ്ഞ
നിൻറെ വസ്ത്രങ്ങളിൽ നിന്ന്
ഇയ്യാംപാറ്റകൾ
പറക്കുന്നുണ്ട്
ഭൂമി മുഴുവൻ ഇയ്യാംപാറ്റകളാണ്
കടലിനോട് ചേർന്നു
മിണ്ടാതെ
കിടക്കുന്ന ഞാൻ…
നിന്നെ പ്രണയിക്കുന്നു.

ഭൂമിയിൽ ആരോ കരയുന്നുണ്ട്.
അലസമായ
നിൻറെ മുടി….
നിൻറെ കിടപ്പ്……
മീൻ കുഞ്ഞിന്റെതുപോലുള്ള
നിന്റെ നഗ്നത…
എല്ലാം
നക്ഷത്രങ്ങൾ
കവർന്നു കൊണ്ടു പോകുന്നു.

നീ ഉറങ്ങുക തന്നെയാണ് .
എനിക്കറിയാം

ഞാൻ പറയുന്നതാണ്
നിന്റെ സ്വപ്നത്തിൽ
നീല നിറത്തിൽ തെളിയുന്നത്.
നിൻറെ മുറിയുടെ ജനാലപ്പുറത്ത്
ഇലകൾ മഞ്ഞിനൊപ്പം
പെയ്യുന്നുണ്ട്

നിൻറെ മുറി വായുവിൽ കെട്ടിഞാത്തിയ
ഒരാലിലയാണ്
നിൻറെ മുറിയിൽ
വിഷം കുടിച്ചു മരിച്ച
ചന്ദ്രന്റെ കുഞ്ഞുങ്ങളാണ്

ഈ ഉറക്കം അവസാനിക്കും മുമ്പ്
എനിക്ക് എന്റെ പ്രണയം
നിന്നോട് പറയണം.
അപരലോകങ്ങളിൽനിന്ന്
അതിനായി
എനിക്ക് വേഗം തിരിച്ചെത്തണം
നിൻറെ ഉടൽ ഭൂമി തൊടരുത്

ഭൂമിയിലെ ആൽമരങ്ങൾ
പ്രണയികളെ കാത്തിരിക്കുകയാണ്
ഞാൻ ഒരിക്കലും
അതിലേ പോകില്ല

ആലിലകളിൽ
മുള്ളുകളും തേറ്റകളും വളർന്നത്
മറ്റൊരു വിഷക്കായ ആയി മാറും

നിന്റെ ഉറക്കത്തിലേക്ക്
കടക്കാൻ
ഇനിയും എനിക്കായിട്ടില്ല
കുമിളകൾക്കുള്ളിലെന്നപോലെ
ലോകത്തിന് അപ്രാപ്യമാണ് അത്

പ്രളയം ആവേശിച്ച പുഴകൾ പോലെയാണ്
പലപ്പോഴും
ഞാൻ നിന്നോട് മിണ്ടുന്ന ഒച്ചകൾ

കാതുകൾ അടച്ച്
ഒരു പഴയ മന്ത്രവാദിയുടെ ഉടലിലേക്ക്
നീ പറന്നു കയറരുത്

എന്റെ പ്രണയീ…
കേൾക്കൂ

നിന്റെ
വിരലറ്റങ്ങളിൽ നിന്ന്
വെള്ളച്ചാട്ടം പോലെ
കുതിക്കുന്ന ചോരത്തുള്ളികൾ
മഞ്ഞുപാളികളിൽ കലരണ്ട

നിറങ്ങൾ
നിയമങ്ങൾ ഇല്ലാതെ
കലർന്നാൽ
വല്ലാത്തൊരു
ഭംഗിയാണ്.

http://athmaonline.in/roshniswapna/

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here