മങ്കൊമ്പ്: നെഹ്റുട്രോഫി വള്ളംകളിയിൽ പെൺകരുത്ത് തെളിയിക്കാൻ ടീം രൂപീകരിക്കുന്നതിന്റെ ഭാഗമായി കുടുംബശ്രീ, പുളിങ്കുന്ന് ആറ്റിൽ സെലക്ഷൻ ട്രയൽ നടത്തി. പുളിങ്കുന്ന്, മുട്ടാർ, രാമങ്കരി, കൈനകരി, എടത്വ, നെടുമുടി പഞ്ചായത്തുകളിലെ കുടുംബശ്രീ പ്രവർത്തകരാണ് പങ്കെടുത്തത്.
പുന്നമടയിൽനിന്നെത്തിയ അഞ്ച് ട്രെയിനർമാർ നേതൃത്വം നൽകി. 35 പേരെ തെരഞ്ഞെടുത്തു. കുടുംബശ്രീ ജില്ലാ മിഷന്റെ ജെൻഡർ ടീം ഒരുക്കുന്ന വള്ളത്തിന്റെ ക്യാപ്റ്റൻ സുനിതയാണ്. കാട്ടിൽതെക്കതിൽ വള്ളത്തിലാണ് ടീം കുടുംബശ്രീ പുന്നമടയിൽ എത്തുന്നത്. ആലപ്പുഴ സ്വദേശി രാജേന്ദ്രനാണ് പ്രധാന പരിശീലകൻ.
നിറച്ചാർത്ത് മത്സരങ്ങൾ വെള്ളിയാഴ്‌ച
നെഹ്‌റുട്രോഫി വള്ളംകളിയുടെ ഭാഗമായി വിദ്യാർഥികൾക്കായി “നിറച്ചാർത്ത്’ മത്സരം വെള്ളിയാഴ്‌ച രാവിലെ 10ന് ടൗൺഹാളിൽ നടത്തും. നഴ്‌സറി-, എൽപി സ്‌കൂൾ വിദ്യാർഥികൾക്ക് കളറിങ്, യുപി–-ഹൈസ്‌കൂൾ വിദ്യാർഥികൾക്കായി ചിത്രരചന (പെയിന്റിങ്) മത്സരങ്ങളാണ് നടത്തുക. കളർ പെൻസിൽ/ക്രയോൺ/ഓയിൽ പേസ്‌റ്റൽസ്/ജലച്ചായം/പോസ്‌റ്റർ കളർ തുടങ്ങിയ മാധ്യമങ്ങൾ ഉപയോഗിക്കാം. കൂടുതൽ വിദ്യാർഥികളെ പങ്കെടുപ്പിക്കുന്ന മൂന്ന് സ്‌കൂളുകൾക്ക് ട്രോഫി സമ്മാനിക്കും. ൾ സ്‌കൂൾ അധികാരിയുടെ സാക്ഷ്യപത്രം, ഐഡന്റിറ്റി കാർഡ് എന്നിവ ഹാജരാക്കണം.