പൊതുവിദ്യാലയങ്ങള്‍ ഉണരുമ്പോള്‍ പൂട്ടിപോകുന്നവ

0
1111

രതീഷ്‌ കാളിയാടന്‍

വേനലവധിക്കാലത്തിന് അവധി നൽകി വിദ്യാലയങ്ങൾ ശബ്ദമുഖരിതമാകാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നടപ്പിലാക്കിയ ബഹുമുഖ പ്രവർത്തനങ്ങളുടെ പിൻബലത്തിൽ അഭിമാനകരവും സന്തോഷകരവുമായ അനുഭവങ്ങളാണ് ഈ മണിക്കൂറുകൾ സമ്മാനിക്കുന്നത്. പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രവർത്തകരെ സംബന്ധിച്ചെടുത്തോളം ആവേശകരമായ അനുഭവങ്ങൾ.

കേരളത്തിന്റെ വിദ്യാചരിത്രത്തിൽ സമീപകാലത്തൊന്നുമില്ലാത്ത വിധം അത്ഭുതപൂർവമായ മുന്നേറ്റത്തിന് ഈ അക്കാദമിക വർഷം സാക്ഷിയാകും. പൊതു വിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളാണെന്ന് സ്വയം പ്രതിഫലിപ്പിച്ചു തുടങ്ങിയതോടെ കുട്ടികൾ ഒന്നടങ്കം സർക്കാർ, സർക്കാർ എയ്ഡഡ് വിദ്യാലയങ്ങളിലേക്ക് കുത്തിയൊഴുകിക്കൊണ്ടിരിക്കുന്നു . വ്യാജ പ്രചരണങ്ങളിലും കെട്ടുകാഴ്ചകളിലും ആകൃഷ്ടരായി പൊതു വിദ്യാലയങ്ങളെ തള്ളിപ്പറഞ്ഞവർ തങ്ങൾക്ക് പറ്റിയ അമളി തിരിച്ചറിഞ്ഞു തുടങ്ങി.

മൊട്ടയടിക്കപ്പെടാത്ത തലകളും പട്ടിക്കൂട്ടിൽ പൂട്ടിക്കെട്ടാത്ത ബാല്യവും ”ഫൈൻ” ചുമത്തപ്പെടാത്ത ചിന്തകളും തങ്ങളുടെ മക്കൾക്ക് സമ്മാനിക്കുന്ന ഇടമാണ് പൊതുവിദ്യാലയം. ഇന്ത്യയിലെ എന്നല്ല ലോകത്തെ ഏത് വികസിത സമൂഹത്തിലെയും സമപ്രായക്കാരോട് സംവദിക്കാവുന്ന വിദ്യാഭ്യാസാനുഭവങ്ങൾ പങ്ക് വയ്ക്കാൻ ആത്മവിശ്വാസം നൽകുന്നത് സ്വകാര്യ വിദ്യാലയങ്ങളല്ല. അക്കാദമിക യോഗ്യതകളുടെ കാര്യത്തിലും സാമ്പത്തിക ചൂഷണത്തിന് അടിമപ്പെടാതെ സംതൃപ്തമായി തൊഴിലെടുക്കുന്ന കാര്യത്തിലും മുൻനിരയിലുള്ളത് പൊതുവിദ്യാലയങ്ങളാണ്. ആത്മാഭിമാനത്തോടെയും ആത്മവിശ്വാസത്തോടെയും കുട്ടികളെ അഭിമുഖീകരിക്കാനും അറിവാർജനത്തിന് പിന്തുണ നൽകാനും സദാസന്നദ്ധരായിരിക്കുന്ന അധ്യാപക സമൂഹവും അതിനനുസൃതമായ ഭൗതിക സൗകര്യങ്ങൾ ഉറപ്പാക്കുന്നതും പൊതുവിദ്യാലയങ്ങളാണ്. ഇതിനെല്ലാം പുറമേ ബഹുസ്വര സമൂഹത്തിൽ മതനിരപേക്ഷ ജനാധിപത്യ സാമൂഹ്യജീവിതം നയിക്കാൻ പ്രാപ്തരാകണമെങ്കിൽ തന്റെ കുഞ്ഞ് പൊതുവിദ്യാലയത്തിൽ തന്നെ എത്തണമെന്ന് അനുഭവങ്ങൾ സാക്ഷ്യപ്പെടുത്തുന്നു.

ഈ പശ്ചാത്തലത്തിലാണ് സ്വകാര്യ അൺഎയ്ഡഡ് വിദ്യാലയങ്ങൾ ഇക്കുറി കടുത്ത നിലനിൽപ് ഭീഷണിയെ നേരിടുന്നുവെന്നും ചരിത്രത്തിലാദ്യമായി അവർ കുട്ടികളെ പിടിക്കാൻ ഊരു തെണ്ടാനിറങ്ങുന്നുവെന്നും സൂചിപ്പിച്ചത്. സ്വകാര്യ കച്ചവട വിദ്യാലയക്കാരുടെ പഴയ ചെപ്പടിവിദ്യകളെല്ലാം പാഴായിപ്പോയി എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഏതാണ്ട് 25 % സ്വകാര്യ അൺ എയ്ഡഡ് വിദ്യാലയങ്ങൾ ഈ അക്കാദമിക വർഷം സ്വമേധയാ അടച്ചു പൂട്ടും. കുട്ടികളില്ലാതെ അൺ ഇക്കണോമിക് ആയി മാറിയതോടെ അവർക്ക് പിടിച്ചു നിൽക്കാൻ നിർവാഹമില്ലാതായിരിക്കുന്നു. വലിയ ലാഭം സമ്മാനിച്ച് മുന്നേറുന്ന വൻകിട സ്കൂളുകളുടെ ലാഭവിഹിതം ഈ വർഷം മുതൽ ഗണ്യമായി കുറയും. ചുരുങ്ങിയ മുതൽ മുടക്കിൽ വൻ ലാഭം കൊയ്യാനുള്ള ഏർപ്പാട് എന്ന നിലയിൽ നിന്നും വിദ്യാഭ്യാസം ലാഭകരമല്ലാത്ത ബിസിനസായി പരിണമിക്കുകയാണ്. ഈ പരിണാമമാണ് പൊതുവിദ്യാലയങ്ങളുടെ പുതുവിജയഗാഥകൾ രചിക്കാനിരിക്കുന്നത്. ഈ നില തുടർന്നാൽ സ്വകാര്യ വിദ്യാലയങ്ങളുടെ മുതലാളിമാർ ഈ രംഗം വിട്ട് ലാഭക്കൂടുതൽ തേടി പുതിയ സംരംഭങ്ങളിലേക്ക് മാറുമെന്ന് ഉറപ്പ്.

തോക്ക് ചൂണ്ടിയും ഭീഷണിപ്പെടുത്തിയും രക്ഷിതാക്കളെ ഭയചകിതരാക്കിയുമല്ല കുട്ടികളെ വിദ്യാലയത്തിലേക്ക് ആകർഷിക്കേണ്ടത്. നിർഭയമായും സ്വതന്ത്രവുമായി സ്വച്ഛന്തമായ അന്തരീക്ഷത്തിൽ തങ്ങളുടെ കഴിവും കഴിവുകേടും പ്രകടമാക്കാനുള്ള ഇടമാവണം വിദ്യാലയങ്ങൾ. അതൊരു ഉത്സവ പറമ്പു പോലെ പലവിധ അനുഭവങ്ങളും സമ്മിശ്രവികാരങ്ങളും പങ്ക് വയ്ക്കാനും നിർമിക്കാനുമുള്ള വേദിയാവണം. സ്നേഹവും കരുതലുമാവണം ആത്യന്തികമായി ഓരോരുത്തരെയും നയിക്കുന്ന ചാലക ശക്തി. ഏറെക്കുറെ അങ്ങനെയൊക്കെയാണ് നമ്മുടെ വിദ്യാലയങ്ങൾ എന്നാണ് ഇപ്പോൾ രക്ഷിതാക്കൾ കരുതുന്നത്. അത് പൂരപ്പറമ്പിലെ ചന്ത മാത്രമായി മാറാതിരിക്കാൻ കഠിനയത്നം അനിവാര്യമാണ്.

സ്വകാര്യ സംരംഭമായാലും പൊതു വിദ്യാലയങ്ങളായാലും അടച്ചു പൂട്ടുന്നു എന്നത് സന്തോഷം പകരുന്ന വാർത്തയല്ല. പക്ഷേ നമ്മെ സംബന്ധിച്ചേടത്തോളം ആവേശകരമാണ് ഈ അനുഭവം. ആലസ്യത്തിലേക്ക് വഴുതി വീണാൽ നിലയില്ലാക്കയത്തിലേക്കുള്ള പതനമാകുമത് എന്ന് നമ്മുടെ അധ്യാപക സുഹൃത്തുക്കൾ തിരിച്ചറിയണം. പിന്നീടൊരിക്കലും ഒരു തിരിച്ചുവരവിനുള്ള അവസരം സമീപഭാവിയിലൊന്നും സമ്മാനിക്കാത്ത വിധം കുട്ടികളില്ലാത്ത അവസ്ഥ സംജാതമാകും. അതീവ ജാഗ്രതയോടെ ഉണർന്നു പ്രവർത്തിക്കേണ്ട നാളുകളാണ് നമുക്ക് മുന്നിലുള്ളത്. നന്നായി ഗൃഹപാഠം ചെയ്ത് മികച്ച ആസൂത്രണത്തോടെ ഏറ്റവും പുതിയ വിഭവങ്ങളും സന്നാഹങ്ങളുമായി നമ്മുടെ കുട്ടികൾക്ക് മുന്നിലെത്താനാവണം. അറിവാർജനത്തിന്റെ ആഹ്ളാദകരമായ അനുഭവങ്ങൾ സമ്മാനിക്കണം. അതുവഴി ലോകത്തിന്റെ നെറുകയിൽ കയറി നിന്ന് ആത്മാഭിമാനത്തോടെ ജീവിത വെല്ലുവിളികളെ അഭിമുഖീകരിക്കാൻ പ്രാപ്തിയുള്ള മലയാളിക്കുട്ടിയാണ് ഞാനെന്ന് അവർ തെളിയിക്കട്ടെ. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പ്രവർത്തിച്ചവർക്ക് ഹൃദയാഭിവാദ്യങ്ങൾ. എല്ലാവർക്കും പുതുവർഷാശംസകൾ…
(രതീഷ്‌ കാളിയാടന്റെ ഫേസ്ബുക്ക്‌ പോസ്റ്റ്‌)

LEAVE A REPLY

Please enter your comment!
Please enter your name here