HomeTHE ARTERIASEQUEL 12കാശിയിലേക്കൊരു ചായ യാത്ര

കാശിയിലേക്കൊരു ചായ യാത്ര

Published on

spot_imgspot_img

യാത്ര
നാസർ ബന്ധു

ചരിത്രവും ഐതിഹ്യവും ഭക്തിയും വിശ്വാസവും കൂടികലർന്ന പൗരാണിക നഗരമാണ് കാശി. ഹിന്ദു , ബുദ്ധ, ജൈന മതങ്ങൾക്കെല്ലാം പ്രധാനപ്പെട്ട പുണ്യ നഗരം. ഉത്തർപ്രദേശിൽ ഗംഗാ നദിയുടെ തീരത്തായി സ്ഥിതി ചെയ്യുന്ന കാശി നഗരം വരാണസി, ബനാറസ് എന്നീ പേരുകളിലും അറിയപ്പടുന്നു. ലഖ്നോവിൽ നിന്ന് 320 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന കാശി നഗരത്തിലൂടെ ദേശീയ പാത 2 കടന്നു പോകുന്നു. കാശി, വരാണസി എന്നീ റെയിൽവേ സ്റ്റേഷനുകൾ ഏകദേശം 6 കി.മി.ദൂരത്തിൽ ആണ് സ്ഥിതി ചെയ്യുന്നത്. ഇതിൽ വരാണസിയാണ് വലിയ സ്റ്റേഷൻ . ഏറ്റവും അടുത്തുള്ള എയർ പോർട്ട് ലാൽബഹദൂർ ശാസ്ത്രി എയർപോർട്ട് ആണ്.

ഒരു ദിനമങ്ങനെ കാശിക്ക് പോകാൻ തോന്നി . രാത്രി ഹൗറ സ്റ്റേഷനിൽ നിന്ന് റിഷികേശ് വരെ പോകുന്ന ട്രെയിനിൽ കയറി കാശിയിൽ ഇറങ്ങുമ്പോൾ രാവിലെ പത്തുമണി കഴിഞ്ഞിരുന്നു. കാശിക്ക് ശേഷമാണ് വരാണസി സ്റ്റേഷൻ.

കാശി റെയിൽവേ സ്റ്റേഷൻ

സ്റ്റേഷനിൽ തിരക്ക് കുറവാണ്. പതിയെ പുറത്തിറങ്ങി നടന്നു തുടങ്ങി. ഒരു വൃദ്ധൻ വന്ന് പൂജ ചെയ്യുന്നോ എന്ന് ചോദിച്ചു. ഇല്ലെന്ന് ചിരിയോടെ പറഞ്ഞു വെറുതെ നടന്ന് തുടങ്ങി. ഒരു ചായ കുടിക്കണം അതാണ് ലക്ഷ്യം. തെരുവ് പതിയെ ബഹളമയമായി വരുന്നു. ഏതൊരു ഉത്തരേന്ത്യൻ തെരുവും പോലെ അഴുക്കും തിരക്കും ആളുകളും കന്നുകാലികളും ചെളിയും നിറഞ്ഞ തെരുവ്.

ആദ്യം കാണുന്ന ചായ കടയിൽ കയറുക എന്ന ചിന്തയിലാണ് മുന്നോട്ട് നടന്നത്. പലതരം കടക്കാരേയും റിക്ഷക്കാരേയും പിന്നിട്ട് പഴയൊരു കെട്ടിടത്തിന്റെ വലിയ കവാടത്തിനടുത്ത് എത്തിയപോൾ അതാ അവിടെ ഒരു ചായക്കട. അരികിലേക്ക് മാറിയിരിക്കുകയായിരുന്ന കടക്കാരനെ നോക്കി കണ്ണു കൊണ്ടൊരു ചായ പറഞ്ഞു. ചായക്കടയെ കട എന്ന് പറയാൻ കഴിയില്ല. ഭിത്തിയിൽ പല കള്ളികളുള്ള ഒരു അലമാര പിടിപ്പിച്ചിരിക്കുന്നു. താഴെ ഒരു കൽക്കരിയടുപ്പും. ചൂട് പതിയെ കൂടി വരികയാണ്. ഞാൻ ഇത്തിരി വെള്ളം ചോദിച്ചു. അയാൾ ഒരു സ്റ്റീൽ പാത്രത്തിൽ വെള്ളം തന്നു. നല്ല തണുത്ത വെള്ളം കുടിച്ച് കഴിഞ്ഞപ്പോഴേക്കും ചായ തയ്യാറായിരുന്നു. താഴ്ഭാഗം വീതി കുറഞ്ഞ മൺ കപ്പിലാണ് ചായ കിട്ടിയത്. ചായക്ക് മുകളിൽ ഇത്തിരി വെണ്ണ പ്രത്യേകം ചേർത്തിട്ടുണ്ട്.

ചായക്കപ്പ് കയ്യിൽ കിട്ടിയാൽ കാൽ മുട്ടിന് മുകളിൽ വച്ച് അതിന്റെ ഫോട്ടൊ എടുക്കൽ എനിക്കൊരു ഹോബിയാണ്. ഈ ചായ കപ്പും അങ്ങനെ വച്ച് ഫോട്ടൊ എടുത്തു കഴിഞ്ഞ് ഇരിക്കുമ്പോഴാണ് പെട്ടെന്ന് ചായ കപ്പ് മറിഞ്ഞ് കാലിലും ഫോണിലും മുഴുവൻ ആയത്. പെട്ടെന്ന് ചായക്കടക്കാരൻ ഓടി വന്ന് തുണിയെടുത്ത് തുടച്ചു തന്നു. ഞാൻ ഇത്തിരി വെള്ളം വാങ്ങി പാന്റ് ചെറുതായി തുടച്ചു.
ഒരു പതിറ്റാണ്ടിലേറെയായി ഞാൻ കാൽ മുട്ടിന് മുകളിൽ ചായക്കപ്പ് വയ്ക്കാൻ തുടങ്ങിയിട്ട്. ഇന്നേവരെ അത് മറിഞ്ഞു വീണിട്ടില്ല. ആ അഹന്തയാണ് ഇന്നിവിടെ ഉടഞ്ഞു പോയത്. കാശിയിലെ ആദ്യത്തെ അനുഭവം തന്നെ ഒരു പാഠമായിരിക്കുന്നു. അഹന്തക്കേറ്റ പ്രഹരമായി ആ ചായ മറിയൽ.


പാപങ്ങളെല്ലാം ശുദ്ധമാക്കുന്ന ആത്മാവിന് മുക്തി നൽകുന്ന ഈ നഗരത്തിലെ ആദ്യാനുഭവം തന്നെ ഒരു പാഠമായി തോന്നി എനിക്ക്. പിന്നെയുമൊരു ചായ വാങ്ങി കുടിക്കുന്നതിനിടയിലാണ് ചായക്കടക്കാരൻ പറഞ്ഞത്, ആ ചായ നിങ്ങളെ ആലിംഗനം ചെയ്തതാണ്. ആ പ്രയോഗം എനിക്ക് വളരെയേറെ ഇഷ്ടമായി. “ചായാലിംഗനം” – നല്ല പ്രയോഗം. പണ്ട് ബംഗാളിലെ നമ്മുടെ ഗ്രാമത്തിൽ എഴുത്തുകാരായ സന്തോഷ് ഏച്ചിക്കാനം, വി.എച്ച് നിഷാദ് എന്നിവരോടൊപ്പം ചായ കുടിച്ച് ഇരിക്കുമ്പോഴാണ് മൺകപ്പിന്റെ ചുണ്ടു പോലുള്ള വക്കുകൾ കണ്ട്, “ചായ ചുംബനം” എന്ന് പ്രയോഗിച്ചതോർത്തു പോയി.

മണ്ണിൻ്റെ ചായകപ്പ് ചുണ്ടോട് ചേർക്കുമ്പോൾ ചായ ചുംബനം സംഭവിക്കുന്നു. ഇവിടെയിതാ ചായാലിംഗനവും നടന്നിരിക്കുന്നു. സന്തോഷ് എന്ന ആ ചായക്കാരനോട് യാത്ര പറഞ്ഞ് ഇറങ്ങുമ്പോഴേക്കും നാല് ചായ കുടിച്ച് കഴിഞ്ഞിരുന്നു അവിടുന്ന്. പിന്നെയും വെറുതെ നടന്നു. പ്രത്യേകിച്ച് ലക്ഷ്യങ്ങൾ ഒന്നുമില്ലല്ലൊ. നടക്കുക, കാഴ്ചകൾ കാണുക , ചായ കുടിക്കുക… അത്രമാത്രം.
ഏതോ ഒരു ഇടുങ്ങിയ തെരുവിലൂടെ നടക്കുമ്പോഴാണ് ഒരു കുഞ്ഞു ചായക്കട കണ്ണിൽ പെട്ടത് . നല്ല അടക്കത്തിലും ഒതുക്കത്തിലും ഒരു ചായക്കട. സ്പെയ്സ് എങ്ങനെ കൃത്യമായി ഉപയോഗിക്കണമെന്ന് അവർക്ക് കൃത്യമായി അറിയാം. അതിനേക്കാൾ എന്നെ ആകർഷിച്ചത് അവിടെ ഗൂഗിൾ പേ , ഫോൺ പേ ഇവ ഉണ്ടെന്ന് അറിയിക്കുന്ന ബാർകോഡുകൾ പതിപ്പിച്ച കുഞ്ഞു ബോർഡുകളാണ്. അവിടുന്നും രണ്ട് ചായ കുടിച്ചു. പിരിയാൻ നേരമാണ് അയാളുടെ പേര് ചോദിച്ചത് , അതൊരു വ്യത്യസ്തമായ പേരായിരുന്നു – രാംജനം.

ഗംഗയുടെ തീരത്തുള്ള ഏതെങ്കിലും ഘട്ട് – കടവ് – ൽ എത്താം എന്ന് തീരുമാനിച്ചു വീണ്ടും നടന്നു തുടങ്ങി. ഇടുങ്ങിയ തെരുവുകളിലെ പലതരം കാഴ്ചകൾ കണ്ട് പതിയെ നടത്തം. ധാരാളം ചെറിയ ക്ഷേത്രങ്ങൾ എല്ലായിടത്തും ഉണ്ട്. ഒരു വളവിൽ എത്തിയതും പിന്നെയും ഒരു ചായക്കടയിൽ കണ്ണുടക്കി. വെള്ള ബനിയനും മുണ്ടും ധരിച്ച ഒരപ്പൂപ്പൻ്റെ ചായക്കട. ചായ പറഞ്ഞതും അകത്തേക്ക് കയറി ഇരിക്കാൻ പറഞ്ഞു. വളരെ പഴയ ഒരു കെട്ടിടമാണ്. മരത്തിൽ നിർമിച്ച രണ്ട് ബഞ്ചും ഡസ്കും ഇട്ടിട്ടുണ്ട്. ിത്തിയിൽ കുറച്ച് സന്യാസിമാരുടെയും ദേവീ ദേവൻമാരുടേയും ചിത്രങ്ങളുണ്ട്. പഴയ മോഡൽ ഫാൻ കറങ്ങുമ്പോൾ താളത്തിൽ ഒരു ശബ്ദം ഉണ്ടാകുന്നുന്നുണ്ട്. പഴയ ചലച്ചിത്രങ്ങളിൽ കണ്ടിട്ടുള്ള ഇലക്ട്രിക് സ്വിച്ചുകളും ഫാൻ റെഗുലേറ്ററുകളും ഭിത്തിയിൽ നല്ല വൃത്തിയിൽ ഉണ്ടായിരുന്നു.

അദ്ദേഹം വളരെ സാവധാനത്തിൽ ആണ് ചായ ഉണ്ടാക്കുന്നത്. കൽക്കരി അടുപ്പിൽ വച്ച കെറ്റിലിൽ വെള്ളം തിളച്ചപ്പോൾ അദ്ദേഹം കുഞ്ഞു ഉരൽ പോലെയുള്ള ഒരു പിച്ചള പാത്രത്തിൽ പൊടിച്ചെടുത്ത ഏലക്ക ചേർത്തു. ആ കടയിൽ ഇരുന്ന് ചായ കുടിക്കുമ്പോൾ തോന്നും നമ്മളൊരു ടൈം മെഷീനിൽ കയറി കുറേ വർഷങ്ങൾ പിന്നിലേക്ക് പോയി എന്ന് .
ബതാവുലാൽ യാദവ് എന്നാണ് ആ ചായക്കാരൻ്റെ പേര് . അമ്പത് വർഷത്തിലേറെയായി അദ്ദേഹം ചായ കച്ചവടം തുടങ്ങിയിട്ട്. അദ്ദേഹം കച്ചവടം തുടങ്ങുന്ന കാലത്ത് ചായക്ക് പത്ത് പൈസ ആയിരുന്നു. ഇപ്പോൾ അഞ്ച് രൂപയാണ്. ആ കെട്ടിടത്തിന് ഇരുനൂറ് വർഷത്തിലേറെ പഴക്കമുണ്ട്. അവിടുന്ന് ഇറങ്ങി കുറേ കഴിഞ്ഞിട്ടും ആ ചായയുടെ രുചി നാവിൽ തങ്ങി നിൽക്കുന്നുണ്ടായിരുന്നു.

ബതാവ് ലാൽ യാദവ്

പതിയെ നടന്ന് മീർഘട്ടിൽ എത്തി. വളരെ ഇടുക്കിയ ഘട്ട് ആണെങ്കിലും നല്ല ശക്തമായ നിർമിതിയാണിവിടെ ഉള്ളത്. സേനാനായകനായിരുന്ന മിർ റുസ്തം അലിയുടെ പേരിൽ നിന്നാണ് ഈ പേര് വന്നത്. പല ചരിത്രങ്ങൾ നിറഞ്ഞ എൺപത്തി എട്ടോളം ഘട്ടുകളാണ് കാശിയിൽ ഉള്ളത്.
മണികർണിക ഘട്ട് , ദശാശ്വമേഥ് ഘട്ട്, ഹരിശ്ചന്ദ്ര ഘട്ട്, തുളസിഘട്ട്, അസ്സി ഘട്ട് അങ്ങനെ നീളുന്ന ഓരോ കടവുകൾക്കും ധാരാളം ചരിത്രവും ഐതിഹ്യവും ഉണ്ട്.
ഘട്ടിൽ ഇറങ്ങി കുളിക്കുന്നവർ, പ്രാർത്ഥിക്കുന്നവർ, തലമുടി മുണ്ഡനം ചെയ്യുന്നവർ, പല തരത്തിലുള്ള സന്യാസിമാർ, കച്ചവടക്കാർ, കന്നുകാലികൾ, നായ്ക്കൾ , കുരങ്ങുകൾ എല്ലാം നിറഞ്ഞ ഇടമാണ് ഓരോ കടവുകളും.
മണികർണികയിലും, ഹരിശ്ചന്ദ്ര ഘട്ടിലും ആണ് മൃതദേഹങ്ങൾ ദഹിപ്പിക്കുക. ദശാശ്വമേഥ് ഘട്ടിലാണ് പ്രശസ്തമായ ഗംഗാ ആരതി നടക്കുന്നത്.

മീർ ഘട്ട്

മീർഘട്ടിൽ ഇരിക്കുമ്പോഴാണ് പ്രായമേറിയ ഒരമ്മൂമയെ വീൽ ചെയറിൽ ഇരുത്തി നദിക്കരികിലേക്ക് പടവുകൾ ഇറക്കി കൊണ്ടു പോകുന്നത് കണ്ടത്. കൂടെയുള്ളവർ വളരെ കഷ്ടപ്പെട്ടാണ് വീൽചെയർ പടവുകളിലൂടെ ഇറക്കുന്നത്. യുവതിയായ ഒരമ്മ തൻ്റെ ബുദ്ധിമാന്ദ്യം സംഭവിച്ച ഒരു കുഞ്ഞിനെയെടുത്ത് നദിക്കരയിൽ വെള്ളത്തിലിറങ്ങി പ്രാർത്ഥിക്കുന്നുണ്ടായിരുന്നു. കുറച്ച് നേരം കാഴ്‌ചകൾ എല്ലാം കണ്ട് പിന്നെയും നടന്ന് തുടങ്ങി.

നല്ല ചൂടും നല്ല മഴയും മാറി മാറി വരുന്ന കാലാവസ്ഥയാണ്. താമസിക്കാനൊരിടം കണ്ടെത്തണം. ചെറിയ തിരച്ചിലിന് ശേഷം കുറഞ്ഞ ചിലവിൽ ഒരിടം കണ്ടത്തി. അതിൻ്റെ നടത്തിപ്പുകാരന് ബംഗാളി ഭാഷ അറിയാവുന്നത് വളരെ ഉപകാരമായി. അദ്ദേഹം പണ്ട് കൊൽക്കത്തയിൽ ജോലി ചെയ്തിരുന്നത്രെ.
സംസാരിച്ചിരിക്കുന്നതിനിടയിൽ ആണ് അദ്ദേഹം ചായക്ക് ഓർഡർ ചെയ്തത്. അദ്ദേഹത്തിൻ്റെ സഹായി ഒരു പ്ലാസ്റ്റിക് കവറിലാക്കിയാണ് ചായ കൊണ്ടുവന്നത്. കവറിൻ്റെ റബ്ബർ ബാൻ്റ് മാറ്റി അദ്ദേഹം ചായ കുഞ്ഞു ഗ്ലാസിൽ പകർന്നു തന്നു. തുളസി ചേർത്ത പാൽചായ ആയിരുന്നു അത്. നല്ല ഭംഗിയുളെളാരു രുചിയാണ് തുളസിയില ചേർത്ത പാൽചായക്ക്.

മുറിയിൽ കയറി കുളിച്ച് ക്യാമറയും എടുത്ത് വീണ്ടും പുറത്തേക്കിറങ്ങി. മഴ പെയ്യാൻ സാധ്യത ഉള്ളതിനാൽ എപ്പോഴും കുട കൈയിൽ കരുതിയിരുന്നു. ഇടുങ്ങിയ തെരുവിൽ ഒരിടത്താണ് പല തരം ചായപ്പൊടികൾ വിൽക്കുന്ന ഒരു കുഞ്ഞു കട കണ്ടത്. ആസാം, ഡാർജലിങ്ങ് ,നിൽഗിരി, കാശ്മീർ എന്നിവിടങ്ങളിൽ നിന്നെല്ലാമുള്ള പല തരം ചായകൾ ഉണ്ട് അവിടെ. 250 രൂപ മുതൽ 1500 രൂപ വരെ വില വരുന്ന പലതരം ചായപ്പൊടികൾ ഉണ്ട് അവിടെ. സാഹു ടീ കമ്പനി എന്ന ആ കട നാൽപത് വർഷം മുൻപ് തുടങ്ങിയതാണ്. ഇപ്പോഴത്തെ ഉടമസ്ഥനായ സന്ദീപ് എന്ന യുവാവ് വളരെ ഭംഗിയായി തേയില പൊടി വിശേഷങ്ങൾ പറഞ്ഞു തന്നു. അദ്ദേഹത്തിൻ്റെ പിതാവാണ് സാഹു ടീ കമ്പനി തുടങ്ങിയത്.

അവിടുന്ന് യാത്ര പറഞ്ഞ് പതിയെ ദശാശ്വമേഥ് ഘട്ടിലേക്ക് നടന്നു. കടവിൽ എത്തി വെറുതെ കാഴ്ചകൾ കണ്ടു .
അവിടെ വച്ചാണ് ഉപ്പ് ചേർത്ത കട്ടൻ ചായ കുടിച്ചത്. കൈയിൽ കൊണ്ടു നടക്കാവുന്ന ചെറിയ അടുപ്പിന് മുകളിൽ വച്ച കെറ്റിലിൽ ചൂടുള്ള ചായയുമായി ധാരാളം “മൊബൈൽ ” ചായക്കാരെ എല്ലായിടത്തും കാണാം. നമ്മൾ ചായ പറഞ്ഞാൽ കുഞ്ഞു പേപ്പർ ഗ്ലാസ് എടുത്ത് ചായ ഒഴിച്ച് ഇത്തിരി നാരങ്ങ പിഴിഞ്ഞ് ഉപ്പും ചേർത്ത് ചായ തരും. ഒരു പ്രത്യേക രുചിയാണ് അതിന് . കറിയുപ്പ് അല്ല , ബ്ലാക് സാൾട്ട് എന്ന് പറയുന്ന ഉപ്പാണ് അത്. മലയാളികൾ പൊതുവെ ഇത് ഉപയോഗിക്കാറില്ല. ഉത്തരേന്ത്യക്കാർ പൊതുവെ കട്ടൻ പാൽ ഇല്ലാത്ത ചായയിലും പഴവർഗങ്ങളിലും ഭക്ഷണ സാധനങ്ങളിലും എല്ലാം ധാരാളമായി ബ്ലാക് സാൾട്ട് ഉപയോഗിക്കാറുണ്ട്.

ദശാശ്വമേദ് ഘട്ട്

ഗംഗാ ആരതി എഴ് മണിക്കാണ് തുടങ്ങുക .സമയം ഏറെയുള്ളതിനാൽ കുറച്ച് നേരം ബോട്ടിൽ യാത്ര ചെയ്യാം എന്ന് കരുതി. മഴക്കാലമായതിനാൽ വെള്ളം വളരെ കൂടുതലാണ്. കടവുകൾ പലയിടത്തും ചെളി നിറഞ്ഞും മറ്റും കിടക്കുന്നു. ഒരിടത്ത് ശക്തിയായി വെള്ളം ചീറ്റിച്ച് കടവുകളിലെ ചെളി ഒഴിവാക്കുന്നത് കണ്ടു. ഗംഗയിലൂടെ യാത്ര ചെയ്യാൻ ധാരാളം ബോട്ടുകാർ വിളിക്കുന്നുണ്ട്. അതിൽ കുഴപ്പമില്ല എന്ന് തോന്നിയ ഒരാളുടെ ബോട്ടിൽ കയറി. കുറച്ച് നേരം ബോട്ടിൽ യാത്ര ചെയ്ത് ബോട്ടിൽ ഇരുന്ന് തന്നെ ഗംഗാ ആരതിയും കാണാൻ ഒരാൾക്ക് നൂറ്റൻപത് രൂപയാണ് ഫീസ്.

നദിക്കരികിലൂടെ പതിയെ സഞ്ചരിക്കുന്ന ബോട്ടിൽ ഇരുപതോളം യാത്രക്കാർ ഉണ്ടായിരുന്നു. ബോട്ടുടമയും നടത്തിപ്പുകാരനുമയ അതുൽ സാഹ്നി ഓരോ കടവുകളുടേയും ചരിത്രം ലഘുവായി പറയുന്നുണ്ടായിരുന്നു.
നാരദ ഘട്ടിൽ എത്തുന്ന കമിതാക്കൾ വഴക്കു കൂടുമത്രെ. മഴക്കാലമായതിനാൽ മറുകരയിലേക്ക് യാത്ര ചെയ്യാൻ അനുവാദമില്ല.

സദാ സമയവും മൃതദേഹങ്ങൾ ദഹിപ്പിക്കുന്ന ഇടമാണ് മണികർണികാ ഘട്ട് . അതിന് സമീപത്ത് എത്തിയപ്പോഴേയും മഴ പെയ്ത് തുടങ്ങിയിരുന്നു. ക്യാമറ നനയാതിരിക്കാനായി ഞാൻ കുട നിവർത്തി ശ്രദ്ധാപൂർവം ഇരുന്നു. എഴ് മണിയോടടുത്ത് ഗംഗാ ഘട്ടിൽ എത്തി. മഴ കുറഞ്ഞിരുന്നു. ആരതി കാണാനാനായി ബോട്ടിൽ തന്നെയിരുന്നു. അതിനിടയിൽ കുറി തൊട്ട് തരുന്നതിനായി പല നിറങ്ങളിലുള്ള കുറിനിറച്ച കുഞ്ഞു പാത്രവുമായി ഒരു പയ്യൻ വന്നു. കുറി തൊട്ട് തരും ചെറിയ തുക എന്തെങ്കിലും കൊടുത്താൽ മതി. ഞാനവൻ്റെ പേര് ചോദിച്ചു, വിശാൽ .ഏഴ് വയസേ ആയിട്ടുള്ളു അവന് .
അതിനിടയിൽ നദിയിൽ ഒഴുക്കാനുള്ള അലങ്കാര ദീപങ്ങൾ വിൽക്കുന്ന പലരും വന്നു പോയി. ചെറിയൊരു പേപ്പർ പാത്രത്തിൽ കുറച്ചു പൂക്കളും ഒരു ചെറിയ ദീപവും അടങ്ങിയ സെറ്റിന് പത്ത് രൂപയാണ് വില . പലരും അത് വാങ്ങി പ്രാർത്ഥനയോടെ ഗംഗയിൽ ഒഴുക്കുന്നുണ്ടായിരുന്നു.

വളരെയധികം വെള്ളം ഉള്ളതിനാൽ നദിക്കരയിലെ പ്ലാറ്റ്ഫോമിൽ വച്ചല്ല വളരെ ഉയരമുള്ള ഒരു കെട്ടിടത്തിന് മുകളിൽ വച്ചാണ് ആരതി ചടങ്ങുകൾ നടക്കുന്നത്. അതിനാൽ ചിത്രങ്ങളിൽ കണ്ടിട്ടുള്ള അത്ര ഭംഗി തോന്നിയില്ല ആരതിക്ക് . മുക്കാൽ മണിക്കൂറോളം നീണ്ടു നിന്ന ആരതിക്ക് ശേഷം പതിയെ ബോട്ടിൽ നിന്നിറങ്ങി പടവുകൾ കയറുമ്പോഴാണ് ഒരു മണ്ഡപത്തിൽ ഏതാനും സന്യാസിമാർ ഇരിക്കുന്നത് കണ്ടത്. അതിൽ വിദേശികളും ഉണ്ടായിരുന്നു. ജഡ പിടിച്ച മുടിയും കഷായ വസ്ത്രവും എല്ലാം ചേർന്ന നല്ല ഫ്രെയിം ആയതിനാൽ ഞാൻ ക്യാമറ എടുത്ത് ചിത്രങ്ങൾ പകർത്തി.

നടക്കാൻ തുടങ്ങിയപ്പോഴാണ് അതിൽ ഒരു സന്യാസി എന്നെ അടുത്തേക്ക് വിളിച്ചത്. എന്തിനായിരിക്കും എന്ന ആശങ്കയോടെയാണ് അരികിലേക്ക് ചെന്നത്. നോക്കുമ്പോൾ അദ്ദേഹം തൻ്റെ വിസിറ്റിംഗ് കാർഡ് എടുത്ത് എനിക്ക് നേരെ നീട്ടി. ഫേസ്ബുക്ക് ,ഇൻസ്റ്റഗ്രാം, ടിറ്റ്വർ , വാട്സപ്പ് എല്ലാം ഉണ്ട് അതിൽ . സ്വാമി ബിജയ്പുരി മഹാരാജ് എന്ന അദ്ദേഹത്തിൻ്റെ കാർ ഡിൽ കൊടുത്തിരിക്കുന്ന അഡ്രസ് ഗുജറാത്തിലേതാണ്. ചിത്രങ്ങൾ ഷെയർ ചെയ്യണം എന്ന് പറഞ്ഞപ്പോൾ ഞാൻ ചിരിയോടെ തലയാട്ടി.

അവിടുന്ന് ഇറങ്ങി പ്രധാന തെരുവിലൂടെ നടക്കുമ്പോൾ പല തരം സന്യാസിമാരെ കണ്ടു. വഴിയരികിലും മറ്റും കിടക്കുന്ന വിചിത്രങ്ങളായ വേഷവിധാനങ്ങൾ ഉള്ള സന്യാസിമാർ ആയിരുന്നു പലരും.

ശരീരം മുഴുവൻ ഭസ്മം പൂശി വെളുത്ത് നിൽക്കുന്ന ഒരു സന്യാസിയുടെ ഫോട്ടൊ ഞാൻ എടുത്തപ്പോൾ അദ്ദേഹം ദക്ഷിണ ചോദിച്ചു. ചെറിയ ഒരു തുക കൊടുത്ത് ഒരു ചായ കുടിക്കാനായി കട തേടി നടക്കുമ്പോൾ മഴ പെയ്തു തുടങ്ങിയിരുന്നു.
(തുടരും…)

spot_img

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...