തിരുവനന്തപുരം: രാജസ്ഥാൻ സർക്കാർ ജയ്പൂരിൽ ഒരുക്കിയ ദേശീയ ലോക്‌രംഗ് ഫെസ്റ്റിവലിൽ കേരള സർക്കാരിന്റെ സാംസ്കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവന് അംഗീകാരം. ഇന്ത്യൻ സംസ്ഥാനങ്ങളിലെ വൈവിധ്യമാർന്ന കലാരൂപങ്ങൾ അവതരിപ്പിക്കപ്പെട്ട ഫെസ്റ്റിവലിൽ 22 ഓളം പേർ അടങ്ങുന്ന കലാസംഘം അവതരിപ്പിച്ച അവതരണങ്ങൾ ശ്രദ്ധേയമായി. സമാപനദിനത്തിൽ സംവിധായകൻ പ്രമോദ് പയ്യന്നൂർ രൂപകല്പന ചെയ്ത ‘നാനാത്വത്തിൽ ഏകത്വം’ എന്ന ദൃശ്യവിരുന്നും പ്രേക്ഷകർക്ക് വേറിട്ട അനുഭവം സമ്മാനിച്ചു. ജയ്പൂർ ജവഹർ കലാകേന്ദ്രയിൽ നടന്ന ഫെസ്റ്റിവലിൽ കേരളത്തെ പ്രതിനിധീകരിച്ചെത്തിയ ഭാരത് ഭവന് വേണ്ടി മെമ്പർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ ഡയറക്ടർ ജനറൽ ഡോ. അനുരാധ ഘോഗിയയിൽ നിന്ന് ആദരം ഏറ്റുവാങ്ങി. വിഖ്യാത ചിത്രകാരൻ പത്മശ്രീ. എസ്. സാക്കീർ അലി, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ രാംപാൽ കുമാവന്ദ്, ഭാരത് ഭവൻ നിർവ്വാഹക സമിതി അംഗം റോബിൻ സേവ്യർ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.