HomeTHE ARTERIASEQUEL 28"ഹെൻഡ്രിക് വാൻ റീഡും, ഡച്ചുകാരുടെ ദുർവിധിയും"

“ഹെൻഡ്രിക് വാൻ റീഡും, ഡച്ചുകാരുടെ ദുർവിധിയും”

Published on

spot_imgspot_img

പാഠപുസ്തകത്തിൽ ഇല്ലാത്ത ചരിത്രം

ജോയ്സൻ ദേവസ്സി

പറങ്കികൾ എന്നറിയപ്പെടുന്ന പോർച്ചുഗീസുകാരുടെ പതനം അഥവാ കടൽ വ്യാപാരത്തിലുള്ള അഭിവൃദ്ധി, ഇതുമാത്രം ലക്ഷ്യമാക്കി ഏഷ്യൻ തീരത്തേക്ക് കപ്പലോടിച്ച ലന്തക്കാർ എന്ന ഡച്ചുകാരുടെ കേരളത്തിലെ സ്വപ്നങ്ങൾക്ക് അന്ത്യം വരുത്തിയ ഒരു നേതാവാണ് മുകളിലെ ചിത്രത്തിൽ കാണുന്ന സാക്ഷാൽ “ഹെൻഡ്രിക് വാൻ റീഡ്”. ഒരുപക്ഷേ നമുക്കെല്ലാവർക്കും പരിചിതമായ “ഹോർത്തൂസ് ഇൻഡിക്കുസ് മലബാറിക്കുസ്” എന്ന, 740 ഓളം സസ്യജാലങ്ങളെ സമഗ്രമായി വിവരിച്ചിരിക്കുന്ന ഒരു ഗ്രന്ഥസമുച്ചയത്തിന്റെ ശില്പിയായി വാൻ റീഡിനെ പരിചിതമായിരിക്കും. പക്ഷേ എല്ലാത്തിനുമുപരി ഡച്ചു സൈന്യത്തിൽ കേവലം സൈനികനായി കയറി, പിന്നീട് കേരളത്തിലെ പറങ്കികൾക്കെതിരെ പടനയിച്ച് ഗവർണറായി അവസാനം പൂർവ്വികർ നാട്ടുകാരുമായി തുടർന്നുപോന്ന സൗഹൃദബന്ധം തകർത്ത ഒരു ലന്തക്കാരൻ കൂടിയാണ് ഹെൻഡ്രിക് വാൻ റീഡ്. 1498 ൽ കേരളത്തിൽ കാലുകുത്തിയ വാസ്കോഡ ഗാമ പടുത്തുയർത്തിയ പറങ്കി ഭരണം 150 വർഷത്തോളം കേരളതീരത്ത് നങ്കൂരമിട്ടുപോന്നു. തുടക്കം മുതൽ ഒടുക്കം വരെ കലാപം വിതച്ച ഈ പോർച്ചുഗീസ് ഭരണകൂടം നാട്ടുകാരുടെയും നാട്ടുരാജാക്കൻമാരുടെയും അപ്രീതിക്ക് കാരണമായെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇതിനിടയിലാണ് ജന്മദേശമായ പോർച്ചുഗൽ 1580 ൽ സ്പെയിൻ രാജവംശവുമായി ലയിക്കുന്നത്. നേരത്തെ മതഭ്രാന്തരായ ഇവർ പുതിയ രാജാവും മതാന്ധത തലയ്ക്ക് പിടിച്ച ഫിലിപ്പ് രണ്ടാമന്റെ കീഴിലേക്ക് വന്നതോടെ കാര്യങ്ങൾ കൂടുതൽ വഷളായി. പ്രൊട്ടസ്റ്റന്റ് വിഭാഗത്തിൽ പെടുന്ന ക്രിസ്ത്യാനികളായിരുന്നു ഡച്ചുകാർ. ഇവർ പ്രധാനമായും ചരക്കുകൾ വാങ്ങിയിരുന്ന ലിസ്ബനിലെ തുറമുഖത്ത് നിന്നും പറങ്കികൾ ഇവർക്ക് വിലക്കേർപ്പെടുത്തി. ഇതിനെ തുടർന്ന് സാമ്പത്തിക മാന്ദ്യത്തിലായ ഡച്ചുകാർക്കു ഒരു വഴിയെ തങ്ങളുടെ മുന്നിലുണ്ടായിരുന്നുള്ളു. പോർച്ചുഗീസുകാർ കടൽ വഴി വ്യാപാരം നടത്തിയിരുന്ന ഏഷ്യൻ രാജ്യങ്ങളിൽ നേരിട്ടുപോയി കച്ചവടം നടത്തുക. ഇതിനായി ഒരു സമുദ്രയാത്രികനും ഡച്ചുകാരനുമായ ലിൻഷോട്ടൻ മുന്നിട്ടു വന്നു. ഇദ്ധേഹം തയ്യാറാക്കിയ ഭൂപടം വിലയിരുത്തി 1595 ൽ ക്യാപ്റ്റൻ ഹട്ട്മാൻ നല്ലൊരു നാവികവ്യൂഹത്തെ ഒരുക്കി ഇന്ത്യ ലക്ഷ്യമാക്കി യാത്രയാക്കി. ഈ വ്യാപാരത്തിനായി തുടങ്ങിയ ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി എന്നത്, ഒരുപാട് കമ്പനികളുടെ വരവിനെ തുടർന്ന് സംയോജിപ്പിച്ചു യുണെറ്റഡ് ഡച്ച് ഇന്ത്യാ കമ്പനിയെന്നാക്കാൻ 1602 ൽ ഡച്ചു ഗവൺമെന്റ് തീരുമാനമായി.

തങ്ങളുടെ ശത്രുക്കളായ പോർച്ചുഗീസുകാരുടെ ശക്തി തകർത്താലേ തങ്ങൾക്ക് ഇന്ത്യയുമായി കച്ചവടബന്ധം സ്ഥാപിക്കാൻ കഴിയൂ എന്ന് മനസ്സിലാക്കിയ ഡച്ചുകാർ നല്ലൊരു സായുധ വിഭാഗത്തിനെയാണ് കൂടെ കൂട്ടിയിരുന്നത്. ആദ്യമായി ഇവർ ഇന്ത്യോനേഷ്യ, ശ്രീലങ്ക, ജാവ തുടങ്ങിയ സ്ഥലങ്ങളിലെ പറങ്കി താവളങ്ങളെയാണ് ആക്രമിച്ചത്. ഒന്നിനു പിറകെ ഒന്നായി ലന്തക്കാർ തകർത്തു കീഴടക്കി മുന്നേറി. അടുത്ത ലക്ഷ്യം മലബാർ തീരമായിരുന്നു. ഇവിടെയാണെങ്കിൽ പറങ്കികളുടെ മതഭ്രാന്തും, കൊള്ളയും, തുടരെയുള്ള സന്ധികളുടെ ചതിയും കാരണം ജനങ്ങളും അധികാരവർഗവും ആകെ പൊറുതിമുട്ടിയിരിക്കുന്ന സമയമായിരുന്നു. കാര്യം കോഴിക്കോട് വാഴും സാമൂതിരി രാജാ ഇവരെ 1571 ലെ ചാലിയം യുദ്ധമടക്കം പല ഏറ്റുമുട്ടലുകളിലും തോൽപ്പിച്ചിട്ടുണ്ടെങ്കിലും, നെടിയിരുപ്പിന്റെ അതിർത്തിക്കപ്പുറം ഇവരെ പൂർണ്ണമായി തകർക്കാൻ അദ്ദേഹത്തിനു കഴിഞ്ഞിരുന്നില്ല.

ഇവരെ സഹായിച്ച പെരുമ്പടപ്പ് എന്ന കൊച്ചിയാവട്ടെ പറങ്കികളുടെ ഔദാര്യത്തിൽ ഭരണം നടത്തേണ്ട ഗതിയിലുമായി. കൊച്ചിയിലെ പുതിയ രാജാവിനെ വാഴിക്കേണ്ട സമയത്ത് പതിവിനു വിപരീതമായി മൂത്ത താവഴിയിലെ രാജകുമാരനെ മാറ്റി തങ്ങളോട് കൂറുള്ള ഇളയ താവഴിയിലെ ഒരു രാജകുമാരനെയാണ് പറങ്കികൾ വാഴിച്ചത്. ഇതു പാലിയത്തച്ചൻ, രാമവർമ്മ തുടങ്ങിയവരുടെ എതിർപ്പുകൾക്കു വഴിവെച്ചു. ഇതിനു പുറമേ തെക്കുംകൂർ, വടക്കും കൂർ, കായംകുളം തുടങ്ങി പല നാട്ടുരാജ്യങ്ങളും പറങ്കികൾക്കെതിരെ ഒരു ആക്രമണത്തിന് ഒരുങ്ങുന്ന സമയമായിരുന്നു അത്. ഈ അന്തരീക്ഷത്തിലാണ് ഡച്ചുകാർ മലബാർ തീരത്തേക്ക് വരുന്നത്. നേരത്തെ 1604 ൽ സാമൂതിരിയുമായി ഒപ്പുവെച്ച സന്ധി പ്രകാരം അവർ പറങ്കികളുടെ താവളങ്ങളായ കൊല്ലം, കൊച്ചി, കൊടുങ്ങല്ലൂർ തുടങ്ങിയവ ഒന്നൊന്നായി കീഴടക്കി പോന്നു. അഡ്മിറൽ വാൻ ഗൂൺസ് നേതൃത്വം നൽകിയ ലന്തക്കാരുടെ സൈന്യം പല ചെറു സംഘങ്ങളായാണ് ആക്രമണം നടത്തിയത്. 1664 ഓടെ എല്ലാ പറങ്കികോട്ടകൾക്കും മീതെ ഡച്ചുകൊടികൾ പാറിക്കളിച്ചു. കൊച്ചിയിലെ പറങ്കികൾ മരിച്ചവരെ അടക്കിയ കല്ലറകൾ വരെ പിഴുത് കായലിൽ എറിഞ്ഞാണ് ലന്തക്കാരുടെ സൈന്യം വിജയം ആഘോഷിച്ചത്.

1664 ൽ അങ്ങനെ ഡച്ചുകാർ രാജാക്കൻമാരുടെയും ജനങ്ങളുടെയും സമ്മതത്തോടെ തങ്ങളുടെ മലബാർ തീരത്തെ കച്ചവടത്തിന് തുടക്കമിട്ടു. പറങ്കികളെ അഥവാ പോർച്ചുഗീസുകാരെ അപേക്ഷിച്ച് ഡച്ചുകാർക്കുണ്ടായ ഏറ്റവും നല്ല വശമെന്നത് അവർ മതഭ്രാന്തർ അല്ലായെന്നതാണ്. മാത്രമല്ല ജനങ്ങളും രാജാക്കൻമാരും ചെറിയ നാട്ടു ഭരണാധികാരികളുമായിട്ടും വളരെ നല്ല ബന്ധമായിരുന്നു അവർ പുലർത്തിയിരുന്നത്. പറങ്കികളിൽ നിന്നും വ്യത്യസ്ഥമായി നല്ല അച്ചടക്കവും, കാര്യനിർവ്വഹണവുമുള്ള ഒരു സൈനീക ദളമായിരുന്നു ലന്തക്കാരുടേത്. ഗവർണ്ണറായ ജേക്കബ് ഹൂട്ട് സ്റ്റാർട്ടിന്റെ നിർദ്ദേശപ്രകാരം പുതുതായി നിയമിതനായ ക്യാപ്റ്റൻ ന്യൂഹോവ് കേരളതീരത്തെ ഒട്ടുമിക്ക രാജാക്കൻമാരെയും നേരിട്ടുപോയി ചർച്ച നടത്തിയാണ് കച്ചവടകരാറുകൾ തീരുമാനമാക്കിയത്. പുറക്കാട് രാജാവ്, കായംകുളം രാജാവ്, മരുതൂർ രാജാവ്, ദേശിങ്ങനാട് റാണി, തിരുവിതാംകൂർ രാജാവ് തുടങ്ങിയവരുമായി സഹകരിച്ചാണ് അദ്ദേഹം വ്യാപാര – വ്യാണിജ്യ കാര്യങ്ങൾ തീരുമാനമാക്കിയത്. ബംഗാളിൽ നിന്നു കറുപ്പും, മലബാറിൽ നിന്നു കുരുമുളകും, തമിഴ്നാട്ടിലെ പുലിക്കാട്ട് നിന്നു തുണിത്തരങ്ങളുമാണ് ഡച്ചുകാർ പ്രധാനമായും കയറ്റുമതി ചെയ്തത്. ഇതെല്ലാം നല്ല രീതിയിൽ തടസ്സമില്ലാതെ നടന്നു വരികയായിരുന്നു, ഹെൻഡ്രിക് വാൻ റീഡ് വരുന്നത് വരെ.

1673 ൽ താൻ ഭരണത്തിൽ ഏറിയ അന്നുമുതൽ കച്ചവടം മാത്രം പോരാ, എങ്ങനെയും തങ്ങളുടെ അധികാരം കൂടി ഇവിടെ സ്ഥാപിക്കണം എന്ന തീരുമാനത്തോട് കൂടിയാണ് വാൻ റീഡ് കൊച്ചിയിലെത്തിയത്. ആദ്യമായി തന്നെ തങ്ങൾക്കായി എല്ലാ സഹായവും ചെയ്ത കൊച്ചിരാജാവിനെ തന്നെ വാൻ റീഡ് ഭീഷണിപ്പെടുത്തി. പല കരാറുകളും നിർബന്ധിച്ച് ഒപ്പുവെപ്പിക്കുക മാത്രമല്ല, രാജാവ് ഡച്ച് ഭരണകൂടത്തിന്റെ കീഴിൽ ഭരണം നടത്താനും രാജാവിനെ സമ്മതിപ്പിച്ചു. ഡച്ചു ഗവൺമെന്റിന്റെ മുദ്രണയുള്ള കിരീടമാണ് അന്നുമുതൽ കൊച്ചിരാജാവ് അണിഞ്ഞത്. കച്ചവടവും നികുതി പിരിവും തങ്ങൾക്ക് തോന്നിയ രീതിയിൽ എന്നോണം വാൻ റീഡ് നടത്തിപോന്നു. മുൻപ് വന്നവരിൽ നിന്നും വ്യത്യസ്തനായ ഈ ലന്തക്കാരന്റെ തീരുമാനങ്ങളിൽ കോപം പൂണ്ട് പാലിയത്തച്ചനൊഴികെ പലരും ഡച്ചുകാർക്ക് എതിരായി തിരിഞ്ഞു. മങ്ങാട്ടു, പറവൂർ, മാങ്കുളം അധികാരികൾ ഡച്ചുകാരുടെ ശത്രുപക്ഷത്തായി. ഇതിനിടെ വെട്ടത്തുനാട്ടിൽ നിന്നും രണ്ടു തമ്പുരാക്കൻമാരെയും നാലു തമ്പുരാട്ടിമാരെയും ദത്തെടുക്കാനുള്ള രാജാവിന്റെ തീരുമാനത്തെ വാൻ റീഡ് എതിർക്കുകയും, പകരം ഡച്ചുകാരോട് വിധേയത്വം പുലർത്തിയ ചാലിയൂർ നാട്ടിൽ നിന്നും ദത്തെടുക്കാൻ കല്പിക്കുകയും ചെയ്തു. കോഴിക്കോട് സാമൂതിരിയുമായി ചേറ്റുവനാടിനെ ചൊല്ലി 1671 മുതൽ 1757 വരെ ഒരുപാട് യുദ്ധങ്ങൾ തന്നെ നടക്കുകയുണ്ടായി. ഇതിനിടെ 1663 ൽ അധികാര തുടർച്ചയെ ചൊല്ലിയുണ്ടായ തർക്കത്തിൽ വാൻ റീഡ് ഇളയ താവഴിയിലെ വീര കേരള വർമ്മയുടെ പക്ഷം ചേർന്നു മൂത്ത താവഴിയിലെ ഗോഥവർമ്മക്കെതിരെ യുദ്ധം നടത്തി. ഘോരയുദ്ധത്തിനു ശേഷം ഗോഥവർമ്മയെ രാജ്യഭരണത്തിൽ നിന്നു പുറത്താക്കി തങ്ങളുടെ ആശ്രിതനെ നിയമിക്കുകയും ചെയ്തു. 1691 ൽ സൂററ്റിലേക്ക് പോകുന്ന വഴിക്കാണ് വാൻ റീഡ് മരിക്കുന്നത്. പിന്നീട് അധികാരത്തിലേറിയ “വാൻ ഇംമോഫ്” അദ്ധേഹത്തിന്റെ വഴികൾ തന്നെ തുടരുകയും, ചെറുനാട്ടുരാജ്യങ്ങളായ മരുതൂർ കുളങ്ങര, അഞ്ചികൈമളുടെ പ്രദേശങ്ങൾ, വടക്കും കൂർ രാജ്യത്തെ പല ദേശങ്ങളും കീഴടക്കാൻ ഒരുങ്ങി. പറങ്കികളെ പോലെ ഡച്ചുകാരും അങ്ങനെ ജനങ്ങൾക്കു ശത്രുക്കളാകാൻ തുടങ്ങി. ഈ സമയത്താണ് ഇംഗ്ലീഷുകാർ അഥവാ ബ്രിട്ടീഷുകാർ ഇന്നത്തെ തലശ്ശേരി, അഞ്ചുതെങ്ങ് തുടങ്ങിയ പ്രദേശങ്ങൾ കേന്ദ്രമാക്കി ശക്തപ്പെട്ടു തുടങ്ങുന്നത്. മാത്രമല്ല 1741 ൽ കുളച്ചലിൽ തിരുവിതാംകൂറിലെ മാർത്താണ്ഡ വർമ്മയോടും,1757 ൽ ചേറ്റുവയിൽ മൈസൂറിന്റെ പടനായകൻ സർദാർഖാനോടും ഏറ്റ പരാജയവും ഡച്ചുകാരെ പാടെ തളർത്തികളഞ്ഞു. 1775 ൽ ബ്രിട്ടന്റെ കൊച്ചി ആക്രമണത്തോടെ ഡച്ചുകാരുടെ നാമമാത്രമായ അധികാരവും ഇല്ലാതെയായി. 1814 ൽ പാരീസിൽ വെച്ചു ഒപ്പുവെച്ച സന്ധിപ്രകാരം ഇന്ത്യയിൽ അവശേഷിക്കുന്ന എല്ലാ കേന്ദ്രങ്ങളും ബ്രിട്ടനു അടിയറവെച്ചു സ്വനാട്ടിലേക്ക് മടങ്ങുവാൻ ഡച്ചുകാർ നിർബദ്ധിതരായി.

ഒരുപക്ഷേ തന്റെ പൂർവ്വികർ തുടങ്ങിവെച്ച നല്ല ബന്ധങ്ങൾ തകർക്കാതെ മുന്നോട്ട് പോകാൻ ഹെൻഡ്രിക് വാൻ റീഡ് മനസ്സ് കാണിച്ചിരുന്നേൽ മറ്റൊരു വിദേശ ശക്തിക്ക് കേരളത്തിലെ അധികാരികളും, ജനങ്ങളും ചെവികൊടുക്കില്ലായിരുന്നു.

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

അക്ഷരശ്രീ പുരസ്‌കാരത്തിന് അപേക്ഷിക്കാം

പൂവാര്‍: കരുംകുളം ഡോ. ജെ. ആന്റണി കഥാ സാംസ്‌കാരിക പഠന കേന്ദ്രത്തിന്റെ അക്ഷരശ്രീ സാഹിത്യ പുരസ്‌കാരത്തിനായി 2022 ജനുവരി...

അഖില കേരള ചെറുകഥാ മത്സരത്തിലേക്ക് രചനകള്‍ ക്ഷണിച്ചു

കരുനാഗപ്പള്ളി: നാടകശാലയുടെ നേതൃത്വത്തില്‍ രണ്ടാമത് ചെറുകഥാമത്സരം നടത്തുന്നു. ഏതു വിഷയവും കഥയാക്കാം. 2 പേജില്‍ കവിയരുത്. ഒന്നും രണ്ടും...

എന്തിനാണ് ടാക്‌സ് കൊടുക്കുന്നതെന്ന് ചോദിപ്പിക്കരുത്; ചെന്നൈ കോര്‍പ്പറേഷനെതിരെ കടുത്ത വിമര്‍ഷനവുമായി നടന്‍ വിശാല്‍

ചെന്നൈ: ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കനത്ത മഴയെ തുടര്‍ന്ന് ചെന്നൈ നഗരത്തിലുണ്ടായ വെള്ളപ്പൊക്കത്തില്‍ ചെന്നൈ കോര്‍പ്പറേഷനെതിരെ കടുത്ത വിമര്‍ശനവുമായി തമിഴ്...

കാതലിന്റെ കാതല്‍

അഭിമുഖം ജിയോ ബേബി / ഗോകുല്‍ രാജ്‌ ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചൺ എന്ന സിനിമയുടെയും കാതൽ എന്ന സിനിമയുടെയും ക്ലൈമാക്സ്‌ നിൽക്കുന്നത്...

More like this

അക്ഷരശ്രീ പുരസ്‌കാരത്തിന് അപേക്ഷിക്കാം

പൂവാര്‍: കരുംകുളം ഡോ. ജെ. ആന്റണി കഥാ സാംസ്‌കാരിക പഠന കേന്ദ്രത്തിന്റെ അക്ഷരശ്രീ സാഹിത്യ പുരസ്‌കാരത്തിനായി 2022 ജനുവരി...

അഖില കേരള ചെറുകഥാ മത്സരത്തിലേക്ക് രചനകള്‍ ക്ഷണിച്ചു

കരുനാഗപ്പള്ളി: നാടകശാലയുടെ നേതൃത്വത്തില്‍ രണ്ടാമത് ചെറുകഥാമത്സരം നടത്തുന്നു. ഏതു വിഷയവും കഥയാക്കാം. 2 പേജില്‍ കവിയരുത്. ഒന്നും രണ്ടും...

എന്തിനാണ് ടാക്‌സ് കൊടുക്കുന്നതെന്ന് ചോദിപ്പിക്കരുത്; ചെന്നൈ കോര്‍പ്പറേഷനെതിരെ കടുത്ത വിമര്‍ഷനവുമായി നടന്‍ വിശാല്‍

ചെന്നൈ: ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കനത്ത മഴയെ തുടര്‍ന്ന് ചെന്നൈ നഗരത്തിലുണ്ടായ വെള്ളപ്പൊക്കത്തില്‍ ചെന്നൈ കോര്‍പ്പറേഷനെതിരെ കടുത്ത വിമര്‍ശനവുമായി തമിഴ്...