കവിത
നദീർ കടവത്തൂർ
‘ഭൂമി കൊല്ലപ്പെട്ടിരിക്കുന്നു’
പത്രങ്ങളിൽ വലിയ തലക്കെട്ടിൽ
വാർത്ത.
പാതിരാ ചർച്ചകളിൽ
കൊലപാതകിയാരെന്ന തർക്കം
കൊടുമ്പിരികൊണ്ടു.
പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നു.
ശ്വാസകോശം കരിമ്പുക നിറഞ്ഞ്
നിലച്ചു പോയിരുന്നു.
മാലിന്യത്താൽ വീർത്തു
തടിച്ച് കരൾ പൊട്ടിപ്പോയിരുന്നു.
നട്ടെല്ലിന്റെ സ്ഥാനത്ത്
തുരന്നെടുത്തു ബാക്കിയായ
ഒരു വലിയ ദ്വാരം.
ധമനികളിലെ രക്തത്തിൽ
തിരിച്ചറിയാൻ കഴിയാത്ത
രാസമിശ്രിതവും.
മോർച്ചറിക്കു പുറത്ത്
മൃതദേഹമേറ്റു വാങ്ങാൻ
എട്ടും പൊട്ടും തിരിയാത്ത
ഒരു കൂട്ടം കുരുന്നുകൾ മാത്രം.
…
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.