ചെറുകഥ
രണ്‍ജു
“A dream, all a dream, that ends in nothing, and leaves the sleeper where he lay down, but I wish you to know that you inspired it.”
– Charles Dickens, A Tale of Two Cities (1859)
അയാള്‍ ഒരു നാണംകുണുങ്ങി ആയിരുന്നു. പെണ്ണുങ്ങളുടെ മുഖത്തു പോലും നോക്കാത്ത ഒരു പാവം എന്നാണ് നാട്ടുകാരും കൂട്ടുകാരും അയാളെ കുറിച്ച് പറയാറ്. അയാള്‍ക്കത് കേള്‍ക്കുമ്പോള്‍ കലി വരും. ആരും കാണാതെ ശങ്കരപ്പാടത്തെ വരമ്പത്ത് പോയിരുന്ന് മീന്‍പൊടിച്ചു വരണ തോട്ടിലേക്ക് ഒറ്റത്തുപ്പാണ്. തുപ്പലു തിന്നാന്‍ വരണ കൊച്ചുമീനുകളുടെ കൂര്‍ത്ത മുഖം കാണുമ്പോള്‍ മനുഷ്യരോടുള്ള ദേഷ്യമെല്ലാം അലിഞ്ഞുപോകും.
ഉച്ചക്കാറ്റേറ്റ് എല്ലാവരും മയങ്ങുന്ന നേരത്താണ് കുത്തിച്ചൂഡനെപ്പോലെ അയാള്‍ വെളിയിലിറങ്ങുക. കുട്ടിക്കാലത്ത് കുത്തിച്ചൂഡനെ അയാള്‍ക്ക് വല്ലാത്ത പേടിയായിരുന്നു. അതിന്‍റെ കൂവല്‍ കേട്ടാല്‍ അടിവയറ്റില്‍ നിന്നും ഒരു വിറയല്‍ കേറി വരും. കുത്തിച്ചൂഡന്‍ കൂവുന്ന ഉച്ചനേരത്താണ് ആല്‍മരങ്ങളില്‍ പാര്‍ക്കുന്ന യക്ഷികള്‍ പകലുറക്കം വിട്ടെഴുന്നേറ്റ് ഒന്നു നടുനിവര്‍ത്തുക എന്ന് കേട്ടിട്ടുണ്ട്. ഉയരെയുള്ള ശിഖരങ്ങളില്‍ കാലുനീട്ടിയിരുന്ന്, വെറ്റിലയിലെ നാരുകള്‍ നീണ്ടുകൂര്‍ത്ത നഖങ്ങളാല്‍ ചീന്തിക്കളഞ്ഞ്, ചുണ്ണാമ്പ് തേച്ചു മിനുക്കി, നീറ്റടക്ക കൂട്ടി കടിച്ച് രക്തം പുരണ്ട ദംഷ്ട്രകള്‍ അവര്‍ മുറുക്കിച്ചുവപ്പിക്കും. ഒരു പാതിരാപ്രണയത്തിന്‍റെ ചുണ്ണാമ്പു മണം എല്ലാ നട്ടുച്ചക്കനവുകളും മുനകൂര്‍ത്ത ദംഷ്ട്രകളില്‍ കാത്തു വയ്ക്കുന്നുണ്ട്.
കുട്ടിക്കാലത്തിന്‍റെ തീരാമോഹമായി അച്ഛന്‍ വാങ്ങിക്കൊടുത്ത അല്‍പ്പം തുരുമ്പിച്ച ഒരു ചുവന്ന ബി.എസ്.എ. സൈക്കിളിലാണ് അയാള്‍ നാടു ചുറ്റിക്കറങ്ങാനിറങ്ങുക. അതല്ലെങ്കില്‍ വെറുതെ ഉച്ചക്കാറ്റും കൊണ്ടു നടക്കും. വീടിനെ ചുറ്റി ലൂര്‍ദ് മാതാ സ്കൂളിന് അരികിലൂടെയുള്ള വഴിയിറങ്ങി ശങ്കരാപ്പാടം കൂടിയുള്ള ഉച്ചയാത്രകള്‍. അതങ്ങനെ മിത്രാനന്ദപുരം അമ്പലം കടന്ന് ചിലപ്പോള്‍ പൂത്തറക്കലും അമ്മാടവും ചുറ്റി പെരുമ്പിള്ളിശ്ശേരിയില്‍ വന്നു നില്‍ക്കും. പിന്നെ സായിവിന്‍റെ ചായക്കടയില്‍ നിന്നും ഒരു ചായയും സുഗ്യനും. ഒരു നാലുമണി പുഷ്പമായി വിടര്‍ന്ന് ഗ്രാമം അപ്പോഴേക്കും ഉച്ചമയക്കം വിട്ടെഴുന്നേറ്റിട്ടുണ്ടാകും.
ഒരിക്കല്‍ ഒരുച്ച നേരത്ത്, പതിവുപോലെ ശങ്കരാപ്പാടത്തു കൂടെ സൈക്കിള്‍ ചവുട്ടി കടന്നു പോയ അയാള്‍ക്കു മുന്നിലേക്ക് എവിടെ നിന്നോ വഴിതെറ്റി വന്നുപെട്ടതു പോലെ അവള്‍ പാറി വീണു. ആ നിമിഷത്തില്‍ അയാള്‍ക്കുള്ളില്‍ ഒരു പ്രണയകവാടം വെട്ടിത്തുറന്നു. പിന്നെ എല്ലാ ദിവസവും അയാള്‍ ആ വഴിയെ വെറുതെ എന്തോ പ്രതീക്ഷിച്ച് സൈക്കിള്‍ ചവിട്ടാന്‍ തുടങ്ങി.
അവള്‍ അയാളുടെ യാത്രകളുടെ ഉച്ചമണം അറിഞ്ഞു. ചിതലരിച്ച പത്തലുകള്‍ വീണു കിടക്കുന്ന പറമ്പിന്‍റെ ഓരത്ത് അയാളെ കാത്ത് അവള്‍ പാത്തു നിന്നു. അകലെ നിന്ന് പാടത്തിന്‍റെ ഓരം ചേര്‍ന്ന് അയാള്‍ തന്‍റെ ചുവന്ന സൈക്കിള്‍ ചവുട്ടി വരുന്നതു കാണുമ്പോള്‍ അവളുടെ ഉള്ളില്‍ ഒരു ചെമ്പോത്ത് കുറുകി.
തമ്മില്‍ പരസ്പരം അറിയാതെ അവര്‍ പ്രണയിച്ചു. ശങ്കരാപ്പാടത്തിന്‍റെ കരയില്‍ ഉച്ചക്കാറ്റേറ്റ് പറമ്പില്‍ പതിയിരുന്ന് ഉള്ളറിഞ്ഞു. ആ നോവില്‍ പകലിരവോളം നൊന്തു പിടഞ്ഞു. ആത്മദാഹത്താല്‍ അകമേ രതിജലം പേറി, അതില്‍ സദാ മുങ്ങിത്തുടിച്ചു.
ഒരു ദിനം, നഴ്സിംഗ് പഠനം കഴിഞ്ഞു നിന്ന അവളെ കരകാണാകടലിനും അക്കരെ നിന്നും വന്നൊരുത്തന്‍ കെട്ടിക്കൊണ്ടുപോയി. അയാള്‍ അവളേയും കാത്ത് പിന്നെയും കുറേ നാള്‍ സൈക്കിള്‍ ചവുട്ടി. ഞായറാഴ്ചകളില്‍ അവളെ കാത്ത് സെന്‍റ് ആന്‍റണീസ് പള്ളിയുടെ വളവു തിരിഞ്ഞ്, ഇലക്ട്രിസിറ്റി ഓഫീസിനു അടുത്തുള്ള ആല്‍ച്ചുവട്ടില്‍ സൈക്കിളും വച്ച് കാത്തുകാത്ത് നിന്നു. അവള്‍ വന്നില്ല. അവളുടെ പേര് റോസ് മേരി എന്നായിരുന്നു.
വിരഹദു:ഖത്തില്‍ മുങ്ങി, ദു:ഖിച്ചു വേദനിച്ച് അയാള്‍ക്ക് സ്വന്തം പേര് പോലും മറന്നു പോയ അവസ്ഥ ഉണ്ടായി. അയാളെ നാട്ടുകാരും വീട്ടുകാരും സ്നേഹപൂര്‍വ്വം രഞ്ചു എന്നു വിളിച്ചു. കരഞ്ഞുതളര്‍ന്ന് ഹൃദയം പൊട്ടി കുറേനാള്‍ നടന്നശേഷം അയാള്‍ ഒരു കവിത എഴുതി. അതിലെ ഒരുവരി അയാള്‍ മനസ്സില്‍ കുറേനാള്‍ ഉരുവിട്ടു നടന്നു- “പ്രാണപ്രേയസീ, ഹൃദയത്തില്‍ നിന്നുമൊരു ചുവന്ന റോസാപുഷ്പം പറിച്ചെടുത്ത് തരട്ടെ!”
കുറേനാള്‍ കഴിഞ്ഞപ്പോള്‍ അയാള്‍ ആ വരികള്‍ എന്നെന്നേയ്ക്കുമായി മറന്നുപോയി.
……
“രഞ്ചൂ, ഐ ലവ് യു!”
തിരുവനന്തപുരത്ത് പാളയം പാലത്തിലൂടെ ഒരു സന്ധ്യമയങ്ങിയ നേരത്ത് നടന്നു പോകുമ്പോള്‍ അവള്‍ അയാളോട് പറഞ്ഞു. അയാള്‍ ഉള്ളാകെ വിയര്‍ത്തൊട്ടി, വല്ലാതെ പകച്ച് അവളെ നോക്കി. അവള്‍ അങ്ങനെ പറഞ്ഞത് അയാള്‍ക്ക് തെല്ലും വിശ്വസിക്കാനായില്ല.
അന്നേരം പടിഞ്ഞാറ് അസ്തമയ സൂര്യന്‍റെ നെറുകെയില്‍ നിന്നും ഇറങ്ങി വന്ന്, പാളയത്ത് യൂണിവേഴ്സിറ്റിക്കു മുന്നിലെ നെടുങ്കന്‍ വളവു തിരിഞ്ഞ്, പി.എം.ജി. ജംഗ്ഷന് അരികിലേക്ക് യൂണിവേഴ്സിറ്റി ബസ് വേഗത്തില്‍ ചവുട്ടി വിടുകയായിരുന്നു തങ്കപ്പണ്ണന്‍. പാളയം പാലത്തില്‍ പരസ്പരം മറന്ന് കൈകോര്‍ത്ത് പ്രണയമിഥുനങ്ങളായി നില്‍ക്കുന്ന അവരെ അയാള്‍ കണ്ടു. പുറകോട്ട് നീട്ടിയൊരു വിളിയില്‍ അയാള്‍ കണ്ടക്ടര്‍ ശശിയണ്ണനെ ഉണര്‍ത്തി.
“അണ്ണാ, നോക്കീന്ന്… യിത് കാര്യവട്ടം പയലുകള് തന്നല്ല്? എന്തര് വണ്ടി പോയ അണ്ണാന്‍ കണക്ക് പാലത്തില് നിന്ന് പെടയ്ക്കണ്!”
കറുത്തു മെലിഞ്ഞ ഫ്രുഡന്‍ഷ്യയും നീണ്ടു പൊക്കത്തില്‍ സുന്ദരനായ, അലൈപ്പായുതൈ സിനിമയിലെ മാധവനെപ്പോലെ മനംമയക്കും വിധം പുഞ്ചിരിക്കുന്ന അയാളും തമ്മില്‍ കടുത്ത പ്രണയത്തില്‍ ആണെന്ന് അങ്ങനെ കാമ്പസ്സിലാകെ പാട്ടായി. അവര്‍ കനകക്കുന്നിലെ വൈകുന്നേരങ്ങളില്‍ പ്രണയബദ്ധരായി കാണപ്പെടുകയും, സ്റ്റാച്യൂ ജംഗ്ഷനിലും പ്രസ് ക്ലബ്ബ് റോഡിലും കൈകോര്‍ത്ത് നടക്കുന്നതായും, തമ്പാനൂരുള്ള കോഫി ഹൌസില്‍ മസാല ദോശയും ചായയും കഴിച്ചുകൊണ്ടിരിക്കുന്നതും, കിഴക്കേകോട്ടയില്‍ ശംഖുമുഖത്തേക്കും കോവളത്തേയ്ക്കും ഉള്ള ബസ്സുകള്‍ കാത്തു നില്‍ക്കുന്നതും ഒക്കെ ആളുകള്‍ പറഞ്ഞു പരത്തി. കാര്യവട്ടത്തെ ലേഡീസ് ഹോസ്റ്റലിനടുത്തുള്ള ബസ് സ്റ്റോപ്പിലിരുന്ന് അവധി ദിവസങ്ങളില്‍ അവര്‍ പ്രണയിച്ച് പഠിക്കുകയും, വൈകുന്നേരത്തെ തൃപ്പാദപുരം ബസ്സ് കയറി അയാള്‍ നഗരത്തിലുള്ള ഹോസ്റ്റലിലേക്ക് തിരിച്ച് പോവുകയും ചെയ്തു.
ബോട്ടണി ബ്ലോക്കിന്‍റെ പുറകിലെ ഹൈമാവതി കുളത്തിനരികില്‍ ആരും അധികം പോകാറില്ല. ഹൈമാവതി എന്ന സുന്ദരിയായ യക്ഷി അവിടെ സസുഖം പാര്‍ത്തു വന്നു. അവിടത്തെ അരളിപ്പൂക്കള്‍ വീണുകിടന്ന വഴിത്താരയ്ക്കരികിലെ വള്ളിക്കുടിലില്‍ വച്ചാണ് അയാള്‍ അവളെ ആദ്യമായി ചുംബിച്ചത്. ശരിക്കും പറഞ്ഞാല്‍ അവളില്‍ നിന്നും അയാള്‍ അത് കവര്‍ന്നെടുക്കുകയായിരുന്നു.
‘ഒരുമ്മ വച്ചോട്ടെ’ എന്ന അയാളുടെ ചോദ്യം കേള്‍ക്കാന്‍ അവള്‍ കൊതിക്കാന്‍ തുടങ്ങിയിട്ട് കുറേ നാളായിരുന്നു. എന്നാല്‍, ‘നല്ല പെങ്കുട്ടികള്‍ അതൊന്നും ചോദിക്കില്ല, ചെയ്യില്ല’ എന്ന സദാചാര പാഠം അവള്‍ ഓര്‍ത്തു. പള്ളിസെമിനാരിയിലെ അച്ചന്മാരുടെ പ്രിയപ്പെട്ട കുഞ്ഞാടായിരുന്നു അവള്‍. ഒരാണും പെണ്ണും തമ്മില്‍ ചുംബിച്ചാല്‍ കുഞ്ഞുണ്ടാകും എന്നായിരുന്നു കോളജില്‍ ചേരും വരെ അവള്‍ കരുതിയിരുന്നത്. കോളജില്‍ വച്ചാണ് തന്‍റെ തെറ്റിദ്ധാരണകളൊക്കെ മാറ്റി അവള്‍ ഒരു പൂര്‍ണ്ണസ്ത്രീ ആയത്. അവസാന സെമസ്റ്ററിലെ പ്രോജക്റ്റിനായി മാധവിക്കുട്ടിയുടെ നെയ്പായസം കഥ വിവര്‍ത്തനം ചെയ്യവെ, ഒരിക്കല്‍ ശാരദ മിസ്സിനോട് അവള്‍ ‘എന്‍റെ കഥ’യെ കുറിച്ച് ചോദിച്ചു. എന്തിനാണ് മാധവിക്കുട്ടി അത് എഴുതിയത് എന്നോര്‍ത്ത് അവള്‍ക്ക് ശരിക്കും ഉറക്കം വരുന്നില്ലായിരുന്നു.
“സ്വയം എഴുതിത്തുടങ്ങുമ്പോള്‍ നീ അതു മനസ്സിലാക്കും!,” ശാരദ മിസ് പറഞ്ഞു.
ഫ്രുഡന്‍ഷ്യ എഴുതിയതെല്ലാം പ്രണയമായിരുന്നു. എന്നാല്‍, വള്ളിക്കുടിലില്‍ വച്ച് അവള്‍ നിര്‍ബന്ധം പിടിച്ചു: “എന്‍റെ കവിളില്‍ മാത്രം ചുംബിച്ചാ മതി…”
അയാള്‍ തലകുലുക്കി. എന്നിട്ട് അവളെ തന്നിലേക്ക് വലിച്ചടുപ്പിച്ച് മുഖം മുഖത്തിന്‍റെ മണം തിരിച്ചറിയുന്ന അകലത്തിലങ്ങനെ പൊടിമീശ കിളിര്‍ത്ത് പൂത്തു നിന്നു. ആ കവിളില്‍ നൃത്തം വയ്ക്കവെ, ഒരു ശീല്‍ക്കാരത്തോടെ അവളുടെ ചുണ്ടിന്‍റെ ആഴങ്ങളിലേക്ക് അയാളുടെ ചുണ്ടുകള്‍ കാല്‍ വഴുതി വീണു. ഞാവല്‍പ്പഴത്തിന്‍റെ നിറമുള്ള അവളുടെ ചുണ്ടില്‍ അയാള്‍ മൃദുവായി ചുംബിച്ചു. തന്‍റെ ചുണ്ടില്‍ നിന്നും ഒരു ചുടുചുംബനം കവര്‍ന്നെടുക്കപ്പെട്ടതായി മനസ്സിലാക്കിയ ഫ്രുഡന്‍ഷ്യയുടെ കണ്ണുകള്‍ വിസ്മയത്താല്‍ തള്ളിത്തുറിച്ചു വന്നു. അയാളുടെ നീണ്ടുവിടര്‍ന്ന നോട്ടത്തില്‍ നിന്നും തെന്നിമാറി അതൊരു തീഗോളമായി.
“ഞാന്‍ പാപം ചെയ്തിരിക്കുന്നു! ഇനി നീയെന്നെ കാണില്ല…,” അവള്‍ ഭ്രാന്തം പിറുപിറുത്തു.
അയാളില്‍ നിന്നും കുതറിമാറി ഓടിപ്പോയ ഫ്രുഡന്‍ഷ്യയെ അയാള്‍ പിന്നൊരിക്കലും കണ്ടില്ല. അവസാനത്തെ സെമസ്റ്റര്‍ മുഴുമിപ്പിക്കാതെ ഫ്രുഡന്‍ഷ്യ പഠിത്തം നിര്‍ത്തി പോവുകയും കന്യാസ്ത്രീ മഠത്തില്‍ ചേരുകയും ചെയ്തു. പാളയത്തെ ലത്തീന്‍ പള്ളിയില്‍ അവള്‍ക്കു വേണ്ടി അയാള്‍ നേര്‍ന്ന മെഴുകുതിരികള്‍ ഉരുകാതുരുകിത്തീര്‍ന്നു.
വര്‍ഷങ്ങള്‍ക്കു ശേഷം, ഒരു പത്രവാര്‍ത്തയായി ഫ്രുഡന്‍ഷ്യ അയാളിലേക്ക് തിരിച്ചെത്തി.
‘മഠത്തിലെ കിണറ്റില്‍ സന്യസ്ഥ വിദ്യാര്‍ത്ഥിനി വീണു മരിച്ച നിലയില്‍’ എന്ന രണ്ടു കോളം വാര്‍ത്തയ്ക്കൊപ്പം കണ്ട ഫോട്ടോ ഫ്രുഡന്‍ഷ്യയുടേതായിരുന്നു.
അതുകണ്ട് അയാള്‍ ഞെട്ടിത്തരിച്ചിരുന്നു. വല്ലാത്തൊരു കുറ്റബോധം അയാളെ വിടാതെ പിടികൂടി.
……
ഒരു ദിവസം, ദു:ഖിതനായി തന്‍റെ ഹോസ്റ്റല്‍ മുറിയില്‍ കരഞ്ഞു നനഞ്ഞ് കിടന്നിരുന്ന അയാളെ തേടി ഒരു ഫോണ്‍ വന്നു. ഹോസ്റ്റലിന്‍റെ പതിനേഴാം നമ്പര്‍ മുറിയിലേക്ക് രാമപ്പന്‍ നീട്ടി വിളിച്ചു: “റൂം നമ്പര്‍ പയിനേഴ് ഫോണ്‍…”
സെല്‍ ഫോണ്‍ പ്രചാരത്തില്‍ വരാത്ത കാലമാണ്. അയാള്‍ ഓടി താഴോട്ടുള്ള ചവിട്ടുപടികള്‍ ചാടിക്കടന്ന് പറന്നു കിതച്ചെത്തിയപ്പോള്‍ അങ്ങേത്തലയ്ക്കല്‍ ഒരു പുന്നാരത്തിളക്കം!
“ഡാ, നീയെന്തൂട്ട് എട്ക്കാ? ഇപ്പള് കാമ്പസില് കാണാറില്യാലോ?”
ആ ശബ്ദം പരിചിതമാണല്ലോ എന്ന് അയാള്‍ക്ക് തോന്നി. അതോര്‍ത്തപ്പോള്‍ അടിവയറ്റില്‍ നിന്നും ഒരു രതികൂജനം നട്ടെല്ലിലൂടെ പുളഞ്ഞു പാഞ്ഞ് അയാളുടെ ഹൃദയത്തില്‍ ചെന്നിടിച്ചു.
കാമ്പസ്സിന്‍റെ ഹൃദയം കീഴടക്കിയ കുന്നംകുളംകാരി മായ നമ്പൂതിരി ആയിരുന്നു അത്. അന്നു വൈകുന്നേരം പാളയം സംസം ഹോട്ടലില്‍ രണ്ടു ജീവബിന്ദുക്കള്‍ കണ്ടുമുട്ടുകയും തക്കാളി റോസ്റ്റും പൊറോട്ടയും, ഉപ്പും പഞ്ചസാരയുമിട്ടു കലക്കിയ നാരങ്ങാവെള്ളം കുടിക്കുകയും ചെയ്തു. അടുത്ത ദിവസവും അവര്‍ വീണ്ടും കണ്ടുമുട്ടുകയും ദിവസം മുഴുവനും നഗരത്തില്‍ ചുറ്റിക്കറങ്ങി നടക്കുകയും ചെയ്തു. നാട്ടിലേക്കു തിരിക്കാനുള്ളതിന്‍റെ അന്നു രാത്രി അവസാനത്തെ ഷോയ്ക്കുള്ള ഏതോ ഒരു സിനിമയ്ക്ക് അവര്‍ കയറി. അവസാനത്തെ ഷോ ആയതിനാല്‍ തിയ്യറ്ററില്‍ ആള്‍ കുറവായിരുന്നു. അന്നു രാത്രി അവര്‍ കണ്ട സിനിമയുടെ പേരോ കഥയോ കഥാപാത്രങ്ങളോ അവര്‍ ഓര്‍ത്തില്ല. കയ്യും കാലും ചുണ്ടും ഹൃദയവും പിണഞ്ഞു കൂടി, പരസ്പരം മണത്തും വിയര്‍ത്തൊട്ടിയും ഉള്ളറിഞ്ഞ് അവര്‍ ഇരുന്നു.
സ്റ്റേഷനില്‍ അവരെ കാത്ത് പ്രണയത്തിന്‍റെ അവസാനത്തെ തീവണ്ടി കിടന്നു. രാത്രിവണ്ടിയുടെ തീക്ഷ്ണഗന്ധം ചുറ്റിലും പരന്നു. പരസ്പരം മറന്നു പുണര്‍ന്ന്, ഒരു ഞെട്ടിലെ ഇരുപുഷ്പങ്ങളായി അവര്‍ മുട്ടിയുരുമ്മിയിരുന്നു. അയാളുടെ കൈകളില്‍ അവള്‍ ഇടയ്ക്കിടെ ചുംബിച്ചുകൊണ്ടിരുന്നു. അവര്‍ ഇരുന്നതിനടുത്ത് സ്ഥലം ഒഴിഞ്ഞു കിടന്നിട്ടും ആരും അവര്‍ക്കരികില്‍ വന്നിരുന്നില്ല. അങ്ങനെയിരുന്ന് പ്രണയിച്ച് അവര്‍ ഉറങ്ങിപ്പോയി. വെളുപ്പിന് ഇരിഞ്ഞാലക്കുട കഴിഞ്ഞപ്പോള്‍ അയാള്‍ കൈകള്‍ വിടുവിച്ച് മൂത്രമൊഴിക്കാനായി എഴുന്നേറ്റു. തിരിച്ച് അവള്‍ക്കരികില്‍ വന്നിരുന്ന അയാളില്‍ ഒരു ദു:ഖം വിതുമ്പി നിന്നു.
“അടുത്തത് തൃശ്ശൂര്‍ സ്റ്റേഷനാണ്. നമ്മള്‍ ഇറങ്ങി രണ്ടു വഴിയേ പോകും. എനിക്കു വല്ലാത്ത വിഷമം പോലെ…”
അയാളില്‍ ഒരു വിരഹക്കണ്ണുനീര്‍ മുട്ടി നിന്നു.
“നമുക്ക് എന്‍റെ തറവാട്ടിലേക്ക് പോകാം. പ്രോജക്റ്റ് ചെയ്യാന്‍ വന്നതാണെന്നു പറയാം…,” അവള്‍ ഒരുപായം പറഞ്ഞു.
അയാള്‍ക്ക് അതത്രയ്ക്ക് മനസ്സിലുറച്ചില്ല.
തൃശ്ശൂര്‍ എത്തി സ്റ്റേഷനു പുറത്തിറങ്ങി, ട്രാന്‍സ്പോര്‍ട്ട് ബസ് സ്റ്റാന്‍റിനടുത്തേക്ക് നടക്കാന്‍ തുടങ്ങിയ അയാളുടെ കയ്യില്‍ ഒരു മുല്ലവള്ളിയായി മായ ചുറ്റിപ്പിണഞ്ഞു. അയാളെ പൂണ്ടടക്കം പിടിച്ച്, മുഖം വലിച്ചടുപ്പിച്ച്, ആ നട്ടുച്ചത്തണലില്‍ എല്ലാവരും കാണ്‍കെ അവള്‍ അയാളുടെ മസാലദോശ മണക്കുന്ന ചുണ്ടില്‍ അമര്‍ത്തി ചുംബിച്ചു.
അക്കിക്കാവില്‍ ബസ്സിറങ്ങി വീട്ടിലേക്ക് നടക്കുമ്പോള്‍ മായ പറഞ്ഞു: “കമ്യൂണിസ്റ്റ് കുടുംബം ആണ്. എന്നാലും പഴഞ്ചന്‍ ആളുകളാണ്. എന്തൂട്ടെങ്കിലും പറഞ്ഞാ മനസ്സില് വയ്ക്കരുത്ട്ടോ!”
അക്കിക്കാവിലെ അവളുടെ തറവാട്ടില്‍ അമ്മാമയും ഭാര്യയും മാത്രമേ ഉണ്ടായിരുന്നുള്ളു. അവര്‍ക്ക് മക്കളില്ലായിരുന്നു. പഴയ ജന്മികളായ അവര്‍ക്ക് പറക്കണക്കിനു പാടം സ്വന്തമായുണ്ടായിരുന്നു. അടിയാളുകള്‍ ഇന്നും വന്ന്‍ പടിക്കല്‍ ഓച്ഛാനിച്ചു നില്‍ക്കും. സ്ഥലത്തെ ഉല്‍പതിഷ്ണുക്കളാണ് അമ്മാമയുടെ സുഹൃദ് വലയം നിറയെ. സാഹിത്യകാരന്മാരും പൊതുപ്രവര്‍ത്തകരും കുന്നംകുളത്തെ പ്രമുഖരും പോരാത്തതിന് തൃശ്ശൂര്‍ക്കാരായ സിനിമാക്കാരും ഒക്കെയായി ഒരുകൂട്ടം പേര്‍. പക്ഷെ ആരെയും വീട്ടിലേക്ക് അങ്ങനെ നേരിട്ട് ക്ഷണിക്കില്ല. അറിയില്ലാലൊ, അവര്‍ക്കൊപ്പം ഏതേലും അയിത്തജാതിക്കാര്‍ വന്നു കയറിയാലോ? വരരുത് എന്നു പറഞ്ഞാല്‍ അലോഹ്യം ആകും; പുരോഗമന നവോത്ഥാന കേരളത്തിനത് അലോസരമാകും. അതുകൊണ്ട് പുറത്തു നിന്നുള്ളവര്‍ക്ക് താമസിക്കാനായി നെല്ലുപുരയ്ക്കു വെളിയില്‍ മച്ചുള്ള ഒരു മുറി പണികഴിപ്പിച്ച് ഇട്ടിട്ടുണ്ട്. ഈയിടെയായി സാഹിത്യസദസ്സുകളൊന്നും നടക്കാറില്ല. അതുകൊണ്ട് ആരും അവിടെ താമസിക്കാനായി എത്താറില്ല.
അമ്മാമയുടെ ചോരയാണ് മായയ്ക്കെന്നാണ് മുത്തശ്ശി പറയാറ്. അര്‍ത്ഥശാസ്ത്രത്തില്‍ പറയുമ്പോലെ അപൂര്‍വ്വമായ ഒരു അവസ്ഥയാണ് മായയുടെ ജനനത്തിലുണ്ടായിരുന്നത്. അമ്മ കോലോത്തെ അന്തര്‍ജ്ജനം, അച്ഛന്‍ അസ്സല്‍ നായര്‍.
“അറിയോ, അര്‍ത്ഥശാസ്ത്രപ്രകാരം അതൊരു പുതിയ ജാതിയാണ്!,” ഒരിക്കല്‍ എന്തോ വലിയ കണ്ടുപിടുത്തം നടത്തിയ പോലെ മായ പറഞ്ഞു.
സിമൊന്ത ബൊവ്വയുടെ ‘ദി സെകന്‍റ് സെക്സ്’ ഒരുമിച്ചിരുന്ന് വായിച്ച ശേഷം ഫെമിനിസത്തെ കുറിച്ചുള്ള ചര്‍ച്ചക്കിടയിലേക്കാണ് ജാതി കയറി വന്നത്. അതയാള്‍ പ്രതീക്ഷിച്ചിരുന്നോ?
“എന്താണാവോ മായേ നെന്‍റെ കൂട്ടുകാരന്‍റെ ജാതി?”
പച്ചയ്ക്ക് തന്നെ കടുത്ത മാര്‍ക്സിസ്റ്റും നാട്ടിലെ പുരോഗമന ശിങ്കവുമായ അമ്മാമ ചോദിച്ചപ്പോള്‍ മായ കെറുവിച്ചു.
“എന്നാ പെരുവഴീല് കെടത്താംല്ലേ… പഠിക്കാന്‍ വന്നതാ അയാള്…,” അവളില്‍ നിരാശ നിറഞ്ഞു.
പുറത്തെ മച്ചിട്ട മുറിയില്‍ അയാള്‍ കിടന്നു. പഠിക്കാനെന്ന ഭാവേന മായ അയാള്‍ക്കൊപ്പം ഒളിച്ചു കിടന്നു. ആ അവധിക്കാലത്ത്, വാത്സ്യായനന്‍ എഴുതി വച്ചതും അല്ലാത്തതുമായ എല്ലാ പ്രണയലീലകളും അവര്‍ പരീക്ഷിച്ചു. അമ്പഴങ്ങ വിളഞ്ഞു നില്‍ക്കുന്ന പറമ്പിലൂടെ അപ്പൂപ്പന്‍ താടികള്‍ തേടി നഗ്നരായി അവര്‍ പുലര്‍കാല സവാരി നടത്തി. പാതിരാവുകളില്‍ മച്ചിലൊളിച്ചു പാര്‍ത്തിരുന്ന ഒരു വടയക്ഷിക്കൊപ്പം രുധിരപാനം ചെയ്ത് ത്രിഗുണസുരതമാടി.
അതിനടുത്ത ചിങ്ങത്തില്‍ മായാ നമ്പൂതിരി അവരുടെ സീനിയര്‍ ബാച്ചിലെ രാജേഷ് എബ്രഹാമിനൊപ്പം ഒളിച്ചോടി കല്യാണം കഴിച്ചു. അവര്‍ തമ്മില്‍ അഞ്ചു വര്‍ഷത്തോളം ദില്ലിയില്‍ ഒരുമിച്ച് താമസിക്കുകയും പിന്നീട് വേര്‍പിരിയുകയും ചെയ്തു.
……
ദില്ലിയില്‍ ജോലി ചെയ്തിരുന്ന കാലത്ത് അയാള്‍ മായയെ കാണാന്‍ ഒരു വൃഥാശ്രമം നടത്തി നോക്കിയിരുന്നു. എന്നാല്‍ അയാളുടെ ഓര്‍ക്കൂട്ട് സന്ദേശങ്ങള്‍ക്ക് അവള്‍ മറുപടി പറയുകയോ, അയാളെ അറിഞ്ഞതായി പോലും ഭാവിക്കുകയോ ചെയ്തില്ല. അയാളുടെ ഫോണ്‍ നമ്പര്‍ ആവശ്യക്കാരില്ലാതെ അവളുടെ മെസ്സേജ് ബോക്സില്‍ വെറുതെ കിടന്നു.
പിന്നീട് അയാളുടെ ഹണിമൂണ്‍ ദിനങ്ങള്‍ക്കിടയിലാണ് അവള്‍ ഒരു ഫോണ്‍ സന്ദേശമായി കടന്നു വന്നത്.
“കണ്ണാ നീ എവിടാടാ? എനിക്കൊന്നു നിന്നെ കാണണം. മായ” എന്ന സന്ദേശം അയാള്‍ക്കായി ഫോണിന്‍റെ മുറ്റത്ത് കാത്തു കിടന്നു.
സുരതത്തളര്‍ച്ചയില്‍ ഒന്നു കയ്യെത്തിച്ച് അതെടുത്തത് അയാളുടെ ഭാര്യയായിരുന്നു. രതിവേഴ്ചയ്ക്കു ശേഷം ഒന്നു മേല്‍കഴുകി ബാത്ത്റൂമില്‍ നിന്നു പുറത്തു വന്ന അയാള്‍ക്കു നേരെ അവര്‍ അതു നീട്ടിപ്പിടിച്ചു.
“ഇത്… അത്…,” അയാള്‍ പരുങ്ങി.
അതില്‍ തീര്‍ന്നു അയാളുടെ വിവാഹജീവിതം. വല്ലാത്ത ആശ്വാസമാണ് അയാള്‍ക്ക് തോന്നിയത്.
അതോര്‍ത്ത് അങ്ങനെ കിടക്കുമ്പോള്‍, ഒരോര്‍മ്മത്തെറ്റു പോലെ മത്ത പൂത്തു കിടന്ന അയാളുടെ ക്വാര്‍ട്ടേഴ്സിന്‍റെ മുറ്റത്ത് ഒരു മായാജാലത്തിലെന്ന പോലെ മായാ നമ്പൂതിരി വന്നിറങ്ങി.
“എടോ, ഞാന്‍ വീണ്ടും കെട്ടാന്‍ പോകുന്നു. അതിനു മുമ്പ് അവസാനമായി നിന്‍റൊപ്പം കിടക്കണംന്ന് തോന്നി. നിനക്ക് വിരോധം ഇല്ലാലൊ..ല്ലേ…?”
അയാള്‍ ഒന്നും പറഞ്ഞില്ല. രാത്രി, അരാവല്ലി മലനിരകളെ ചൂഴ്ന്നു നില്‍ക്കുന്ന അയാളുടെ ഫ്ലാറ്റിന്‍റെ ബാല്‍ക്കണിയില്‍ കത്തുന്ന വിളക്കുകള്‍ കൊണ്ട് അവള്‍ ഒരു മായാമണിയറ തീര്‍ത്തു. അതില്‍ നഗ്നരായി പിടഞ്ഞ് അവര്‍ അന്നു രാത്രി മുഴുവനും ആകാശത്തെ നക്ഷത്രങ്ങളെണ്ണി കിടന്നു. നീണ്ട ഒരു പകലും രാത്രിയും കാമത്തില്‍ മുങ്ങിത്തുടിച്ച ശേഷം അവള്‍ അയാളെ എന്നെന്നേക്കുമായി മറന്ന്, വാതില്‍ വലിച്ചടച്ച് പുറപ്പെട്ടു പോയി.
……
ഒരു വൈകുന്നേരം പഴയ പ്രണയങ്ങളോര്‍ത്ത് ചിരിച്ചാര്‍ത്ത് അയാള്‍ തന്‍റെ പെണ്‍സുഹൃത്തായ ഡാര്‍ജിലിംഗുകാരി ജൂണിനൊപ്പം ബിയര്‍ നുണഞ്ഞിരുന്നു.
ചിയേഴ്സ് പറഞ്ഞ് അവള്‍ അയാളോട് കൊഞ്ചി: “ഐ നീഡ് എ മാന്‍… എനിക്കൊരാളെ കണ്ടുപിടിച്ചു താടാ…”
“ഞാന്‍ മതിയോ?” എന്നു ചോദിക്കാനിരുന്നതായിരുന്നു. അതു മനസ്സിലടക്കി അയാള്‍ അപ്പോള്‍ ഒരു സത്യം പറഞ്ഞു.
“ഏതു തരം ആണിനെയാ വേണ്ടത്? ഈ ഭൂലോകത്ത് രണ്ടു തരം ആണുങ്ങള്‍ ആണുള്ളത്. ഒന്ന്, ആരും ആണല്ലെന്ന് അറിയാവുന്നവര്‍. രണ്ട്, ആണാകാന്‍ ശ്രമിക്കുന്നവര്‍. നിനക്കിതില്‍ ഏത് ആണിനെയാ വേണ്ടത്?”
അത്തരമൊരു ചിന്ത ജൂണിന് മുമ്പ് തോന്നിയിട്ടില്ല. എല്ലാ ആണുങ്ങളും ഒരുപോലെ തൊലി വെളുത്ത പെണ്ണുങ്ങളുടെ പിന്നാലെ മണത്തു നടക്കുന്ന നായ്ക്കള്‍ ആണെന്നായിരുന്നു അവളുടെ ധാരണ. തന്‍റെ ആദ്യ കാമുകനും ജാട്ട് സുന്ദരനുമായ രവീന്ദര്‍ സിംഗ് ആയിരുന്നു അവള്‍ക്ക് അടുത്തറിയുമായിരുന്ന ഏക ആണ്. അയാള്‍ തന്‍റെ കാറിന്‍റെ പുറകില്‍ ജാട്ട് ബോയ് എന്ന സ്റ്റിക്കര്‍ ഒട്ടിക്കുകയും ഹരിയാണ്വിയിലുള്ള അശ്ലീലഗാനങ്ങള്‍ ഉച്ചത്തില്‍ വച്ച്, തന്‍റെ കാറിനെ ഒരു റോക്കറ്റായി സങ്കല്‍പ്പിച്ച് പറത്തുകയും ചെയ്തു. ദില്ലിയിലെ നിരത്തില്‍ അയാള്‍ക്കു മുന്നില്‍ പെടുന്ന വാഹനങ്ങളെ നോക്കി അയാള്‍ അമ്മയ്ക്കും പെങ്ങള്‍ക്കും കൂട്ടി എല്ലാ ദില്ലിക്കാരേയും പോലെ തെറി വിളിച്ചു. വഴക്കു കനക്കുമ്പോള്‍ റിവോള്‍വര്‍ പുറത്തെടുത്ത് ആകാശത്തേക്ക് നിറയൊഴിച്ച ശേഷം മറ്റുള്ളവരുടെ നേരെ ചൂണ്ടി.
ഒരിക്കല്‍ ഇംഗ്ലീഷ് ഭാഷാ വിദഗ്ദ്ധരുടെ ഒരു കോണ്‍ഫറന്‍സിനു ലണ്ടനില്‍ പോയി വന്ന ജൂണ്‍ കണ്ടത്, കഴുകിത്തുടയ്ക്കാതെ വൃത്തികേടാക്കിയിട്ട വീടാണ്. ചായ കുടിച്ച ചില്ലുഗ്ലാസ്സുകള്‍ പോലും കറപിടിച്ച് കറുത്ത് വാഷ് ബേസിനില്‍ കിടന്നു.
“എടാ, ഇതു നിന്‍റെ പഴയ ദില്ലി യൂണിവേഴ്സിറ്റി ഹോസ്റ്റലാണെന്നു കരുതിയോ?” എന്നു ചോദിച്ച് അവള്‍ കാമുകനെ എന്നെന്നേക്കുമായി വീട്ടില്‍ നിന്നും പുറത്താക്കി.
അതിനുശേഷം, അവള്‍ അയാള്‍ക്കൊപ്പം എന്നും വൈകുന്നേരങ്ങളില്‍, അവളുടെ സൂരി എന്ന നായയുമായി നടക്കാനിറങ്ങി. അയാള്‍ക്കും അവളുടെ പഴയ കാമുകനും തമ്മില്‍ എന്തോ മുഖസാദൃശ്യം ഉണ്ടായിരുന്നു.
“ഓ ജൂണ്‍, ഇതാരാ? ഞാന്‍ കരുതി രവീന്ദര്‍ തിരികെ വന്നെന്ന്!,” അയല്‍പ്പക്കത്തുള്ള പരിഷ്ക്കാരി പെണ്ണുങ്ങള്‍ അടക്കിച്ചിരിച്ചു.
അപ്പോഴും അയാള്‍ അടക്കിയ കാമം നിറഞ്ഞ പ്രതീക്ഷയോടെ ജൂണിനെ നോക്കി. അവളുടെ ഡാര്‍ജിലിംഗ് സൌന്ദര്യവും മഞ്ഞച്ചിരിയും ഓര്‍ത്ത് ഒരു വംശീയമണമുള്ള തമാശയില്‍ അയാള്‍ തണുത്തുറഞ്ഞു.
……
അയാള്‍ ജോലി ചെയ്തിരുന്ന ഇലക്ട്രോണിക് മീഡിയാ പ്രൊഡക്ഷന്‍ സെന്‍റര്‍ നിറയെ ഉന്നത ബിരുദം നേടിയ, ബുദ്ധിയുള്ളവരും വിവാഹം കഴിക്കാത്തതുമായ അനേകം യുവതികള്‍ പണിയെടുത്തിരുന്നു. വൈകുന്നേരം അഞ്ച് കഴിഞ്ഞാല്‍ അവരുടെ കാറുകള്‍ തെക്കന്‍ ദില്ലിയിലെ സാകേതിലൂടെ തലങ്ങും വിലങ്ങും പാഞ്ഞു. അയാളെ കാണുമ്പോള്‍ അവര്‍ മത്സരിച്ച് കാര്‍ നിര്‍ത്തി ലിഫ്റ്റ് കൊടുത്തു. അയാളെ അടുത്തിരുത്തി, “എന്താ സുഖമല്ലേ?” എന്ന കുശലാന്വേഷണത്തോടെ അവര്‍ അയാളിലേക്കൊരു പാലം കെട്ടി. അറിയാതെ ഗിയര്‍ മാറ്റുന്ന ഭാവേന അയാളുടെ തുടയില്‍ കൈ കൊണ്ടു തട്ടി, പെട്ടെന്ന് കൈ പിന്‍വലിച്ച് “സോറി” പറഞ്ഞു.
ദില്ലിയിലെ വാസക്കാലത്ത് അയാള്‍ ഒരു ഒറ്റത്തടിയായിരുന്നു. “നിന്‍റെ സാറിന്‍റെ ചിരി കൊള്ളാട്ടോ, അയാളെന്താ ഒറ്റത്തടിയായി നടക്കുന്നേ? പ്രേമനൈരാശ്യമാണോ?” എന്നൊക്കെ ഇന്‍സ്റ്റിറ്റ്യൂട്ടിലെ യുവതികള്‍ അയാളുടെ റിസര്‍ച്ച് അസിസ്റ്റന്‍റിനോട് കളി പറഞ്ഞു. ഉത്തര്‍പ്രദേശിലെ ഒരു കടുത്ത യാഥാസ്ഥിതിക കുടുംബത്തില്‍ നിന്നുള്ള ഒരു യുവതിയായിരുന്നു അയാളുടെ അസിസ്റ്റന്‍റ്. സുകന്യ ത്രിവേദി. എം.ഫിലുണ്ട്. വിവാഹം കഴിഞ്ഞെത്തിയതാണ് ദില്ലിയില്‍. ലക്ഷ്മി നാരായണ്‍ ത്രിപാഠി എന്ന ഹിന്ദി കവിയുടെ മരുമകള്‍ ആയിരുന്നു അവര്‍. അയാള്‍ക്കും ഹിന്ദി സാഹിത്യത്തില്‍ താല്‍പര്യം ഉണ്ടായിരുന്നു. നിരാലയും ഹരിവംശ്റായ് ബച്ചനും മോഹന്‍ രാകേശും പ്രേംചന്ദും അയാള്‍ക്ക് ഹൃദ്യസ്ഥമായിരുന്നു.
“സാര്‍, താങ്കളെന്ത് നല്ലതാ… കെട്ടിയില്ലായിരുന്നേല്‍ ഞാന്‍ നിങ്ങളെ പ്രണയിച്ചു കല്യാണം കഴിച്ചേനേ…,” അവള്‍ പാതി കളിയായും പിന്നിത്തിരി പ്രണയം ഉള്ളിലൊളിപ്പിച്ചും പറയുമായിരുന്നു.
അതു കേള്‍ക്കുമ്പോള്‍ അയാള്‍ ഉള്ളുതുറന്ന്‍ ചിരിച്ചു. അയാളെ സുന്ദരനാക്കുന്ന മനോഹരമായ പുഞ്ചിരി. അതു കാണാന്‍ വേണ്ടി മാത്രം അവള്‍ അയാളോടു കൊഞ്ചി.
അവര്‍ തമ്മില്‍ അടുത്തപ്പോള്‍ അവള്‍ അയാളോട് പറഞ്ഞു, “ഇനി മുതല്‍ ബീഫ് കഴിക്കരുത്!”
“അതെന്താ? ഞങ്ങള്‍ രാവണജാതിക്കാര്‍ക്ക് ബീഫ് സിദ്ധൌഷധമാണല്ലോ!,” അയാള്‍ തര്‍ക്കിച്ചു.
തന്‍റെ മുറിയിലെ മേശപ്പുറത്ത് ഒരു ഒഴിഞ്ഞ ഇന്‍വിറ്റേഷന്‍ കാര്‍ഡിന്‍റെ പുറകില്‍ അയാള്‍ പത്തു തലയുള്ള രാവണനെ വരച്ചു വച്ചു. രാംനാമികളുടെ ബസ്തിയില്‍ നിന്നും വരുന്ന ഭീം ആര്‍മിക്കാരനായ ചന്തു ആയിരുന്നു ഓഫീസിലെ അറ്റന്‍റര്‍.
“സാറേ, ഷെയ്ഖ് സരായില്‍ ഇരുപത്തിയഞ്ച് രൂപയ്ക്ക് നല്ല ബീഫ് ബിരിയാണി കിട്ടും!,” ചന്തു അയാളോട് പറഞ്ഞു.
“നീ വാങ്ങിക്കൊണ്ടു വാ… ഞാന്‍ പണം തരാം…,” അയാള്‍ക്ക് ആവേശമായി.
അന്ന് ഓഫീസില്‍ ബീഫ് ബിരിയാണി കൊണ്ട് അയാളൊരു സദ്യ നടത്തി. ചന്തുവും ഹരിയാനക്കാരന്‍ ദില്‍ജിത്തും ജാമിയാ നഗറില്‍ നിന്നുള്ള അസറും അയാള്‍ക്കൊപ്പം ചേര്‍ന്നു.
അതിനു ശേഷം കുറെനാളത്തേക്ക് സുകന്യ അയാളോട് പിണങ്ങി മിണ്ടാതിരുന്നു. ഒടുവില്‍ ഒരു ദിവസം സഹികെട്ട് പറഞ്ഞു: “രാവണാ, എന്നാലും നീ അശോകോദ്യാനത്തിലെ സീതയെ നന്നായി നോക്കിയല്ലോ. അതുകൊണ്ട് ഞാന്‍ ക്ഷമിച്ചിരിക്കുന്നു!”
ഇലക്ട്രോണിക് മീഡിയാ പ്രൊഡക്ഷന്‍ സെന്‍ററിലെ ഗവേഷണ വിഭാഗത്തില്‍ അയാള്‍ക്കു കീഴിലെ അവളുടെ ജോലി അന്നത്തോടെ അവസാനിച്ചു. അവളുടെ കരാര്‍ജോലി ഡയറക്ടര്‍ പുതുക്കിയില്ല. അവളെ കാണാതെ, അവളുടെ വെളുവെളുത്തു പൊന്തിയ പല്ലുകളില്‍ ഒളിമങ്ങിയ കുസൃതിച്ചിരി കാണാതെ, അയാള്‍ക്കുള്ളം വിങ്ങി. ഒരു കമ്പരാമായണക്കാരനും ഒരു തുളസീദാസ് രാമായണക്കാരിയും തമ്മിലുള്ള അടക്കി വച്ച പ്രണയം അവിടെ തീര്‍ന്നു.
……
അടക്കാനാവാത്ത ദു:ഖം അയാളെ വന്നുമൂടി. അതില്‍ തപിച്ചുരുകി, നൈനിറ്റാളിലെ മലനിരകളിലേക്കും രാജസ്ഥാന്‍ മരുഭൂമിയിലേക്കും പഞ്ചാബിലെ കടുകുപൂത്ത് മഞ്ഞച്ചു കിടന്ന പാടങ്ങളിലേക്കും അയാള്‍ വാരാന്ത്യങ്ങളിലെല്ലാം നീണ്ട യാത്ര പോയി. ഹിമാലയസാനുക്കളിലും മരുഭൂവിലും കടുകുപാടങ്ങളിലും ലയിച്ചു മയങ്ങി കിടന്നിട്ടും നിതാന്തമായ എന്തോ നഷ്ടം അയാളെ വിടാതെ പിന്തുടര്‍ന്നു കൊണ്ടിരുന്നു.
നിരാശയും മടുപ്പും ബാധിച്ച് കിടക്കുമ്പോള്‍ ഒരു ദിവസം കാലിഫോര്‍ണിയയില്‍ നിന്നും പമേലയുടെ ഇമെയില്‍ വന്നു.
“ക്വിയര്‍ സ്റ്റഡീസില്‍ പോസ്റ്റ് ഡോക്ടറല്‍ റിസര്‍ച്ച് പൊസിഷന്‍ ഒഴിവുണ്ട്. അപ്ലൈ ചെയ്യ്. ഒരു മാറ്റമാകും…,” പമേല നിര്‍ബന്ധിച്ചു.
കാലിഫോര്‍ണിയയിലേക്കുള്ള ഒരു വിസ ആയിരുന്നു അത്. ഇലക്ട്രോണിക് മീഡിയ പ്രൊഡക്ഷനും ക്വിയര്‍ സ്റ്റഡീസും തമ്മില്‍ അയാള്‍ ഒരു അവിശുദ്ധ ഇന്‍റര്‍ഡിസിപ്ലിനറി ബന്ധം തുടങ്ങിയിരുന്നു.
ഫേസ് ബുക്കിലൂടെയാണ് പമേലയെ പരിചയം. പക്ഷെ ഗാഢബന്ധം ആണ്. അവരോട് മാത്രം അയാള്‍ തന്‍റെ ദു:ഖം പങ്കുവെച്ചു. സാന്താ ക്രൂസിലെ പമേലയുടെ വലിയ വീട്ടിലെ ഒരു റൂം ആണ് അയാള്‍ക്കായി അവര്‍ കുറഞ്ഞ നിരക്കില്‍ വാടകയ്ക്ക് നല്‍കിയത്. പാരീസിലെ വെക്കേഷന്‍ കഴിഞ്ഞു അവര്‍ തിരിച്ചു വരുന്നതു വരെ. അയാള്‍ക്കത് ആശ്വാസമായി. പോരാത്തതിന് പമേലയുടെ സുഹൃദ് വലയത്തിലേക്കും അയാള്‍ ചേര്‍ക്കപ്പെട്ടു.
ഒരു വാരാന്ത്യത്തില്‍, പമേലയുടെ പ്രിയ മിത്രങ്ങളായ ക്രിസ്സും ജുവല്ലും ആന്‍ഡേഴ്സണും കൂടി കാട്ടിലൂടെ 19 മൈല്‍ താണ്ടിയുള്ള നടത്തത്തിന് പദ്ധതിയിട്ടപ്പോള്‍ അയാളും അവര്‍ക്കൊപ്പം ചേര്‍ന്നു. നന്നായി അധ്വാനിച്ച ശേഷം, എല്ലാ വാരാന്ത്യവും ഉല്ലാസഭരിതമാക്കാന്‍ ഇത്തരം സാഹസികവിനോദങ്ങളിലാണ് അവര്‍ ഏര്‍പ്പെട്ടിരുന്നത്.
ചെല്ലുമ്പോള്‍ പ്രവേശന കവാടത്തില്‍ അവരെ കാത്ത് ഡാനി നില്‍പ്പുണ്ടായിരുന്നു. അയാളെ ഇതിനു മുമ്പ് എവിടെയോ വച്ച് കണ്ടിട്ടുണ്ടല്ലോ എന്ന്‍ അയാള്‍ക്കു വെറുതെ തോന്നിയതായിരുന്നില്ല. ബ്രസീലില്‍ നിന്നുള്ള പോസ്റ്റ് ഡോക്ടറല്‍ ഫെല്ലോ ആയ ഡാനി എന്ന ഡാനിയല്‍ സില്‍വയെ അയാള്‍ നേരത്തെ പരിചയപ്പെട്ടിരുന്നു.
മുമ്പ് എപ്പോഴോ ഒരു ദിവസം, ബേര്‍കിലിയിലെ കാമ്പസ് ലൈബ്രറിയില്‍ നിന്നുമിറങ്ങി, സാഥേര്‍ ടവറിനടുത്ത് ജുവലിനേയും ക്രിസ്സിനേയും കാത്തു നില്‍ക്കുകയായിരുന്നു അയാള്‍. അപ്പോഴാണ് “എക്സ്ക്യൂസ് മി”, എന്നു പറഞ്ഞ് ഡാനി അയാള്‍ക്കടുത്ത് എത്തിയത്. വശ്യതയാര്‍ന്ന നോട്ടം. സ്വയം പരിചയപ്പെടുത്തിയ ശേഷം, ഡാനി അയാള്‍ക്കരുകിലേക്ക് നീങ്ങി നിന്ന് ഒരു സ്വകാര്യം പറയുന്ന പോലെ മന്ത്രിച്ചു: “താങ്കള്‍ക്കറിയാമോ, ഈ നുണക്കുഴി വിരിയുന്ന കവിളുകളും തടിച്ച ചുണ്ടും എത്ര മനോഹരമാണെന്ന്…”
ഒരു നിമിഷം അമ്പരന്നെങ്കിലും ചെറുനാണത്തില്‍ മൂടിയ പുഞ്ചിരി തൂകി അയാള്‍ നന്ദി പറഞ്ഞു.
ഒരു പെണ്ണില്‍ നിന്നുപോലും ഒരിക്കലും ലഭിക്കാത്തവിധം തീവ്രമായ, അജ്ഞാതമായ ഒരു അനുഭൂതി പ്രണയമായി തന്നില്‍ നിറയുന്നത് അയാളറിഞ്ഞു. അതിലലിഞ്ഞു ചേര്‍ന്നപ്പോള്‍ ആ കാടുകയറ്റത്തിന്‍റെ ആയാസം അയാള്‍ അറിഞ്ഞതേയില്ല.
……
ട്രെയിലിനു എത്തിയ അവര്‍ പരസ്പരം തിരിച്ചറിഞ്ഞു. അയാളെ കണ്ടതും ഡാനിയുടെ കണ്ണുകള്‍ വിടര്‍ന്നു, അയാളുടേയും. അവരുടെ കണ്ണുകളില്‍ വല്ലാത്ത ഒരു തിളക്കം തങ്ങി നില്‍ക്കുന്നതായി എല്ലാവര്‍ക്കും തോന്നി.
അവര്‍ ഒരുമിച്ച് കാടുകയറാന്‍ തുടങ്ങി. ഏറ്റവും മുന്നില്‍ ആന്‍ഡേഴ്സന്‍, അതിനു പിന്നിലായി ജുവലും ക്രിസ്സും, അവര്‍ക്കു പുറകിലായി ഡാനിയുടെ കൈകളില്‍ കൈചേര്‍ത്ത് അയാള്‍!
ഒന്നാമത്തെ വളവില്‍ പടര്‍ന്നുയര്‍ന്നു വിസ്തൃതമായി നിന്ന ഒരു വയസ്സന്‍ ഉങ്ങു മരം അവരോട് പറഞ്ഞു: “നിങ്ങള്‍ രണ്ടാളും ദൈവത്താല്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടവര്‍ ആണ്. കൈകോര്‍ത്തു പിടിച്ച് നടന്നാല്‍ ഈ കാടു മുഴുവന്‍ നിങ്ങള്‍ക്കു സ്വന്തം!”
അവര്‍ കൈകോര്‍ത്തു പിടിച്ചു നടന്നു.
ട്രെയിലിലെ രണ്ടാമത്തെ കയറ്റത്ത് ഒരു മൈതാനത്ത് ക്രിസ് തളര്‍ന്നിരുന്നു. കിറ്റില്‍ നിന്ന് ബിസ്കറ്റും ഉണക്കിയ പഴങ്ങളും നട്സും എടുത്ത്, അതു കൊറിച്ച്, വെള്ളം കുടിച്ച് അവരെല്ലാം അവര്‍ക്കൊപ്പം ഇരുന്ന്‍ അല്‍പ്പം വിശ്രമിച്ചു.
കയറ്റമിറങ്ങുമ്പോഴുള്ള തിരിവില്‍ ഒരു ഓക്കു മരം ഒളിഞ്ഞു നിന്നിരുന്നു. അത് അവരോട് പറഞ്ഞു: “നിനവുകളില്‍ നിങ്ങള്‍ പ്രകൃതിയുടെ വരദാനമാണ്. ദൈവം തീര്‍ത്ത ഈ ലോകത്തില്‍ പ്രണയം അറിഞ്ഞവര്‍. ആണുങ്ങളേ, നിങ്ങള്‍ രണ്ടാളും ആദവും ഹവ്വയും ആണ്!”
മൂന്നാമത്തെ വളവിലൊരു കാട്ടുമുല്ലച്ചെടിയില്‍ ഉടക്കി അവര്‍ നിന്നു. മുല്ലവള്ളി അവരുടെ ലിംഗത്തില്‍ ചുറ്റിപ്പിണഞ്ഞ് കാടിനുള്ളിലൊരു ശിവ-പാര്‍വ്വതീ സംഗമത്തിന് മണിയറ തീര്‍ത്തു. കാട്ടില്‍ പടര്‍ന്നു പരന്നുകിടന്ന വള്ളികളില്‍ ഒരു ഗദ്യ കവിതയായി അവര്‍ പരസ്പരം ചുംബിച്ചു വീണു. ആദ്യമായാണ് അയാള്‍ ഒരു ആണിനെ ചുംബിക്കുന്നത്. എത്രയെത്ര സുന്ദരിമാരുടെ ചുണ്ടുകളുടെ മാധുര്യം അറിഞ്ഞതാണ്. എന്നിട്ടും, ഇത്ര മധുരിക്കുമോ ഒരാണിന്‍റെ ചുണ്ടിലൊളിപ്പിച്ച പ്രണയം എന്ന്‍ അയാള്‍ ആശ്ചര്യചകിതനായി. ഒരു ആണ്‍കവിതയായി അയാള്‍ ഡാനിയുടെ മാറില്‍ പാതിമയങ്ങിക്കിടന്നു.
അവര്‍ പിന്നെ ജീവിതത്തില്‍ ഒരിക്കലും പിരിഞ്ഞതേയില്ല.
……
പ്രണയകഥകള്‍ എഴുതുന്നവരേ, നിങ്ങള്‍ ഒരിക്കലും സ്വന്തം തലച്ചോറിനേയും വിരലുകളേയും കണ്ണുംപൂട്ടി വിശ്വസിക്കരുത്. നിങ്ങളുടെ ഹൃദയത്തിന്‍റെ പ്രണയസ്പന്ദനങ്ങളെ അവ ശരിയല്ലാതെ വായിച്ചേക്കും. എഴുതാന്‍ മടിച്ച്, കേട്ടു പഴകിയ പ്രണയഗീതങ്ങള്‍ പുതുതായി കൊത്തിവെയ്ക്കും. എന്നിട്ട് പ്രണയസൂക്തങ്ങള്‍ പഴഞ്ചനാണെന്ന് പറഞ്ഞു പരത്തും. അത് ഓരോ പ്രണയിതാവിന്‍റെയും വിധിയാണ്. മരണത്തേക്കാള്‍ ആ വിധിപറച്ചിലാണ് വേദനിപ്പിക്കുന്നത്.
അവരുടെ പ്രണയം അതിനെയെല്ലാം അതിജീവിച്ചു. എങ്കിലും, ഏതൊരു കഥയ്ക്കും എന്നതു പോലെ അവരുടെ പ്രണയജീവിതത്തിനും ഒരു അവസാനമുണ്ടായി. വല്ലാത്ത ട്രാജഡിയായിപ്പോയല്ലോ എന്നോര്‍ത്ത് അതുകേട്ടവരെല്ലാം വിഷമിച്ചു. എന്നാലതില്‍ മധുരിതമായ ഒരു ഓര്‍മ്മ ഒളിഞ്ഞിരുന്നു.
ഡാനിയും അയാളും തമ്മില്‍ ആരേയും അസൂയപ്പെടുത്തുന്ന ദാമ്പത്യബന്ധമാണ് നിലനിന്നിരുന്നത്. പരസ്പരം അറിഞ്ഞും പ്രണയിച്ചും കാമിച്ചും അവര്‍ കൂട്ടുകാര്‍ക്കിടയിലെ നല്ല ദമ്പതികളായി അറിയപ്പെട്ടു. ഒരു ഏപ്രില്‍ 13-നു ഡാനിയുടെ പിറന്നാള്‍ ദിനത്തില്‍, കാലിഫോര്‍ണിയയില്‍ പമേലയുടെ വീടന്നടുത്തുള്ള വലിയ ലോണില്‍ വച്ച് അവര്‍ വിവാഹം കഴിച്ചു. മോതിരം കൈമാറിയ ശേഷം അവര്‍ തമ്മില്‍ ചുംബിച്ചപ്പോള്‍, “എന്‍റെ ഡാനീ, എന്‍റെ പൊന്നു രഞ്ചൂ, നിങ്ങളെപ്പോലൊരു ജോഡി ഞങ്ങള്‍ ഹോളിവുഡ് പോപ് കള്‍ച്ചറില്‍ പോലും കണ്ടിട്ടില്ല” എന്ന് അവിടെക്കൂടിയിരുന്ന എല്ലാവരും പറഞ്ഞു.
ആരോ കണ്ണുവെച്ചതു പോലെ അതൊരു അറംപറ്റിയ പ്രയോഗമായിപ്പോയി.
2020-ലെ വസന്തകാലത്ത് ഇറ്റലിയിലെ ഒരു കോണ്‍ഫ്രന്‍സില്‍ പങ്കെടുത്ത് തിരിച്ചു വന്ന ഡാനിയുടെ പേര്‍ കൊവിഡ്-19 രോഗം ബാധിച്ചവരുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ടു. ഒരു സുപ്രഭാതത്തില്‍ കാലിഫോര്‍ണിയയിലെ കാട്ടില്‍ വച്ച് അയാള്‍ക്ക് തന്‍റെ ഹൃദയം കൈമാറിയ ഡാനി, വര്‍ഷങ്ങള്‍ക്കു ശേഷം ഒരു കൊച്ചു വൈറസിനു മുന്നില്‍ തോല്‍വി സമ്മതിച്ചു വീണു. ഡാനി മരണപ്പെട്ടതിന്‍റെ അടുത്ത ദിവസങ്ങളില്‍ എപ്പോഴോ അയാള്‍ക്കും രോഗലക്ഷണങ്ങള്‍ കണ്ടു തുടങ്ങി. ഡാനിയുടെ സംസ്ക്കാര ചടങ്ങില്‍ പോലും അയാള്‍ക്കു പങ്കെടുക്കാനായില്ല. ഒരു മുറിയില്‍ ഒറ്റയ്ക്ക്, ഒരു പ്രേതാത്മാവിനെപ്പോലെ അയാള്‍ മനമാകെ തപം പൂണ്ടുകിടന്നു.
രോഗം മൂര്‍ച്ഛിച്ചപ്പോള്‍ ആശുപത്രിക്കാര്‍ അയാളെ ഐ.സി.യു.വിലേക്കു മാറ്റി. അയാളുടെ മെഡിക്കല്‍ ഇന്‍ഷുറന്‍സ് അതിനയാളെ യോഗ്യനാക്കി. മരണക്കിടക്കയില്‍ അയാളുടെ മനസ്സില്‍ ഡാനി മാത്രം നിറഞ്ഞു നിന്നു. ഇതുപോലൊരു ജീവിതപങ്കാളി തനിക്കു ലഭിച്ചതില്‍ അയാള്‍ ദൈവത്തോട് നന്ദി പറഞ്ഞു.
……
ഡാനിയുടേയും അയാളുടേയും പ്രണയത്തെ ആസ്പദമാക്കി ‘ദൈവത്തിന്‍റെ പ്രണയം’ എന്ന ഒരു ചെറുകഥ സുഹൃത്തായ മാക് ലെസ്ലി എഴുതി പ്രസിദ്ധീകരിച്ചിരുന്നു. മരണക്കിടക്കയിലും അയാളതോര്‍ത്ത് ആനന്ദിച്ചു.
“എന്തെങ്കിലും വേണോ?”
മരണം പ്രതീക്ഷിച്ച് ഐ.സി.യു.വില്‍ കിടക്കുമ്പോള്‍ സ്നേഹനിധിയായ ഒരു നേഴ്സ് അയാളോട് ചോദിച്ചു.
അന്നേരം അയാള്‍ ഒന്നു മാത്രമേ ആവശ്യപ്പെട്ടുള്ളൂ. മാക് ലെസ്ലി അവരെ കുറിച്ച് എഴുതിയ ആ കഥ. അവസാനമായി അതു വായിക്കണം എന്ന് അയാള്‍ക്ക് അതിയായ ആഗ്രഹം തോന്നി.
“നോക്കട്ടെ… കിട്ടുമോന്നറിയില്ല…,” നേഴ്സ് പറഞ്ഞു.
അതുപറയുമ്പോള്‍ അവരുടെ മാസ്ക് ധരിച്ച മുഖത്ത് റോസാപ്പൂ പോലെ വിരിഞ്ഞു നിന്ന കണ്ണുകള്‍ പരിചിതമാണല്ലോ എന്ന് അയാള്‍ ഓര്‍ത്തു. ഓര്‍മ്മകളുടെ പഴയ മണ്‍ചെരാതില്‍ വന്‍കരകള്‍ക്ക് അപ്പുറത്ത് ഒരു തിരി തെളിഞ്ഞു. വായിക്കാനാഗ്രഹിച്ച ചെറുകഥ തെല്ലു നേരത്തേക്ക് അയാള്‍ മറന്നു.
ഐ.സി.യു.വിലെ കൊറോണ രോഗി വീണ്ടും എന്തോ തന്നോട് പറയാന്‍ തുനിയുന്നത് നേഴ്സ് ശ്രദ്ധിച്ചു. സഹനേഴ്സിന്‍റെ മുന്നറിയിപ്പ് വകവെയ്ക്കാതെ അവര്‍ അയാള്‍ക്കരികിലേക്ക് തിരികെ ഓടി വന്നു.
“റോസ്മേരിയല്ലേ?!,” മറവിയുടെ അവസാനത്തെ പടവില്‍ നിന്നും അയാളുടെ നേര്‍ത്ത ശബ്ദം അവിടെ ചിതറി.
നേഴ്സ് ഒരു നിമിഷം ഒന്നു തിരിഞ്ഞു നോക്കി തരിച്ചു നിന്നു.
“റോസ്മേരിയല്ലേ? ശങ്കരാപ്പാടത്തിനടുത്ത് വീടുള്ള…,” അയാള്‍ ആവര്‍ത്തിച്ചപ്പോള്‍ അവളില്‍ ദു:ഖഛവിയാര്‍ന്നൊരു വിസ്മയം വിരിഞ്ഞു.
“അതെ…”
അതു പറയുമ്പോള്‍ അവള്‍ക്കു മുന്നില്‍ ഒരു ചുവന്ന ബി.എസ്.എ. സൈക്കിള്‍ ബെല്ലടിച്ചു കൊണ്ട് മെല്ലെ വന്നു നിന്നു. പാടവരമ്പത്തു നിന്ന്‍ കിളികളുടെ പാട്ടു കേള്‍ക്കാനും തണുത്ത കാറ്റേറ്റ് ഉള്ളം കുളിരാനുമായി അത് വെറുതെ നിന്നിടത്തു തന്നെ നിന്ന് കറങ്ങാതെ കറങ്ങിക്കൊണ്ടിരുന്നു. എന്നിട്ട് ഇടയ്ക്കിടെ അവളുടെ പറമ്പിന്‍റെ ഓരത്തേക്ക് തെല്ല് വിറയലോടെ ഒളികണ്ണിട്ടു നോക്കി.
“രഞ്ചൂ…”
അവളില്‍ ഒരു തുള്ളി കണ്ണുനീര്‍ പൊടിഞ്ഞു.
അന്നേരം, അങ്ങകലെ ശങ്കരാപ്പാടത്തു നിന്നും കാലിഫോര്‍ണിയയിലേക്ക് കുത്തിച്ചൂഡന്‍റെ കൂവലു പോലെ ഒരു ഉച്ചക്കാറ്റ് വീശിയടിച്ചു. അതില്‍ മനം നിറഞ്ഞ്, തണുത്തുറഞ്ഞ് ഒരു ശവമായി അയാള്‍ കിടന്നു.
…
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.