സ്കൂൾ കലോത്സവങ്ങളിൽ ആവേശത്തോടെ പങ്കെടുക്കുന്നവരിൽ പലരും സ്കൂൾ വിദ്യാഭ്യാസകാലത്തിനു ശേഷം എല്ലാം അവസാനിപ്പിച്ച് പഠനത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് നമ്മൾ കണ്ടിട്ടുള്ളത്. എന്നാൽ പഠനത്തോടൊപ്പം നാടകത്തെയും ആവേശത്തോടെ നെഞ്ചോടു ചേർത്ത ഒരു സൗഹൃദക്കൂട്ടമുണ്ട് കോഴിക്കോട്.
കെ.ടിയും, താജും, തിക്കൊടിയനും , വാസുപ്രദീപും അടക്കമുള്ളവരുടെ നാടക പാരന്പര്യമുള്ള കോഴിക്കോട്ടെ നാടക, കലാപ്രവർത്തനങ്ങളിൽ സജീവമാണ് ഈ നാൽവർസംഘം. കോഴിക്കോട് ആഴ്ചവട്ടം ഹൈസ്കൂളിൽ ആറാം തരം മുതലാണ് ഇവരുടെ സൗഹൃദം ആരംഭിക്കുന്നത്.
2008 ൽ കോഴിക്കോട് കോർപ്പറേഷനു വേണ്ടി നാടക പ്രവർത്തകരായ മനോജ് നാരായണനും അബൂബക്കർ മാഷും ചേർന്ന് സംവിധാനം ചെയ്ത ‘കിളിമരച്ചോട്ടിൽ’ എന്ന നാടകത്തിലൂടെയാണ് ഇവർ ആദ്യമായി വേദിയിലെത്തുന്നത്. കേരളത്തിലെ പ്രശസ്ത നാടക പ്രവർത്തകരുടെ കൂടെ പ്രവർത്തിക്കുകയും ഒരുപാട് നാടകങ്ങളിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട് ഈ സംഘം.
സംസ്ഥാനസ്കൂൾ കലോത്സവത്സങ്ങളിൽ എന്ന പോലെ ഇന്റർസോൺ കലോത്സവങ്ങളിലും ഈ മിടുക്കൻമാരുടെ സജീവസാന്നിദ്ധ്യം ഉണ്ടായിരുന്നു.
2011ലെ കോഴിക്കോട് ജില്ലാ സ്കൂൾ കലോത്സവത്തിൽ മികച്ച നടിയായിരുന്നു ( സ്ത്രീകഥാപാത്രമായിരുന്നു ജാസിർ അവതരിപ്പിച്ചത്) സംഘാംഗമായ ജാസിർ.
കൂട്ടത്തിലെ ഗായകനും സംഗീത സംവിധായകനുമായ അശ്വിൻ 2012 ലെ സംസ്ഥാന കലോത്സവത്തിൽ മലയാളം പദ്യം ചൊല്ലൽ വിജയിയായിരുന്നു. 2013 ൽ കോഴിക്കോട് ജില്ലാ കലോത്സവത്തിൽ മികച്ച നടനായ അശ്വിൻ കാലിക്കറ്റ് യൂനിവേഴ്സിറ്റി ബി സോൺ കലോത്സവത്തിലും രണ്ട് തവണ മികച്ച നടനായിട്ടുണ്ട്. അടുത്തിടെ പുറത്തിറങ്ങി പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ ‘മഴ’ എന്ന മ്യൂസിക് ആൽബത്തിൻറെ സംഗീതസംവിധാനവും സംവിധാനവും നിർവഹിച്ച ബഹുമുഖപ്രതിഭയാണ് അശ്വിന്‍.
തിയറ്റർ ആർട്സിനെ വളരെയധികം ഇഷ്ടപ്പെടുന്ന, നല്ലൊരു തബലവാദകൻ കൂടിയായ ശരത് 2012 ലെ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഇംഗ്ലീഷ് സ്കിറ്റ് മത്സരത്തിലും 2015 ലെ കാലിക്കറ്റ് സർവകലാശാ ഇൻറർസോൺ കലോത്സവത്തിൽ ഇംഗ്ലീഷ് / ഹിന്ദി നാടകമത്സരങ്ങളിലും വിജയിയായിരുന്നു.
2016 ലെ സംസ്ഥാന പോളി കലോത്സവത്തിൽ മോണോ ആക്ടിൽ ഒന്നാം സ്ഥാനം നേടിയിട്ടുള്ള റെജിനാസിന് എഴുത്താണ് പ്രധാന മേഖല. റെജിനാസിൻറെ തിരക്കഥയിൽ ‘കടലാസ് വിമാനം’ എന്നൊരു ഷോർട്ട് ഫിലിം റിലീസിംഗിനൊരുങ്ങുന്നു.
പൂക്കാട് കലാലയം സംഘടിപ്പിച്ചു വരുന്ന കളിയാട്ടം എന്ന നാടകക്യാന്പിലെ ഊർജമാണ് ഈ ചെറുപ്പക്കാർ. മനോജ് നാരായണൻ സംവിധാനം ചെയ്ത് പ്രധാന നടനായി അഭിനയിച്ച ‘നഗ്നനായ തന്പുരാൻ നാടകത്തിലെ അഭിനേതാക്കളായിരന്നു ഇവർ. ‘നഗ്നനായ തന്പുരാൻ’ കേരളസംഗീതനാടക അക്കാദമിയുടെ അമേച്ച്വർ നാടകമത്സരത്തിൽ സമ്മാനിതമായിരുന്നു.
കണ്ണൂർ ജില്ലാ സ്കൂൾ കലോത്സവത്തിലെ നാടകമത്സരത്തിൽ ഇവരൊരുക്കിയ നാടകം സംസ്ഥാന കലോത്സവത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിൻറെ സന്തോഷത്തിലാണ് നാൽവർ സംഘം.
ഈ വർഷം ബിരുദപഠനം പൂർത്തിയാക്കിയ ഈ നാൽവർ സംഘത്തിൻറെ സൗഹൃദവും കലാപ്രവർത്തനങ്ങളും ഇവർ നാലുപേരിൽ മാത്രം ഒതുങ്ങുന്നതല്ല. Crewcat എന്ന പേരിലുള്ള ചെറുപ്പക്കാരുടെ ഒരു മീഡിയഗ്രൂപ്പിൻറെ ഭാഗമാണ് നാലുപേരും. ‘മഴ’ എന്ന സംഗീത ആൽബത്തിനു ശേഷം ‘കടലാസു വിമാനം ‘ എന്ന ഷോർട്ട് ഫിലിം ആണ് Crewcat ൻറെതായി പുറത്തിറങ്ങാനുള്ളത്.
നാടകപ്രവർത്തകരായ മനോജ് നാരായണനും അബൂബക്കർമാഷും തന്ന ഊർജ്ജമാണ് തങ്ങൾക്ക് ഏറ്റവും പ്രചോദനം നൽകുന്നതെന്ന് ഈ നാൽവർസംഘം ഒരേ സ്വരത്തിൽ പറയുന്നു.